ആദ്യമായി കാര്‍ വാങ്ങാനൊരുങ്ങുകയാണോ? 7 ലക്ഷത്തില്‍ താഴെ വിലയുള്ള മികച്ച മാരുതി മോഡലുകള്‍ ഇതാ
നിങ്ങള്‍ ആദ്യമായി കാര്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്ന ആളാണോ?. സിറ്റി ഡ്രൈവിംഗിന്
പറ്റിയ ബജറ്റ് വിലയില്‍ കിട്ടുന്ന ഒരു കാറാണോ നിങ്ങളുടെ ആവശ്യം. എങ്കില്‍ ഈ ലേഖനം നിങ്ങള്‍ക്കുള്ളതാണ്. ഇന്ന് വിപണിയില്‍ താങ്ങാവുന്ന വിലയില്‍ ഒത്തിരി ഹാച്ച്ബാക്ക് കാറുകള്‍ ലഭ്യമായതിനാല്‍ അതില്‍ നിന്ന് നിങ്ങള്‍ക്ക് പറ്റിയ ഓപ്ഷന്‍ തിരഞ്ഞെടുക്കുന്നത് അല്‍പം കടുപ്പമേറിയ പണിയാണ്. പ്രത്യേക ആവശ്യങ്ങള്‍ നിറവേറ്റുന്ന വൈവിധ്യമാര്‍ന്ന ഹാച്ച്ബാക്കുകള്‍ മാരുതി സുസുക്കി വാഗ്ദാനം ചെയ്യുന്നുണ്ട്. ആദ്യമായി കാര്‍ വാങ്ങുന്നവര്‍ക്ക് പറ്റിയ 7 ലക്ഷം രൂപയില്‍ താഴെ വിലയുള്ള അഞ്ച് ജനപ്രിയ മാരുതി സുസുക്കി ഹാച്ച്ബാക്കുകള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുകയാണ് ഈ ലേഖനത്തിലൂടെ.
മാരുതി സുസുക്കി ആള്‍ട്ടോ K10: മാരുതി സുസുക്കിയുടെ നിലവിലെ എന്‍ട്രി ലെവല്‍ കാറാണ് ആള്‍ട്ടോ K10. ഒതുക്കമുള്ളതും സിറ്റി ഡ്രൈവിംഗിന് അനുയോജ്യമായ ഇന്ധനക്ഷമതയുള്ളതുമായ ഹാച്ച്ബാക്ക് ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ ഓപ്ഷനാണ് മാരുതി സുസുക്കി ആള്‍ട്ടോ K10. കുറഞ്ഞ പ്രവര്‍ത്തനച്ചെലവും പെട്രോള്‍, സിഎന്‍ജി വേരിയന്റുകളിലെ ലഭ്യതയും ഉള്ളതിനാല്‍ ഇത് ബജറ്റില്‍ ഒതുങ്ങുന്ന ഓപ്ഷനാണ്.

അതിന്റെ വലിപ്പവും കാര്യക്ഷമമായ എഞ്ചിനും ഇടുങ്ങിയ റോഡുകളുള്ള തിരക്കേറിയ നഗരങ്ങളില്‍ നാവിഗേറ്റ് ചെയ്യുന്നതിനും നിങ്ങളുടെ പോക്കറ്റ് കീറാതെ കാര്‍ യാത്ര സാധ്യമാക്കുന്നതിനും സഹായിക്കുന്നു. 24.39 മുതല്‍ 24.9 കിേലാമീറ്റര്‍ വരെയാണ് ആള്‍ട്ടോയുടെ പെട്രോള്‍ വേരിയന്റുകളുടെ മൈലേജ്. സിഎന്‍ജി പതിപ്പുകള്‍ക്ക് കിലോഗ്രാമിന് 33.85 കി.മീ മൈലേജ് ലഭിക്കുമെന്ന് പറയപ്പെടുന്നു. 3.99 ലക്ഷം രൂപ മുതലാണ് ആള്‍ട്ടോ K10 ഹാച്ചിന്റെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്.
