പ്രഭാസിന്റെ ഏറ്റവും വലിയ ഫ്ലോപ്പ് പടത്തിന്റെ എഴുത്തുകാരന്‍ 'രക്ഷപ്പെട്ടു'! സ്വന്തമാക്കിയത് 3 കോടിയുടെ കാർ
ബോളിവുഡിലെ പ്രശസ്ത തിരക്കഥാകൃത്തും ഗാനരചയിതാവുമാണ് മനോജ് മുന്‍താഷിര്‍. ഇന്നത്തെ തലമുറ മൂളിപ്പാടുന്ന ഒരുപിടി ബോളിവുഡ് ഗാനങ്ങള്‍ക്ക് പേന ചലിപ്പിച്ച മനോജ് രാജ്യം മൊത്തം ചര്‍ച്ച ചെയ്ത ഒരു ചിത്രത്തിന്റെ രചയിതാവ് കൂടിയാണ്. ഏറെ കൊട്ടിഘോഷിച്ചെത്തി ബോക്‌സ്ഓഫീസില്‍ കൂപ്പുകുത്തിയ 'ആദിപുരുഷ്' എന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പിന്റെ സംഭാഷണങ്ങള്‍ എഴുതിയത് മനോജ് എന്ന് പറഞ്ഞാല്‍ ഒന്ന് കൂടി മനസ്സിലാകും.
ബാഹുബലി ഫ്രാഞ്ചൈസിന്റെ വമ്പന്‍ വിജയത്തിന് ശേഷം പാന്‍ ഇന്ത്യ ലെവലില്‍ പ്രശസ്തനായ പ്രഭാസിനെ നായകനാക്കി ഓം റാവത്ത് സംവിധാനം ചെയ്ത ചിത്രമായിരുന്നു ആദിപുരുഷ്. 500 കോടി രൂപയിലധികം മുതല്‍മുടക്കില്‍ ഹിന്ദി, തെലുഗു ഭാഷകളിലായി നിര്‍മിച്ച ചിത്രത്തിന് ബോക്‌സ്ഓഫീസില്‍ നിന്ന് 350 കോടിയോളം കളക്ഷന്‍ മാത്രമാണ് നേടാനായത്. ഏറെ പ്രതീക്ഷയോടെ പുറത്തിറങ്ങിയ പടം ഫേ്‌ലാപ്പായതിനൊപ്പം മനോജ് എഴുതിയ ഹിന്ദി സംഭാഷണങ്ങളും ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു.

എന്നാല്‍ ഏറെനാളുകള്‍ക്ക് ശേഷം മനോജ് വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്. എന്നാല്‍ സിനിമയുമായി ബന്ധപ്പെട്ടല്ലെന്ന് സാരം. മെര്‍സിഡീസ് ബെന്‍സിന്റെ ഒരു ആഡംബര സലൂണ്‍ സ്വന്തമാക്കിയാണ് സിനിമാക്കാരന്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്. ജര്‍മന്‍ ബ്രാന്‍ഡിന്റെ മെയ്ബാക്ക് S-ക്ലാസ് സ്വന്തമാക്കിയാണ് സെലിബ്രിറ്റികളുടെ എക്‌സ്‌ക്ലൂസീവ് ക്ലബില്‍ മനോജ് അംഗത്വം നേടിയത്.
'തേരി മിട്ടി', 'ഗലിയാന്‍', 'തേരേ സങ് യാരാ', 'കൗന്‍ തുജെ' തുടങ്ങിയ ജനപ്രിയ ഗാനങ്ങള്‍ എഴുതിയ മനോജ് മുന്‍താഷിര്‍ 2.71 കോടി രൂപ മുടക്കിയാണ് അതിമനോഹരമായ ആഡംബര സെഡാന്‍ സ്വന്തം ഗരാജിലെത്തിച്ചത്. മനോജ് മുന്‍താഷിര്‍ ആഡംബര സെഡാന്റെ ഡെലിവറി സ്വീകരിക്കുന്ന ചിത്രങ്ങള്‍ ഓട്ടോഹാംഗര്‍ തങ്ങളുടെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിട്ടുണ്ട്.

മെയ്ബാക്ക് ബാഡ്ജുള്ള S-ക്ലാസ് കാര്‍ ജര്‍മന്‍ ബ്രാന്‍ഡ് ഇന്ത്യയിലെത്തിക്കുന്ന ഏറ്റവും വിലകൂടിയ മോഡലുകളില്‍ ഒന്നാണ്. സ്വന്തമാക്കാനായി പണം ഒത്തിരി പൊടിക്കണമെങ്കിലും സെലിബ്രിറ്റികളുടെ പ്രിയപ്പെട്ട ആഡംബര കാറുകളില്‍ ഒന്ന് കൂടിയാണ് മെര്‍സിഡീസ് ബെന്‍സ് മെയ്ബാക്ക് S-ക്ലാസ്. ഇതിനൊപ്പം തന്നെ മറ്റ് മെയ്ബാക്ക് മോഡലുകളായ GLS, GLC എന്നിവയും സെലിബ്രിറ്റികളുടെ പ്രിയപ്പെട്ട മെര്‍സിഡീസ് കാറുകളാണ്.
അനില്‍ കപൂര്‍, ഷാഹിദ് കപൂര്‍, കങ്കണ റണാവത്ത്, കിയാര അദ്വാനി, പ്രിയങ്ക ചോപ്ര തുടങ്ങിയ ബോളിവുഡിലെ മെയ്ബാക്ക് S-ക്ലാസ് ഓണര്‍മാരുടെ ക്ലബിലേക്കാണ് മനോജ് ഇപ്പോള്‍ കാലെടുത്ത് വെച്ചിരിക്കുന്നത്. എമറാള്‍ഡ് ഗ്രീന്‍ നിറത്തില്‍ പൂര്‍ത്തിയാക്കിയ സെഡാനാണ് മനോജ് മുന്‍താഷിര്‍ തെരഞ്ഞെടുത്തതെന്നാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രത്തില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നത്.

