കൊടുക്കുന്ന കാശിന് ഈ കാറുകൾ മുതലാണ്, സ്വിഫ്റ്റ് മുതൽ ഹ്യുണ്ടായി എക്സ്റ്റർ വരെയുണ്ടേ
ഉത്സവ സീസൺ എന്നാൽ വാഹന നിർമാതാക്കളെ സംബന്ധിച്ചിടത്തോളം ചാകരയാണ്. ഈ ഉത്സവ സീസണിൽ നിങ്ങൾ ഒരു കാർ വാങ്ങാൻ പദ്ധതിയിടുന്നുണ്ട് എങ്കിൽ നിങ്ങൾക്ക് പരിഗണിക്കാവുന്ന 10 ലക്ഷത്തിൽ താഴെയുള്ള കൊടുക്കുന്ന കാശിന് നല്ല മുതലായ കാറുകളുടെ ലിസ്റ്റ് ഒന്ന് അറിഞ്ഞു വച്ചോളു. ഈ സമയത്ത് എല്ലാ ബ്രാൻഡുകളും നിരവധി ഓഫറുകളും കിഴിവുകളും നൽകുകയും ചെയ്യും. ലിസ്റ്റിൽ ആദ്യം വരുന്നത് മാരുതി സുസുക്കി സ്വിഫ്റ്റ് തന്നെയാണ്. പുതിയ തലമുറ സ്വിഫ്റ്റ് കുറച്ച് മാസങ്ങൾക്ക് മുൻപാണ് വിപണിയിലെത്തിയത്. ഇപ്പോൾ മികച്ച വിൽപ്പനയാണ് സ്വിഫ്റ്റ് മാരുതിക്ക് നൽകുന്നത്.
LXi, VXi, VXi (O), ZXi, ZXi പ്ലസ് എന്നിങ്ങനെ അഞ്ച് വേരിയന്റുകളിൽ നാലാം തലമുറ സ്വിഫ്റ്റ് വാങ്ങാൻ സാധിക്കും. 2024 സ്വിഫ്റ്റിന്റെ ഡിസൈനിൽ പുതിയ ഫ്രണ്ട്, റിയർ ബമ്പറുകൾ, എൽഇഡി ഡിആർഎല്ലുകൾ, എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ഗ്ലോസ് ബ്ലാക്ക് ഫ്രണ്ട് ഗ്രിൽ, എൽഇഡി ഫോഗ് ലൈറ്റുകൾ, 15 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, പുതിയ എൽഇഡി ടെയിൽലൈറ്റുകൾ എന്നിവയെല്ലാമാണ് പ്രധാന സവിശേഷതകൾ.

ലസ്റ്റർ ബ്ലൂ, നോവൽ ഓറഞ്ച് എന്നിങ്ങനെ രണ്ട് പുതിയ നിറങ്ങളും കാറിലേക്ക് മാരുതി കൊണ്ടുവന്നിട്ടുണ്ട്. 2024 സ്വിഫ്റ്റിന് പുതിയ 1.2 ലിറ്റർ, ത്രീ സിലിണ്ടർ, Z സീരീസ് പെട്രോൾ എഞ്ചിനാണ് തുടിപ്പേകുന്നത്. 80 bhp പവറിൽ പരമാവധി 112 Nm torque വികസിപ്പിക്കാൻ ശേഷിയുള്ള പുതിയ ത്രീ സിലിണ്ടർ എഞ്ചിൻ 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ സ്വന്തമാക്കാനും സാധിക്കും.
അടുത്തതായി ഹ്യുണ്ടായിയുടെ മൈക്രോ എസ്‌യുവി സെഗ്മെൻ്റിൽ വരുന്ന എക്സ്റ്ററാണ്. 6 ലക്ഷം രൂപക്കടുത്ത് ബജറ്റില്‍ മികച്ച സേഫ്റ്റി, ഫീച്ചറുകള്‍, മൈലേജ് എന്നിവ വാഗ്ദാനം ചെയ്യുന്ന കാറിന് വമ്പന്‍ ഡിമാന്‍ഡാണ് അനുഭവപ്പെടുന്നത്. ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, വയര്‍ലെസ് മൊബൈല്‍ കണക്റ്റിവിറ്റിയുള്ള 8 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് മൊബൈല്‍ ചാര്‍ജര്‍, ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഇലക്ട്രിക് സണ്‍റൂഫ് എന്നിവയാണ് ഹ്യുണ്ടായി എക്‌സ്റ്ററില്‍ സജ്ജീകരിച്ചിരിക്കുന്ന പ്രധാന ഫീച്ചറുകള്‍.

എക്‌സ്റ്ററില്‍ സജ്ജീകരിച്ചിരിക്കുന്ന 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്‍ പരമാവധി 81 bhp പവറും 113 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തില്‍ ട്യൂണ്‍ ചെയ്തിരിക്കുന്നു. ഈ എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍, എഎംടി ഗിയര്‍ബോക്‌സുകളുമായി ജോടിയാക്കുന്നു. ഇതേ എഞ്ചിന്‍ തന്നെ എക്‌സ്റ്ററിന്റെ സിഎന്‍ജി പതിപ്പുകളിലും വാഗ്ദാനം ചെയ്യുന്നു. എന്നാല്‍ സിഎന്‍ജിയില്‍ മോഡില്‍ പവര്‍ 68 bhp-യും ടോര്‍ക്ക് 96 Nm ആയും കുറയുന്നു.
ഇവികളിലേക്ക് കടന്നാൽ നിങ്ങൾക്ക് കൈപൊളളാതെയും പോക്കറ്റ് ചോരാതെയും എംജിയുടെ കുഞ്ഞൻ ഇവിയായ കോമെറ്റ് സ്വന്തമാക്കാം. എംജിയുടെ GSEV പ്ലാറ്റ്ഫോമില്‍ നിര്‍മ്മിച്ച കുഞ്ഞന്‍ ഇവി 17.3 kWh IP67-റേറ്റഡ് ലിഥിയം-അയണ്‍ ബാറ്ററി പായ്ക്കില്‍ നിന്നാണ് പവര്‍ എടുക്കുന്നത്. 41 hp പവറും 110 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന ഒരു ഇലക്ട്രിക് മോട്ടോറും കരുത്ത് പകരുന്നു.

