കാശ് പൊട്ടി കീശ കീറും എന്ന പേടി വേണ്ട; മൈലേജ് പ്രേമികൾക്കായി കിടിലൻ CNG എസ്‌യുവികൾ
ഇന്ധന വില കഴിഞ്ഞ കുറച്ചു വർഷങ്ങളായി റോക്കറ്റിൽ കയറി പറക്കുന്ന ഒരു പ്രതീതിയാണ് നാം അനുഭവിച്ചു വരുന്നത്. അതിനാൽ തന്നെ ജീവിതത്തിന്റെ രണ്ട് അറ്റങ്ങൾ കൂട്ടിമുട്ടിക്കാൻ ഓടുന്ന സാധാരക്കാരൻ പോക്കറ്റിൽ ഒരല്പ്പം മിച്ചം പിടിക്കാനായി പല മാർഗങ്ങളും തേടുന്ന അവസ്ഥയാണ്. അങ്ങനെയിരിക്കെയാണ് CNG -യിലേക്ക് ശ്രദ്ധ എത്തുന്നത്.
അങ്ങനെ CNG വാഹനങ്ങളുടെ ഡിമാൻഡ് വൻ തോതിൽ വർധിക്കാൻ ഇടയായി. പെട്രോൾ, ഡീസൽ മോഡലുകളെ അപേക്ഷിച്ച് CNG കാറുകൾ ഓടിക്കുന്നത് ചെലവുകുറഞ്ഞതാണെന്ന് മാത്രമല്ല, പരിസ്ഥിതി സൗഹൃദവുമാണ് എന്നൊരു പ്ലസ് പോയിന്റും കൂടെയുണ്ട്. അങ്ങനെ ചെലവി ചുരുക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ ജനതയുടെ പ്രീതി CNG നേടിയതോടെ പല പ്രമുഖ വാഹന നിർമ്മാതാക്കളുടേയും കണ്ണ് ഇവിടേക്കായി എന്നതാണ് സത്യം.

അത് അല്ലേലും അങ്ങനെയാവണമല്ലോ...എവിടെയാണോ ഡിമാൻഡ് അവിടേക്ക് ചായുന്നതാണ് ബുദ്ധി. അങ്ങനെ മോഡൽ നിരയിൽ CNG മോഡലുകളെ കൂടുതലായി അവതരിപ്പിക്കാൻ ബ്രാൻഡുകൾ ആരംഭിച്ചു. കുറച്ച് വർഷങ്ങൾക്ക് മുമ്പുള്ള രീതി അനുസരിച്ച് CNG എന്നത് മിക്കവാറും ബേസ് മോഡലിൽ മാത്രമാണ് വന്നിരുന്നത് എന്നാൽ ഇപ്പോൾ കാര്യങ്ങൾ വ്യത്യസ്തമാണ്. പിന്നെ ഇന്ത്യൻ വിപണിയിലെ നിലവിലെ ട്രെന്റ് എസ്‌യുവികളാണ്. അതിനാൽ 2024 മാർച്ചിൽ ഇന്ത്യയിൽ ലഭ്യമായ ഏറ്റവും താങ്ങാനാവുന്ന CNG എസ്‌യുവികൾ ഏതെല്ലാം എന്ന് നോക്കാം.
1. ഹ്യുണ്ടായി എക്‌സ്‌റ്റർ CNG: 2024 മാർച്ചിൽ ഇന്ത്യയിൽ ലഭ്യമായ ഏറ്റവും താങ്ങാനാവുന്ന CNG എസ്‌യുവി എന്നത് ഹ്യുണ്ടായി എക്‌സ്‌റ്ററാണ്. 6.43 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയ്ക്കാണ് ഇത് വരുന്നത്. കൊറിയൻ ബ്രാൻഡിന്റെ ചെറു എസ്‌യുവി 1.2 ലിറ്റർ പെട്രോൾ എഞ്ചിനാണ് ഉപയോഗിക്കുന്നത്.

69 bhp മാക്സ് പവറും 95 Nm പീക്ക് torque ഉം ഈ എഞ്ചിൻ യൂണിറ്റ് ഉത്പാദിപ്പിക്കുന്നു. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സിൽ മാത്രമേ എക്‌സ്‌റ്റർ CNG ലഭ്യമാകൂ എന്നത് ശ്രദ്ധിക്കണം. കിലോഗ്രാമിന് 27.10 കിലോമീറ്റർ മൈലേജാണ് കമ്പനി ഇതിന് അവകാശപ്പെടുന്നത്.
2. ടാറ്റ പഞ്ച് CNG: പരമ്പരാഗത CNG സിലിണ്ടറിനെ അപേക്ഷിച്ച് ബൂട്ടിൽ കൂടുതൽ സ്പെയ്സ് സൃഷ്ടിക്കാൻ സഹായിക്കുന്ന ടാറ്റ മോട്ടോഴ്സിൻ്റെ വിപ്ലവകരമായ ഡ്യുവൽ സിലിണ്ടർ സാങ്കേതികവിദ്യയാണ് പഞ്ച് CNG ഉപയോഗിക്കുന്നത്. ഇത് ഒരു വമ്പൻ പ്ലസ് പോയിന്റാണ്. CNG മോഡലിന് ബൂട്ട് സ്പെയ്സ് ഇല്ല എന്ന കുറ്റം ഇത് തീർക്കുന്നു.

