ഹോ കളഞ്ഞല്ലോ കഞ്ഞിക്കലം! ജാഗ്വറിന് പിന്നാലെ ലോഗോ മാറ്റവുമായി ഔഡിയും, ഇനി മുന്നിൽ വളയമില്ല
കാലത്തിന് അനുസരിച്ച് കോലം മാറണമെന്നാണല്ലോ പ്രമാണം. എന്നാൽ മാറുന്ന കോലം വലിയ ഭംഗി ഇല്ലാതെ വന്നാലോ അത് കഷ്ടം തന്നെയാണ്. അത്തരത്തിലൊരു അബദ്ധത്തിൽപ്പെട്ടവരുടെ എണ്ണം രണ്ടായിരിക്കുകയാണ്. പറഞ്ഞു വരുന്നത് ലോകോത്തര വാഹന നിർമാതാക്കളായ ജാഗ്വറിൻ്റേയും ഔഡിയുടേയും കാര്യമാണ് കേട്ടോ. രണ്ട് ബ്രാൻഡുകളും തങ്ങളുടെ ഐക്കണിക്ക് ലോഗോകളാണ് മാറ്റിയത്. ജാഗ്വറിന് പിന്നാലെ ഔഡി ചൈനയിൽ തങ്ങളുടെ പ്രശസ്തമായ നാല് വളയം ലോഗോ ആണ് മാറ്റിയിരിക്കുന്നത്. ഔഡി എന്തുകൊണ്ടാണ് ഇത് ചെയ്തത്, വളരെ തെറ്റായ നീക്കം എന്നിങ്ങനെ നീളുകയാണ് ആരാധകരുടേയും വാഹനപ്രേമികളുടേയും കമൻ്റുകൾ. ഔഡിയുടെ ലോഗോ മാറ്റത്തിൻ്റെ കൂടുതൽ വിവരങ്ങൾ അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.
1930 മുതൽ ഔഡി കാറുകളുടെ ലോഗോ ആയിരുന്നു നാല് വളയങ്ങൾ.ഈ മാസം ആദ്യം ഷാങ്ഹായിൽ പ്രദർശിപ്പിച്ച പുതിയ ഇ കൺസെപ്റ്റ് ഇലക്ട്രിക് സ്‌പോർട്‌ബാക്കിൽ ഔഡി തങ്ങളുടെ ലോഗോ നൽകിയില്ല. അതിന് പകരം മുൻവശത്ത് വലിയക്ഷരത്തിൽ 'AUDI' എന്ന് മാത്രമാണ് നൽകിയിരിക്കുന്നത്. ജാഗ്വറിൻ്റെ പുതിയ ലോഗോ സോഷ്യൽ മീഡിയയിൽ വലിയ കോളിളക്കം സൃഷ്ടിച്ച സമയത്താണ് ഇത് സംഭവിക്കുന്നത് എന്നതാണ് പ്രത്യേകത.

ചൈനീസ് വാഹന വിപണിയിലെ യുവാക്കളെ കൈയിലെടുക്കുക എന്നതാണ് പുതിയ ലോഗോ മാറ്റം കൊണ്ട് ഔഡി പദ്ധതിയിട്ടിരിക്കുന്നത്. അതിന് വേണ്ടി ചൈനീസ് വാഹന നിർമാതാക്കളായ SAIC-യുമായി സഹകരിച്ച് ഇലക്ട്രിക് വാഹനങ്ങൾ വികസിപ്പിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. ചൈന അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ മാനുഫാക്‌ചേഴ്‌സ് പുറത്ത് വിട്ട കണക്കുകൾ പ്രകാരം 2024-ലെ ആദ്യത്തെ ഒമ്പത് മാസങ്ങളിൽ 15,000-ൽ താഴെ ഇവികളാണ് ഔഡി ചൈനീസ് വിപണിയിൽ വിറ്റഴിച്ചത്.
