ഏറ്റവും വേഗമേറിയ വാന്റേജുമായി ആസ്റ്റണ്‍ മാര്‍ട്ടിന്‍ ഇന്ത്യയില്‍! വിലയും വിശേഷങ്ങളും അറിയാം
പ്രശസ്ത ബ്രിട്ടീഷ് സൂപ്പര്‍കാര്‍ നിര്‍മ്മാതാക്കളായ ആസ്റ്റണ്‍ മാര്‍ട്ടിന്‍ തങ്ങളുടെ ഏറ്റവും പുതിയ മോഡലായ വാന്റേജ് V8 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ആസ്റ്റണ്‍ മാര്‍ട്ടിന്റെ ഐക്കണിക് വണ്‍-77 സൂപ്പര്‍കാറില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് വരുന്ന 2024 വാന്റേജ് പവറിന്റെയും ചാരുതയുടെയും തെളിവായി ഉയര്‍ത്തിക്കാണിക്കപ്പെടുന്നു. 2024 ആസ്റ്റണ്‍ മാര്‍ട്ടിന്‍ വാന്‍േറജ് 3.99 കോടി രൂപ പ്രാരംഭ വിലയിലാണ് പുറത്തിറക്കിയിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ കസ്റ്റമൈസേഷന്‍ ഓപ്ഷനുകള്‍ ചേര്‍ക്കാനുള്ള അവസരവും ആസ്റ്റണ്‍ മാര്‍ട്ടിന്‍ ഒരുക്കിയിട്ടുണ്ട്. ഈ ഹൈ പെര്‍ഫോമന്‍സ് സ്പോര്‍ട്സ് കാറിന്റെ ഡെലിവറി 2024-ന്റെ നാലാം പാദത്തില്‍ ആരംഭിക്കും.
ഏറ്റവും പുതിയ ആസ്റ്റണ്‍ മാര്‍ട്ടിന്‍ വാന്‍േറജ് മോഡലിന് കൂടുതല്‍ മസ്‌കുലര്‍ ഷാര്‍പ്പ് ഡിസൈനിലാണ് കമ്പനി ഈ വാഹനം പണികഴിപ്പിച്ചിരിക്കുന്നത്. അതേസമയം സൂക്ഷ്മമായ അപ്ഡേറ്റുകളോടെ ക്ലാസിക് വാന്റേജ് സൗന്ദര്യം നിലനിര്‍ത്താന്‍ ശ്രദ്ധിച്ചിട്ടുണ്ട്. പുനര്‍രൂപകല്‍പ്പന ചെയ്ത ഗ്രില്ലും വീതിയേറിയ വീല്‍ ആര്‍ച്ചുകളും ഉള്ള കാര്‍ മുന്‍ മോഡലിനേക്കാള്‍ പുതുമയുള്ളതായി തോന്നുന്നു.

ഫ്രണ്ട്-എഞ്ചിന്‍, റിയര്‍-വീല്‍-ഡ്രൈവ് സ്പോര്‍ട്സ് കാര്‍ എന്ന നിലയില്‍ വാന്‍േറജ് അതിന്റെ ക്ലാസില്‍ നിലവാരം പുലര്‍ത്തുന്നത് തുടരുകയാണ്. പുതിയ വലിയ ത്രീ പീസ് ഡിആര്‍എല്ലുകളോട് കൂടിയ ഹെഡ്‌ലൈറ്റുകളാണ് കാറില്‍ വരുന്നത്. പുതുതലമുറ ആസ്റ്റണ്‍ മാര്‍ട്ടിന്‍ കാറുകള്‍ക്ക് സമാനമായ റിയര്‍ പ്രൊഫൈലാണ് 2024 വാന്‍േറജില്‍ വരുന്നത്.
ആസ്റ്റണ്‍ മാര്‍ട്ടിന്‍ വാന്റേജ് ഒരു പുതിയ ഇന്റീരിയര്‍ ആര്‍ക്കിടെക്ചര്‍ കൊണ്ടുവന്നിട്ടുണ്ട്. സ്പോര്‍ട്ടി ഡിസൈനും ആഡംബരവും ഇടകലര്‍ത്തിയ ക്യാബിനാണ് ഡ്രൈവര്‍മാരെ സ്വാഗതം ചെയ്യുന്നത്. ഉയര്‍ന്ന നിലവാരമുള്ള മെറ്റീരിയലുകളും അത്യാധുനിക സാങ്കേതിക വിദ്യയുമുള്ള അള്‍ട്രാ ലക്ഷ്വറി ഇന്റീരിയറാണ് ഈ കാറിന്റെ പ്രത്യേകതകളില്‍ ഒന്ന്. ഹെയര്‍സെല്‍ ലെതറിലാണ് ക്യാബിന്‍ പൂര്‍ത്തീകരിച്ചിരിക്കുന്നത്.

ഒരു സ്‌പോര്‍ട്‌സ് സ്റ്റിയറിംഗ് വീലും 8 വേ പവര്‍ അഡ്ജസ്റ്റബിള്‍ സ്‌പോര്‍ട്‌സ് സീറ്റുകളും സ്റ്റാന്‍ഡേര്‍ഡ് ആയി വരുന്നു. ഡ്യുവല്‍ 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് ഫോണ്‍ ചാര്‍ജിംഗ്, 15 സ്പീക്കര്‍ ബോവേഴ്സ് ആന്‍ഡ് വില്‍കിന്‍സ് ഓഡിയോ സിസ്റ്റം തുടങ്ങിയ നൂതന സൗകര്യങ്ങള്‍ ഈ കാറില്‍ സജ്ജീകരിച്ചിരിക്കുന്നു.
വെറ്റ്, സ്പോര്‍ട്ട്, സ്പോര്‍ട്സ് പ്ലസ്, ട്രാക്ക്, ഇന്‍ഡിവിജ്വല്‍ എന്നിങ്ങനെ ഡ്രൈവിംഗ് മോഡുകളുടെ ഒരു ശ്രേണി 2024 ആസ്റ്റണ്‍ മാര്‍ട്ടിന്‍ വാന്റേജ് വാഗ്ദാനം ചെയ്യുന്നു. ഡ്രൈവര്‍മാരെ അവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഡ്രൈവ്ട്രെയിന്‍, സ്റ്റിയറിംഗ്, ഷാസി എന്നിവ ക്രമീകരിക്കാന്‍ ഇവ അനുവദിക്കുന്നു. ഡൈനാമിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം, ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷന്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍ എന്നിവയുള്‍പ്പെടെ വിപുലമായ സേഫ്റ്റി പെര്‍ഫോമന്‍സ് ഫീച്ചറുകളും ഇതില്‍ സജ്ജീകരിച്ചിരിക്കുന്നു.
ഹൈഡ്രോളിക് ബ്രേക്ക് അസിസ്റ്റ്, ഡൈനാമിക് ടോര്‍ക്ക് വെക്ടറിംഗ് തുടങ്ങിയ അഡീഷനല്‍ സിസ്റ്റംസ് കാറിന്റെ ഹാന്‍ഡ്‌ലിംഗും സ്റ്റബിലിറ്റിയും വര്‍ധിപ്പിക്കുന്നു. പുതിയ ആസ്റ്റണ്‍ മാര്‍ട്ടിന്‍ വാന്റേജ് ഒരു അലൂമിനിയം ബോഡി സ്ട്രക്ചര്‍ ഫീച്ചര്‍ ചെയ്യുന്നു. ഭാരവിതരണത്തില്‍ വാന്റേജിനെ തികച്ചും സന്തുലിതമാക്കിയ ആസ്റ്റണ്‍ മാര്‍ട്ടിന്‍ എഞ്ചിനീയര്‍മാര്‍ അനുയോജ്യമായ 50:50 അനുപാതത്തിലെത്തിച്ചു.
മിഷലിന്‍ പൈലറ്റ് സ്പോര്‍ട് S 5 ടയറുകളില്‍ പൊതിഞ്ഞ 21 ഇഞ്ച് അലോയ്കളിലാണ് 2024 ആസ്റ്റണ്‍ മാര്‍ട്ടിന്‍ വാന്‍േറജ് സഞ്ചരിക്കുന്നത്. ഇലക്ട്രോണിക് റിയര്‍ ഡിഫറന്‍ഷ്യലോട് കൂടിയ ബില്‍സ്റ്റീന്‍ ഡിടിഎക്സ് അഡാപ്റ്റീവ് ഡാംപറുകളാണ് ഘടിപ്പിച്ചിരിക്കുന്നത്. കാര്‍ബണ്‍-സെറാമിക് ബ്രേക്കുകള്‍ മെച്ചപ്പെടുത്തിയ സ്റ്റോപ്പിംഗ് പവര്‍ സാധ്യമാക്കുന്നു.

4.0 ലിറ്റര്‍ ട്വിന്‍-ടര്‍ബോ V8 എഞ്ചിനാണ് 2024 ആസ്റ്റണ്‍ മാര്‍ട്ടിന്‍ വാന്‍േറജിന് തുടിപ്പേകുന്നത്. 665 bhp പവറും 800 Nm ടോര്‍ക്കും നല്‍കാന്‍ ശേഷിയുള്ളതാണ് ഈ എഞ്ചിന്‍. 8 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് റിയര്‍ വീലുകളിലേക്ക് പവര്‍ അയക്കുന്നു. എഞ്ചിന്‍ ഔട്ട്പുട്ട്് മുന്‍ഗാമിയേക്കാര്‍ 155 bhp, 115 Nm എന്നിങ്ങനെ കൂടിയിട്ടുണ്ട്.
2024 ആസ്റ്റണ്‍ മാര്‍ട്ടിന്‍ വാന്‍േറജ് 3.5 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. അതേസമയം അതിന്റെ ഉയര്‍ന്ന വേഗത 325 കിലോമീറ്ററായി ഇലക്ട്രോണിക്കലി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഇതുവരെ പുറത്തിറങ്ങിയതില്‍ വെച്ച് ഏറ്റവും വേഗതയേറിയ വാന്റേജായി ഇത് മാറുന്നു.


Click it and Unblock the Notifications








