നിരത്തുകൾ കീഴടക്കാൻ ക്രെറ്റ എത്തി, ഫസ്റ്റ് ഡെലിവറി വീഡിയോ ഏറ്റെടുത്ത് ആരാധകർ
സെഗ്മെൻ്റിലെ കൊമ്പനായി തുടരുന്ന വാഹനമാണ് ഹ്യുണ്ടായി ക്രെറ്റ. ആരൊക്കെ വന്നാലും പോയാലും, പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ല എന്ന് പറയുന്ന പോലെയാണ് ക്രെറ്റയുടെ സ്ഥിതി. കാത്തിരുന്ന ക്രെറ്റയുടെ ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിച്ചത് മുതൽ നിരത്തുകളും ആളുകളുടെ മനസും കീഴടക്കിയ മോഡസലിൻ്റെ രാജ്യത്തെ ഫസ്റ്റ് ഡെലിവറി നടത്തിയിരിക്കുകയാണ്. വീഡിയോ സോഷ്യൽ മീഡിയയിൽ ആരാധകർ നിമിഷങ്ങൾക്കകം തന്നെ ഏറ്റെടുക്കുകയും ചെയ്തു.
2024-ലെ ആദ്യ ഹ്യൂണ്ടായി ക്രെറ്റ ഡെലിവറി വീഡിയോ AutoS9 എന്ന യൂട്യൂബ് ചാനലിലാണ് പങ്കിട്ടത്. അറ്റ്ലസ് വൈറ്റ് നിറത്തിലുള്ള പുതിയ ഹ്യൂണ്ടായി ക്രെറ്റ ഒരു ഹ്യുണ്ടായ് ഡീലർഷിപ്പിന്റെ വാതിൽ കടന്ന് പുറത്തേക്ക് വരുന്നതാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്. രാജസ്ഥാനിലെ ചിറ്റോർഗഡിലുള്ള ഹ്യൂണ്ടായി ചിറ്റോർ എന്ന ഡീലർഷിപ്പിൽ നിന്നാണ് 2024 ഹ്യുണ്ടായി ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിൻ്റെ ആദ്യ പതിപ്പ് പുറത്തിറക്കിയിരിക്കുന്നത്.

2020-ൽ ഹ്യുണ്ടായി ക്രെറ്റയിൽ കണ്ട കർവി ഡിസൈനിന് ഇത്തവണ മാറ്റം വരുത്തി കൊണ്ടാണ് ഹ്യുണ്ടായി തങ്ങളുടെ ക്രെറ്റയുടെ പുതുക്കിയ പതിപ്പിനെ ഒരുക്കിയിരിക്കുന്നത്. കർവുകൾക്കും സ്ലാഷുകൾക്കും പകരം എസ്‌യുവിയുടെ 2024 പതിപ്പ് ഏത് കോണിൽ നിന്ന് നോക്കിയാലും മികച്ചതായി കാണപ്പെടുന്ന വാഹനമാണ്. ഒരു മിഡ്-ലൈഫ് നവീകരണത്തിൽ മോഡലിനെ ഇങ്ങനെ മാറ്റിമറിക്കാനായത് ഏറെ കൈയടി അർഹിക്കുന്നുണ്ട്.
യുഎസ്‌എയിൽ വിറ്റഴിക്കപ്പെടുന്ന കൂറ്റൻ പാലിസേഡ് എസ്‌യുവിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പുതിയ 2024 ക്രെറ്റ നേരായതും ചതുരാകൃതിയിലുള്ളതുമായ മുൻഭാഗമാണ് ഇപ്പോൾ അവതരിപ്പിക്കുന്നത്. അതിൽ പാരാമെട്രിക് ഡീറ്റെയിലിംഗുള്ള വലിയ ഗ്രിൽ തന്നെയാണ് മുന്നിലെ ഹൈലൈറ്റ്. ഒപ്പം സ്പ്ലിറ്റ് സെറ്റപ്പിൽ എൽഇഡി ഡിആർഎൽ, സ്വൈപ്പിംഗ് ഇൻഡിക്കേറ്ററുകൾ, ഗ്രില്ലിന് മുകളിലുള്ള ലൈറ്റ് ബാർ എന്നിവയും കൂടെ ഇടംപിടിച്ചിരിക്കുന്നതിനാൽ ക്രെറ്റക്ക് പുതിയ രൂപം ആവാഹിക്കാനായെന്നു വേണം പറയാൻ.

