മൈലേജാണോ നോക്കുന്നേ? 2024 -ൽ 10 ലക്ഷം ബജറ്റിൽ കൈപ്പിടിയിൽ ഒതുങ്ങുന്ന മികച്ച കാറുകൾ
ഇന്ത്യൻ വിപണിയിൽ ഇന്നും ഒരു കാർ വാങ്ങുമ്പോൾ ഭൂരിഭാഗവും നോക്കുന്ന ഒരു ഘടകമാണ് മൈലേജ് എന്നത്. കാലം ഇത്ര കഴിഞ്ഞാലും ഈ ഒരു മാനദണ്ഡത്തിന് അത്ര വലിയ മാറ്റമോ, ഇതിന്റെ പ്രാധാന്യത്തിന് വലിയ കോട്ടമോ ഒന്നു തന്നെ തട്ടിയിട്ടില്ല എന്നതാണ് യാഥാർഥ്യം.
ഒരു പുത്തൻ കാർ വാങ്ങി വരുന്ന വഴിയിൽ തന്നെ ' ഇതിന് എത്ര കിട്ടും?' എന്ന ചോദ്യം ഒരു തവണ എങ്കിലും അഭിമുഖീകരിക്കാത്ത ആരും തന്നെയുണ്ടാവില്ല എന്നതാണ് ഞങ്ങളുടെ വിശ്വാസം. പിന്നെ ഇന്ധനത്തിന് തീ വിലയുള്ള ഈ കാലഘട്ടത്തിൽ മൈലേജ് മുമ്പത്തേക്കാൾ പ്രസക്തവുമാണ്. അതിനാൽ നിലവിൽ ഇന്ത്യയിൽ 10 ലക്ഷത്തിനുള്ളിൽ വാങ്ങാൻ കഴിയുന്ന ബെറ്റ് 5 മൈലേജ് കാറുകളെ നമുക്ക് ഒന്നു നോക്കാം.

1. മാരുതി സുസുക്കി സെലേറിയോ: ഈ ലിസ്റ്റിലെ ആദ്യ കാർ പതിവ് പോലെ ഒരു മാരുതിയാണ്. ഒരു 999 സിസി പെട്രോൾ എഞ്ചിനാണ് ഇന്തോ ജാപ്പനീസ് വാഹന നിർമ്മാതാക്കൾ സെലേറിയോയ്ക്ക് വാഗ്ദാനം ചെയ്യുന്നത്. ലിറ്ററിന് 26.6 കിലോമീറ്റർ മൈലേജാണ് കമ്പനി ഇതിനൊപ്പം അവകാശപ്പെടുന്നത്.
കൂടാതെ ഒരു CNG ഓപ്ഷനും ഇത് വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ പതിപ്പിൽ കിലോഗ്രാമിന് 31.59 കിലോമീറ്റർ മൈലേജാണ് മാരുതി പറയുന്നത്. 5.37 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയ്ക്ക് എത്തുന്ന ഹാച്ചിന്റെ ടോപ്പ് സ്പെക്കിന് 7.14 ലക്ഷം രൂപ വരെ വില ഉയരുന്നു.

2. മാരുതി സുസുക്കി ആൾട്ടോ K10: രണ്ടാമതായി ലിസ്റ്റിൽ ഇടം പിടിക്കുന്നത് നമുക്ക് എല്ലാവർക്കും സുപരിചിതമായ ലോഡ് ആൾട്ടോ എന്ന ചെല്ലപ്പേരിൽ അറിയപ്പെടുന്ന കുഞ്ഞൻ ഹാച്ച്ബാക്കാണ്. ഇതിനും ഒരു 999 സിസി പെട്രോൾ എഞ്ചിനാണ് വരുന്നത്. ഈ പെട്രോൾ യൂണിറ്റ് ലിറ്ററിന് 24.9 കിലോമീറ്റർ മൈലേജ് വാഗ്ദാനം ചെയ്യുന്നു.
കൂടാതെ ഇതിനൊപ്പം വരുന്ന CNG പതിപ്പ് കിലോഗ്രാമിന് 33.85 കിലോമീറ്ററും അവകാശപ്പെടുന്നു. ഇന്ത്യൻ വിപണിയിൽ ബേസ് മോഡലിന് 3.99 ലക്ഷം മുതൽ ടോപ്പ് എൻഡ് മോഡലിന് 5.96 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വിലയ്ക്ക് എത്തുന്ന വളരെ ബജറ്റ് ഫ്രണ്ട്ലി മോഡലാണിത്.

