വിലയും കൂട്ടി, പവറും കൂടുതൽ! ടൊയോട്ട കാമ്രിയുടെ പഴയതും പുതിയ മോഡലുമായി ഒരു താരതമ്യം
ടൊയോട്ടയുടെ സെഡാൻ മോഡലുകൾ എപ്പോഴും ഒരു പടി മുന്നിൽ തന്നെയാണ്. ബെൻസിനോടും ബിഎംഡബ്ല്യുവിനോടും പോലും കിടപിടിക്കുന്ന തരത്തിലാണ് ടൊയോട്ട തങ്ങളുടെ സെഡാൻ മോഡലുകൾ നിർമിക്കുന്നത് എന്നതാണ് പ്രത്യേകത. നിലവിൽ സ്ട്രോംഗ് ഹൈബ്രിഡ് കാറുകളായ ഹൈറൈഡർ, ഹൈക്രോസ് തുടങ്ങിയ മോഡലുകളാണ് ടൊയോട്ടയുടെ പ്രധാന ആയുധം. ഈ ലിസ്റ്റിലേക്ക് ബ്രാൻഡ് കൊണ്ടുവന്ന മോഡലാണ് കാമ്രി എന്ന സെഡാൻ പോരാളി. 48 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് ഏറ്റവും പുതിയ ടൊയോട്ട കാമ്രി വിൽപ്പനയ്ക്ക് എത്തിയിരിക്കുന്നത്. ഒരു വർഷം മുമ്പ് അന്താരാഷ്ട്ര വിപണികളിൽ അരങ്ങേറ്റം കുറിച്ച പ്രീമിയം സെഡാൻ്റെ അതേ പതിപ്പാണ് ഇന്ത്യക്കായും എത്തിയിരിക്കുന്നത്.
പഴയ മോഡലും പുതിയ മോഡലുമായി ഒരു ചെറിയ താരതമ്യം ചെയ്ത് നോക്കിയാലോ. ഹൈറൈഡറിനും ഹൈക്രോസിനും മുമ്പേ ടൊയോട്ട ഇന്ത്യയിൽ അവതരിപ്പിക്കുന്ന ആദ്യത്തെ സ്ട്രോംഗ് ഹൈബ്രിഡ് പെട്രോൾ കാറായിരുന്നു കാമ്രി. ആഡംബര വാഹനമായി മുദ്ര കുത്തപ്പെട്ട സെഡാന് നല്ല വിലയായതിനാൽ സാധാരണക്കാരിലേക്ക് എത്തിയില്ലെന്ന് മാത്രം. പക്ഷേ കാശുള്ളവരിൽ പലരും കണ്ണുവെച്ചിരുന്ന ഉഗ്രൻ കാറായിരുന്നു കാമ്രി.

ടൊയോട്ടയുടെ ആഡംബര സെഡാൻ്റെ ഏറ്റവും പുതിയ മോഡലിന് എക്സ്റ്റീരിയറിലും ഇന്റീരിയറിലും കാര്യമായ അപ്‌ഡേറ്റുകൾ ലഭിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ ഒരു പുതിയ തലമുറ ഹൈബ്രിഡ് മോട്ടോറും ലഭിക്കുന്നുണ്ട്. വാഹനത്തിൻ്റെ നീളം 35 മില്ലീമീറ്റർ കൂടി എന്നതൊഴിച്ചാൽ, പുതിയ കാമ്രിയുടെ വീതിയും ഉയരവും പഴയ മോഡലിന് സമാനം തന്നെയാണ്.
മുന്നിൽ നിന്ന് നോക്കുമ്പോൾ ലക്സസ് മോഡലിൻ്റെ ഡിസൈൻ ഭാഷ നമ്മൾക്ക് കാണാൻ സാധിക്കും. മുന്നിലുള്ള ഇരുവശത്തുമുള്ള ബ്രാക്കറ്റ് പോലുള്ള ഘടകങ്ങൾ കാമ്രിയെ അതിന്റെ മുൻഗാമിയേക്കാൾ വീതിയുണ്ട് എന്നാണ് കാണുന്നത്.വശക്കാഴ്ച്ചയിലേക്ക് വന്നാൽ ബോൾഡായിട്ടുള്ള പുതിയ ക്യാരക്‌ടർ ലൈൻ, പുനർരൂപകൽപ്പന ചെയ്‌ത 18 ഇഞ്ച് അലോയ് വീലുകൾ, പുതിയ C ആകൃതിയിലുള്ള എൽഇഡി ടെയിൽ ലാമ്പുകൾ എന്നിവയാണ് ടൊയോട്ട കാമ്രിയെ കളറാക്കുന്നത്.

വയർലെസ് ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോയും വാഗ്ദാനം ചെയ്യുന്ന 12.3 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 7 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററോട് കൂടിയ നവീകരിച്ച ഡാഷ്‌ബോർഡ് ഡിസൈൻ എന്നിവയാണ് പുതിയ കാമ്രിക്കുള്ളിൽ തീർത്തിരിക്കുന്നത്. ഒമ്പത് സ്പീക്കറുകളുള്ള ജെബിഎൽ സൗണ്ട് സിസ്റ്റം, 10 ഇഞ്ച് ഹെഡ്-അപ്പ് ഡിസ്‌പ്ലേ, ഡിജിറ്റൽ കീ ഫംഗ്‌ഷണാലിറ്റി എന്നിവയും കൂടി ആയപ്പോൾ ഇൻ്റീരിയർ അടിപൊളിയായിട്ടുണ്ട്.
പിൻ സീറ്റിലിരിക്കുന്നവർക്ക് റിയർ സെൻ്റർ കൺസോളിൽ റിക്ലൈൻ വെൻ്റിലേഷൻ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. കൂടുതൽ സുഖസൗകര്യങ്ങൾക്കായി ടൊയോട്ട ഹീറ്റഡ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഡ്യുവൽ സോൺ ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, റിട്രാക്‌ടബിൾ സൺഷെയ്ഡുള്ള പനോരമിക് സൺറൂഫ് എന്നിവയും കാമ്രി സെഡാനിൽ വാഗ്ദാനം ചെയ്യുന്നുണ്ട്. സുരക്ഷയുടെ കാര്യത്തിലും കമ്പനി പ്രത്യേകം ശ്രദ്ധകൊടുത്തിട്ടുണ്ട്.
പുതിയ കാമ്രിയിലും 2.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് നിലനിർത്തിയേക്കുന്നത്. ഇത് ടൊയോട്ടയുടെ അഞ്ചാം തലമുറ ഹൈബ്രിഡ് സിസ്റ്റവുമായിട്ടാണ് (THS 5) വരുന്നതും. eCVT ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 230 bhp കരുത്തോളം ഉത്പാദിപ്പിക്കാനുമാവും. CKD റൂട്ട് വഴിയാണ് ടൊയോട്ട കാമ്രി ഇറക്കുമതി ചെയ്യുന്നത്. തുടർന്ന് പുതിയ മോഡൽ ബ്രാൻഡിൻ്റെ കർണാടകയിലെ ബിഡാദി പ്ലാൻ്റിൽ അസംബിൾ ചെയ്യും. മുൻഗാമിയുടെ വിലയായ 46.17 ലക്ഷം രൂപയുമായി താരതമ്യം ചെയ്യുമ്പോൾ പുതിയ കാമ്രിയുടെ വില 1.83 ലക്ഷം രൂപ കൂടുതലാണ്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








