ലാഭിക്കുന്ന പൈസക്ക് ആള്‍ട്ടോ കൂടി വാങ്ങാം! സെലിബ്രിറ്റികളുടെ പ്രിയ എസ്‌യുവിയുടെ വില കുറച്ചു
ഫോര്‍-വീല്‍ ഡ്രൈവ്, ഓഫ്-റോഡ് ശേഷിയുള്ള വാഹനങ്ങളുടെ വലിയ നിരയുമായിട്ടാണ് ബ്രിട്ടീഷ് ബ്രാന്‍ഡായ ജാഗ്വര്‍ ലാന്‍ഡ് റോവര്‍ ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ചത്. സെലിബ്രിറ്റികള്‍ക്കിടയിലും വന്‍ വ്യവസായികള്‍ക്കിടയിലും ലാന്‍ഡ് റോവര്‍ വാഹനങ്ങള്‍ക്ക് വമ്പന്‍ ഡിമാന്‍ഡാണ്. ആഡംബര കാര്‍ വിഭാഗം പിടിച്ചടക്കാനായി കഴിഞ്ഞ വര്‍ഷമാണ് ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ വെലാര്‍ ഫെയ്സ്ലിഫ്റ്റ് കൊണ്ടുവന്നത്.
ഇപ്പോള്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ 2024 റേഞ്ച് റോവറിന്റെ വില 6.4 ലക്ഷം രൂപ വെട്ടിക്കുറച്ചിരിക്കുകയാണ്. ഒറ്റ ട്രിമ്മിലായി HSE പെട്രോള്‍, ഡീസല്‍ പവര്‍ട്രെയിന്‍ ഓപഷനുകളില്‍ റേഞ്ച് റോവര്‍ വെലാര്‍ വാങ്ങാം. 87.9 ലക്ഷം രൂപയാണ് എസ്‌യുവിയുടെ പുതിയ എക്‌സ്‌ഷോറൂം വില. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ലോഞ്ച് ചെയ്യുമ്പോള്‍ 2024 വെലാറിന്റെ വില 93 ലക്ഷം രൂപയായിരുന്നു.

വര്‍ഷാവസാനത്തോടെ 2023 ഡിസംബറില്‍ വില വര്‍ധിച്ച് 94.3 ലക്ഷം രൂപയായി. കോസ്മെറ്റിക്, മെക്കാനിക്കല്‍ അപ്‌ഡേറ്റുകളുമായാണ് റേഞ്ച് റോവര്‍ വെലാര്‍ മുഖംമിനുക്കി ഇന്ത്യന്‍ വിപണിയില്‍ പ്രവേശിച്ചത്. ഡിസൈന്‍ വശം പരിശോധിക്കുമ്പോള്‍ പുതുക്കിയ ഡേടൈം റണ്ണിംഗ് ലാമ്പ് സിഗ്‌നേച്ചറിനൊപ്പം ലാന്‍ഡ് റോവറിന്റെ പുതിയ പിക്‌സല്‍ എല്‍ഇഡി ഹൈലൈറ്റുകള്‍ വെലാര്‍ ഫെയ്സ്ലിഫ്റ്റിന് ലഭിക്കുന്നു. റേഞ്ച് റോവര്‍ വെലാര്‍ ഫെയ്സ്ലിഫ്റ്റിന്റെ പ്രൊഫൈലില്‍ കാര്യമായ മാറ്റമൊന്നുമില്ല.
എങ്കിലും റിയര്‍ ബമ്പറും ടെയില്‍ ലൈറ്റുകളും പുതുക്കിപ്പണിതിട്ടുണ്ട്. അകത്തളത്തിലാണ് കാര്യമായ നവീകരണങ്ങള്‍ കൊണ്ടുവരാന്‍ ലാന്‍ഡ് റോവര്‍ ശ്രമിച്ചത്. റേഞ്ച് റോവറിനും റേഞ്ച് റോവര്‍ സ്പോര്‍ട്ടിനും അനുസൃതമായി പുനര്‍രൂപകല്‍പ്പന ചെയ്ത ഡാഷ്ബോര്‍ഡാണ് വെലാറിനും സമ്മാനിച്ചത്. ക്ലൈമറ്റ് കണ്‍ട്രോളിനായുള്ള ഫിസിക്കല്‍ ടച്ച് ബട്ടണുകള്‍ ഒഴിവാക്കി എല്ലാ കണ്‍ട്രോളുകളും പുതിയ 11.4 ഇഞ്ച് കര്‍വ്ഡ് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീനിലേക്ക് മാറ്റിക്കൊണ്ട് ബ്രാന്‍ഡ് വെലാറിന് ഒരു പുതിയ മിനിമലിസ്റ്റ് ലുക്ക് നല്‍കി.