എമറാള്‍ഡ് ഗ്രീനിന് പുറമേ നോട്ടിക് ബ്ലൂ, ഡയമണ്ട് വൈറ്റ് ബ്രൈറ്റ്, ഓനിക്‌സ് ബ്ലാക്ക്, ഒബ്‌സിഡിയന്‍ ബ്ലാക്ക്, മൊജാവെ സില്‍വര്‍, ഗ്രാഫൈറ്റ് ഗ്രേ എന്നിവയുള്‍പ്പെടെ വിവിധ നിറങ്ങളില്‍ ഈ ആഡംബര കാര്‍ മെര്‍സിഡീസ് ഓഫര്‍ ചെയ്യുന്നു. മാത്രമല്ല കസ്റ്റമൈസേഷന്‍ ഓപ്ഷനും ലഭ്യമാണ്. താല്‍പര്യമുള്ള ഉപഭോക്താക്കള്‍ക്ക് ബ്രാന്‍ഡ് ഒന്നിലധികം ഡ്യുവല്‍ ടോണ്‍ മാനുഫാക്ചര്‍ പെയിന്റ് ഫിനിഷുകളും വാഗ്ദാനം ചെയ്യുന്നു.
ഈ നിലവാരത്തിലുള്ള ഒരു കാറിന് യോജിച്ചതുപോലെ മനോജ് മുന്‍താഷിറിന്റെ മെര്‍സിഡീസ് മെയ്ബാക്ക് S-ക്ലാസ് ആഡംബരവും സാങ്കേതിക വൈദഗ്ധ്യവും സമന്വയിപ്പിക്കുന്ന നിരവധി സവിശേഷതകള്‍ ഉള്‍ക്കൊള്ളിച്ചാണ് എത്തുന്നത്. കാറിന്റെ വിശാലമായ ക്യാബിന്‍, പ്രീമിയം മെറ്റീരിയലുകളും വിശദാംശങ്ങളിലേക്ക് സൂക്ഷ്മമായ ശ്രദ്ധയും കൊണ്ട് നിര്‍മ്മിച്ചിരിക്കുന്നത്. സുഖസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായി മള്‍ട്ടി-കോണ്ടൂര്‍ മസാജ് സീറ്റുകള്‍, സീറ്റ് വെന്റിലേഷന്‍, ഹീറ്റഡ് ആംറെസ്റ്റുകള്‍, ഡോര്‍ പാനലുകള്‍ എന്നിവയും ഇതില്‍ ഒരുക്കിയിട്ടുണ്ട്.
ഇവ സമാനതകളില്ലാത്ത കംഫര്‍ട്ട് പ്രദാനം ചെയ്യുന്നു. 12.8 ഇഞ്ച് സെന്‍ട്രല്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനൊപ്പം മുന്നിലും മധ്യത്തിലും 12.3 ഇഞ്ച് സ്‌ക്രീനുള്ള MBUX ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ക്യാബിനില്‍ സജ്ജീകരിച്ചിരിക്കുന്നു. മികച്ച ബര്‍മെസ്റ്റര്‍ സൗണ്ട് സിസ്റ്റം കൂടി ചേരുന്നതോടെ ആഴത്തിലുള്ള ഓഡിയോ എക്‌സ്പീരിയന്‍സാണ് വാഗ്ദാനം ചെയ്യുന്നത്.
ആഡംബര സെഡാനിന്റെ പവര്‍ട്രെയിന്‍ വശങ്ങള്‍ നോക്കുമ്പോള്‍ ശക്തമായ 4.0-ലിറ്റര്‍ V8 ട്വിന്‍-ടര്‍ബോചാര്‍ജ്ഡ് എഞ്ചിന്‍ ആണ് ഇതിന് തുടിപ്പേകുന്നത്. ഒരു മൈല്‍ഡ്-ഹൈബ്രിഡ് സിസ്റ്റത്തിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഈ എഞ്ചിന്‍ 516 bhp പവറും 700 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ളതാണ്. ഈ മോട്ടോര്‍ 9-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ജോടിയാക്കിയിരിക്കുന്നു. പെര്‍ഫോമന്‍സ് നോക്കിയാല്‍ വെറും 4.8 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ കാറിന് സാധിക്കും.
മണിക്കൂറില്‍ 250 കിലോമീറ്റര്‍ ആണ് പരമാവധി വേഗത. ഇന്ത്യന്‍ വിപണിയില്‍ ബിഎംഡബ്ല്യു XM, മസെരാട്ടി ഗ്രാന്‍കാബ്രിയോ, മസെരാട്ടി ഗ്രാന്‍ടൂറിസ്‌മോ, ലെക്‌സസ് LC 500h എന്നിവയുമായിട്ടാണ് പ്രധാന മത്സരം. നൂതന ഡ്രൈവര്‍-അസിസ്റ്റന്‍സ് ഫീച്ചറുകളും മികച്ച സുരക്ഷയും വാഗ്ദാനം ചെയ്യുന്ന ഈ മെര്‍സിഡീസ് മോഡല്‍ ആഡംബരത്തിന്റെ പ്രതീകം മാത്രമല്ല നൂതനത്വത്തിന്റെയും എഞ്ചിനീയറിംഗ് മികവിന്റെയും പര്യായം കൂടിയായാണ് വിലയിരുത്തപ്പെടുന്നത്.


Click it and Unblock the Notifications