ഇന്ത്യയിലെ ഔഡിയുടെ വാർത്തകളിലേക്ക് വന്നാൽ തങ്ങളുടെ മോഡൽ നിരയിലേക്ക് 2025 മോഡൽ Q7 ഫെയ്‌സ്‌ലിഫ്റ്റ് പുറത്തിറക്കാൻ ഒരുങ്ങുകയാണ്. ലക്ഷ്വറി എസ്‌യുവിക്കായുള്ള ഔദ്യോഗിക ബുക്കിംഗും കമ്പനി ആരംഭിച്ചിട്ടുണ്ട്. താത്പര്യമുള്ള ഉപഭോക്താക്കൾക്ക് 2 ലക്ഷം രൂപ ടോക്കൺ തുക നൽകി Q7 ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിൽ പ്രീ-ബുക്ക് ചെയ്‌തിടാം. 2025 മോഡൽ ഔഡി Q7 കമ്പനിയുടെ ഔറംഗബാദ് പ്ലാൻ്റിൽ പ്രാദേശികമായാണ് നിർമിക്കുക. നവംബർ 28-നാണ് എസ്‌യുവിയുടെ അവതരണത്തിനായി തീയതി കുറിച്ചിരിക്കുന്നത്.

നിലവിലെ ഔഡി Q7 എസ്‌യുവിക്ക് തെരഞ്ഞെടുക്കുന്ന വേരിയൻ്റിനെ ആശ്രയിച്ച് 88.6 ലക്ഷം മുതൽ 97.8 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. പുതിയ ഫെയ്‌സ്‌ലിഫ്റ്റ് മോഡലിൽ വരുത്തിയ അപ്‌ഡേറ്റുകൾ കണക്കിലെടുത്ത് വരാനിരിക്കുന്ന Q7 വിലയുടെ കാര്യത്തിൽ കുറച്ചുകൂടി റിച്ചായിരിക്കും. ഡിസൈനിലേക്ക് നോക്കിയാൽ മുൻഗാമിയുടെ അതേ രൂപഘടന തന്നെയായിരിക്കും ഉണ്ടായിരിക്കുക.
പക്ഷേ സൂക്ഷിച്ച് നോക്കിയാൽ പല പരിഷ്ക്കാരങ്ങളും കാണാനും സാധിക്കും. അതിൽ റീഡിസൈൻ ചെയ്‌ത മുൻവശമായിരിക്കും ഏറ്റവും ശ്രദ്ധേയം. നിലവിലെ മോഡലിലെ തിരശ്ചീന സ്ലാറ്റുകൾക്ക് പകരമായി ഒക്ടഗണൽ ഫ്രണ്ട് ഗ്രില്ലാണ് പ്രധാന ആകർഷണം. ഗ്രില്ലിലെ പുതിയതും വലുതുമായ മെഷിന് സാറ്റിൻ സിൽവർ ഫിനിഷ് കമ്പനി കൊടുത്തിരിക്കുന്നത് പ്രീമിയംനെസ് ഉയർത്താൻ സഹായിച്ചിട്ടുണ്ട്.
3.0 ലിറ്റർ V6 ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് പുതിയ Q7 എസ്‌യുവിയുടെ ഹൃദയം. 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി വരുന്ന എഞ്ചിന് 335 bhp പവറിൽ പരമാവധി 500 Nm torque വരെ നൽകാനാവും. മെച്ചപ്പെട്ട കാര്യക്ഷമതയ്ക്കായി 48-വോൾട്ട് മൈൽഡ്-ഹൈബ്രിഡ് സിസ്റ്റവുമായി പെട്രോൾ എഞ്ചിൻ ജോടിയാക്കിയിട്ടുമുണ്ട്. പെർഫോമൻസിലേക്ക് നോക്കിയാൽ 5.6 സെക്കൻഡിനുള്ളിൽ 0 മുതൽ 100 kmph വരെ വേഗത കൈവരിക്കാനും പരമാവധി 250 കി.മീ. വേഗത കൈവരിക്കാനും വണ്ടിക്കാവും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications