പലര്‍ക്കും ഇക്കാര്യങ്ങൾ അറിയില്ല; ഇലക്ട്രിക് കാറിന്റെ റേഞ്ച് കൂട്ടാനുള്ള 5 ടിപ്പുകള്‍
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇലക്ട്രിക് വാഹനങ്ങള്‍ നമ്മുടെ രാജ്യത്ത് ജനകീയമായി വരികയാണ്. പച്ച നമ്പര്‍പ്ലേറ്റുകളുള്ള കാറുകളും സ്‌കൂട്ടറുകളും നിരത്തുകള്‍ കൈയ്യടക്കി തുടങ്ങി. പരിസ്ഥിതി സൗഹൃദമാണെന്ന് മാത്രമല്ല റണ്ണിംഗ് കോസ്റ്റും കുറവാണെന്നതാണ് ഇവികളിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നത്. ഇതിനോടകം തന്നെ ഒരുപാടുപേര്‍ ഇലക്ട്രിക് വാഹനങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. എന്നാല്‍ പലരുടെയും പരാതി റേഞ്ച് പറയുന്നതിലും കുറവാണെന്നതാണ്. റേഞ്ച് മെച്ചപ്പെടുത്തുന്നതിനുള്ള അടിസ്ഥാന ഡ്രൈവിംഗ് സാങ്കേതികതകളെക്കുറിച്ച് പലര്‍ക്കും അറിയില്ല. ഒരു ഇവിയില്‍ പരമാവധി റേഞ്ച് നേടിയെടുക്കുകയെന്നത് പുതുതായി ഇവി വാങ്ങിയ ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടാണ്. അതുകൊണ്ട് നിങ്ങളുടെ ഇവിയുടെ റേഞ്ച് മെച്ചപ്പെടുത്തുന്നതിനുള്ള ലളിതമായ അഞ്ച് ടിപ്പുകള്‍ ഞങ്ങള്‍ പറഞ്ഞുതരാം.
ഭാരം: വലിയ ബാറ്ററി പായ്ക്കുകള്‍ ഉള്‍ക്കൊള്ളുന്നത് കാരണം ഇലക്ട്രിക് കാറുകള്‍ക്ക് (Electric Car) ഭാരം കൂടുതലാണ്. റൂഫ് റാക്ക് അല്ലെങ്കില്‍ റൂഫ് ബോക്‌സ് പോലെയുള്ള അനാവശ്യ സാധനങ്ങള്‍ വാഹനത്തില്‍ ഘടിപ്പിക്കുന്നത് എയറോഡൈനാമിക്‌സിനെ ബാധിക്കുന്നു. ഇത് മൊത്തത്തിലുള്ള റേഞ്ചിനെയും സാരമായി ബാധിക്കുന്നു. അതിനാല്‍ നിങ്ങളുടെ കാറില്‍ ആവശ്യമില്ലാത്ത ആക്‌സസറികള്‍ എന്തെങ്കിലും ഫിറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അവ നീക്കം ചെയ്യുന്നത് റേഞ്ച് മെച്ചപ്പെടുത്താന്‍ സഹായിക്കും.

ടയറുകള്‍: ഇവികളുടെ റേഞ്ച് മെച്ചപ്പെടുത്തുന്നതില്‍ ടയറുകള്‍ക്കും പങ്കുണ്ട്. ഒരു ഇവിയില്‍ കൂടുതല്‍ റേഞ്ച് നേടിയെടുക്കാന്‍ ലോ റോളിംഗ് റെസിസ്റ്റന്‍സ് ടയറുകള്‍ ഉപയോഗിക്കുക. ഇത് നിങ്ങളുടെ ഇലക്ട്രിക് വാഹനത്തില്‍ നിന്ന് പരമാവധി റേഞ്ച് ലഭിക്കുമെന്ന് ഉറപ്പാക്കുന്നു. മാത്രമല്ല ടയര്‍ പ്രഷര്‍ ഒരു ഇവിയുടെ മൊത്തത്തിലുള്ള റേഞ്ചിനെ ബാധിക്കുമെന്നതിനാല്‍ ഇക്കാര്യവും ശ്രദ്ധയില്‍ വേണം.
ത്രോട്ടില്‍ ഇന്‍പുട്ടുകള്‍: പരമ്പരാഗത വാഹനങ്ങളെപ്പോലെ നിങ്ങളുടെ ഇലക്ട്രിക് വാഹനത്തിന്റെ റേഞ്ചും മെച്ചപ്പെടുത്താനുള്ള ഏറ്റവും നല്ല മാര്‍ഗം നിങ്ങളുടെ ത്രോട്ടില്‍ ഇന്‍പുട്ടുകളില്‍ സൗമ്യത പുലര്‍ത്തുക എന്നതാണ്. ഈ ചെറിയ മാറ്റത്തിന് നിങ്ങളുടെ ഇലക്ട്രിക് വാഹനത്തിന്റെ റേഞ്ചിന്റെ കാര്യത്തില്‍ കാര്യമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കും. അതിനാല്‍ ഇനി ഇവികള്‍ ഓടിക്കുമ്പോള്‍ ത്രോട്ടില്‍ ഇന്‍പുട്ടുകളുടെ കാര്യം കൂടി ശ്രദ്ധിക്കുക.