ഒറ്റ ചാര്‍ജില്‍ 230 കിലോമീറ്റര്‍ റേഞ്ച് നല്‍കുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നതിനാല്‍ തന്നെ ഇത് നഗര യാത്രകള്‍ക്ക് അനുയോജ്യമാണ്. എസി ചാര്‍ജര്‍ ഉപയോഗിച്ച് എംജി കോമെറ്റ് ഏകദേശം ഏഴ് മണിക്കൂര്‍ കൊണ്ട് ചാര്‍ജ് ചെയ്യാം. എക്‌സ്സൈറ്റ്, എക്‌സ്‌ക്ലൂസീവ് വേരിയന്റുകള്‍ക്ക് ഫാസ്റ്റ് ചാര്‍ജിംഗ് ഓപ്ഷന്‍ ലഭ്യമാണ്. ഇക്കോ, നോര്‍മല്‍, സ്പോര്‍ട്സ് എന്നിങ്ങനെ മൂന്ന് മോഡുകള്‍ വ്യത്യസ്ത ഡ്രൈവിംഗ് മുന്‍ഗണനകള്‍ അനുസരിച്ച് തെരഞ്ഞെടുക്കാം
ഇനി ടാറ്റയിലേക്ക് വന്നാൽ നിങ്ങളുടെ പോക്കറ്റിന് ഒതുങ്ങുന്ന മോഡലാണ് പഞ്ച്. 2024 ടാറ്റ പഞ്ച് 10 വേരിയന്റുകളില്‍ ലഭ്യമാണ്. പ്യുവര്‍, പ്യുവര്‍ (O), അഡ്വഞ്ചര്‍, അഡ്വഞ്ചര്‍ റിഥം, അഡ്വഞ്ചര്‍ S, അഡ്വഞ്ചര്‍+ S, അകംപ്ലിഷ്ഡ്+, അകംപ്ലിഷ്ഡ്+ S, ക്രിയേറ്റീവ്+, ക്രിയേറ്റീവ്+ S എന്നിവയാണ് വേരിയന്റുകള്‍.
സെന്റര്‍ കണ്‍സോളില്‍ യുഎസ്ബി ടൈപ്പ്-സി ചാര്‍ജിംഗ് പോര്‍ട്ട്, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയുള്ള പുതിയ 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് ചാര്‍ജര്‍, റിയര്‍ എസി വെന്റുകള്‍, മുന്‍നിരയില്‍ ആംറെസ്റ്റ് എന്നിവ 2024 പഞ്ചില്‍ സജ്ജീകരിച്ചിരിക്കുന്നു. അഡ്വഞ്ചറില്‍ കമ്പനി പുതിയ സണ്‍റൂഫ് വേരിയന്റുകള്‍ ചേര്‍ത്തതിനാല്‍ പഞ്ചില്‍ ഈ ജനപ്രിയ ഫീച്ചര്‍ ഇനി കൂടുതല്‍ താങ്ങാവുന്ന വിലയില്‍ സ്വന്തമാക്കാനാകും.
അടുത്തത് ലിസ്റ്റിലുളളത് മാരുതി സുസുക്കിയുടെ എക്കാലത്തേയും പ്രിയപ്പെട്ട മോഡലായ ആൾട്ടോയാണ്. ടോപ് വേരിയന്റിന് 5.96 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വിലയായി മുടക്കേണ്ടത്. Std, LXi, VXi, VXi+ എന്നീ 4 വേരിയന്റുകളിലാണ് ഈ ഹാച്ച്ബാക്ക് വാങ്ങാന്‍ സാധിക്കുക. പെട്രോളിനൊപ്പം ഈ കാറിന്റെ സിഎന്‍ജി പതിപ്പും മാരുതി വിപണിയില്‍ ഇറക്കുന്നുണ്ട്. മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളും വാഗ്ദാനം ചെയ്യുന്നു.
സ്പീഡ് ബ്ലൂ, എര്‍ത്ത് ഗോള്‍ഡ്, സിസ്ലിംഗ് റെഡ്, സില്‍ക്കി വൈറ്റ്, സോളിഡ് വൈറ്റ്, ഗ്രാനൈറ്റ് ഗ്രേ എന്നീ 6 കളര്‍ ഓപ്ഷനുകളില്‍ മോഡല്‍ വാങ്ങാനാകും. പുതിയ തലമുറ K-സീരീസ് 1.0 ലിറ്റര്‍ ഡ്യുവല്‍ ജെറ്റ്, ഡ്യുവല്‍ വിവിടി എഞ്ചിന്‍ ആണ് ഹാച്ചിന്റെ ഹൃദയം. ഈ എഞ്ചിന്‍ 66 bhp പവറും 89 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ളതാണ്. 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ എഎംടി ട്രാന്‍സ്മിഷന്‍ ഓപ്ഷനില്‍ ഒന്ന് തെരഞ്ഞെടുക്കാം.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








