നോർമലിൽ നിന്ന് ഇവിയിലേക്ക് പഞ്ചിൽ വരുന്നത് വമ്പൻ അപ്ഗ്രേഡുകൾ; കുറിച്ചിട്ട് 10 എണ്ണം ഇതാ
2024 -ൽ ആദ്യമായി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച പുതിയ കാർ എൻട്രി ലെവൽ മോഡലാണ്, അതും ഒരു ഇലക്ട്രിക് വാഹനം. അടുത്തിടെ കമ്പനി വെളിപ്പെടുത്തിയ ടാറ്റ പഞ്ച് ഇവിയാണ് ഇക്കുറി വാഹന വിപണിയിക്കായുള്ള പുതുവർഷത്തിന് തുടക്കം കുറിച്ചിരിക്കുന്നത്, ജനുവരിയിൽ ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി ചെറു ഇവിയുടെ ബുക്കിംഗും നിർമ്മാതാക്കൾ തുറന്നിട്ടുണ്ട്. ടാറ്റയുടെ പുതിയ Acti.ev പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള ആദ്യ മോഡലാണ് ഈ ഇലക്ട്രിക് മൈക്രോ-എസ്‌യുവി.
എന്നാൽ വാഹനത്തിന്റെ കൃത്യമായ സാങ്കേതിക സവിശേഷതകൾ ഇതുവരെ നിർമ്മാതാക്കൾ വെളിപ്പെടുത്തിയിട്ടില്ല. പഞ്ചിന്റെ ഇന്റേണൽ കംബഷൻ എഞ്ചിൻ (ICE) പതിപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ പഞ്ച് ഇവിയ്ക്ക് നവീകരിച്ച ഫ്രണ്ട് ഫാസിയ ലഭിക്കുന്നു എന്ന് മാത്രമല്ല, ഇത് കൂടുതൽ സാങ്കേതികവിദ്യയും സൗകര്യങ്ങളും പായ്ക്ക് ചെയ്യുന്നു എന്നതും ശ്രദ്ധേയമാണ്. നോർമൽ ടാറ്റ പഞ്ച് എസ്‌യുവിയേക്കാൾ വരാനിരിക്കുന്ന ടാറ്റ പഞ്ച് ഇവിക്ക് ലഭിക്കുന്ന മികച്ച 10 സവിശേഷതകൾ എന്തെല്ലാം എന്ന് നോക്കാം:

പ്രൊജക്ടർ എൽഇഡി ഹെഡ്‌ലാമ്പുകൾ: സാധാരണ പഞ്ചിന് ഹാലൊജൻ പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ മാത്രമേ ലഭിക്കുകയുള്ളൂ, എന്നാൽ ആ സ്ഥാനത്ത് പഞ്ച് ഇവിയ്ക്ക് പുതിയ എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ സ്റ്റാൻഡേർഡായി ലഭിക്കുമെന്ന് ടാറ്റ വെളിപ്പെടുത്തുന്നു. ടാറ്റ നെക്‌സോൺ ഇവിയെപ്പോലെ രൂപകൽപന ചെയ്‌തിരിക്കുന്ന പുതിയ ഫ്രണ്ട് ഫാസിക്കയുടെ ഭാഗമാണിവ, ബോണറ്റിന്റെ മുഴുവൻ വീതിയിലും എൽഇഡി DRL സ്ട്രിപ്പ്, വെൽക്കം & ഗുഡ്ബൈ സീക്വൻസുകളും ഇത് ഫീച്ചർ ചെയ്യുന്നു.
10.25-ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ്: ടാറ്റ തങ്ങളുടെ എൻട്രി ലെവൽ ഇലക്ട്രിക് എസ്‌യുവിയിലേക്ക് പുതിയതും വലിയതുമായ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം അവതരിപ്പിക്കുന്നു. ഇത് പുതുക്കിയ ഡാഷ്‌ബോർഡ് സംവിധാനത്തിന്റെ ഭാഗമാണ്. സാധാരണ പഞ്ചുമായി താരതമ്യപ്പെടുത്തുമ്പോൾ പഞ്ച് ഇവിയുടെ ക്യാബിൻ എക്സ്പീരിയൻസ് ഇത് വേറെ ലെവലിലേക്ക് ഉയർത്തുന്നു.

ചാർജ് ചെയ്യുന്നതിനായി ഇവി പ്ലഗ് ഇൻ ചെയ്‌തിരിക്കുമ്പോൾ സമയം കടന്നു പോകാൻ ഉപയോഗിക്കാവുന്ന ഒരു കൂട്ടം ആപ്പുകൾ വാഗ്ദാനം ചെയ്യുന്ന ആർക്കേഡ്.ev ഫീച്ചറിനൊപ്പമാണ് പുത്തൻ പഞ്ച് ഇവി വരുന്നത്. അതേസമയം, സാധാരണ പഞ്ചിൽ 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ സിസ്റ്റമാണ് ടാറ്റ മോട്ടോർസ് വാഗ്ദാനം ചെയ്യുന്നത്.
10.25-ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ: സാധാരണ പഞ്ചിന്റെ സെമി ഡിജിറ്റൽ ക്ലസ്റ്ററുമായി താരതമ്യപ്പെടുത്തുമ്പോൾ, പഞ്ച് ഇവിയിൽ വരുന്നത് പ്രീമിയം, ഫുള്ളി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ്. നെക്‌സോൺ ഇവിയിൽ നിന്ന് താഴേക്ക് വന്ന മറ്റൊരു സവിശേഷതയാണിത്. എന്നാൽ ഇലക്ട്രിക് മൈക്രോ എസ്‌യുവിയുടെ ടോപ്പ് സ്പെക്ക് വേരിയന്റിലേക്ക് ഇത് പരിമിതപ്പെടുത്തിയിരിക്കുന്നു.

ആറ് എയർബാഗുകൾ: സമീപഭാവിയിൽ ബേസിക് ആവശ്യകതയായി മാറുമെന്ന് പ്രതീക്ഷിക്കുന്ന ഒരു ഫീച്ചർ അപ്‌ഡേറ്റാണിത്, അതിനാൽ പഞ്ച് ഇവിയിൽ ആറ് എയർബാഗുകൾ സ്റ്റാൻഡേർഡായി കമ്പനി സജ്ജീകരിക്കും. ഇലക്‌ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), ABS, റിയർ പാർക്കിംഗ് സെൻസറുകൾ എന്നിവയാണ് മോഡലിലുള്ള മറ്റ് സുരക്ഷാ ഫീച്ചറുകൾ.
വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ: പഞ്ച് ഇവിയുടെ ഏറ്റവും ആശ്ചര്യപ്പെടുത്തുന്ന സെഗ്‌മെന്റ് ഫസ്റ്റ് ഫീച്ചർ അപ്പ്ഡേറ്റാണ് ഇത്. ടാറ്റയുടെ എൻട്രി ലെവൽ ഇലക്ട്രിക് എസ്‌യുവി വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകളുമായി പ്രീമിയം കംഫർട്ടും സുഖസൗകര്യവും പ്രദാനം ചെയ്യും. ഇതും ടോപ്പ് വേരിയന്റിൽ മാത്രമായി പരിമിതപ്പെടുത്തും.
ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്: മാനുവൽ പാർക്കിംഗ് ബ്രേക്കിനായി സെൻട്രൽ കൺസോളിൽ സാധാരണ ഒരു സ്റ്റിക്ക് ലഭിക്കുന്ന പതിവ് പഞ്ചിൽ നിന്ന് എടുത്തു മാറ്റിയിരിക്കുകയാണ്, അവയിൽ നിന്ന് വ്യത്യസ്തമായി, ഈ ഇലക്ട്രിക് പതിപ്പ് ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്കുമായി വരുന്നു. ഉപയോഗിക്കാൻ എളുപ്പമുള്ളതും, ചരിവുകളിൽ വാഹനമോടിക്കുമ്പോൾ ഉപയോഗപ്രദമായ ഓട്ടോ-ഹോൾഡ് ഫീച്ചറുമായി ഇത് വരുന്നു.
360 -ഡിഗ്രി ക്യാമറ: പ്രീമിയം കസ്റ്റമർ എക്സ്പീരിയൻസും സുരക്ഷാ ഘടകവും സാധാരണ പഞ്ചിനേക്കാൾ ഒരു ലെവൽ ഉയർത്തിക്കൊണ്ട്, ടാറ്റ 360 -ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറ സംവിധാനത്തോടെ പഞ്ച് ഇവി വാഗ്ദാനം ചെയ്യും. വാഹനത്തിന്റെ ചെറിയ അനുപാതങ്ങൾ ഇതിനകം തന്നെ നഗരത്തിൽ പഞ്ച് ഉപയോഗിക്കാൻ എളുപ്പമാക്കുന്നു എങ്കിലും, ഈ സവിശേഷത ഇറുകിയ സ്പെയ്സുകളിൽ അനായാസം നാവിഗേറ്റ് ചെയ്യാൻ സഹായിക്കുന്നു.

വയർലെസ് ഫോൺ ചാർജർ: ഏതൊരു മോഡേൺ കാറിന്റെയും പ്രധാന ഘടകമാണിത്, പഞ്ച് ഇവിയിൽ വയർലെസ് ഫോൺ ചാർജറും ടാറ്റ സജ്ജീകരിച്ചിരിക്കുന്നു. കൂടാതെ ഈ ന്യൂ ജെൻ ഫീച്ചറും ടോപ്പ് വേരിയന്റിലേക്ക് മാത്രമായി നിർമ്മാതാക്കൾ പരിമിതപ്പെടുത്തിയിരിക്കുന്നു, സാധാരണ പതിപ്പിൽ ഈ സവിശേഷതയും നമുക്ക് കാണാനാവില്ല.
ലെതറെറ്റ് സീറ്റുകൾ: അപ്പ്ഡേറ്റ് ചെയ്ത സാങ്കേതികവിദ്യകൾ കൂടുതൽ സൗകര്യങ്ങൾ പ്രദാനം ചെയ്യുമ്പോൾ, പുതിയ പഞ്ച് ഇവി യാത്രക്കാർക്ക് ലെതറെറ്റ് അപ്‌ഹോൾസ്റ്ററിയുള്ള ക്യാബിനുമായി ഇന്റീരിയർ എക്സ്പീരിയൻസ് വർധിപ്പിക്കുന്നു. നോർമൽ ICE പഞ്ച് സ്റ്റിയറിംഗ് വീലിനും ഡ്രൈവ് സെലക്‌ടറിനും മാത്രം ലെതറെറ്റ് ഫിനിഷ് നൽകുന്നു.

AQI ഡിസ്‌പ്ലേയുള്ള എയർ പ്യൂരിഫയർ: സെൻട്രൽ ഇൻഫോടെയിൻമെന്റ് സിസ്റ്റം വഴി AQI ഡിസ്‌പ്ലേയുള്ള ഒരു ബിൽറ്റ് ഇൻ എയർ പ്യൂരിഫയറും ടാറ്റ പഞ്ച് ഇവി വാഗ്ദാനം ചെയ്യും. ഈ ഫ്യൂരിഫയർ വാഹനത്തിലെ ക്യാബിനിലെ വായുവിന്റെ ഗുണനിലവാരവും നിങ്ങളുടെ ചുറ്റുപാടിലെ വായുവും ട്രാക്കുചെയ്യാൻ നിങ്ങളെ അനുവദിക്കുന്നു.
സാധാരണ പഞ്ച് മൈക്രോ-എസ്‌യുവിയേക്കാൾ പഞ്ച് ഇവി വാഗ്ദാനം ചെയ്യുന്ന ഫീച്ചർ അപ്പ്ഡേറ്റുകൾ ഇവയാണ്. ഇലക്ട്രിക് പവർട്രെയിനിനും ഈ അധിക സുഖസൗകര്യങ്ങൾക്കും ഇത് ICE പഞ്ചിൻ മോഡലിനേക്കാൾ കൂടുതൽ വിലയും ആകർഷിക്കും. ടാറ്റ പഞ്ച് ഇവിയുടെ വില 12 ലക്ഷം മുതൽ തുടങ്ങാം എന്ന് പ്രതീക്ഷിക്കുന്നു, എന്നാൽ സാധാരണ പഞ്ച് നിലവിൽ 6.0 ലക്ഷം മുതൽ 10.10 ലക്ഷം രൂപ വരെയാണ് എക്സ്-ഷോറൂം വിലയിൽ ലഭ്യമാണ്.


Click it and Unblock the Notifications