3. മാരുതി സുസുക്കി എസ്-പ്രെസ്സോ: ലിസ്റ്റിലെ മൂന്നാമനും മാരുതി തന്നെ. അല്പം പരുക്കൻ അപ്പീലുമായി എത്തുന്ന എസ്-പ്രെസ്സോയിലും ഡ്യൂട്ടി ചെയ്യുന്നത് ഒരു 999 സിസി പെട്രോൾ യൂണിറ്റാണ്. ഈ എഞ്ചിൻ വാഹനത്തിന് ലിറ്ററിന് 24.7 കിലോമീറ്റർ ഇന്ധനക്ഷമത നൽകും എന്നാണ് കമ്പനിയുടെ അവകാശവാദം. അതോടൊപ്പം ഇതിന്റെ CNG പതിപ്പ് കിലോഗ്രാമിന് 32.73 കിലോമീറ്റർ മൈലേജും നൽകുന്നു. 4.27 ലക്ഷം മുതൽ 6.12 ലക്ഷം വരെ എക്സ്-ഷോറൂം വിലയ്ക്കാണ് ഇത് എത്തുന്നത്.
4. മാരുതി സുസുക്കി വാഗൺആർ: അടുത്തതായി ഇന്ത്യൻ വിപണിയിലെ വളരെ ജനപ്രിയ മോഡലുകളിൽ ഒന്നായ വാഗൺആറാണ്. ഒരു 999 സിസി പെട്രോൾ, 1.2 ലിറ്റർ പെട്രോൾ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകൾ മാരുതി ഈ ടോൾ ബോയ് ഹാച്ചിനൊപ്പം വാഗ്ദാനം ചെയ്യുന്നുണ്ട്.

999 സിസി എഞ്ചിൻ ലിറ്ററിന് 25.19 കിലോമീറ്റർ മൈലേജാണ് പറയുന്നത്. കൂടാതെ വാഹനത്തിന്റെ CNG പതിപ്പ് കിലോഗ്രാമിന് 34.05 കിലോമീറ്ററും വാഗ്ദാനം ചെയ്യുന്നുണ്ട്. 5.55 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയിൽ ആരംഭിക്കുന്ന ഹാച്ചിന്റെ ടോപ്പ് സ്പെക്കിന് 8.50 ലക്ഷം രൂപ വരെ വില ഉയരുന്നു.
5. മാരുതി സുസുക്കി ഡിസയർ: ടോപ്പ് 5 കാറുകളിലെ അഞ്ചാമൻ മാരുതിയുടെ കോംപാക്ട് സെഡാൻ മോഡലായ ഡിസയറാണ്. 1.2 ലിറ്റർ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോൾ എഞ്ചിനുമായിട്ടാണ് വാഹനം എത്തുന്നത്. ഇത് ലിറ്ററിന് 22.61 കിലോമീറ്റർ ഫ്യുവൽ എഫിഷൻസി നൽകുന്നു. സെഡാന്റെ CNG മോഡൽ കിലോഗ്രാമിന് 31.12 കിലോമീറ്റർ മൈലേജും വാഗ്ദാനം ചെയ്യുന്നുണ്ട്. 6.52 ലക്ഷം മുതൽ 9.39 ലക്ഷം വരെ എക്സ്-ഷോറൂം വിലയ്ക്കാണ് ഇത് എത്തുന്നത്.


Click it and Unblock the Notifications