വേഗത: ഹൈ സ്പീഡിന്റെ കാര്യത്തില്‍ ഇലക്ട്രിക് വാഹനങ്ങള്‍ അത്ര കാര്യക്ഷമമല്ല. അതുകൊണ്ട് മിക്കവാറും എല്ലാ ഇലക്ട്രിക് വാഹനങ്ങളും ഓപണ്‍ റോഡുകളേക്കാള്‍ സിറ്റി റൈഡിലാണ് കൂടുതല്‍ റേഞ്ച് നല്‍കുന്നത്. നിങ്ങളുടെ ഇലക്ട്രിക് കാര്‍ സൗമ്യമായി ഓടിക്കുന്നത് ഫുള്‍ചാര്‍ജില്‍ പരമാവധി റേഞ്ച് നേടിയെടുക്കാന്‍ സഹായിക്കുമെന്ന് ഓര്‍ക്കുക. മാത്രമല്ല നിങ്ങളുടെ മൊത്തത്തിലുള്ള സേഫ്റ്റിക്കും മിതമായ വേഗതയില്‍ വാഹനം ഓടിക്കുന്നതാണ് ഉത്തമം.
റീജനറേറ്റീവ് ബ്രേക്കിംഗ് ഉപയോഗിക്കുക: പല ഇലക്ട്രിക് വാഹനങ്ങളും മള്‍ട്ടിപ്പിള്‍ ലെവല്‍ റീജനറേറ്റീവ് ബ്രേക്കിംഗുമായി വരുന്നു. നിങ്ങളുടെ ഇലക്ട്രിക് വാഹനത്തിന് ഈ സവിശേഷത ഉണ്ടെങ്കില്‍ ഏറ്റവും അഗ്രസീവ് റീജന്‍ മോഡില്‍ ഡ്രൈവ് ചെയ്യാന്‍ ശ്രമിക്കുക. നിങ്ങളുടെ ഇവി വേഗത കുറയ്ക്കുമ്പോഴെല്ലാം ബാറ്ററി പായ്ക്കിലേക്ക് പരമാവധി ഊര്‍ജ്ജം തിരികെയെത്തുമെന്ന് ഇത് ഉറപ്പാക്കുന്നു. അതുവഴി കൂടുതല്‍ ദൂരം സഞ്ചരിക്കാന്‍ സാധിക്കമെന്ന് പറയേണ്ടതില്ലെല്ലോ.
പലരും ഇവികള്‍ വാങ്ങി റേഞ്ച് കുറവാണേ എന്ന് പരാതി പറഞ്ഞ് നടക്കാറുണ്ട്. എന്നാല്‍ ഡ്രൈവിംഗ് ശൈലിയില്‍ ചെറിയ തിരുത്തലുകള്‍ വരുത്തുകയും കാറിലെ ചില അടിസ്ഥാന കാര്യങ്ങള്‍ ശ്രദ്ധിക്കുകയും ചെയ്താല്‍ മുകളില്‍ സൂചിപ്പിച്ചതുപോലെ നിങ്ങളുടെ ഇവി ഫുള്‍ ചാര്‍ജില്‍ പരമാവധി റേഞ്ച് നല്‍കുന്നു. നിങ്ങള്‍ ഒരു ഇവി ഉടമയാണെങ്കില്‍ ഇക്കാര്യങ്ങള്‍ പരീക്ഷിച്ച് നോക്കുക. ഈ ലേഖനം ഉപകാരപ്രദമായി തോന്നിയാല്‍ ഇവിയുള്ള നിങ്ങളുടെ സുഹൃത്തുക്കള്‍ക്കോ ബന്ധുക്കള്‍ക്കോ അയച്ചുകൊടുക്കുക.


Click it and Unblock the Notifications








