ഹാച്ച്ബാക്കിന്റെ വിലയില്‍ എസ്‌യുവി കിട്ടുമ്പോള്‍ മടിച്ച് നില്‍ക്കണോ? 7 ലക്ഷത്തില്‍ താഴെ വില വരുന്ന 4 കാറുകള്‍
പണ്ട് ചെറുകാറുകളും സെഡാനുകളും ഭരിച്ചിരുന്ന ഇന്ത്യന്‍ കാര്‍ വിപണിയില്‍ ഇപ്പോള്‍ സ്‌പോര്‍ട് യൂടിലിറ്റി വാഹനങ്ങളുടെ (എസ്‌യുവി) ആധിപത്യമാണ്. ഇന്ത്യയില്‍ വില്‍ക്കുന്ന കാറുകളുടെ 50 ശതമാനത്തിലധികം വിപണി വിഹിതം ഇപ്പോള്‍ എസ്‌യുവികള്‍ക്കാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ആദ്യമായി ഒരു കാര്‍ വാങ്ങുന്നവര്‍ എന്‍ട്രി ലെവല്‍ കാറുകളായ മാരുതി ആള്‍ട്ടോ അല്ലെങ്കില്‍ ഹ്യുണ്ടായി i10 പോലുള്ള മോഡലുകള്‍ ആയിരുന്ന തെരഞ്ഞെടുത്തിരുന്നത്. എന്നാല്‍ ഇന്ന് ഹാച്ച്ബാക്കുകളുടെ വിലയ്ക്ക് എസ്‌യുവികള്‍ ലഭ്യമായി തുങ്ങിയതോടെ ആളുകള്‍ മാറി ചിന്തിക്കാന്‍ തുടങ്ങിയിട്ടുണ്ട്. 7 ലക്ഷം രൂപ ബജറ്റില്‍ നിങ്ങള്‍ക്ക് വാങ്ങാന്‍ പറ്റുന്ന നാല് കുഞ്ഞന്‍ എസ്‌യുവികളെ ആണ് പരിചയപ്പെടുത്താന്‍ പോകുന്നത്.
നിസാന്‍ മാഗ്നൈറ്റ്: ജാപ്പനീസ് ഓട്ടോ ഭീമന്‍മാരായ നിസാന്‍ നിലവില്‍ ഇന്ത്യയില്‍ വില്‍പ്പനക്കെത്തിക്കുന്ന ഏക മോഡലാണ് മാഗ്‌നൈറ്റ്. ഇത് ഒരു സബ് കോംപാക്ട് എസ്‌യുവിയാണ്. 2020-ല്‍ പുറത്തിറങ്ങിലയ മാഗ്‌നൈറ്റ് നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ വിലയില്‍ വാങ്ങാന്‍ സാധിക്കുന്ന എസ്‌യുവികളില്‍ ഒന്നാണ്. 6 ലക്ഷം രൂപ മുതലാണ് മാഗ്‌നൈറ്റിന്റെ പ്രാരംഭ വില.

ടോപ് സ്‌പെക് വേരിയന്റിന്റെ വില 11.11 ലക്ഷം രൂപ വരെ പോകുന്നു. എക്‌സ്‌ഷോറൂം വിലകളാണിത്. 10 ലക്ഷത്തില്‍ താഴെയുള്ള ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ വേരിയന്റുകളും ഇത് വാഗ്ദാനം ചെയ്യുന്നു. 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ നാച്ചുറലി ആസ്പിറേറ്റഡ്, ടര്‍ബോ പതിപ്പുകളില്‍ വാഗ്ദാനം ചെയ്യുന്നു.
71bhp പവറും 96Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.0 ലിറ്റര്‍ NA പെട്രോള്‍ എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ AMT ഗിയര്‍ബോക്സിനൊപ്പം ലഭ്യമാണ്. 99 bhp പവറും 152 Nm ടോര്‍ക്കും നല്‍കുന്ന 1.0-ലിറ്റര്‍ ടര്‍ബോ-പെട്രോള്‍, മാനുവല്‍ അല്ലെങ്കില്‍ CVT ട്രാന്‍സ്മിഷനില്‍ വാങ്ങാം. എന്‍ട്രി ലെവല്‍ മാഗ്നൈറ്റില്‍ ഡ്യുവല്‍ എയര്‍ബാഗുകള്‍, സീറ്റ് ബെല്‍റ്റ് അലാം, പവര്‍ വിന്‍ഡോകള്‍, സിംഗിള്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവയടക്കം നിരവധി ഫീച്ചറുകള്‍ സജ്ജീകരിച്ചിരിക്കുന്നു.

റെനോ കൈഗര്‍: സാങ്കേതികമായി നിസാന്‍ മാഗ്‌നൈറ്റുമായി കൈഗറിന് സാമ്യതകളുണ്ട്. ഫ്രഞ്ച് ഭീമന്റെ ഇന്ത്യയിലെ ജനപ്രിയ എസ്‌യുവിയാണ് കൈഗര്‍. മാഗ്‌നൈറ്റിനെ പോലെ തന്നെ താങ്ങാവുന്ന വിലയിലാണ് കൈഗറും വരുന്നത്. അതുകൊണ്ട് തന്നെ ഹാച്ച്ബാക്കുകളില്‍ നിന്ന് എസ്‌യുവികളിലോക്ക് അപ്‌ഗ്രേഡ് ചെയ്യാന്‍ ഒരുങ്ങുന്നവര്‍ക്കും ആദ്യമായി കാര്‍ വാങ്ങുന്നവര്‍ക്കും പരിഗണിക്കാവുന്ന മോഡലാണ്. കൈഗറിന്റെ ബേസ് വേരിയന്റിന് 6 ലക്ഷം രൂപയാണ് വില. 11.23 ലക്ഷം രൂപയാണ് റേഞ്ച് ടോപിംഗ് വേരിയന്റിന്റെ വില. എക്‌സ്‌ഷോറൂം വിലകളാണിത്.
കൈഗറിന്റെ ഓട്ടോമാറ്റിക് വേരിയന്റുകളും 10 ലക്ഷം രൂപയില്‍ താഴെ മുടക്കിയാല്‍ സ്വന്തമാക്കാം. മാഗ്‌നൈറ്റ് എസ്‌യുവിക്ക് സമാനമായ എഞ്ചിന്‍-ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ കൈഗറും ഓഫര്‍ ചെയ്യുന്നു. മാഗ്നൈറ്റിന്റെ എന്‍ട്രി ലെവല്‍ പതിപ്പിന് സമാനമായ ഓഫര്‍ ലിസ്റ്റ് കൈഗറിന്റെ ബേസ് വേരിയന്റിലും കാണാം. ഇന്നത്തെ കാലത്ത് ട്രെന്‍ഡിംഗ് കാര്‍ ഫീച്ചറുകളില്‍ ഒന്നായ സണ്‍റൂഫ് മാഗ്‌നൈറ്റിലും കൈഗറിലും ലഭ്യമാകുന്നില്ലെന്ന കാര്യം ഓര്‍മിക്കുക.

ടാറ്റ പഞ്ച്: ഇന്ത്യയിലെ പ്രമുഖ ആഭ്യന്ത വാഹന നിര്‍മാതാക്കളായ ടാറ്റയുടെ മൈക്രോ എസ്‌യുവിലാണ് ടാറ്റ പഞ്ച്. പെട്രോള്‍, സിഎന്‍ജി, ഇലക്ട്രിക് അവതാരങ്ങളില്‍ എത്തുന്ന ഈ കാര്‍ അടുത്തിടെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാര്‍ ആയി മാറിയിരുന്നു. ടാറ്റയില്‍ നിന്നുള്ള ഏറ്റവും ചെറുതും താങ്ങാനാവുന്നതുമായ എസ്‌യുവിയുടെ വില 6.13 ലക്ഷം രൂപ മുതലാണ് തുങ്ങുന്നത്.
87 bhp പവറും 115 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് പഞ്ചിന് തുടിപ്പേകുന്നത്. 5-സ്പീഡ് മാനുവല്‍, 5-സ്പീഡ് AMT ഗിയര്‍ബോക്സ് ഓപ്ഷനുകളില്‍ ഈ എസ്‌യുവി വാഗ്ദാനം ചെയ്യുന്നു. ഇരട്ട എയര്‍ബാഗുകള്‍, സിംഗിള്‍-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവയാണ് പഞ്ചിന്റെ ബേസ് വേരിയന്റില്‍ വരുന്ന ചില ഫീച്ചറുകള്‍.
ഹ്യുണ്ടായി എക്സ്റ്റര്‍: ചെറുകാറുകളില്‍ നിന്ന് എസ്‌യുവിയിലേക്ക് മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പരിഗണിക്കാവുന്ന നാലാമത്തെ ചോയ്‌സാണ് എക്‌സ്റ്റര്‍. ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായിയില്‍ നിന്നുള്ള ഏറ്റവും പുതിയ ഹിറ്റ് ലോഞ്ചാണ് മൈക്രോ എസ്‌യുവിയായ എക്‌സ്റ്റര്‍. ടാറ്റ പഞ്ചുമായി നേരിട്ട് ഏറ്റുമുട്ടുന്ന എക്‌സ്റ്റര്‍ സമാനമായ പ്രൈസ് റേഞ്ചിലാണ് എത്തുന്നത്. 6.13 ലക്ഷം രൂപ മുതലാണ് ഈ കാറിന്റെ വില ആരംഭിക്കുന്നത്.
10 ലക്ഷം രൂപയില്‍ താഴെ മുടക്കിയാല്‍ എക്‌സ്റ്ററിന്റെയും ഓട്ടോമാറ്റിക് വേരിയന്റുകള്‍ സ്വന്തമാക്കാം. 81.80 bhp പവറും 113.8 Nm ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ള 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് എസ്‌യുവിക്ക് കരുത്ത് പകരുന്നത്. 5 സ്പീഡ് മാനുവല്‍, എഎംടി ഗിയര്‍ബോക്‌സുകളുമായിട്ടാണ് എഞ്ചിന്‍ ജോടിയാക്കുന്നത്. ബേസ് വേരിയന്റില്‍ 6 എയര്‍ബാഗുകള്‍, സിംഗിള്‍-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവ വാഗ്ദാനം ചെയ്യുന്നു.


Click it and Unblock the Notifications








