കാസര്‍ഗോഡ് നിന്ന് തിരുവനന്തപുരം പോയാലും ചാര്‍ജ് ബാക്കി! പ്രീമിയം ഇവിയില്‍ ചില്ലറ മാറ്റങ്ങളുമായി ഹ്യുണ്ടായി
ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ കാര്‍ നിര്‍മാതാക്കളാണ് ഹ്യുണ്ടായി. കമ്പനിയുടെ ഇന്ത്യയിലെ ഇലക്ട്രിക് പോര്‍ട്‌ഫോളിയോയില്‍ കോന ഇവി, അയോണിക് 5 എന്നിങ്ങനെ രണ്ട് ഇലക്ട്രിക് കാറുകള്‍ ഉണ്ട്. ഇപ്പോള്‍ ഫ്‌ലാഗ്ഷിപ്പ് മോഡലായ അയോണിക് 5 ഇല്കട്രിക് എസ്‌യുവിയുടെ 2024 പതിപ്പ് ചില്ലറ അപ്‌ഡേറ്റുകളോടെ പുറത്തിറക്കിയിരിക്കുകയാണ് കമ്പനി. ഇലക്ട്രിക് കാറില്‍ വന്ന മാറ്റങ്ങളും മറ്റും നമുക്ക് ചുവടെ വായിക്കാം.
2023 ഓട്ടോ എക്‌സ്‌പോയില്‍ വെച്ചാണ് ഹ്യുണ്ടായി അയോണിക് 5 പുറത്തിറക്കിയത്. പ്രീമിയം ഇലക്ട്രിക് കാര്‍ നോക്കുന്ന ഉപഭോക്താക്കളുടെ ഇഷ്ടം പിടിച്ചുപറ്റാന്‍ ഈ ഇവിക്ക് ഇതിനോടകം സാധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങി ഇതുവരെ അയോണിക് 5 ഇവിയുടെ 1400 യൂണിറ്റുകള്‍ വിറ്റുപോയിട്ടുണ്ട്. അയോണിക് 5 N പെര്‍ഫോമന്‍സ് വേരിയന്റിന് 2024 വേള്‍ഡ് പെര്‍ഫോമന്‍സ് കാര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം അടുത്തിടെ ലഭിച്ചിരുന്നു എന്നതും ശ്രദ്ധേയമാണ്.

ന്യായമായ വില്‍പ്പന കൊണ്ടുവരുന്ന ഈ മോഡലിന് കച്ചവടം ഇനിയും ഉയര്‍ത്താന്‍ സാധിക്കുമെന്ന് മനസ്സിലാക്കിയാണ് ഹ്യുണ്ടായി ഇപ്പോള്‍ പുതിയ ഇന്റീരിയര്‍, എക്‌സറ്റീരിയര്‍ നിറങ്ങള്‍ നല്‍കിയിരിക്കുന്നത്. നിലവില്‍ മൂന്ന് നിറങ്ങളില്‍ ഹ്യുണ്ടായി അയോണിക് 5 വാങ്ങാന്‍ സാധിക്കും. ടൈറ്റന്‍ ഗ്രേ എന്ന് വിളിക്കുന്ന പുതിയ നിറമാണ് ഇപ്പോള്‍ കളര്‍ പാലറ്റില്‍ ചേര്‍ത്തിരിക്കുന്നത്. ഗ്രാവിറ്റി ഗോള്‍ഡ് മാറ്റ്, ഒപ്റ്റിക് വൈറ്റ്, മിഡ്‌നൈറ്റ് ബ്ലാക്ക് പേള്‍ എന്നിവയാണ് മറ്റ് നിറങ്ങള്‍.
മാത്രമല്ല ഇപ്പോള്‍ ഒബ്‌സിഡിയന്‍ ബ്ലാക്ക്, ഡാര്‍ക്ക് പെബിള്‍ ഗ്രേ എന്നീ എക്‌സ്റ്റീരിയര്‍ കളറുകളിലും ഇവി ഇപ്പോള്‍ സ്വന്തമാക്കാം. ഹ്യുണ്ടായിയുടെ ഡയറക്ട് ടു കസ്റ്റമര്‍ (D2C) പോര്‍ട്ടലിലൂടെ ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ 1,00,000 രൂപ പ്രാരംഭ ബുക്കിംഗ് തുക നല്‍കി ഹ്യുണ്ടായി അയോണിക് 5 ബുക്ക് ചെയ്യാം. ആഗോളതലത്തില്‍ വ്യാപകമായ പ്രശംസ നേടിയ E-GMP സ്‌കേറ്റ്ബോര്‍ഡ് പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് അയോണിക് 5 ഇവിയുടെ നിര്‍മാണം.

ഇലക്ട്രിക് കാര്‍ കംപ്ലീറ്റ്ലി നോക്ഡ് ഡൗണ്‍ (CKD) റൂട്ടിലൂടെ ഇന്ത്യയിലെത്തുന്ന അയോണിക് 5 ഇവിക്ക് ആഭ്യന്തര വിപണയില്‍ 46 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. ഹ്യുണ്ടായിയുടെ സെന്‍സസ് സ്‌പോര്‍ട്ടിനസ് ഡിസൈന്‍ ഫിലോസഫിയെ അടിസ്ഥാനമാക്കിയാണ് കാറിന്റെ രൂപകല്‍പ്പന. 72.6 kWh ബാറ്ററി പായ്ക്കില്‍ നിന്ന് പവറെടുക്കുന്ന ഈ ഇവി ഒറ്റ ചാര്‍ജില്‍ 631 കി.മീ റേഞ്ച് നല്‍കുമെന്നാണ് ARAI സാക്ഷ്യപ്പെടുത്തുന്നത്.
അതായത് കാസര്‍ഗോഡ് നിന്ന് തിരുവനന്തപുരം വരെ പോയാലും ചാര്‍ജ് ബാക്കിയുണ്ടാകും. 350 kW DC ചാര്‍ജര്‍ പിന്തുണയുള്ള ഇവി വെറും 18 മിനിറ്റിനുള്ളില്‍ 10 മുതല്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ സാധിക്കും. ഇതിന് 7.6 സെക്കന്‍ഡിനുള്ളില്‍ 0-100 കി.മീ/മണിക്കൂര്‍ വേഗത കൈവരിക്കാന്‍ കഴിയും.

ഫീച്ചര്‍ വശം നോക്കുമ്പോള്‍ 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, നാവിഗേഷനുള്ള 12.3 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വെന്റിലേഷന്‍ ഹീറ്റര്‍ സൗകര്യമുള്ള സീറ്റുകള്‍, ഡ്യുവല്‍ സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, വയര്‍ലെസ് ചാര്‍ജര്‍, ADAS എന്നിവ ഇലക്ട്രിക് എസ്‌യുവിക്ക് ലഭിക്കുന്നു.
ഈ വര്‍ഷം മാര്‍ച്ചില്‍ ഹ്യുണ്ടായി അയോണിക് 5 ഇലക്ട്രിക് എസ്‌യുവിയുടെ ഫെയ്സ്ലിഫ്റ്റ് പതിപ്പ് ആഗോള വിപണിയില്‍ അരങ്ങേറിയിരുന്നു. 2024 പതിപ്പ് നിരവധി മാറ്റങ്ങളോടെയാണ് വരുന്നത്. സ്റ്റാന്‍ഡേര്‍ഡ്, N ലൈന്‍, N എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് അയോണിക് 5 ഇപ്പോള്‍ ലഭ്യമാകുന്നത്. അപ്‌ഡേറ്റുകള്‍ നോക്കുമ്പോള്‍ ഹ്യുണ്ടായി അയോണിക് 5 ഫെയ്സ്ലിഫറ്റിന്റെ വലുപ്പവും കൂടിയിട്ടുണ്ട്.

ഇലക്ട്രിക് കാറിന്റെ നീളം 20 mm കൂടി ഇപ്പോള്‍ 4655 mm ആയി. 1890 mm വീതിയും, 1605 mm ഉയരവും, 3000 mm വീല്‍ബേസും ഉള്‍പ്പെടെ മറ്റ് അളവുകള്‍ മാറ്റമില്ലാതെ തുടരുന്നു. വലിയ 84 kWh ബാറ്ററി പായ്ക്ക് ആണ് ഏറ്റവും വലിയ ഹൈലൈറ്റ്. എങ്കിലും കൃത്യമായ റേഞ്ച് കണക്കുകള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല.
ഡിറ്റക്ഷന്‍ സ്റ്റിയറിംഗ് വീല്‍, ലെയ്ന്‍ കീപ്പിംഗ് അസിസ്റ്റ് 2, റിമോട്ട് സ്മാര്‍ട്ട് പാര്‍ക്കിംഗ് അസിസ്റ്റ് 2, ഫോര്‍വേഡ്/സൈഡ്, റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നീ സേഫ്റ്റി ഫീച്ചറുകളുമായിട്ടാണ് 2024 അയോണിക് 5 വരുന്നത്. ഡിജിറ്റല്‍ കീ, ബില്‍റ്റ് ഇന്‍ ക്യാം, രണ്ടാം നിരയിലെ റിമോട്ട് ഫോള്‍ഡിംഗ് സീറ്റുകള്‍ എന്നിവയും ഇതിന് ലഭിക്കുന്നു. ഇന്ത്യന്‍ വിപണിയില്‍ കിയ EV6, ഹ്യുണ്ടായി കോന ഇലക്ട്രിക്, BYD അറ്റോ 3, BYD e6 എന്നിവയോട് മത്സരിക്കുന്നു.


Click it and Unblock the Notifications








