യാ മോനെ ഓഗസ്റ്റ് മാസം പൊടിപൊടിക്കും! ഒന്നും രണ്ടുമല്ല, അരങ്ങേറ്റത്തിന് ഒരുങ്ങിയിരിക്കുന്ന 5 പുത്തൻ എസ്‌യുവികൾ
ഇന്ത്യൻ വിപണിയിലെ ഏറ്റവും നിർണ്ണായക കാലയളവായ ഉത്സവ സീസൺ ഇങ്ങ് അടുത്തിരിക്കുകയാണ്. മികച്ച വിൽപ്പന കൈവരിക്കാൻ ഓരോ വാഹന നിർമ്മാതാക്കളും തങ്ങളുടേതായ പദ്ധതികളിൽ വളരെയധികം ശ്രദ്ധ വെയ്ക്കുകയാമ്. ഈ അവസരത്തിൽ ഉത്സവ സീസണിൽ തങ്ങളുടെ എതിരാളികളെക്കാൾ കൂടുതൽ നേട്ടമുണ്ടാക്കാൻ ടാറ്റ മോട്ടോർസ്, മഹീന്ദ്ര, സിട്രൺ, ലംബോർഗിനി തുടങ്ങിയ കാർ നിർമ്മാതാക്കൾ 2024 ഓഗസ്റ്റ് മാസത്തിൽ വിവിധ സെഗ്‌മെൻ്റുകളിലായി ചില പുതിയ എസ്‌യുവികൾ അവതരിപ്പിക്കാൻ പദ്ധതിയിടുകയാണ്. ഈ ബ്രാൻഡുകളിൽ നിന്ന് വരാനിരിക്കുന്ന ആ വമ്പൻ മോഡലുകൾ ഏതെല്ലാം എന്ന് നോക്കാം.
1 & 2. ടാറ്റ കർവ്വ് ഇവി & ICE: കർവ്വ് ഇവിയുടെ വിലകൾ ടാറ്റ മോട്ടോർസ് ഓഗസ്റ്റ് 7 -ന് പ്രഖ്യാപിക്കും. 17 ലക്ഷം രൂപയ്ക്ക് മുകളിലാണ് പ്രതീക്ഷിക്കുന്ന പ്രാരംഭ എക്സ്-ഷോറൂം വില. ടോപ്പ് -സ്പെക്ക് വേരിയൻ്റുകൾ സിംഗിൾ ചാർജിൽ 600 കിലോമീറ്ററിലധികം റേഞ്ച് വാഗ്ദാനം ചെയ്യാൻ സാധ്യതയുണ്ട്.

കൂടാതെ പ്രീമിയം സാങ്കേതികവിദ്യയും ഫീച്ചറുകളും ഇതിൽ നിറഞ്ഞിരിക്കും. ഇവിയുടെ അരങ്ങേറ്റത്തിന് ശേഷം, കർവ്വ് ICE മോഡലും അധികം വൈകാതെ ഷോറൂമുകളിൽ എത്തും എന്ന് പ്രതീക്ഷിക്കുന്നു. ICE വേരിയൻ്റുകളിൽ മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ചോയ്‌സുകളുള്ള 1.2 ലിറ്റർ പെട്രോൾ എഞ്ചിനും 1.5 ലിറ്റർ ഡീസൽ എഞ്ചിനും ടാറ്റ അവതരിപ്പിക്കും.
3. മഹീന്ദ്ര ഥാർ റോക്‌സ്: മഹീന്ദ്ര & മഹീന്ദ്ര ഫൈവ് ഡോർ ഥാർ റോക്‌സ് അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്, അതിൽ ത്രീ -ഡോർ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ കൂടുതൽ വിപുലവും വിശാലവുമായ, ഫീച്ചർ പായ്ക്ക് ചെയ്ത ക്യാബിനും വളരെ ശ്രദ്ധേയമായ കോസ്‌മെറ്റിക് അപ്‌ഡേറ്റുകളും ഉൾപ്പെടുന്നു.

ഈ പുതിയ ലൈഫ്‌സ്‌റ്റൈൽ ഓഫ് റോഡ് എസ്‌യുവിക്ക് വലിയ അളവുകൾ ഉണ്ടാകും എന്ന കാര്യത്തിൽ സംശയമില്ല, കൂടുതൽ വിശാലമായ ഇൻ്റീരിയറും ഇതിനാൽ വാഹനം നൽകുന്നു. മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ചോയിസുകൾക്കൊപ്പം 1.5 ലിറ്റർ ഡീസൽ, 2.2 ലിറ്റർ ഡീസൽ, 2.0 ലിറ്റർ പെട്രോൾ എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളിൽ ഇത് ലഭ്യമാകും.
4. സിട്രൺ ബസാൾട്ട്: സിട്രൺ ബസാൾട്ട് എസ്‌യുവി കൂപ്പെ, IC -എഞ്ചിൻ ടാറ്റ കർവ്വുമായി നേരിട്ട് മത്സരിക്കാൻ സജ്ജീകരിച്ചിരിക്കുന്ന ഒരു മോഡലാണ്. 1.2 ലിറ്റർ ത്രീ -സിലിണ്ടർ NA പെട്രോളും അതിൻ്റെ ടർബോ പെട്രോൾ പതിപ്പും മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ വിപണിയിൽ ലഭ്യമാണ്.

അടുത്തിടെ അനാച്ഛാദനം ചെയ്‌ത, ബസാൾട്ട് കൂപ്പെ എസ്‌യുവിയുടെ വിലകൾ ഇന്ത്യയിൽ ഫ്രഞ്ച് വാഹന നിർമ്മാതാക്കൾ ഉടൻ പ്രഖ്യാപിക്കും, വലിയ തോതിൽ പ്രാദേശികവൽക്കരിച്ച CMP പ്ലാറ്റ്‌ഫോമിലാണ് ഈ മോഡൽ ഒരുങ്ങുന്നത്. ബ്രാൻഡിന്റെ മോഡൽ നിരയിൽ C3 എയർക്രോസിന് മുകളിലായിരിക്കും ഈ പ്രീമിയം എസ്‌യുവി സ്ഥാപിക്കുക.
5. ലംബോർഗിനി ഉറൂസ് SE: ഉറൂസ് SE PHEV -യെ ഓഗസ്റ്റ് 9 -ന് ലംബോർഗിനി ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. 789 bhp മാക്സ് പവറും 950 Nm പീക്ക് ടോർക്കും ഉൽപ്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയ 4.0 ലിറ്റർ ട്വിൻ -ടർബോചാർജ്ഡ് V8 എഞ്ചിനാണ് ഇതിൻ്റെ ഹൃദയം.
വാഹനത്തിന് വെറും 3.4 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും, കൂടാതെ 60 കിലോമീറ്ററോളം ദൂരപരിധി ഇലക്ട്രിക് പവറിൽ മാത്രം ഓടാനാവും എന്ന് കമ്പനി അവകാശപ്പെടുന്നു. ഇന്ത്യയിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി പെർഫോമൻസ് അധിഷ്‌ഠിത ഉറൂസ് മോഡലിന് ലഭിച്ച മികച്ച സ്വീകരണത്തിൻ്റെ പശ്ചാത്തലത്തിലാണ് ഈ മോഡൽ എത്തുന്നത്.


Click it and Unblock the Notifications