മാരുതി സുസുക്കി സെലേറിയോ: വിശ്വസനീയവും ബജറ്റ് ഫ്രണ്ട്‌ലിയുമായ ഒരു ഹാച്ച്ബാക്കാണ് മാരുതി സുസുക്കി സെലേറിയോ. ഈ ഒരു സിറ്റി കാര്‍ 5.36 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് മാരുതി വില്‍ക്കുന്നത്. അതിന്റെ വലുപ്പത്തിന് അനുസൃതമായ ക്യാബിന്‍ ഇടമുള്ള ഈ ഹാച്ച്ബാക്ക് സുഖപ്രദമായ യാത്ര പ്രദാനം ചെയ്യുന്നു.

മികച്ച ട്രാക്ക് റെക്കോര്‍ഡും പ്രായോഗികതയിലുള്ള ശ്രദ്ധയും നഗരം ചുറ്റിക്കറങ്ങാന്‍ പറ്റിയ ലാഭകരവുമായ ഒരു കാര്‍ തിരയുന്നവര്‍ക്ക് പറ്റിയ ഓപ്ഷനാക്കി സെലേറിയോയെ മാറ്റുന്നു. പെട്രോള്‍, സിഎന്‍ജി ഓപ്ഷനുകളില്‍ സെലേറിയോയും ലഭ്യമാണ്. 24.97 മുതല്‍ 26.68 കിലോമീറ്റര്‍ വരെയാണ് പെട്രോള്‍ വേരിയന്റുകളുടെ മൈലേജ്. കിലോഗ്രാമിന് 34.43 കിലോമീറ്ററാണ് സെലേറിയോ സിഎന്‍ജിയുടെ ക്ലെയിംഡ് മൈലേജ്.
മാരുതി സുസുക്കി വാഗണ്‍ ആര്‍: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള കാറുകളില്‍ ഒന്നാണ് മാരുതി സുസുക്കി വാഗണ്‍ആര്‍. ഹെഡ്റൂമിനും കാറിനകത്തേക്ക് എളുപ്പത്തില്‍ പ്രവേശിക്കണമെന്നും ആഗ്രഹിക്കുന്നവര്‍ക്ക് 5.54 ലക്ഷം രൂപയില്‍ ആരംഭിക്കുന്ന മാരുതി സുസുക്കി വാഗണ്‍ ആര്‍ മികച്ച ചോയ്സാണ്. വിശാലമായ ക്യാബിനാണ് ഈ ടോള്‍ബോയ് ഹാച്ചിന്റെ പ്രധാന പ്ലസ് പോയിന്റുകളില്‍ ഒന്ന്. ഉയരമുമുള്ള യാത്രക്കാരെ ഇത് സുഖകരമായി ഉള്‍ക്കൊള്ളുന്നു.
കാറിനകത്തേക്ക് എളുപ്പത്തില്‍ കയറാനും ഇറങ്ങാനും ഇത് അനുവദിക്കുന്നു. ദൈനംദിന യാത്രകള്‍ക്ക് പുറമെ ഇടയ്ക്കിടെ ഹൈവേ യാത്രകള്‍ കൂടിയുള്ള ആളാണ് നിങ്ങള്‍ എങ്കില്‍ വാഗണ്‍ ആര്‍ പരിഗണിക്കാവുന്നതാണ്. വാഗണ്‍ ആറും പെട്രോള്‍, സിഎന്‍ജി പതിപ്പുകളില്‍ വാങ്ങാം. പെട്രോള്‍ പതിപ്പുകള്‍ക്ക് 23.56 മുതല്‍ 25.19 കിലോമീറ്റര്‍ വരെയാണ് മൈലേജ്. കിലോഗ്രാമിന് 34.05 കിലോമീറ്ററാണ് വാഗണ്‍ ആര്‍ സിഎന്‍ജിയുടെ ഇന്ധനക്ഷമത പറയുന്നത്.
മാരുതി സുസുക്കി ഇഗ്‌നിസ്: യൂത്ത്ഫുള്‍ ഡിസൈനും പ്രീമിയം ഫീലുമുള്ള കാറാണ് നിങ്ങള്‍ തിരയുന്നതെങ്കില്‍ 5.84 ലക്ഷം രൂപയില്‍ ആരംഭിക്കുന്ന ഇഗ്‌നിസ് പരിഗണിക്കുക. ഈ വില ശ്രേണിയിലെ മറ്റ് കാറുകളെ അപേക്ഷിച്ച് കൂടുതല്‍ പ്രീമിയം ഫീലിനൊപ്പം പെപ്പി എഞ്ചിനുമാണ് ഈ മിനി എസ്‌യുവിയുടെ സവിശേഷത. മൊത്തത്തിലുള്ള ഡ്രൈവിംഗ് എക്‌സ്പീരിയന്‍സ് ഉയര്‍ത്തുന്ന ഫീച്ചറുകള്‍ ഉള്ളതിനാല്‍ യൂത്തിനും ഒരു ബേസ് കാറിന് അപ്പുറത്തേക്കും പരിഗണനയുള്ളവര്‍ക്കും അനുയോജ്യമായ തെരഞ്ഞെടുപ്പാണ് ഇഗ്‌നിസ്.

മാരുതി സുസുക്കി സ്വിഫ്റ്റ്: സ്പോര്‍ട്ടി ലുക്കും ആസ്വാദ്യകരമായ ഡ്രൈവിംഗ് അനുഭവവും വിശാലമായ ക്യാബിനും ഒരുമിച്ച് ചേരുന്ന ഒരു മോഡലാണ് മാരുതി സുസുക്കി സ്വിഫ്റ്റ്. വ്യത്യസ്ത ഡ്രൈവിംഗ് മുന്‍ഗണനകള്‍ നിറവേറ്റുന്നതിനായി വിവിധ ഫീച്ചറുകളും എഞ്ചിന്‍ ഓപ്ഷനുകളും വാഗ്ദാനം ചെയ്യുന്നതിനാല്‍ സ്വിഫ്റ്റ് ഒരു ബഹുമുഖ തിരഞ്ഞെടുപ്പായി കണക്കാക്കാം. ദൈനംദിന ഉപയോഗത്തിന് സൗകര്യപ്രദമായ ഫണ്‍ ടു ഡ്രൈവ് കാറാണ് നിങ്ങള്‍ തിരയുന്നതെങ്കില്‍ സ്വിഫ്റ്റ് പരിഗണിക്കേണ്ട ഒരു മികച്ച ഓപ്ഷനാണ്.
നാലാം തലമുറ സ്വിഫ്റ്റ് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനില്‍ മാത്രമാണ് ലോഞ്ച് ആയത്. സിഎന്‍ജി പതിപ്പ് വൈകാതെ പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പെട്രോള്‍ പതിപ്പിന് 24.8 മുതല്‍ 25.75 കിലോമീറ്റര്‍ വരെയാണ് മൈലേജ് വാഗ്ദാനം ചെയ്യുന്നത്. ഇന്ധനക്ഷമതയും പ്രായോഗികതയും നിലനിര്‍ത്തിക്കൊണ്ട് വ്യത്യസ്ത മുന്‍ഗണനകള്‍ക്കും ബജറ്റിനും പറ്റിയ നിരവധി ഹാച്ച്ബാക്ക് ഓപ്ഷനുകള്‍ മാരുതി വാഗ്ദാനം ചെയ്യുന്നു. സൗകര്യത്തിനോ സ്‌റ്റൈലിനോ പെര്‍ഫോമന്‍സിനോ മുന്‍ഗണന നല്‍കിയാലും അതിന് തികച്ചും അനുയോജ്യമായ ഒരു മാരുതി സുസുക്കി ഹാച്ച്ബാക്ക് ഉണ്ടായിരിക്കും.


Click it and Unblock the Notifications








