കര്‍വിന്റെ ലുക്കില്‍ ആരും കറങ്ങിവീഴും! കീശക്ക് ആശ്വാസമായി ഡീസല്‍ എഞ്ചിനും
നെക്സണ്‍, പഞ്ച് എന്നീ ജനപ്രിയ മോഡലുകളുടെ ബലത്തില്‍ സബ്-4-മീറ്റര്‍ എസ്‌യുവി വിഭാഗത്തില്‍ സ്വന്തമായി ഇരിപ്പിടം സ്വന്തമാക്കിയ ടാറ്റ മോട്ടോര്‍സ് ഇപ്പോള്‍ കര്‍വ് എന്ന പുത്തന്‍ മോഡലുമായി മിഡ്‌സൈസ് എസ്‌യുവി വിഭാഗത്തില്‍ ചൂതാടാന്‍ ഇറങ്ങുകയാണ്. ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, മാരുതി ഗ്രാന്‍ഡ് വിറ്റാര, ഹോണ്ട എലിവേറ്റ്, സ്‌കോഡ കുഷാഖ്, ഫോക്സ്വാഗണ്‍ ടൈഗൂണ്‍, സിട്രണ്‍ C3 എന്നീ മോഡലുകള്‍ ഉള്‍പ്പെടുന്ന ഈ സെഗ്‌മെന്റില്‍ ഇപ്പോള്‍ തന്നെ പൊടിപാറുന്ന പൂരമാണ്.
ഇപ്പോള്‍ ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോ 2024-ല്‍ ടാറ്റ മോട്ടോര്‍സ് കര്‍വ് എസ്‌യുവിയുടെ പ്രൊഡക്ഷന്‍ പതിപ്പിന്റെ ഫസ്റ്റ് ലുക്ക് വെളിപ്പെടുത്തി. ഈ വര്‍ഷം അവസാനത്തോടെ ഐസിഇ, ഇലക്ട്രിക് പതിപ്പുകളിലായി എസ്‌യുവി ടാറ്റ മോട്ടോര്‍സ് വിപണിയിലെത്തിക്കും. ഈ വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ ലോഞ്ച് ചെയ്യുമെന്ന് സൂചന നല്‍കി ടാറ്റ അടുത്തിടെ കര്‍വ് എസ്‌യുവിയുടെ പേറ്റന്റ് ഫയല്‍ ചെയ്തിരുന്നു.

ഇന്നു മുതലാണ് (ഫെബ്രുവരി 01) ന്യൂഡല്‍ഹിയിലെ പ്രഗതി മൈതാനിയില്‍ ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോക്ക് തുടക്കമായത്. കര്‍വ് എസ്‌യുവിയുടെ ഐസിഇ പതിപ്പാണ് ഇവന്റില്‍ വെച്ച് ടാറ്റ മറനീക്കി പുറത്തുകൊണ്ടവേന്നിരിക്കുന്നത്. ബ്രൈറ്റ് ഓറഞ്ച് ഷെയ്ഡിലുള്ള കാറാണ് ടാറ്റ വെളിപ്പെടുത്തിയിരിക്കുന്നത്. ടാറ്റ മോട്ടോഴ്സ് കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ നടന്ന ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ച പതിപ്പില്‍ നിന്ന് വ്യത്യസ്തമായാണ് ഇത് കാണപ്പെടുന്നത്.
നെക്സോണ്‍, പഞ്ച്, ഹാരിയര്‍, സഫാരി തുടങ്ങിയ മോഡലുകളില്‍ നടപ്പിലാക്കിയ ടാറ്റയുടെ ഏറ്റവും പുതിയ ഡിസൈന്‍ ഭാഷയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് കര്‍വിന്റെ രൂപകല്‍പ്പന. മൊത്തത്തിലുള്ള സിലൗറ്റ് നെക്സോണ്‍ എസ്‌യുവിക്ക് സമാനമായി തോന്നാമെങ്കിലും കര്‍വ് എസ്‌യുവി അല്‍പ്പം കൂടി വലതാണ്. കര്‍വിന് 4,308 mm നീളവും 1,810 mm വീതിയും 1,630 mm ഉയരവും 2,560 mm വീല്‍ബേസുമുണ്ടെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്.