അണ്ടര്‍ ബോണറ്റ് വ്യൂ ഉള്ള 360-ഡിഗ്രി ക്യാമറ, 20-വേ മസാജ് ഫ്രണ്ട് സീറ്റുകള്‍, പിന്‍ സീറ്റുകള്‍ക്ക് പവര്‍ റിക്ലൈന്‍, എയര്‍ പ്യൂരിഫയര്‍, വയര്‍ലെസ് ചാര്‍ജിംഗ്, മെറിഡിയന്‍ സൗണ്ട് സിസ്റ്റം, പവര്‍ഡ് ടെയില്‍ഗേറ്റ്, പനോരമിക് സണ്‍റൂഫ്, ഫോര്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നീ ഫീച്ചറുകള്‍ കുത്തിനിറച്ചാണ് എസ്‌യുവി വരുന്നത്. സെന്റര്‍ കണ്‍സോളിന് മുമ്പത്തേക്കാള്‍ വളരെ കുറച്ച് ബട്ടണുകളുള്ള ഒരു ക്ലീനര്‍ ഡിസൈന്‍ ഉണ്ടെന്നതും കണ്ണിന് കുളിര്‍മയേകുന്ന കാര്യമാണ്.
കൂടാതെ HVAC കണ്‍ട്രോളുകള്‍ക്കായി സെക്കന്‍ഡറി സ്‌ക്രീനോ ഡയലുകളോ ഇല്ല. ഇവ മാറ്റിസ്ഥാപിക്കുന്നത് വയര്‍ലെസ് ചാര്‍ജര്‍ ഉള്‍ക്കൊള്ളുന്ന ഒരു പുതിയ സ്റ്റോറേജ് സ്പെയ്സാണ്. കൂടാതെ റോട്ടറി ഡ്രൈവ് സെലക്ടറും കൂടുതല്‍ പരമ്പരാഗത യൂണിറ്റ് ഉപയോഗിച്ച് മാറ്റിസ്ഥാപിച്ചിട്ടുണ്ട്. പുറത്തെ ശബ്ദം ഇല്ലാതാക്കുകയും ക്യാബിന്‍ കൂടുതല്‍ ശാന്തമാക്കുകയും ചെയ്യുന്ന നോയ്സ് ക്യാന്‍സലേഷന്‍ ഫീച്ചറും എസ്‌യുവിയുടെ ലക്ഷ്വറി ഫീല്‍ ഉയര്‍ത്തുന്നു.

പവര്‍ട്രെയിന്‍ വശം നോക്കുമ്പോള്‍ ലാന്‍ഡ് റോവര്‍ വെലാര്‍ ഫെയ്സ്ലിഫ്റ്റിന്റെ 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന് 250 bhp കരുത്തില്‍ പരമാവധി 365 Nm ടോര്‍ക്ക് വരെ നല്‍കാനാവും. മൈല്‍ഡ്-ഹൈബ്രിഡ് സിസ്റ്റവുമായി ഘടിപ്പിച്ച 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന് 204 bhp പവറില്‍ 430 Nm ടോര്‍ട്ട് ഉത്പാദിപ്പിക്കാനാവുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
പെട്രോള്‍, ഡീസല്‍ എഞ്ചിനുകള്‍ 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായാണ് ഇണചേര്‍ത്തിരിക്കുന്നത്. അതായത് മാനുവല്‍ ഗിയര്‍ബോക്‌സ് ഓപ്ഷന്‍ എസ്‌യുവിയില്‍ ലഭ്യമല്ലെന്ന് സാരം. പെര്‍ഫോമന്‍സ് വശം നോക്കുമ്പോള്‍ വെലാര്‍ ഫെയ്സ്ലിഫ്റ്റ് പെട്രോള്‍ പതിപ്പ് വെറും 8.3 സെക്കന്‍ഡില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്നാണ് കമ്പനി പറയുന്നത്. മണിക്കൂറില്‍ 210 കിലോമീറ്ററാണ് പരമാവധി വേഗത.

മറുവശത്ത് ഡീസല്‍ മോഡല്‍ 7.5 സെക്കന്‍ഡിനുള്ളില്‍ 0-100 കി.മീ വേഗത തൊടും. മണിക്കൂറില്‍ 217 കിലോമീറ്റര്‍ വേഗതയില്‍ വരെ എസ്‌യുവിക്ക് സഞ്ചരിക്കാനാവുമെന്നും ലാന്‍ഡ് റോവര്‍ പറയുന്നു. ഈ വിലനിലവാരത്തില്‍ റേഞ്ച് റോവര്‍ വെലാര്‍ മെര്‍സിഡീസ് ബെന്‍സ് GLE (96.4 ലക്ഷം രൂപ), ബിഎംഡബ്ല്യു X5 (96 ലക്ഷം രൂപ), പോര്‍ഷ മക്കാന്‍ (88.06 ലക്ഷം രൂപ), ജാഗ്വാര്‍ F-പേസ് (72.9 ലക്ഷം രൂപ) എന്നിവയുടെ എതിരാളിയാകുന്നു.


Click it and Unblock the Notifications








