നിങ്ങളുടെ അടുത്ത വാഹനം ഒരു ഇവിയായിരിക്കണം! പറയാന്‍ കാരണമുണ്ട്
ലോകം ഇന്ന് പരിസ്ഥിതി ദിനം (World Environment Day 2023) ആഘോഷിക്കുകയാണ്. പരിസ്ഥിതി പ്രശ്‌നങ്ങളെ കുറിച്ചുള്ള അവബോധം വളര്‍ത്താനും കര്‍മ പരിപാടികള്‍ ആസൂത്രണം ചെയ്യാനുമായി ഐക്യരാഷ്ട്രസഭയുടെ പൊതുസഭ 1973 മുതലാണ് ഈ ദിനാചരണത്തിന് തുടക്കം കുറിച്ചത്. ഇന്ന് നമ്മളില്‍ ഭൂരിഭാഗം പേരും വാഹനങ്ങള്‍ ഉപയോഗിക്കുന്നവരായിരിക്കും.
ഭൂരിഭാഗം ജനങ്ങള്‍ ഉപയോഗിക്കുന്ന ഫോസില്‍ ഇന്ധനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ പരിസ്ഥിതി മലിനീകരിക്കുന്ന നൈട്രജന്‍ ഓക്സൈഡും കാര്‍ബണ്‍ ഡൈഓക്‌സൈഡ് അടക്കമുള്ള വാതകങ്ങള്‍ പുറംതള്ളുന്നു. ഇതിന് പരിഹാരമെന്നോണമാണ് ഇന്ന് ലോകം മൊത്തം ബദല്‍ ഇന്ധനങ്ങളെ പ്രോത്സാഹിപ്പിക്കുന്നത്. പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ എത്രമാത്രം മലിനീകരണം ഉണ്ടാക്കുന്നുവെന്നും ബദല്‍ ഇന്ധനങ്ങളിലേക്ക് മാറുന്നതിന്റെ പ്രയോജനങ്ങള്‍ എന്തൊക്കെയാണ് എന്ന കാര്യങ്ങള്‍ നമുക്ക് നോക്കാം. ഒപ്പം എന്തുകൊണ്ട് നിങ്ങള്‍ അടുത്തതായി വാങ്ങാന്‍ പോകുന്ന വാഹനം ഒരു ഇവിയായിരിക്കണമെന്ന കാര്യങ്ങളും പരിശോധിക്കാം.

കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ലോകത്ത് വാഹനങ്ങളുടെ എണ്ണം വളരെയേറെ വര്‍ധിച്ചതായി കാണാം. വാഹന ഉപയോഗം കൂടുന്നതിന്റെ ചുവടുപിടിച്ച് അന്തരീക്ഷ മലിനീകരണവും വളരെ കൂടി. ഹരിതഗൃഹ വാതകങ്ങളുടെ പുറംതള്ളല്‍ ആഗോള താപനമെന്ന അതീവ പ്രാധാന്യമര്‍ഹിക്കുന്ന പ്രശ്‌നത്തിന്റെ രൂക്ഷത കൂട്ടി. ഇന്നും ലോകത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്നത് പെട്രോള്‍, ഡീസല്‍ എന്നിവ ഉള്‍പ്പെടുന്ന ഇന്‍േറണല്‍ കംപള്‍ഷന്‍ എഞ്ചിന്‍ വാഹനങ്ങളാണ് (ICE).
ഈ വാഹനങ്ങളിലെ ഇന്ധനം കത്തുമ്പോള്‍ ആണ് മുകളില്‍ പറഞ്ഞപോലെ നൈട്രജന്‍ ഓക്സൈഡും കാര്‍ബണ്‍ ഡൈ ഓക്സൈഡും പുറംതള്ളപ്പെടുന്നത്. ഫോസില്‍ ഇന്ധനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ക്ക് കാരണം പ്രകൃതിക്കുണ്ടാകുന്ന ദോഷങ്ങള്‍ ചില്ലറയല്ല. ലോകത്തിലെ വാഹനങ്ങള്‍ ഓരോ വര്‍ഷവും 123 ദശലക്ഷം ടണ്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ആണ് പുറന്തള്ളുന്നത്. നമ്മള്‍ വാഹനത്തില്‍ നിറക്കുന്ന പെട്രോളും ഡീസലും ക്രൂഡ് ഓയിലില്‍ നിന്നാണ് വേര്‍തിരിക്കുന്നത്.