ആംബിയന്റ് ലൈറ്റിംഗ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, വയർലെസ് ഫോൺ ചാർജിംഗ് എന്നിവയുൾപ്പെടെ പുതിയ 2024 ക്രെറ്റയിൽ നിലനിർത്തിയിരിക്കുന്ന ഫീച്ചറുകൾ പ്രീമിയം ഫീലിംഗ് കൂടുതൽ മെച്ചപ്പെടുത്തുന്നുണ്ട്. 6 എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ISOFIX ചൈൽഡ് മൗണ്ടുകൾ, റിയർ പാർക്കിംഗ് സെൻസറുകൾ, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ് എന്നീ സവിശേഷതകൾ എല്ലാ വേരിയന്റുകളിലും സ്റ്റാൻഡേർഡായി തന്നെയാണ് ഒരുക്കിയിരിക്കുന്നത്.
പുതിയ ക്രെറ്റയുടെ SX ടെക്, SX(O) വകഭേദങ്ങളിലാണ് ലെവൽ 2 ADAS ടെക് സേഫ്റ്റി ഫീച്ചർ ഹ്യുണ്ടായി വാഗ്‌ദാനം ചെയ്യുന്നത്. ഇത് എസ്‌യുവിയിലേക്ക് 19 ഡ്രൈവർ സേഫ്റ്റി എയ്‌ഡുകളാണ് വാഗ്‌ദാനം ചെയ്യുന്നത്. ഫോർവേഡ് കൊളിഷൻ-അവോയിഡൻസ് അസിസ്റ്റ്, ഫോർവേഡ് കൊളിഷൻ വാർണിംഗ്, ബ്ലൈൻഡ്-സ്‌പോട്ട് കൊളിഷൻ-അവോയിഡൻസ് അസിസ്റ്റ്, ബ്ലൈൻഡ്-സ്‌പോട്ട് കൊളിഷൻ വാണിംഗ് പോലുള്ളവ സംവിധാനങ്ങളെല്ലാം ലഭിക്കുന്നുണ്ട്.

2024 ഹ്യുണ്ടായി ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ് മൂന്ന് വ്യത്യസ്ത എഞ്ചിൻ ഓപ്ഷനുകളിലാണ് വരുന്നത്. അതിൽ ആദ്യത്തേത് 113 bhp പവറിൽ പരമാവധി 144 Nm torque ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ നാച്ചുറലി ആസ്പിറേഡ് പെട്രോൾ എഞ്ചിനാണ്. ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് iVT ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളിൽ ഇത് ലഭ്യമാകും. രണ്ടാമത്തേത് എസ്‌യുവിയിൽ ഏവർക്കും പ്രിയപ്പെട്ട 1.5 ലിറ്റർ ഡീസൽ എഞ്ചിനാവും.
ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സ്, ആറ് സ്പീഡ് ഓട്ടോമാറ്റിക് യൂണിറ്റ് ഓപ്ഷനുകളോടെ ലഭ്യമാകുന്ന ഇതിന് 114 bhp കരുത്തിൽ ഏകദേശം 250 Nm torque വരെ നൽകാനാവും. ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിലെ മൂന്നാമത്തെ എഞ്ചിൻ ഏറ്റവും പുതിയ 1.5 ലിറ്റർ ടർബോചാർജ്ഡ് യൂണിറ്റായിരിക്കും. ഇത് ഏഴ് സ്പീഡ് ഡിസിടി യൂണിറ്റിനൊപ്പം മാത്രമാണ് ഹ്യുണ്ടായി ജോടിയാക്കിയിരിക്കുന്നത്.
മുഖം മിനുക്കി എത്തുന്ന ക്രെറ്റയുടെ വില ആരംഭിക്കുന്നത് 11 ലക്ഷം മുതൽ 20 ലക്ഷം രൂപ എക്സ്ഷോറൂം വിലയിലാണ്. ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ കൂടി വരുന്നതോടെ ക്രെറ്റയുടെ ലീഡ് വർധിപ്പിക്കാനും ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾക്ക് സാധിക്കും. ഇന്ത്യയിൽ ഹ്യുണ്ടായിയിൽ നിന്നും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവിയായതിനാൽ തന്നെ കൊതിപ്പിക്കുന്ന നിരവധി പരിഷ്ക്കാരങ്ങളാണ് എസ്‌യുവിയിലേക്ക് കടന്നുവരുന്നത്.


Click it and Unblock the Notifications








