25.75 കി.മീ മൈലേജുള്ള ഈ കാര്‍ കൊണ്ട് ഇനി റോഡ് നിറയും! വില വെറും 6.49 ലക്ഷം മുതല്‍
പാവങ്ങളുടെ മിനികൂപ്പര്‍ എന്ന് വിളിപ്പേരുള്ള മാരുതി സുസുക്കി സ്വിഫ്റ്റ് 2005-ലാണ് വിപണിയില്‍ എത്തിയത്. അന്ന് മുതല്‍ മാരുതിയുടെ ബെസ്റ്റ് സെല്ലര്‍ മോഡലുകളില്‍ ഒന്നാണ് ഈ ഹാച്ച്ബാക്ക്. ഇക്കഴിഞ്ഞ മെയ് ഒമ്പതിന് ഇന്തോ-ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ നാലാം തലമുറ സ്വിഫ്റ്റ് പുറത്തിറക്കിയിട്ടുണ്ട്. ഇഈ കാര്‍ ബുക്ക് ചെയ്തവര്‍ക്കുള്ള ഒരു സന്തോഷ വാര്‍ത്തയാണ് ഇനി പറയാന്‍ പോകുന്നത്.
മെയ് ഒന്നിനാണ് മാരുതി സുസുക്കി ന്യൂജെന്‍ സ്വിഫ്റ്റിന്റെ ബുക്കിംഗ് ഔദ്യോഗികമായി ആരംഭിച്ചത്. എന്നാല്‍ ബുക്കിംഗ് തുടങ്ങി വെറും എട്ട് ദിവസത്തിനുള്ളില്‍ 10,000 യൂണിറ്റ് പ്രീ-ബുക്കിംഗ് എന്ന നേട്ടം കൈവരിക്കാന്‍ സ്വിഫ്റ്റിന് സാധിച്ചു. ലോഞ്ചിന് മുമ്പേ തന്നെ ഡീലര്‍ഷിപ്പുകളില്‍ എത്തിത്തുടങ്ങിയ കാറിന്റെ ഡെലിവറി ഇപ്പോള്‍ ആരംഭിച്ചിട്ടുണ്ട്. ഇന്ത്യക്കാര്‍ ഏറെ നാളായി ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുന്ന കാര്‍ ഉപഭോക്താക്കളിലേക്ക് എത്തിത്തുടങ്ങിയതിനാല്‍ ഇനി നിരത്തുകള്‍ സ്വിഫ്റ്റുകള്‍ കൊണ്ട് നിറയുന്ന കാഴ്ചയാകും നമ്മള്‍ കാണാന്‍ പോകുന്നത്.

2024 സ്വിഫ്റ്റ് LXi, VXi, VXi (O), ZXi, ZXi+ എന്നീ ട്രിമ്മുകളിലാണ് മാരുതി ഓഫര്‍ ചെയ്യുന്നത്. വിലകള്‍ നോക്കിയാല്‍ പുത്തന്‍ സ്വിഫ്റ്റിന്റെ മാനുവല്‍ മോഡലുകള്‍ക്ക് 6.49 ലക്ഷം രൂപ മുതല്‍ 9.14 ലക്ഷം രൂപ വരെയും ഓട്ടോമാറ്റിക് മോഡലുകള്‍ക്ക് 7.79 ലക്ഷം രൂപ മുതല്‍ 9.64 ലക്ഷം രൂപ വരെയുമാണ് മുടക്കേണ്ടി വരുന്നത്. പുത്തന്‍ പവര്‍ട്രെയിനിനൊപ്പം ഡിസൈനിലെ പരിഷ്‌ക്കാരങ്ങളും ഫീച്ചര്‍ അപ്‌ഗ്രേഡുകളും അധിക സേഫ്റ്റിയുമെല്ലാമാണ് 2024 സ്വിഫ്റ്റിന്റെ മേന്‍മകള്‍.
പുതുതായി ചേര്‍ത്ത ലസ്റ്റര്‍ ബ്ലൂ, നോവല്‍ ഓറഞ്ച് എന്നിവയ്ക്ക് പുറമെ സിസ്ലിംഗ് റെഡ്, പേള്‍ ആര്‍ട്ടിക് വൈറ്റ്, മാഗ്മ ഗ്രേ, സ്പ്ലെന്‍ഡിഡ് സില്‍വര്‍ എന്നീ നിറങ്ങളില്‍ 2024 സ്വിഫ്റ്റ് വാങ്ങാന്‍ സാധിക്കും. കൂടാതെ മിഡ്നൈറ്റ് ബ്ലാക്ക് റൂഫുള്ള ലസ്റ്റര്‍ ബ്ലൂ, മിഡ്നൈറ്റ് ബ്ലാക്ക് റൂഫുള്ള സിസ്ലിംഗ് റെഡ്, മിഡ്നൈറ്റ് ബ്ലാക്ക് റൂഫുള്ള പേള്‍ ആര്‍ട്ടിക് വൈറ്റ് എന്നീ മൂന്ന് ഡ്യുവല്‍-ടോണ്‍ നിറങ്ങളും ഓഫറിലുണ്ട്.

