മുമ്പത്തേക്കാൾ കേമൻ! ഒരേ എഞ്ചിനിലും മുൻഗാമിയേക്കാൾ കൂടുതൽ മൈലേജുമായി പുത്തൻ അമേസ്
ഒട്ടനവധി പുത്തൻ ഫീച്ചറുകളോടും കാര്യമായ ഡിസൈൻ അപ്പ്ഡേറ്റുകളോടുമാണ് പുതിയ 2025 അമേസ് ഹോണ്ട അടുത്തിടെ ഇന്ത്യയിൽ അവതരിപ്പിച്ചത്. എക്സ്റ്റീരിയറിലും ഇന്റീരിയറിലും കാര്യമായ പുതുക്കൽ വാഹനത്തിന് ലഭിച്ചു എന്നിരുന്നാലും ഹൂഡിനടിയിൽ കാര്യമായ മാറ്റങ്ങൾ ഒന്നും കമ്പനി വരുത്തിയിട്ടില്ല. മുൻ തലമുറ മോഡലിൽ ഉപയോഗിച്ചിരുന്ന അതേ 1.2 ലിറ്റർ പെട്രോൾ എഞ്ചിനാണ് ഇതിലും വരുന്നത്. ഈ കഴിഞ്ഞ ദിവസം നടന്ന ലോഞ്ച് ഇവൻ്റിനിടെ, ജാപ്പനീസ് കാർ നിർമ്മാതാക്കൾ പുതിയ സബ് -ഫോർ മീറ്റർ സെഡാൻ്റെ ഇന്ധനക്ഷമത/ മൈലേജ് കണക്കുകളും വെളിപ്പെടുത്തി.
നമുക്ക് ഈ കണക്കുകൾ വിശദമായി പരിശോധിക്കാം, വിപണിയിൽ നിന്ന് പിൻവാങ്ങി മോഡലിൽ ഉപയോഗിച്ചിരിക്കുന്ന അതേ എഞ്ചിൻ പുത്തൻ പതിപ്പിൽ എന്ത് മറിമായമാണ് കാണിച്ചിരിക്കുന്നത് എന്ന് നോക്കാം. മുൻഗാമിയേക്കാൾ എത്രത്തോളം ഇത് മെച്ചപ്പെട്ടിരിക്കുന്നു എന്നും നോക്കാം. പുതിയ അമേസ് എത്രത്തോളം ഇന്ധനക്ഷമതയുള്ളതാണ് എന്ന് നോക്കുന്നതിന് മുമ്പ്, നമുക്ക് വാഹനത്തിൻ്റെ പവർട്രെയിനിന്റെ സവിശേഷതകളും പവർ ഔട്ട്പുട്ടുകളും വിശദമായി പരിശോധിക്കാം.

1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ യൂണിറ്റാണ് കോംപാക്ട് സെഡാന്റെ ഹൃദയം. ഈ നാച്ചുറലി ആസ്പിരേറ്റഡ് യൂണിറ്റ് 90 PS മാക്സ് പവറും 110 Nm പീക്ക് ടോർക്കും പുറപ്പെടുവിക്കുന്നു. വാഹനത്തിന്റെ ട്രാൻസ്മിഷൻ സെറ്റപ്പ് കൈകാര്യം ചെയ്യുന്നത് ഒരു അഞ്ച് സ്പീഡ് മാനുവൽ, ഏഴ് -സ്പീഡ് CVT ഓട്ടോമാറ്റിക് ഗിയർബോക്സ് യൂണിറ്റുകളാണ്.
മുകളിൽ സൂചിപ്പിച്ചതു പോലെ ഔട്ട്‌ഗോയിംഗ് മോഡലിന് സമാനമായ 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ തന്നെയാണ് പുതിയ 2025 അമേസിനും ലഭിക്കുന്നത്. എന്നിരുന്നാലും, മൈലേജ് കണക്കുകൾ അല്പം മെച്ചപ്പെട്ടിട്ടുണ്ട്. അന്നും ഇന്നും പെട്രോൾ മാനുവൽ ഓപ്ഷനുകളുടെ കണക്ക് ലിറ്ററിന് 18.6 കിലോമീറ്റർ എന്ന നിലയിൽ തന്നെ മാറ്റമില്ലാതെ തുടരുന്നു.

എന്നാൽ CVT ഓട്ടോമാറ്റിക് പതിപ്പുകളുടെ കാര്യത്തിൽ മുൻ തലമുറ മോഡൽ കൈവരിച്ചിരുന്ന 18.3 kmpl മൈലേജിൽ നിന്ന് വിപരീതമായ പുത്തൻ പതിപ്പ് 19.46 kmpl മൈലേജ് വാഗ്ദാനം ചെയ്യുന്നു. ഒരേ എഞ്ചിൻ ഗിയർ ബോക്സ് ഓപ്ഷനിൽ 1.16 kmpl വ്യത്യാസമാണ് നമുക്ക് ഇവിടെ കാണാനാവുന്നത്.
ഒരു പുതിയ ജനറേഷൻ അപ്പ്ഡേറ്റിന്റെ കാര്യത്തിൽ എന്നപോലെ, 2025 ഹോണ്ട അമേസിന് മറ്റ് ഹോണ്ട കാറുകളിൽ നിന്ന് കാര്യമായ പ്രചോദനം ഉൾക്കൊണ്ട ഒരു പുതിയ ഡിസൈൻ ശൈലി ലഭിക്കുന്നതായി നമുക്ക് കാണാം. ഹോണ്ട എലിവേറ്റിന് സമാനമായ എൽഇഡി DRL -കളോട് കൂടിയ ഡ്യുവൽ -പോഡ് എൽഇഡി ഹെഡ്‌ലൈറ്റുകളാണ് ഇതിൽ വരുന്നത്.

അതേസമയം ഫോഗ് ലാമ്പ് യൂണിറ്റുകൾ, അലോയി വീലുകൾ, റാപ്പ്എറൗണ്ട് എൽഇഡി ടെയിൽ ലൈറ്റുകൾ എന്നിവ ഹോണ്ട സിറ്റിയുമായി സമാനമാണ്. കോംപാക്ട് സെഡാൻ്റെ ഡാഷ്‌ബോർഡ് ലേയൗട്ടും എലിവേറ്റിന് സമാനമാണ്, എന്നാൽ പുതിയ അമേസിന് ഡ്യുവൽ -ടോൺ ബ്ലാക്ക് & ബീജ് തീമാണ് ലഭിക്കുന്നത്.
8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫൊടെയിൻമെന്റ് സിസ്റ്റം, 7.0 ഇഞ്ച് സെമി ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, വയർലെസ് ഫോൺ ചാർജർ തുടങ്ങിയ പുതിയ ഫീച്ചറുകൾ വരുന്നു. വാഹനത്തിൻ്റെ സേഫ്റ്റി സ്യൂട്ടിൽ ഇപ്പോൾ സ്റ്റാൻഡേർഡ് ആയി ആറ് എയർബാഗുകളും ജാപ്പനീസ് വാഹന നിർമ്മാതാക്കൾ ചേർത്തിട്ടുണ്ട്.
അത് കൂടാതെ ഒരു അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) സ്യൂട്ടും വരുന്നു. ഇതിൽ ലെയിൻ കീപ്പ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഫോർവേഡ് കൊളീഷൻ വാർണിംഗ് എന്നിവ ഉൾപ്പെടുന്നു. 2025 ഹോണ്ട അമേസിന് 7.99 ലക്ഷം മുതൽ 10.90 ലക്ഷം രൂപ വരെയാണ് എക്സ്-ഷോറൂം വില വരുന്നത്. ഇന്ത്യയിൽ ഹ്യുണ്ടായി ഓറ, ടാറ്റ ടിഗോർ, പുതിയ മാരുതി ഡിസയർ എന്നിവയുമായി അമേസ് മത്സരിക്കുന്നത് തുടരും.


Click it and Unblock the Notifications








