എസ്‌യുവി വിപണിയും കാല്‍ക്കീഴിലായ വര്‍ഷം; 2023-ല്‍ മാരുതി ഷോറൂമുകള്‍ നിറച്ച പുതിയ കാറുകള്‍
ഇന്ത്യയിലെ ജനങ്ങളുമായി ഏറ്റവും കൂടുതല്‍ ഹൃദയബന്ധമുള്ള കാര്‍ കമ്പനി ഏതെന്ന് ചോദിച്ചാല്‍ മാരുതി സുസുക്കി എന്ന് അധികം ആലോചിക്കാതെ പറയാന്‍ സാധിക്കും. ഇന്ത്യക്കാരെ കാര്‍ എന്ന സ്വപ്‌നം പൂവണിയിക്കാന്‍ സഹായിച്ച കമ്പനിക്ക് അതിനര്‍ഹമായ പരിഗണന ജനങ്ങള്‍ നല്‍കിപ്പോരുന്നു. പതിറ്റാണ്ടുകളായി വിപണി അടക്കി ഭരിക്കുന്ന മാരുതിക്ക് ഒരു വള്ളപ്പാടകലെയാണ് മറ്റ് ബ്രാന്‍ഡുകള്‍.
ജനങ്ങളുടെ മനസ്സറിഞ്ഞ് ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുന്നതിനൊപ്പം നിലവിലുള്ളവ കാലോചിതമായി പരിഷ്‌കരിക്കുകയും ചെയ്യുന്നതാണ് അവരുടെ വിജയമന്ത്രം. മാര്‍ക്കറ്റിന്റെ പള്‍സറിഞ്ഞ് കളിക്കുന്ന മാരുതിക്ക് ഒരിക്കല്‍ പോലും വെല്ലുവിളി ഉയര്‍ത്താന്‍ മറ്റ് കമ്പനികള്‍ക്ക് സാധിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അടുത്തകാലത്തായി ടെക്നോളജിയിലും ഫീച്ചറുകളെ കാര്യത്തിലും സമ്പന്നമായ കാറുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ബ്രാന്‍ഡ്. ട്രെന്‍ഡ് എസ്‌യുവികള്‍ക്ക് അനുകൂലമാണെന്ന് മനസ്സിലാക്കിയ അവര്‍ അടവ് മാറ്റിപ്പിടിച്ചു.

2023 ഓട്ടോ എക്സ്പോയില്‍ രണ്ട് പുത്തന്‍ മോഡലുകള്‍ അവതിപ്പിച്ച് തങ്ങളുടെ ലക്ഷ്യം എസ്‌യുവി സെഗ്‌മെന്റാണെന്ന് അവര്‍ പ്രഖ്യാപിച്ചു. ലക്ഷ്യമിട്ട കാര്യങ്ങള്‍ നടത്തിയ പാരമ്പര്യമുള്ള കമ്പനി ചുരുങ്ങിയ നാളുകള്‍ കൊണ്ട് രാജ്യത്തെ നമ്പര്‍ വണ്‍ എസ്‌യുവി നിര്‍മാതാക്കളുമായി പേരെടുത്തു. പുത്തന്‍ ലോഞ്ചുകളായ ഫ്രോങ്ക്‌സ് ക്രോസ്ഓവര്‍ എസ്‌യുവി, ജിംനി 5 ഡോര്‍ ലൈഫ്‌സ്‌റ്റൈല്‍ എസ്‌യുവി എന്നിവയാണ് വില്‍പ്പനയില്‍ കരുത്തായത്.
ഈ വര്‍ഷം പുതിയ 5 ലോഞ്ചുകളുമായി മാരുതി സുസുക്കി തങ്ങളുടെ വാഹന നിര ശക്തിപ്പെടുത്തിയിരുന്നു. പെട്രോള്‍, സിഎന്‍ജി മോഡലുകള്‍ക്കൊപ്പം ഹൈബ്രിഡ് കാറുകളും കമ്പനി നിരത്തിലെത്തിച്ചു. ടൊയോട്ടയുമായുള്ള പങ്കാളിത്തത്തിലൂടെ ബ്രാന്‍ഡ് ഇമേജ് തന്നെ മാറ്റി അല്‍പ്പം പ്രീമിയമാകാനും കമ്പനി ഈ വര്‍ഷം ശ്രദ്ധിച്ചു. 2023 കലണ്ടര്‍ വര്‍ഷത്തിന് തിരശ്ശീല വീഴാന്‍ പോകുന്ന വേളയില്‍ ഈ വര്‍ഷം മാരുതി ഷോറൂമുകള്‍ നിറച്ച പുത്തന്‍ ലോഞ്ചുകള്‍ പരിചയപ്പെടാം.

മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര സിഎന്‍ജി: എസ്‌യുവി സെഗ്‌മെന്റില്‍ മാരുതിയുടെ തലവര മാറ്റിയ മോഡലാണ് കഴിഞ്ഞ വര്‍ഷം വിപണിയില്‍ എത്തിയ മിഡ്‌സൈസ് എസ്‌യുവിയായ ഗ്രാന്‍ഡ് വിറ്റാര. ടൊയോട്ടയുമായുള്ള പങ്കാളിത്തത്തില്‍ പിറന്ന ഹൈബ്രിഡ് എസ്‌യുവി വില്‍പ്പന ചാര്‍ട്ടുകളില്‍ കൊടുങ്കാറ്റായി. മിഡ്‌സൈസ് എസ്‌യുവിയുടെ സിഎന്‍ജി പതിപ്പ് അവതരിപ്പിച്ചുകൊണ്ടാണ് മാരുതി പുതുവര്‍ഷം ആരംഭിച്ചത്. 12.85 ലക്ഷം രൂപ പ്രാരംഭ എക്സ്ഷോറൂം വിലയിലാണ് ഗ്രാന്‍ഡ് വിറ്റാര സിഎന്‍ജി 2023 ജനുവരിയില്‍ പുറത്തിറങ്ങിയത്.
ബാഡ്ജ് എഞ്ചിനീയറിംഗ് പതിപ്പായ ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡറിനൊപ്പം ഇന്ത്യന്‍ വിപണിയില്‍ സിഎന്‍ജി ഓപ്ഷനില്‍ വാഗ്ദാനം ചെയ്യുന്ന ഏക മിഡ്‌സൈസ് എസ്‌യുവിയാണ് ഗ്രാന്‍ഡ് വിറ്റാര. ഇന്ധന വില വര്‍ധനവിന്റെ പശ്ചാത്തലത്തില്‍ ബദല്‍ ഇന്ധനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കാറുകള്‍ക്ക് ഇന്ത്യയില്‍ ഡിമാന്‍ഡ് കൂടിവരുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് മാരുതി തങ്ങളുടെ സിഎന്‍ജി പോര്‍ട്‌ഫോളിയോ വിപുലീകരിച്ചത്.

മാരുതി സുസുക്കി ബ്രെസ സിഎന്‍ജി: ഇന്ത്യന്‍ വിപണിയിലെ ഏറ്റവും വില്‍പ്പനയുള്ള സബ് 4 മീറ്റര്‍ എസ്‌യുവിയാണ് മാരുതി സുസുക്കി ബ്രെസ. കഴിഞ്ഞ വര്‍ഷമാണ് ഇന്തോ-ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ ബ്രെസയുടെ രണ്ടാം തലമുറ പതിപ്പ് വിപണിയില്‍ ഇറക്കിയത്. ഡീസല്‍ പവര്‍ട്രെയിന്‍ സജ്ജീകരിച്ച ബ്രെസക്ക് വമ്പന്‍ ഡിമാന്‍ഡായിരുന്നു. എന്നാല്‍ പുത്തന്‍ എമിഷന്‍ മാനദണ്ഡങ്ങളുടെ ഫലമായി ഡീസല്‍ എഞ്ചിന്‍ മാരുതി ഡീസല്‍ എഞ്ചിന്‍ നിര്‍ത്തലാക്കി. ഇന്ധനക്ഷമത തന്നെയായിരുന്നു ബ്രെസ ഡീസല്‍ ജനപ്രിയമാകാന്‍ കാരണം.
മികച്ച ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്ന സിഎന്‍ജി പതിപ്പ് കൊണ്ടുവന്ന് ഡീസല്‍ എഞ്ചിന്റെ അഭാവം വില്‍പ്പനയെ ബാധിക്കുന്ന സാഹചര്യം മാരുതി ഇല്ലാതാക്കി. പുതുയലമുറ ബ്രെസ പുറത്തിറക്കിയ അന്ന് തൊട്ട് അതിന്റെ സിഎന്‍ജി പതിപ്പ് വരുമെന്ന് സംസാരമുണ്ടായിരുന്നു. 2023 മാര്‍ച്ചില്‍ ഇത് യാഥാര്‍ത്ഥ്യമായി. 9.14 ലക്ഷം രൂപ പ്രാരംഭ എക്സ്ഷോറൂം വിലയിലാണ് മാരുതി ബ്രെസ ഡീസല്‍ പുറത്തിറക്കിയത്.

മാരുതി സുസുക്കി ഫ്രോങ്ക്‌സ്: ബലേനോ പ്രീമിയം ഹാച്ച്ബാക്കിനെ അടിസ്ഥാനപ്പെടുത്തിയുള്ള ക്രോസ്ഓവര്‍ മോഡല്‍ ജനുവരിയില്‍ നടന്ന 2023 ഓട്ടോ എക്‌സ്‌പോയിലൂടെയാണ് അവതരിപ്പിച്ചത്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഫ്രോങ്ക്‌സ് വിപണിയിലുമെത്തി. 7.46 ലക്ഷം രൂപ എക്സ്‌ഷോറൂം വിലയില്‍ 2023 ഏപ്രിലിലായിരുന്നു അരങ്ങേറ്റം. ഫ്രോങ്ക്‌സിലൂടെ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ മാരുതി മടക്കിക്കൊണ്ടുവരികയും ചെയ്തു. വില്‍പ്പനക്കെത്തി ചുരുങ്ങിയ നാളുകള്‍ കൊണ്ട് ടോപ് 10 എസ്‌യുവികളുടെ പട്ടികയില്‍ ഇടംനേടാന്‍ ഫ്രോങ്ക്‌സിന് സാധിച്ചു.
മാരുതി സുസുക്കി ജിംനി 5 ഡോര്‍: ഐതിഹാസിക ഓഫ്‌റോഡര്‍ എസ്‌യുവിയായ ജിപ്‌സിയുടെ പിന്‍ഗാമിയാണ് ജിംനി. ജിംനി 3 ഡോര്‍ ഇവിടെ നിര്‍മിച്ച് വിദേശത്തേക്ക് കയറ്റി അയക്കുമ്പോള്‍ അത് നോക്കിനില്‍ക്കാന്‍ മാത്രമായിരുന്നു ഇന്ത്യക്കാര്‍ക്ക് സാധിച്ചത്. എന്നാല്‍ ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്കനുസൃതമായി ജിംനിയുടെ 5 ഡോര്‍ പതിപ്പ് വരുമെന്ന വാര്‍ത്ത കേട്ട് ആശ്വസിച്ചു. ഒടുവില്‍ ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഓട്ടോ എക്‌സ്‌പോയിലൂടെ മാരുതി സുസുക്കി ജിംനി 5 ഡോര്‍ പതിപ്പിന്റെ മൂടുപടമഴിച്ചു.
മാസങ്ങള്‍ക്ക് ശേഷം 2023 ജൂണിലായിരുന്നു വില പ്രഖ്യാപനം. 12.74 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലായിരുന്നു ജിംനി 5 ഡോര്‍ പുറത്തിറങ്ങിയത്. എന്നാല്‍ എതിരാളികളേക്കാള്‍ ഉയര്‍ന്ന പ്രാരംഭ എക്‌സ്‌ഷോറൂം വില ജിംനിക്ക് വില്‍പ്പനയില്‍ വിനയായി എന്ന് മനസ്സിലാക്കിയ മാരുതി ഇപ്പോള്‍ 10.74 ലക്ഷം രൂപ എക്‌സ്ഷഷോറൂം വിലയിലാണ് വാഗ്ദാനം ചെയ്യുന്നത്. മെയിഡ് ഇന്‍ ഇന്ത്യ ജിംനി 5 ഡോര്‍ ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ എന്നീ വിദേശ വിപണികളിലും കമ്പനി വില്‍പ്പനക്കെത്തിക്കുന്നു.
മാരുതി സുസുക്കി ഇന്‍വിറ്റോ: ടൊയോട്ട-സുസുക്കി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ മള്‍ട്ടി പര്‍പ്പസ് വാഹനമാണ് ഇന്‍വിക്‌റ്റോ. ടെയോട്ടയുടെ ബെസ്റ്റ് സെല്ലര്‍ മോഡലായ ഇന്നോവ ഹൈക്രോസിന്റെ റീബാഡ്ജഡ് പതിപ്പാണ് ഇന്‍വിക്‌റ്റോ. പ്രീമിയം കാര്‍ വിഭാഗത്തിലേക്കുള്ള മാരുതിയുടെ ധീരമായ ചുവടുവെപ്പായിരുന്നു ഇന്‍വിക്‌റ്റോയുടെ ലോഞ്ച്. ഹൈബ്രിഡ് പവര്‍ട്രെയിനുമായി വന്ന എംപിവി വിപണിയില്‍ മികച്ച അഭിപ്രായം നേടിയെടുത്തു.

2023 ജൂലൈയിലായിരുന്നു എംപിവിയുടെ ലോഞ്ച്. 24.79 ലക്ഷം മുതല്‍ 28.42 ലക്ഷം രൂപ വരെയായിരുന്നു ഇന്‍വിക്‌റ്റോയുടെ എക്സ്ഷോറൂം വില. മാരുതി ഇന്നേ വരെ ഇന്ത്യന്‍ വിപണിയില്‍ എത്തിച്ച ഏറ്റവും വില കൂടിയ കാര്‍ എന്ന ബഹുമതിയും ഈ മോഡല്‍ സ്വന്തമാക്കി. മാരുതി നെക്‌സ ശൃംഖല വഴിയാണ് ഇത് വിപണനം ചെയ്യുന്നത്. 2023 കലണ്ടര്‍ വര്‍ഷത്തില്‍ വന്‍ വില്‍പ്പന സ്വന്തമാക്കിയ മാരുതി അടുത്ത വര്‍ഷം എന്താണ് കരുതി വെച്ചിരിക്കുന്നതെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.


Click it and Unblock the Notifications








