അമേരിക്കയില്‍ നിന്ന് ആ ഇലക്ട്രിക് കാര്‍ കമ്പനി ഇന്ത്യയിലേക്ക് വരില്ല! ഈ അവസ്ഥ ആര്‍ക്കും വരരുത്
നിരവധി വിദേശ ഇലക്ട്രിക് വാഹന നിര്‍മാതാക്കളാണ് ഇന്ത്യന്‍ വിപണിയിലേക്ക് പ്രവേശനം കാത്തിരിക്കുന്നത്. അത്തരത്തില്‍ ഉയര്‍ന്ന് കേട്ട ഒരു പേരായിരുന്നു ഫിസ്‌കര്‍. ഇത് ഒരു അമേരിക്കന്‍ ഇലക്ട്രിക് വാഹന നിര്‍മ്മാണ സ്റ്റാര്‍ട്ടപ്പാണ്. എന്നാല്‍ ഫിസ്‌കറിന്റെ ഇന്ത്യയിലേക്കുള്ള വരവ് പ്രതീക്ഷിക്കേണ്ടെന്നാണ് ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. കാരണം ഫിസ്‌കര്‍ ഇപ്പോള്‍ പാപ്പരായതായി പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രാട്ടേര, ലോര്‍ഡ്‌സ്ടൗണ്‍ ഇലക്ട്രിക് ലാസ്റ്റ് മൈല്‍ എന്നീ ഇവി നിര്‍മാതാക്കളും അടുത്തിടെ പാപ്പരായതായി പ്രഖ്യാപിച്ചിരുന്നു. ഫിസ്‌കര്‍ കമ്പനിയുടെ പാപ്പരത്തത്തിന്റെ കാരണം എന്താണ്?. പാപ്പരായ ഈ കമ്പനിയുടെ ഭാവി എന്താണ് എന്നീ വിവരങ്ങളാണ് നമ്മള്‍ ഇനി വിശദീകരിക്കാന്‍ പോകുന്നത്.
ലോകമെമ്പാടും ഇലക്ട്രിക് വാഹന വിപണി വളരുകയാണ്. പലരും ഫോസില്‍ ഇന്ധനങ്ങളായ പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ ഉപേക്ഷിച്ച് ഇലക്ട്രിക് വാഹനങ്ങളിലേക്ക് കുടുമാറുകയാണ്. പെട്രോള്‍, ഡീസല്‍ വാഹനങ്ങളെ അപേക്ഷിച്ച് ഇലക്ട്രിക് വാഹനങ്ങളുടെ വില കൂടുതലാണെങ്കിലും മലിനീകരണവും പ്രവര്‍ത്തനച്ചെലവ് കുറവായതിനാല്‍ ഇവികള്‍ക്ക് അനുകൂലമായ സാഹചര്യം രൂപപ്പെട്ടിരിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സര്‍ക്കാറുകളും ഇവികള്‍ അടക്കമുള്ള ബദല്‍ ഇന്ധനങ്ങളെ പ്രോത്സാഹിപ്പിക്കുന്നു.

പ്രശസ്ത ഓട്ടോമൊബൈല്‍ ഡിസൈനര്‍ ഹെന്റി ഫിസ്‌കറാണ് അമേരിക്കയില്‍ ഫിസ്‌കര്‍ എന്ന പേരില്‍ കമ്പനി സ്ഥാപിച്ചത്. ഫിസ്‌കര്‍ സ്വന്തം നാടായ അമേരിക്കയില്‍ മാത്രമല്ല യൂറോപ്പിലും ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കുകയും വില്‍ക്കുകയും ചെയ്തിരുന്നു. ഫിസ്‌കറിന്റെ ജനപ്രിയ മോഡലായിരുന്നു ഓഷ്യന്‍ ഇലക്ട്രിക് എസ്‌യുവി. എന്നാല്‍ ഇപ്പോള്‍ ഹെന്റി ഫിസ്‌കര്‍ തന്റെ കമ്പനി പാപ്പരായതായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതോടെ ഞെട്ടിയിരിക്കുകയാണ് വാഹന ലോകം.
ഇലക്ട്രിക് വാഹന വ്യവസായത്തില്‍ പലതരത്തിലുള്ള പ്രശ്നങ്ങളുണ്ടെന്നും ഇവ കാരണം തന്റെ കമ്പനി പാപ്പരായെന്നും അദ്ദേഹം വ്യക്തമാക്കി.ജപ്പാനില്‍ നിന്നുള്ള വമ്പന്‍ വാഹന നിര്‍മ്മാതാക്കളില്‍ നിന്ന് നിക്ഷേപം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഫിസ്‌കര്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ ഇത് ഫലം കണ്ടില്ല. കരുതല്‍ ധനം ലിക്വിഡേഷന്‍ കാരണം കമ്പനി ഇപ്പോള്‍ യുഎസ് നിയമപ്രകാരം പാപ്പരായി പ്രഖ്യാപിച്ചിരിക്കുകയാണ്. തല്‍ഫലമായി ഫിസ്‌കര്‍ കമ്പനിയുടെ ആസ്തികള്‍ വില്‍ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.

