ഈ ഹൈവേയിലൂടെ പോയാല്‍ ജാംനഗറിലല്ല മരണത്തിലേക്കാണ് എത്തുകയെന്ന് പൗരന്‍! കോണ്‍ട്രാക്ടര്‍ക്ക് 50 ലക്ഷം പിഴ
നിതിന്‍ ഗഡ്കരി കേന്ദ്ര ഗതാഗത-ഹൈവേ വകുപ്പ് മന്ത്രിയായതിന് ശേഷം രാജ്യത്തെ റോഡ് ശൃംഖല വലിയ പുരോഗതി നേടിയിട്ടുണ്ട്. പുതിയ എക്സ്പ്രസ് വേകള്‍ സൃഷ്ടിച്ചും നിലവിലുള്ള ദേശീയ പാതകള്‍ വീതി കൂട്ടിയും റോഡ് അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനുള്ള പ്രവര്‍ത്തികള്‍ക്ക് അദ്ദേഹം ചുക്കാന്‍ പിടിക്കുന്നു. സര്‍ക്കാറുകള്‍ എത്ര കണ്ട് ഉണര്‍ന്ന് പ്രവര്‍ത്തിച്ചാലും റോഡ് നിര്‍മാണത്തിന്റെ നിലവാരം കുറഞ്ഞാല്‍ പൊതുജനങ്ങള്‍ അത് കണ്ട് വെറുതെയിരിക്കില്ല. പ്രത്യേകിച്ച് സോഷ്യല്‍ മീഡിയക്ക് ഇത്രകണ്ട് സ്വാധീനമുള്ള ഇന്നത്തെ കാലത്ത്. യാത്രക്കാര്‍ക്ക് വേഗമേറിയതും കാര്യക്ഷമവുമായ റൂട്ട് നല്‍കാനുള്ള ഉദ്ദേശം മുന്‍നിര്‍ത്തിയാണ് അടുത്തിടെ അമൃത്സര്‍-ജാംനഗര്‍ എക്സ്പ്രസ് വേയുടെ പ്രവര്‍ത്തനക്ഷമമായ ഒരു ഭാഗംപൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്.
എന്നാല്‍ നിര്‍മിച്ച് ഏതാനും മാസങ്ങള്‍ പിന്നിടും മുമ്പേ തകര്‍ന്ന റോഡിനെ കുറിച്ച് വ്യാപകമായ പരാതി ഉയര്‍ന്നിരിക്കുകയാണ്. അമൃത്‌സര്‍-ജാംനഗര്‍ എക്സ്പ്രസ് വേയിലെ അപകടകരമായ കുഴികളും ഗര്‍ത്തങ്ങളും വെളിപ്പെടുത്തുന്ന ഒരു വീഡിയോ ആയുഷ്മാന്‍ എന്ന ഉപയോക്താവ് മൈക്രോബ്ലോഗിംഗ് സൈറ്റായ എക്‌സില്‍ പങ്കുവെച്ചത് വലിയ ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ടിരിക്കുകയാണ്. വാഹനയാത്രികരെ അപകടത്തിലാക്കുന്ന വലിയ കുഴികള്‍ രൂപപ്പെട്ട റോഡിന്റെ ശോചനീയാവസ്ഥ എടുത്ത് കാണിക്കുന്നതാണ് ഈ വീഡിയോ.

മണിക്കൂറില്‍ 100 കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന അതിവേഗ പാതയിലെ കേടുപാടുകള്‍ പ്രത്യേകിച്ചും ഭയാനകമാണെന്ന് പറയേണ്ടതില്ലെല്ലോ. ഉയര്‍ന്ന വേഗത പരിധിയുള്ള ഇത്തരം പാതകളില്‍ കുഴികളും ഗട്ടറുകളും നേരിടുന്നത് വലിയ അപകടങ്ങള്‍ക്ക് കാരണമാകും. അമൃത്സര്‍-ജാംനഗര്‍ എക്സ്പ്രസ്വേയുടെ ഈ ഭാഗം സൂക്ഷ്മപരിശോധനയിലാണ്. എക്‌സ്പ്രസ് ഹൈവേ ഭാഗികമായി മാത്രമേ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തിട്ടുള്ളൂ. എന്നതിനാല്‍ ഈ ഭാഗത്ത് നിന്ന് ചിത്രീകരിച്ചിരിക്കുന്നതാണ് വീഡിയോ എന്ന് മനസ്സിലാക്കാം.
ഏതായാലും റോഡിന്റെ ശോച്യാവസ്ഥ ശ്രദ്ധയില്‍ പെട്ട ഹൈവേ, റോഡ് ഗതാഗത മന്ത്രാലയം (MoRTH) ഉടനടി നടപടി സ്വീകരിച്ചിട്ടുണ്ട്. അമൃത്സര്‍-ജാംനഗര്‍ എക്സ്പ്രസ്വേയുടെ നാശനഷ്ടം സംഭവിച്ച ഭാഗത്തിന്റെ നിര്‍മാണത്തിന്റെ ചുമതലയുള്ള കരാറുകാരന് 50 ലക്ഷം രൂപ പിഴ ചുമത്തി. ഒരാഴ്ചയ്ക്കുള്ളില്‍ ഇത്തരത്തില്‍ രണ്ടാം തവണയാണ് പിഴ ചുമത്തുന്നത് എന്നതിനാല്‍ അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കുന്ന കാര്യത്തില്‍ സര്‍ക്കാരിന്റെ നിലപാട് എടുത്തുകാണിക്കുന്നു.