422 ലിറ്ററാണ് ഈ എസ്‌യുവിയുടെ ബൂട്ട് സ്‌പേസ്. ഡിസൈനിലേക്ക് വരുമ്പോള്‍ ഗ്രില്ലും സര്‍ഫേസ് ഡീറ്റെയിലിംഗും ഹെഡ്ലാമ്പും ഫോഗ് ലാമ്പ് ഹൗസിംഗുകളും ഫുള്‍ വിഡ്ത്തിലുള്ള എല്‍ഇഡി ലൈറ്റ് ബാറും ഹാരിയറുടേതിന് സമാനമാണ്. സീക്വന്‍ഷ്യല്‍ ടേണ്‍ സിഗ്‌നലുകളും ലോവര്‍ ബമ്പര്‍ സെക്ഷനും പോലെയുള്ള മറ്റ് സവിശേഷതകള്‍ നെക്സോണുമായി വളരെ സാമ്യമുള്ളതാണ്. മുന്‍വശത്തെ എയര്‍ വെന്റുകള്‍ പുനഃസ്ഥാപിച്ചിട്ടുണ്ട്.
അതേസമയം എയര്‍ ഇന്‍ടേക്ക് ഇപ്പോള്‍ ബമ്പറില്‍ താഴെയായി സ്ഥാപിച്ചിരിക്കുന്നു. കര്‍വിന്റെ മുന്‍വശത്ത് ഒരു സ്‌കിഡ് പ്ലേറ്റും ടാറ്റ ചേര്‍ത്തിട്ടുണ്ട്.കര്‍വ് എസ്‌യുവിയുടെ സൈഡ് പ്രൊഫൈല്‍ കഴിഞ്ഞ വര്‍ഷം ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ച പതിപ്പിന് സമാനമാണ്. മറ്റ് ടാറ്റ കാറുകളുമായി സാമ്യതയുള്ള ഫ്രണ്ട് ഫാസിയയുമായി താരതമ്യം ചെയ്യുമ്പോള്‍ സൈഡ് പ്രൊഫൈലിന് സവിശേഷമായ വ്യക്തിത്വമുള്ളതായി കാണാം.

പ്രൊഡക്ഷന്‍ രൂപത്തിലുള്ള കര്‍വിന് പുതിയ അലോയ് ഡിസൈനുകളും കറുത്ത ക്ലാഡിംഗുകളുള്ള വലിയ വീല്‍ ആര്‍ച്ചുകളും ഫ്‌ലഷ് ഡോര്‍ ഹാന്‍ഡിലുകളും ലഭിക്കുന്നു. പിന്‍സര്‍-സ്‌റ്റൈല്‍ ഡ്യുവല്‍-ടോണ്‍ മെഷീന്‍ അലോയ് വീലുകള്‍ എസ്‌യുവിയുടെ ആകര്‍ഷണം ഗണ്യമായി വര്‍ദ്ധിപ്പിക്കുന്നു. കര്‍വിന്റെ ടോപ്പ്-സ്‌പെക്ക് ട്രിമ്മുകള്‍ക്കൊപ്പം നല്‍കാവുന്ന പ്രീമിയം യൂണിറ്റുകളായിരിക്കും ഇവ.
പിന്‍വശത്തേക്ക് നീങ്ങുമ്പോള്‍ ചെരിഞ്ഞ റൂഫ്‌ലൈന്‍ ബൂട്ടുമായി തടസ്സമില്ലാതെ ലയിച്ച് ചേരുന്നതായി കാണാം. പിന്‍ഭാഗത്തെ കണക്റ്റഡ് എല്‍ഇഡി ടെയില്‍ലൈറ്റുകളും പരിഷ്‌ക്കരിക്കുകയും ഫൈനല്‍ ലുക്കിനോട് അടുത്ത് നില്‍ക്കുകയും ചെയ്യുന്നു. എഡ്ജി ടെയില്‍ ലാമ്പുകള്‍, ബമ്പറുകള്‍, സ്പ്ലിറ്റ് എയ്‌റോ സ്‌പോയിലറുകള്‍ എന്നിവ റിയര്‍ പ്രൊഫൈലിന്റെ മൊഞ്ച് കൂട്ടുന്നു.
പുതിയ നെക്സോണ്‍, ഹാരിയര്‍, സഫാരി എന്നിവയില്‍ കാണുന്നത് പോലെ പ്രീമിയം, ഹൈടെക് ഫീച്ചറുകള്‍ കുത്തിനിറച്ചായിരിക്കും എസ്‌യുവി വരിക. വിപണിയിലെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതിനായി ചില അധിക ഫീച്ചറുകളും ഉള്‍ക്കൊള്ളിച്ചേക്കാം. നെക്സോണില്‍ നിന്നുള്ള 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകള്‍ കര്‍വിന്റെ ഐസിഇ പതിപ്പ് കടംകൊള്ളം.
സെഗ്മെന്റില്‍ ആദ്യമായി കൂപ്പെ സ്‌റ്റൈലിംഗില്‍ എത്തുന്ന വാഹനമായതിനാല്‍ ഈ ബോഡി സ്‌റ്റൈല്‍ ഇഷ്ടപ്പെടുന്ന ആളുകളെ കര്‍വ് ആകര്‍ഷിക്കും. പുത്തന്‍ മുഖം നല്‍കാന്‍ പറ്റുമായിരുന്നിട്ടും നിലവിലുള്ള ഡിസൈന്‍ ഭാഷ തന്നെ കര്‍വിലും തുടരാന്‍ ടാറ്റ തീരുമാനിച്ചതായാണ് തോന്നുന്നത്. സൈഡ്, റിയര്‍ പ്രൊഫൈലുകള്‍ എതിരാളികളില്‍ നിന്ന് വേറിട്ട് നിര്‍ത്തുന്ന തനതായ രൂപം കര്‍വിന് സമ്മാനിക്കുന്നു.


Click it and Unblock the Notifications








