കർവ്വിന് മുമ്പ് കളം പിടിക്കാൻ ബസാൾട്ട് നാളെ എത്തും; സിട്രൺ എസ്‌യുവിയുടെ പ്രധാന സവിശേഷതകൾ ഇവയൊക്കെ
അങ്ങനെ അസാൾട്ട് ലുക്കിൽ ബസാൾട്ട് എസ്‌യുവി കൂപ്പെയെ ഫ്രഞ്ച് വാഹന നിർമ്മാതാക്കളായ സിട്രൺ നാളെ ആഭ്യന്തര വിപണിയിൽ വെളിപ്പെടുത്താൻ ഒരുങ്ങിയിരിക്കുകയാണ്. വാഹനത്തിൻ്റെ വിലയും PSA ഗ്രൂപ്പ് ഉടൻ പുറത്തുവിടും. C3, eC3, C3 എയർക്രോസ്, C5 എയർക്രോസ് എന്നിവയ്ക്ക് ശേഷം ഇന്ത്യൻ വിപണിയിലെ ബ്രാൻഡിൽ നിന്നുള്ള അഞ്ചാമത്തെ മോഡലാണ് ബസാൾട്ട് എന്ന് ശ്രദ്ധേയമാണ്. കൂടുതൽ പ്രീമിയം ഓഫറായ ഇത് ബ്രാൻഡിന്റെ മോഡൽ നിരയിൽ C3 എയർക്രോസിന് മുകളിലായിരിക്കും സ്ഥാനം പിടിക്കുക. ഫ്രഞ്ച് നിർമ്മാതാക്കളുടെ ഇന്ത്യയിലെ ആദ്യത്തെ എസ്‌യുവി കൂപ്പെ മോഡൽ കൂടിയാണിത്.
പുതിയ മിഡ് സൈസ് എസ്‌യുവി കൂപ്പെ സെഗ്മെന്റ് തുറക്കുന്നതിനൊപ്പം വരാനിരിക്കുന്ന ടാറ്റ കർവ്വുമായി ഇത് മുഖാമുഖം മത്സരിക്കും. ഈയിടെ ബസാൾട്ടിൻ്റെ മറവുകൾ ഒന്നുമില്ലാത്ത ചിത്രങ്ങൾ പുറത്തു വന്നിരുന്നു, C3 കോംപാക്ട് ഹാച്ച്‌ബാക്കിലും C3 എയർക്രോസ് മിഡ് സൈസ് എസ്‌യുവിയിലും നാം ഇതിനകം കണ്ടതിനേക്കാൾ കൂടുതൽ സവിശേഷതകൾ ബസാൾട്ടിൻ്റെ ഇൻ്റീരിയർ ഉൾക്കൊള്ളുന്നു.

C3, C3 എയർക്രോസ് എന്നീ മോഡലുകൾക്ക് വളരെ മത്സരാധിഷ്ഠിത വില ഉണ്ടായിരുന്നിട്ടും ചില അടിസ്ഥാന സവിശേഷതകളുടെ അഭാവത്തിൽ ഒത്തിയധികം വിമർശിക്കപ്പെട്ടവയാണ്. ഫ്ലോർ മൗണ്ടഡ് റിയർ എയർ കണ്ടീഷനിംഗ് വെൻ്റുകൾ, ഷാർക്ക് ഫിൻ ആൻ്റിന, ORVM -കൾക്കുള്ള ഇലക്ട്രിക് റിട്രാക്റ്റ് ഫംഗ്ഷൻ, റിയർ ഡോർ പവർ വിൻഡോ ബട്ടണുകൾ എന്നിവ സിട്രൺ ബസാൾട്ടിന് ലഭിക്കും എന്ന് പുറത്തുവന്ന ടീസറുകളിൽ നിന്ന് വളരെ വ്യക്തമാണ്.
എന്നിരുന്നാലും, മോഡേൺ കസ്റ്റമർ ആഗ്രഹിക്കുന്ന ട്രെൻഡി ഫീച്ചറുകളിൽ ഒന്ന് ഈ ഫൈവ് സീറ്ററിന് ലഭിക്കുന്നില്ല, അതേ സൺറൂഫും കീലെസ് ഇഗ്നിഷനും ഇതിൽ ലഭ്യമാകില്ല. ഇന്റേണൽ റിയർവ്യൂ മിററിന് മാനുവൽ ഡേ/നൈറ്റ് ഫംഗ്‌ഷൻ മാത്രമേ ഉണ്ടായിരിക്കൂ. വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, ഓൾ -ഡിജിറ്റൽ ഇൻസ്ട്രുമെൻ്റേഷൻ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ എന്നിവയുള്ള വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെൻ്റ് സിസ്റ്റവുമായിട്ടാണ് ഇത് വരുന്നത്.