500 മില്യണ്‍ ഡോളറിനും 1 ബില്യണ്‍ യുഎസ് ഡോളറിനും ഇടയിലാണ് ഫിസ്‌കറിന്റെ ആസ്തി കണക്കാക്കുന്ന്. ഫിസ്‌കറിന് 100 മില്യണ്‍ ഡോളര്‍ മുതല്‍ 500 മില്യണ്‍ ഡോളര്‍ വരെ കടമുണ്ടെന്ന് പറയപ്പെടുന്നു. കമ്പനിക്ക് 200 മുതല്‍ 999 വരെ വായ്പക്കാരുണ്ട്. വിഷയത്തില്‍ അമേരിക്കയിലെ ഓട്ടോമൊബൈല്‍ സേഫ്റ്റി റെഗുലേറ്ററി കമ്മീഷന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 2023-ലാണ് ഫിസ്‌കര്‍ സ്ഥാപിതമായത്. കമ്പനി ഇതുവരെ 10,000 വാഹനങ്ങള്‍ നിര്‍മ്മിച്ചു. പ്രതീക്ഷിച്ചതിനേക്കാള്‍ വളരെ കുറവായിരുന്നു ഇത്.
എന്നാല്‍ 4200 കാറുകള്‍ മാത്രമാണ് വിതരണം ചെയ്യാന്‍ സാധിച്ചത്. കഴിഞ്ഞ ഫെബ്രുവരി മുതല്‍ തന്നെ പ്രതിസന്ധികള്‍ നേരിടാന്‍ തുടങ്ങിയതോടെ ഇവി നിര്‍മാണം കമ്പനി താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയായിരുന്നു. പ്രമുഖ വാഹന നിര്‍മ്മാതാവില്‍ നിന്ന് നിക്ഷേപം സ്വീകരിച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് കരുതിയെങ്കിലും അത് നടക്കാതെ വന്നതോടെയാണ് പാപ്പരായതായി പ്രഖ്യാപിക്കേണ്ടി വന്നത്. കമ്പനിയിലെ 15 ശതമാനം ജീവനക്കാരെ നേരത്തെ പിരിച്ചുവിട്ടിരുന്നു. മറ്റ് തൊഴിലാളികളുടെ ഭാവി എന്താണെന്ന് വ്യക്തമല്ല.

ഏതായാലും ഇതു സംബന്ധിച്ച അറിയിപ്പുകള്‍ കമ്പനി ഭാവിയില്‍ പുറത്ത് വിടുമെന്ന് പ്രതീക്ഷിക്കാം. നിലവിലെ സാഹചര്യം അനുസരിച്ച് കമ്പനിയുടെ എല്ലാ ആസ്തികളും ലിക്വിഡേറ്റ് ചെയ്യാനാണ് തീരുമാനം. ഇന്ത്യന്‍ ഓട്ടോമൊബൈല്‍ ഇന്‍ഡസ്ട്രിയില്‍ ഫിസ്‌കറിന് വലിയ പദ്ധതികളുണ്ടായിരുന്നു. വളരുന്ന ഇവി വിപണിയില്‍ ഒരു പുതിയ ബ്രാന്‍ഡ് എന്ന നിലയില്‍ തങ്ങളെ മികച്ച രീതിയില്‍ അടയാളപ്പെടുത്താന്‍ പറ്റുമെന്ന് അവര്‍ ചിന്തിച്ചു. ഫിസ്‌കര്‍ പോലെ വിദേശ കമ്പനികളുടെ വരവ് ഇന്ത്യന്‍ ഇവി വിപണിയെ കൂടുതല്‍ ഉത്തേജിപ്പിക്കുമെന്നും കരുതിയിരുന്നു.


Click it and Unblock the Notifications