7.23 ലക്ഷം രൂപ മുതൽ പ്രാരംഭ വിലയ്ക്ക് എത്തുന്ന ടാറ്റ പഞ്ച് CNG ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന രണ്ടാമത്തെ CNG എസ്‌യുവി മോഡലാണ്. വാഹനത്തിന് 1.2 ലിറ്റർ, ത്രീ സിലിണ്ടർ പെട്രോൾ എഞ്ചിൻ ലഭിക്കുന്നു. യൂണിറ്റ് CNG മോഡിൽ 73.5 bhp പവറും 103 Nm torque ഉം നൽകുന്നു.
3. മാരുതി സുസുക്കി ഫ്രോങ്ക്സ് CNG : 77.5 bhp മാക്സ് പവറും 98.5 Nm പീക്ക് torque ഉം സൃഷ്ടിക്കുന്ന 1.2 ലിറ്റർ പെട്രോൾ എഞ്ചിനാണ് മാരുതി സുസുക്കി ഫ്രോങ്ക്സ് CNG -ൽ ഉപയോഗിക്കുന്നത്. CNG പതിപ്പിന് അഞ്ച് സ്പീഡ് മാനുവൽ ഓപ്ഷൻ മാത്രമേ വാഗ്ദാനം ചെയ്യുന്നുള്ളൂ.

കൂപ്പെ ടൈപ്പ് എസ്‌യുവി കിലോഗ്രാമിന് 28.51 കിലോമീറ്റർ മൈലേജ് വാഗ്ദാനം ചെയ്യും എന്നാണ് ഇന്തോ ജാപ്പനീസ് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്. 8.46 ലക്ഷം രൂപ മുതൽ പ്രാരംഭ വിലയിൽ എൻട്രി ലെവൽ സിഗ്മ വേരിയൻ്റിലും മിഡ് സ്പെക്ക് ഡെൽറ്റ വേരിയന്റിലും മാരുതി ഫ്രോങ്ക്സ് CNG നമുക്ക് സ്വന്തമാക്കാം.
4. മാരുതി സുസുക്കി ബ്രെസ CNG: വളരെ ജനപ്രിയമായ മറ്റൊരു മാരുതി സുസുക്കി എസ്‌യുവിയാണ് ബ്രെസ. വാഹനത്തിൻ്റെ 1.5 ലിറ്റർ, ഫോർ സിലിണ്ടർ പെട്രോൾ എഞ്ചിൻ ഫാക്ടറി ഫിറ്റഡ് CNG ഓപ്ഷനിൽ ലഭ്യമാണ്. CNG മോഡിൽ, ഈ പവർട്രെയിൻ 88 bhp കരുത്തും 121.5 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

ബ്രെസ CNG -ക്ക് അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സ് ഓപ്ഷൻ സ്റ്റാൻഡേർഡായി ലഭിക്കുന്നു, കൂടാതെ കിലോഗ്രാമിന് 25.51 കിലോമീറ്റർ എന്ന മൈലേജും കമ്പനി അവകാശപ്പെടുന്നു. 9.29 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വില മുതൽ ഈ മോഡൽ നിലവിൽ വിപണിയിൽ ലഭ്യമാണ്.
5. മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര CNG: മാരുതി സുസുക്കി മുൻനിര മോഡലുകളിൽ ഒന്നായ ഗ്രാൻഡ് വിറ്റാരയും ഫാക്ടറിയിൽ നിന്നുള്ള CNG കിറ്റിനൊപ്പം ഇപ്പോൾ ലഭ്യമാണ്. ഡെൽറ്റ, സീറ്റ എന്നിങ്ങനെ ഗ്രാൻഡ് വിറ്റാരയുടെ രണ്ട് വേരിയൻ്റുകളിൽ മാരുതി സുസുക്കി ഒരു CNG ഓപ്‌ഷൻ വാഗ്ദാനം ചെയ്യുന്നു.

13.15 ലക്ഷം രൂപ മുതൽ ഇതിന്റെ വില ആരംഭിക്കുന്നു. 1.5 ലിറ്റർ മൈൽഡ്-ഹൈബ്രിഡ് പെട്രോൾ പവർട്രെയിനാണ് മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര CNG -ക്ക് ലഭിക്കുന്നത്. 88 bhp പവറും 122 Nm torque ഉം ഉത്പാദിപ്പിക്കുന്ന മോഡൽ കിലോഗ്രാമിന് 26.60 കിലോമീറ്റർ മൈലേജ് നൽകുന്നു.
6. ടൊയോട്ട ഹൈറൈഡർ CNG: ടൊയോട്ടയുടെ അർബൻ ക്രൂയിസർ ഹൈറൈഡർ CNG മോഡൽ 13.71 ലക്ഷം രൂപ അടിസ്ഥാന വില വഹിക്കുന്ന ഇന്ത്യയിലെ ഏറ്റവും പ്രീമിയം CNG എസ്‌യുവിയാണ്. എന്നിരുന്നാലും, രാജ്യത്ത് പരിമിതമായ CNG എസ്‌യുവികളുടെ എണ്ണം കണക്കിലെടുക്കുമ്പോൾ, ഈ ലിസ്റ്റിൽ അത് സ്ഥാനം നേടുന്നു.

CNG കിറ്റ് വാഹനത്തിൻ്റെ 1.5 ലിറ്റർ മൈൽഡ്-ഹൈബ്രിഡ് പെട്രോൾ എഞ്ചിനൊപ്പം ലഭ്യമാണ്, അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സുമായി ഇത് കണക്ട് ചെയ്തിരിക്കുന്നു. പെട്രോൾ-CNG പവർട്രെയിൻ 88 bhp കരുത്തും 122 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ഗ്രാൻഡ് വിറ്റാരയുടെ അതേ മൈലേജ് കണക്കുകൾ ഇതും അവകാശപ്പെടുന്നു.


Click it and Unblock the Notifications