2024 സ്വിഫ്റ്റിന്റെ ഡിസൈന്‍ പരിശോധിക്കുമ്പോള്‍ ഹാച്ചിന്റെ പരിചിതമായ രൂപം നിലനിര്‍ത്തിയിട്ടുണ്ട്. മിനി കൂപ്പര്‍ ടച്ച് അങ്ങിങ്ങായി കാണാനാവുമെങ്കിലും ഒരു മസ്‌ക്കുലര്‍ ലുക്ക് നല്‍കാന്‍ കമ്പനിക്ക് സാധിച്ചു. പുതിയ ഫ്രണ്ട്, റിയര്‍ ബമ്പറുകള്‍, എല്‍ഇഡി ഡിആര്‍എല്ലുകള്‍, എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍, ഗ്ലോസ് ബ്ലാക്ക് ഫ്രണ്ട് ഗ്രില്‍, എല്‍ഇഡി ഫോഗ് ലൈറ്റുകള്‍, 15 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകള്‍, പുതിയ എല്‍ഇഡി ടെയില്‍ലൈറ്റുകള്‍ എന്നിവയാണ് എക്‌സ്റ്റീരിയര്‍ ഹൈലൈറ്റുകള്‍.
അകത്തളത്തിലേക്ക് നീങ്ങിയാല്‍ ബലേനോ, ഫ്രോങ്ക്‌സ് തുടങ്ങിയ മറ്റ് മാരുതി മോഡലുകളുമായി സാമ്യതകള്‍ കാണാം. ഇന്റീരിയര്‍ ഉടച്ച്‌വാര്‍ത്ത് കാറിന് പ്രീമിയം ഫീല്‍ കൊണ്ടുവരാന്‍ വേണ്ടി നിര്‍മാതാക്കള്‍ ശ്രമിച്ചിട്ടുണ്ട്. പുതിയ 9 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍, ഫ്‌ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീല്‍, മധ്യഭാഗത്ത് കളര്‍ MID ഉള്ള അനലോഗ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ തുടങ്ങിയവയാണ് അകത്തെ പ്രധാന സവിശേഷതകള്‍.

6 എയര്‍ബാഗുകള്‍, പാര്‍ക്കിംഗ് സെന്‍സറുകള്‍, എബിഎസ്, ഇഎസ്സി, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് തുടങ്ങി നിരവധി സുരക്ഷാ ഫീച്ചറുകളോടെയാണ് മാരുതി പുതിയ സ്വിഫ്റ്റിന്റെ എല്ലാ വേരിയന്റുകളും വരുന്നത്. പുത്തന്‍ സ്വിഫ്റ്റില്‍ വരുത്തിയ മാറ്റങ്ങളില്‍ ഏറ്റവും പ്രധാനമാണ് പുത്തന്‍ എഞ്ചിന്റെ വരവ്. പുതിയ 1.2 ലിറ്റര്‍ Z-സീരീസ് പെട്രോള്‍ എഞ്ചിനാണ് പുതിയ സ്വിഫ്റ്റിന് തുടിപ്പേകുന്നത്.
പരമാവധി 80 bhp പവറും 100 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കാനുള്ള ശേഷിയുള്ള ഈ എഞ്ചിന്‍ 5-സ്പീഡ് മാനുവല്‍ ഉള്ള എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷനില്‍ വാങ്ങാന്‍ സാധിക്കും. പുതിയ ത്രീ സിലിണ്ടര്‍ എഞ്ചിന്റെ പവര്‍ ഔട്ട്പുട്ട് ചെറുതായി കുറഞ്ഞിട്ടുണ്ടെങ്കിലും മൈലേജ് കൂടിയത് ഒരു പ്ലസാണ്. മാനുവല്‍ ഗിയര്‍ബോക്‌സുമായി ജോടിയാക്കുമ്പോള്‍ മാരുതി സുസുക്കി സ്വിഫ്റ്റിന്റെ പുതിയ Z സീരീസ് എഞ്ചിന്‍ ലിറ്ററിന് 24.80 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് വാഗ്ദാനം ചെയ്യുന്നത്.

അതേസമയം ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി വരുമ്പോള്‍ മൈലേജ് ലിറ്ററിന് 25.75 ആയി കൂടുന്നു. പുതിയ സ്വിഫ്റ്റ് മാനുവലിന് അതിന്റെ മുന്‍ഗാമിയേക്കാള്‍ 2.42 kmpl മൈലേജ് കൂടുതല്‍ കിട്ടും. ഓട്ടോമാറ്റിക്കിനാണെങ്കില്‍ 3.19 കിലോമീറ്റാണ് കൂടുതല്‍. മൈലേജിന്റെ കാര്യത്തില്‍ ന്യൂജെന്‍ സ്വിഫ്റ്റ് ഹാച്ച്ബാക്ക് വിഭാഗത്തിലെ എതിരാളികളെ മാത്രമല്ല ടാറ്റ പഞ്ച്, ഹ്യുണ്ടായി എക്സ്റ്റര്‍ എന്നീ മൈക്രോ എസ്‌യുവി കളെയും പിന്നിലാക്കുന്നു.
മാത്രമല്ല ഈ പുതിയ Z സീരീസ് എഞ്ചിന് സിഎന്‍ജി പവര്‍ ലഭിക്കുമെന്നും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഔട്ട്‌ഗോയിംഗ് സ്വിഫ്റ്റിന്റെ സിഎന്‍ജി വേരിയന്റുകള്‍ ഇതിനകം കിലോഗ്രാമിന് 30 കിലോമീറ്റര്‍ മൈലേജായിരുന്നു വാഗ്ദാനം ചെയ്തിരുന്നത്. ഇന്ധനക്ഷമത കൂടിയ പുത്തന്‍ എഞ്ചിന് സിഎന്‍ജി കൂടി ലഭിച്ചാല്‍ മൈലേജ് പിന്നെയും കൂടും. എന്നാല്‍ സ്വിഫ്റ്റ് സിഎന്‍ജിയുടെ ലോഞ്ച് സംബന്ധിച്ചുള്ള വിവരങ്ങള്‍ ഒന്നും ഇതുവരെ ലഭ്യമല്ല.


Click it and Unblock the Notifications