ഈ പ്രവര്‍ത്തിയും പാരിസ്ഥിതിക്ക് വലിയ ആഘാതമാണ് സൃഷ്ടിക്കുന്നത്. ഇതിന്റെ എല്ലാം അടിസ്ഥാനത്തിലാണ് 2019-ല്‍ ഫ്രഞ്ച് തലസ്ഥാനമായ പാരീസില്‍ നടന്ന ആഗോള കാലാവസ്ഥാ ഉച്ചകോടിയില്‍ ലോക രാഷ്ട്രങ്ങള്‍ ചില സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊണ്ടത്. 10 വര്‍ഷത്തിനുള്ളില്‍ കാലാവസ്ഥാ വ്യതിയാനം തടയാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ ഇന്ത്യയടക്കമുള്ള ലോക രാഷ്ട്രങ്ങള്‍ പ്രതിജഞയെടുത്തു. അതിനായി ബദല്‍ ഇന്ധനങ്ങള്‍ പ്രോത്സാഹിപ്പിക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം.
ഇതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ക്ക് കീഴില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് സബ്‌സിഡി നല്‍കി വരുന്നു. സബ്‌സിഡി ലഭിക്കാന്‍ തുടങ്ങിയതിനൊപ്പം പെട്രോളിനും ഡീസലിനും വില കുത്തന ഉയരുക കൂടി ചെയ്തതോടെ ജനങ്ങള്‍ ഇവികളോട് അടുക്കാന്‍ തുടങ്ങി. ഇന്ന് ഇന്ത്യയില്‍ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് മികച്ച ഡിമാന്‍ഡാണ് അനുഭവപ്പെടുന്നത്. സ്വകാര്യ ഉപഭോക്താക്കളെ ഇവികളിലേക്ക് അടുപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമ്പോള്‍ തന്നെ സര്‍ക്കാര്‍ വാഹനങ്ങള്‍ മൊത്തമായി വൈദ്യുതീകരിക്കാനുള്ള നീക്കങ്ങളും നടപ്പാക്കുന്നുണ്ട്.

ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗിക്കുന്നത് പരിസ്ഥിതിക്ക് ഗുണകരമാണെന്ന് മാത്രമല്ല പെട്രോള്‍ വാഹനങ്ങളെ അപേക്ഷിച്ച് ലാഭകരവുമാണ്. സാധാരണയായി പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ക്ക് എഞ്ചിന്‍ ഉള്‍പ്പെടെയുള്ള വിലകൂടിയ പാര്‍ട്‌സുകള്‍ ഉള്ളതിനാല്‍ മെയിന്റനന്‍സ് കോസ്റ്റ് വളരെ കൂടുതലാണ്. എന്നാല്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് സ്‌പെയര്‍ പാര്‍ട്‌സ്, മെയിന്റനന്‍സ് കോസ്റ്റ് എന്നിവ വളരെ കുറവാണെന്നതും ഒരു പ്ലസായി മാറുന്നു.
ഇന്ന് പെട്രോള്‍ വില സെഞ്ച്വറി കടന്നിരിക്കുകയാണ്. ഒരു മാസം നമുക്ക് വരുന്ന പെട്രോള്‍ ബില്ലിനേക്കാള്‍ വളരെ കുറവാണ് ഇലക്ട്രിസിറ്റി ബില്‍ വരുന്നത്. ഇതുവഴി ദൈനംദിന യാത്രകള്‍ക്കായി നാം ചെലവാക്കുന്ന തുക കുറവായതിനാല്‍ അത് നമ്മുടെ കുടുംബ ബജറ്റിന് വളരെ പ്രയോജനകരമാണ്. ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന സ്‌പെയര്‍ പാര്‍ട്‌സുകളും പുനരുപയോഗിക്കാവുന്ന തരത്തിലാണ് നിര്‍മ്മിക്കുന്നത്.

അതിനാല്‍ ഒരാള്‍ ഇവി കുറേ കാലം കഴിഞ്ഞ് പൊളിക്കാന്‍ കൊടുത്താലും അതിന്റെ സ്പെയര്‍ പാര്‍ട്സ് മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം. അസംസ്‌കൃത വസ്തുക്കളുടെ ആവശ്യം കുറയ്ക്കുമെന്നതാനാല്‍ ഇത് രാജ്യത്തിന്റെ വികസനത്തിന് ഉത്തേജകമാകും. 2025 ഓടെ ഇന്ത്യയില്‍ മാത്രം 721 ടണ്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറതള്ളുമെന്നാണ് ചില പഠന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇത് വളരെ അപകടകരമാണ്.
അതിനാല്‍ തന്നെ ഫോസില്‍ ഇന്ധനങ്ങളില്‍ നിന്ന് മാറി ക്രമേണ ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറിയേ മതിയാകൂവെന്ന് പറയുന്നത്. എന്നാല്‍ ഇലക്ട്രിക് വാഹനങ്ങളുടെ വിലയാണ് ഒരു പ്രധാന പ്രശ്‌നം. ബാറ്ററിയുടെ വിലയാണ് അതിന് കാരണം. ഒരു ലിഥിയം അയണ്‍ ബാറ്ററിയുടെ വിലയുടെ 40 മുതല്‍ 60 ശതമാനം മാത്രമാണ് നിര്‍മാണച്ചെലവ് വരുന്നത്. ബാക്കി കമ്പനികളുടെ ലാഭമാണ്. നമ്മുടെ രാജ്യത്ത് ലിഥിയം അയണ്‍ ബാറ്ററിയുടെ നിര്‍മാണം കുറവായതിനാല്‍ വിദേശ കമ്പനികള്‍ കൊള്ളലാഭം കൊയ്യുകയാണ്.
അടുത്ത കാലത്തായി ജമ്മു കശ്മീരിലും രാജസ്ഥാനിലും ലിഥിയം നിക്ഷേപം കണ്ടെത്തിയത് ഇന്ത്യന്‍ ഇലക്ട്രിക് വാഹന രംഗത്തിന് പുതു ഊര്‍ജ്ജം പകരുന്നു. അത് ഉപയോഗപ്പെടുത്താന്‍ തുടങ്ങിയാല്‍ ഇവി വിപണിക്ക് അത് വലിയ കുതിപ്പേകും. ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഇലക്ട്രിക് വാഹനങ്ങളോടുണ്ടായിരുന്ന അയിത്തം ക്രമേണ മാറി വരുന്ന വേളയിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇവികള്‍ക്ക് നല്‍കി വരുന്ന ഫെയിം സബ്‌സിഡി അടുത്ത വര്‍ഷം അവസാനിക്കാന്‍ പോകുന്നത്.
ഇലക്ട്രിക് വാഹനങ്ങള്‍ ജനകീയമാക്കുകയെന്ന ലക്ഷ്യം കൈവരിക്കാന്‍ കുറച്ച് കാലം കുടി സബ്‌സിഡി നീട്ടേണ്ടി വരുമെന്നാണ് തോന്നുന്നത്. സബ്‌സിഡി ഉണ്ടെങ്കില്‍ മാത്രമേ സാധാരണക്കാരായ ആളുകള്‍ ഇവി വാങ്ങാന്‍ തയാറാകുകയുള്ളൂ. താങ്ങാവുന്ന വിലയില്‍ കൂടുതല്‍ ഇവികള്‍ വിപണിയില്‍ എത്തിയാല്‍ ജനങ്ങള്‍ പെട്രോള്‍ വാഹനങ്ങള്‍ ഉപേക്ഷിച്ച് ഇവികളെ പുല്‍കും. അതിനൊപ്പം തന്നെ ചാര്‍ജിംഗ് ശൃംഖലയുടെ വിപുലീകരണം കൂടി അധികാരികള്‍ ഉറപ്പാക്കേണ്ടതുണ്ട്.


Click it and Unblock the Notifications