'അമൃത്‌സര്‍-ജാംനഗര്‍ എക്സ്പ്രസ്വേ ജാംനഗറിന് പകരം മരണത്തിലേക്കാണ് നിങ്ങളെ കൊണ്ടെത്തിക്കുക. ഇതാണ് പുതിയ എക്സ്പ്രസ് വേയുടെ അവസ്ഥ. റോഡിന്റെ ഗുണനിലവാരം വളരെ മോശമാണ്. രണ്ട് മാസത്തിനുള്ളില്‍ മരണത്തെ മുഖാമുഖം കണ്ട നിരവധി അനുഭവങ്ങള്‍ ഉണ്ടായി. കാരണം ഇവിടെ വേഗത പരിധി 100 കി.മീ ആണ് ' ആയുഷ്മാന്‍ എക്‌സില്‍ കുറിച്ചു. ഉയര്‍ന്ന വേഗപരിധിയില്‍ കുഴികള്‍ വെട്ടിക്കുമ്പോള്‍ ഉണ്ടാകാനിടയുളള അപകടങ്ങളെ കുറിച്ചാണ് പോസ്റ്റ് സൂചിപ്പിക്കുന്നത്.
എക്‌സ്പ്രസ് വേയുടെ നിലവിലെ അവസ്ഥ സൃഷ്ടിക്കുന്ന അപകടങ്ങളെയും അടിയന്തിര അറ്റകുറ്റപ്പണികളുടെ ആവശ്യകതും അദ്ദേഹം എടുത്തുകാണിക്കുന്നു. പോസ്റ്റിന്റെ കീഴില്‍ കമന്റുകളും നിറയുന്നുണ്ട്. കുണ്ടും കുഴിയും നിറഞ്ഞ റോഡുകള്‍ക്ക് ടോള്‍ ഈടാക്കുന്ന വിരോധാഭാസവും നെറ്റിസണ്‍സ് ചൂണ്ടിക്കാണിക്കുന്നു. റോഡുകളുടെ ഗുണനിലവാരം, ഉത്തരവാദിത്തം, അറ്റകുറ്റപ്പണി എന്നിവയെക്കാള്‍ ഉപരി വേഗത്തില്‍ പണിതീര്‍ത്ത് റെക്കോഡുകള്‍ തീര്‍ക്കാനാണ് സര്‍ക്കാറും കരാറുകാരും മുന്‍ഗണന നല്‍കുന്നത് എന്നാണ് നെറ്റിസണ്‍സ് വിമര്‍ശിക്കുന്നത്.
ഡല്‍ഹി-മുംബൈ എക്സ്പ്രസ് വേയുടെ വഡോദര-ബറൂച്ച് സെക്ഷന്‍ അടക്കം പുതുതായി നിര്‍മ്മിച്ച മറ്റ ചില എക്സ്പ്രസ് വേകളെക്കുറിച്ചും സമാനമായ രീതിയില്‍ പരാതികള്‍ ഉയര്‍ന്നിരുന്നു. ഈ സംഭവങ്ങള്‍ ഈ പ്രധാന പദ്ധതികളിലെ നിക്ഷേപത്തിന്റെ ഫലപ്രാപ്തിയെ ചോദ്യം ചെയ്യുന്നു.അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ കാര്യത്തില്‍ സുരക്ഷയും ഈടും ഉറപ്പാക്കുന്നതിനുപകരം റെക്കോര്‍ഡുകള്‍ നേടുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നാണ് വിമര്‍ശനം.
കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ ഉത്തരേന്ത്യയുടെ പല ഭാഗങ്ങളിലും ശക്തമായ മഴ പെയ്തിരുന്നു. ഇത് ടാറിംഗിന് താഴെ മണ്ണൊലിച്ച് പോകാന്‍ ഇടയാക്കുകയും വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെടുന്നതിന് കാരണമാവുകയും ചെയ്തു. കാലാവസ്ഥ മോശമാകുന്നത് കാരണമായി പറയാമെങ്കിലും ഇതിനെ മറികടക്കാന്‍ കൂടുതല്‍ കരുത്തുറ്റ നിര്‍മ്മാണവും അറ്റകുറ്റപ്പണികളും ആവശ്യമാണ്.
അമൃത്‌സര്‍-ജാംനഗര്‍ എക്സ്പ്രസ്വേ സെഗ്മെന്റിന്റെ ഉത്തരവാദിത്തമുള്ള കരാറുകാരനില്‍ നിന്ന് കനത്ത പിഴ ചുമത്തുന്നത് റോഡ് നിര്‍മ്മാണത്തിലും അറ്റകുറ്റപ്പണികളിലും ഉയര്‍ന്ന നിലവാരം പുലര്‍ത്തേണ്ടതിന്റെ പ്രാധാന്യത്തെ ഓര്‍മ്മിപ്പിക്കുന്നു. എല്ലാ റോഡ് ഉപഭോക്താക്കള്‍ക്കും സുരക്ഷിതത്വവും ഈടും ഉറപ്പുനല്‍കുന്ന റോഡുകള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാന്‍ തുടര്‍ച്ചയായ മേല്‍നോട്ടത്തിന്റെ ആവശ്യകത ഇത് എടുത്തുകാണിക്കുന്നു. ഇതുപോലെ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചാല്‍ മാത്രമേ അധികാരികള്‍ കണ്ണുതുറക്കൂ.


Click it and Unblock the Notifications