C3, C3 എയർക്രോസ് എന്നിവയിൽ വരുന്ന അതേ CMP പ്ലാറ്റ്‌ഫോമിലാണ് സിട്രൺ ബസാൾട്ടും നിർമ്മിച്ചിരിക്കുന്നത്, ഈ പ്ലാറ്റ്ഫോം വളരെയധികം പ്രാദേശികവൽക്കരിക്കപ്പെട്ടതാണ്. അതിനാൽ, ഇതിന് മത്സരാധിഷ്ഠിതമായ ഒരു വില നിർണ്ണയം നമുക്ക് പ്രതീക്ഷിക്കാം. ഏകദേശം 13 ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്ക്ക് വാഹനം വിപണിയിൽ എത്തിയേക്കാം.
നമുക്ക് ഏവർക്കും വളരെ പരിചിതമായ 1.2 ലിറ്റർ ടർബോ ത്രീ -സിലിണ്ടർ പെട്രോൾ എഞ്ചിൻ ഇതിൽ നിർമ്മാതാക്കൾ സജ്ജീകരിച്ചിരിക്കുന്നു, എഞ്ചിൻ യൂണിറ്റ് പരമാവധി 110 PS പവർ ഔട്ട്പുട്ടും 205 Nm പീക്ക് ടോർക്കും പുറപ്പെടുവിക്കും. ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് യൂണിറ്റുമായി പവർട്രെയിൻ കണക്ട് ചെയ്തിരിക്കും.

കൂടാതെ സിട്രൺ ബസാൾട്ടിന് അധികം താമസിയാതെ തന്നെ സമീപഭാവിയിൽ ഒരു ഇലക്ട്രിക് വേരിയൻ്റ് കൂടെ കമ്പനി രൂപം നൽകുമെന്ന് പ്രതീക്ഷിക്കുന്നു, മറ്റ് മോഡലുകളിലേതു പോലെ ബ്രാൻഡ് അതിൻ്റെ സിഗ്നേച്ചർ കംഫർട്ട് ഫീച്ചർ ഇതിലും ഊന്നിപ്പറയും. ഇതുവരെ PSA ഗ്രൂപ്പിനു കീഴിലുള്ള സിട്രൺ ഇവിടെ എത്തിച്ച മോഡൽ പോലെ അല്ല ബസാൾട്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യൻ വിപണിയെ പഠിച്ചതിന് ശേഷം സിട്രൺ ഇന്ത്യയെ ഫോക്കസ് ചെയ്ത് ഇറക്കുന്ന മോഡലാണിത്.
അതിനാൽ തന്നെ ഈ കൂപ്പെ എസ്‌യുവി മോഡൽ എങ്ങനെയുണ്ട് എന്ന് അറിയാൻ ഇന്ത്യൻ വിപണി ആകാംഷയോടെ കാത്തിരിക്കുകയാണ്. ഇത് ഒരു തരത്തിൽ ഇന്ത്യൻ വിപണിയിൽ സിട്രണിന്റെ ഒരു നിർണ്ണായക മോഡൽ ആയിരിക്കും എന്നതും ശ്രദ്ധിക്കേണ്ടതാണ്. ഇതിൽ ക്ലിക്ക് ആയാൽ സിട്രണ് ഒരു തിരിഞ്ഞു നോട്ടം ആവശ്യമില്ല, എന്നാൽ മറിച്ചാണ് എങ്കിൽ കാര്യങ്ങൾ അല്പം കുഴയും.


Click it and Unblock the Notifications








