കൈ'മെയ്' മറന്നുള്ള കാത്തിരിപ്പിന് അവസാനം! ന്യൂജെന്‍ സ്വിഫ്റ്റടക്കം ഈ മാസം അരങ്ങേറുന്ന 3 കാറുകള്‍
2024 കലണ്ടര്‍ വര്‍ഷത്തിന്റെ ആദ്യ നാല് മാസങ്ങള്‍ കഴിഞ്ഞിരിക്കുകയാണ്. ജനുവരി മുതല്‍ ഇങ്ങോട്ട് ഒത്തിരി വാഹനങ്ങളുടെ അരങ്ങേറ്റത്തിന് നമ്മള്‍ സാക്ഷ്യം വഹിച്ചു. മുന്‍മാസങ്ങള്‍ പോലെ ലോഞ്ചുകളുടെ മേളം കാണില്ലെങ്കിലും വാഹനപ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു മെയ് മാസത്തിനായി. അത് ന്യൂജെന്‍ മാരുതി സ്വിഫ്റ്റ് ഒന്നിന് വേണ്ടി മാത്രമാണ്. ഈ ലേഖനത്തില്‍ 2024 സ്വിഫ്റ്റ് ഉള്‍പ്പെടെ മെയില്‍ അരങ്ങേറാന്‍ സാധ്യതയുള്ള മൂന്ന് മോഡലുകള്‍ പരിചയപ്പെടാം.
2024 മാരുതി സുസുക്കി സ്വിഫ്റ്റ്: ഇന്ത്യയിലെ കാര്‍പ്രേമികള്‍ ഏറെ നാളായി കാത്തിരിക്കുന്ന പുതുതലമുറ സ്വിഫ്റ്റ് മെയ് ആദ്യ പകുതിയില്‍ പുറത്തിറങ്ങും. ജപ്പാന്‍, യുകെ തുടങ്ങിയ ആഗോള വിപണികളില്‍ അവതരിപ്പിച്ച ശേഷമാണ് മാരുതി നാലാം തലമുറ സ്വിഫ്റ്റ് ഇന്ത്യയിലെത്തിക്കുന്നത്. സ്വഫ്റ്റിന്റെ സിലൗട്ട് നിലനിര്‍ത്തിക്കൊണ്ട് അകത്തും പുറത്തും കാര്യമായ പരിഷ്‌കാരങ്ങള്‍ വരുത്തിയിട്ടുണ്ട്.

9 ഇഞ്ച് ടച്ച്സ്‌ക്രീന്‍, ഓട്ടോ എസി, 360 ഡിഗ്രി ക്യാമറ, ആറ് എയര്‍ബാഗുകള്‍, ബ്ലൈന്‍ഡ് സ്പോട്ട് ഡിറ്റക്ഷന്‍ തുടങ്ങിയ പുത്തന്‍ സവിശേഷതകളുമായിട്ടാണ് പുതിയ സ്വിഫ്റ്റ് വരുന്നത്. ഒരു പുതിയ 1.2-ലിറ്റര്‍ 3-സിലിണ്ടര്‍ Z സീരീസ് പെട്രോള്‍ എഞ്ചിനാണ് ന്യൂജെന്‍ സ്വിഫ്റ്റിന് തുടിപ്പേകുന്നത്. 5 സ്പീഡ് മാനുവല്‍, CVT ഗിയര്‍ബോക്‌സുകളുമായി എഞ്ചിന്‍ ജോടിയാക്കുന്നു. സ്വന്തം നാടായ ജപ്പാനില്‍ സുസുക്കി സ്വിഫ്റ്റ് പെട്രോള്‍, ഹൈബ്രിഡ് പതിപ്പുകളില്‍ ഓഫര്‍ ചെയ്യുന്നു.
മാത്രമല്ല ഓള്‍-വീല്‍ ഡ്രൈവ് (AWD) സജ്ജീകരണം ഓപ്ഷണലായും നേടാം. അതേസമയം ഇന്ത്യയില്‍ പുറത്തിറങ്ങാന്‍ പോകുന്ന സ്വിഫ്റ്റിന് ഗ്ലോബല്‍ സ്‌പെക്കില്‍ നിന്ന് നിരവധി മാറ്റങ്ങള്‍ കാണാം. ഹാച്ചിന് ഹൈബ്രിഡ്, AWD പതിപ്പുകള്‍ ഇന്ത്യക്കാര്‍ക്ക് ലഭിക്കില്ല. സിവിടി ട്രാന്‍സ്മിഷന് പകരമം എഎംടി ഓപ്ഷന്‍ ലഭിക്കും. കാര്യമായ അപ്‌ഡേറ്റുകള്‍ ലഭിക്കുന്നതിനാല്‍ പുതിയ സ്വിഫ്റ്റിന് ഔട്ട്‌ഗോയിംഗ് മോഡലിനേക്കാള്‍ വില കൂടിയേക്കും. 6.24 ലക്ഷം രൂപ മുതലാണ് നിലവില്‍ സ്വിഫ്റ്റിന്റെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്.

ഫോഴ്‌സ് ഗൂര്‍ഖ 5 ഡോര്‍: കഴിഞ്ഞ ദിവസം ഫോഴ്‌സ് ഗൂര്‍ഖ 5 ഡോര്‍ പതിപ്പ് വെളിപ്പെടുത്തുകയും ബുക്കിംഗ് ആരംഭിക്കുകയും ചെയ്തിരുന്നു. മെയ് രണ്ടിന് ഫോഴ്‌സ് ഗൂര്‍ഖയുടെ 5 ഡോര്‍ പതിപ്പ് അവതരിപ്പിക്കുക മാത്രമല്ല ഫീച്ചര്‍, മെക്കാനിക്കല്‍ അപ്‌ഗ്രേഡുകളോടെ 3 ഡോര്‍ പതിപ്പും പുറത്തിറക്കും. ഗൂര്‍ഖയുടെ 3-വരി സീറ്റിംഗ് ലേഔട്ടില്‍ രണ്ടാം നിരയില്‍ ബെഞ്ച് സീറ്റുകളും മൂന്നാം നിരയിലെ ക്യാപ്റ്റന്‍ സീറ്റുകളും വരും.
ഓഫ്റോഡര്‍ എസ്‌യുവിയുടെ രണ്ട് പതിപ്പുകളിലും പുതിയ 9 ഇഞ്ച് ടച്ച്സ്‌ക്രീന്‍, ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേ, ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS) എന്നിവ ഉള്‍ക്കൊള്ളിക്കുന്നുണ്ട് കമ്പനി. 5-ഡോര്‍ ഗൂര്‍ഖയുടെ ഏറ്റവും വലിയ അപ്‌ഗ്രേഡുകളിലൊന്ന് പവര്‍ട്രെയിനിനിലാണ്. പുതിയ 5-ഡോര്‍ ഫോഴ്‌സ് ഗൂര്‍ഖ മെഴ്‌സിഡസ്-സോഴ്‌സ്ഡ് 2.6 ലിറ്റര്‍ 4-സിലിണ്ടര്‍ ഡീസല്‍ എഞ്ചിന്‍ നിലനിര്‍ത്തി.

എന്നാല്‍ ഇപ്പോള്‍ ഈ എഞ്ചിന്റെ പവര്‍ 49 bhp-യും ടോര്‍ക്ക് 70 Nm ഉം വര്‍ധിക്കുന്ന തരത്തില്‍ റീട്യൂണ്‍ ചെയ്തു. ഇത് മൊത്തം പവര്‍ ഔട്ട്പുട്ട് 140 bhp, 320 Nm ആക്കി മാറ്റുന്നു. 4WD സ്റ്റാന്‍ഡേര്‍ഡ് ആണ്. ഇത് ഇപ്പോള്‍ സെന്റര്‍ കണ്‍സോളിലെ ഒരു സ്വിച്ച് വഴി നിയന്ത്രിക്കാനാകും. ഗൂര്‍ഖ 5 ഡോര്‍ പതിപ്പിന് 16 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കുന്നത്.
ടാറ്റ ആള്‍ട്രോസ് റേസര്‍: പ്രീമിയം ഹാച്ച്ബാക്കിന്റെ പെര്‍ഫോമന്‍സ് പതിപ്പ് കഴിഞ്ഞ വര്‍ഷം ഓട്ടോ എക്‌സ്‌പോയിലും ഈ വര്‍ഷം ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോ 2024 ന്റെ ഉദ്ഘാടന പതിപ്പിലും പ്രദര്‍ശിപ്പിച്ചിരുന്നു. ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷണയോട്ടം സ്ജീവമായി നടക്കുന്നതിനാല്‍ ആള്‍ട്രോസ് റേസര്‍ ഈ മാസം പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. 120 bhp പവറില്‍ പരമാവധി 170 Nm torque വരെ സൃഷ്ടിക്കാന്‍ കഴിയുന്ന 1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് കാറിന്റെ ഹൃദയം.

പുതിയ ഗിയര്‍ബോക്‌സും ഹാച്ച്ബാക്കിന് ലഭിക്കും. റേസ് ഗ്രാഫിക്സാണ് ഡിസൈനിലെ പ്രധാന മാറ്റം. ഇന്റീരിയറില്‍ റേസ്-പ്രചോദിതമായ ബക്കറ്റ് സീറ്റുകളും ലഭിക്കാന്‍ സാധ്യതയുണ്ട്. 0.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍, 7 ഇഞ്ച് ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, സണ്‍റൂഫ് എന്നീ ഫീച്ചറുകളും ലഭിക്കും. 6 എയര്‍ബാഗുകള്‍, റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍, റിവേഴ്സിംഗ് ക്യാമറ എന്നിവയായിരിക്കും സേഫ്റ്റി ഫീച്ചറുകള്‍.
ലോഞ്ച് ചെയ്തുകഴിഞ്ഞാല്‍ ആള്‍ട്രോസ് റേസര്‍ ഹ്യുണ്ടായി i20 N ലൈന്‍ മോഡലുമായാവും മത്സരിക്കുക. 2024 മെയ് മാസത്തില്‍ അരങ്ങേറാന്‍ പോകുന്ന കാര്‍ മോഡലുകളാണ് മുകളില്‍ പറഞ്ഞിരിക്കുന്നത്. ഈ മോഡലുകളില്‍ ഓരോന്നിനും അതാത് കമ്പനികള്‍ക്ക് വലിയ പ്രതീക്ഷകളാണ്. മുകളില്‍ പറഞ്ഞ കാറുകളില്‍ നിങ്ങള്‍ ആകാംക്ഷാപൂര്‍വം കാത്തിരിക്കുന്ന കാര്‍ ഏതാണ്?. അതിന്റെ കാരണം എന്താണ്?. അഭിപ്രായങ്ങള്‍ ഞങ്ങളെ കമന്റ് ബോക്‌സിലൂടെ അറിയിക്കുമല്ലോ.


Click it and Unblock the Notifications








