5 ലക്ഷത്തിന്റെ കാറിന് 5 വര്‍ഷത്തിന് ശേഷം അപ്‌ഡേറ്റ്! ഓട്ടോ എക്‌സ്‌പോയില്‍ ടാറ്റ ഒരുക്കി വെച്ച സര്‍പ്രൈസ്
ഇന്ത്യയില്‍ നിലവില്‍ സ്‌പോര്‍ട് യൂടിലിറ്റി വാഹനങ്ങള്‍ക്കാണ് ആവശ്യക്കാര്‍ കൂടുതലെങ്കിലും ചെറുകാറുകളുടെ ഡിമാന്‍ഡ് കുത്തനെ ഇടിഞ്ഞിട്ടൊന്നും ഇല്ല. രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരും ഇടത്തരക്കാരുമായ ജനങ്ങള്‍ ആദ്യം കാര്‍ വാങ്ങുമ്പോള്‍ ഹാച്ച്ബാക്കുകളോ കോംപാക്ട് സെഡാനുകളോ തന്നെയാണ് പരിഗണിക്കുന്നത്. മാരുതിയുടെ ചെറുകാര്‍ നിരയെ വെല്ലുവിളിക്കാന്‍ പോന്ന മോഡല്‍ നിര ഇല്ലെങ്കിലും ടിയാഗോ, ടിഗോര്‍ എന്നീ രണ്ട് മോഡലകുകള്‍ കൊണ്ട് ടാറ്റ മോട്ടോര്‍സ് ഈ വിഭാഗത്തില്‍ വലിയ മുന്നേറ്റം ഉണ്ടാക്കിയിട്ടുണ്ട്. ജനുവരിയില്‍ നടക്കാന്‍ പോകുന്ന ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോയില്‍ ടാറ്റ ഇന്ത്യക്കാര്‍ക്കായി ഒരു സര്‍പ്രൈസ് ഒരുക്കിയിട്ടുണ്ട്. അത് എന്താണെന്നാണ് നമ്മള്‍ നോക്കാന്‍ പോകുന്നത്.
മുമ്പ് രണ്ട് വര്‍ഷം കൂടുമ്പോള്‍ നടത്തി വന്നിരുന്ന ഓട്ടോ എക്‌സ്‌പോയും ഭാരത് മൊബിറ്റി ഗ്ലോബല്‍ എക്‌സ്‌പോയും ഇപ്പോള്‍ ലയിപ്പിച്ചിരിക്കുകയാണ്. 2025 ജനുവരി 17 മുതല്‍ ന്യൂഡല്‍ഹിയില്‍ വെച്ചാണ് സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സ് മാമാങ്കം സംഘടിപ്പിക്കുന്നത്. ടാറ്റ മോട്ടോര്‍സ് എക്‌സ്‌പോയിലെ പ്രധാന പങ്കാളികളാണ്.

കമ്പനിയുടെ ഡീലര്‍ സ്രോതസ്സുകള്‍ അനുസരിച്ച് ഈ ഓട്ടോ എക്‌സ്‌പോയില്‍ വെച്ച് ടാറ്റ തങ്ങളുടെ പോര്‍ട്ട്‌ഫോളിയോയുടെ ഏറ്റവും വിലകുറഞ്ഞതും എന്‍ട്രി ലെവല്‍ ടിയാഗോ ഹാച്ച്ബാക്കിന്റെ അപ്‌ഡേറ്റ് ചെയ്ത പതിപ്പ് അവതരിപ്പിക്കാന്‍ പോകുകയാണ്. ടിയാഗോയുടെ കൂടെ ടിഗോര്‍ സെഡാന്റെ നവീകരിച്ച പതിപ്പും അരങ്ങേറുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
2025-ല്‍ ഇരു കാറുകളും അപ്‌ഡേറ്റിന് വിധേയമാകുമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നുവെങ്കിലും ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഒന്നും വന്നിട്ടില്ല. 2016ലാണ് ടിയാഗോയും ടിഗോറും ഇന്ത്യന്‍ വിപണിയില്‍ ആദ്യമായി ലോഞ്ച് ചെയ്തത്. ടാറ്റ ടിയാഗോ, ടിഗോര്‍ എന്നീ കാറുകള്‍ അവസാനമായി അപ്‌ഡേറ്റിന് വിധേയമായത് 2020 ജനുവരിയിലാണ്. അങ്ങനെ വരുമ്പോള്‍ 5 വര്‍ഷത്തോളമായി ഈ കാറുകള്‍ നവീകരിച്ചിട്ട്.

എസ്‌യുവി ജ്വരത്തിനിടയില്‍ ഈ മോഡലുകള്‍ പ്രസക്തമായി നിലനിര്‍ത്താന്‍ ഒരു അപ്‌ഡേറ്റ് കൂടിയേ തീരൂ. പുതിയ അപ്ഡേറ്റില്‍ ഈ കാറുകള്‍ ഒരുപിടി കോസ്‌മെറ്റിക് പരിഷ്‌കാരങ്ങള്‍ വരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. നവീകരിച്ച ബമ്പര്‍, ഹെഡ്ലാമ്പുകള്‍, ടെയില്‍ ലാമ്പുകള്‍ എന്നിവയ്ക്കൊപ്പം പുതുതായി രൂപകല്‍പ്പന ചെയ്ത ഫ്രണ്ട്, റിയര്‍ സെക്ഷനുകള്‍ ഇതില്‍ ഉള്‍പ്പെടും.
ഇന്റീരിയറില്‍ പുതുക്കിയ അപ്‌ഹോള്‍സ്റ്ററിയും അധിക ഫീച്ചറുകളും ഉള്‍പ്പെട്ടേക്കാം.ഈ മാറ്റങ്ങള്‍ വഴി തങ്ങളുടെ സെഗ്‌മെന്റില്‍ മത്സരം കടുപ്പിക്കാന്‍ ഇരു മോഡലുകള്‍ക്കും സാധിക്കും. മാരുതി സുസുക്കി സ്വിഫ്റ്റിനും ഡിസയറിനും അടുത്തിടെ തലമറു മാറ്റം സംഭവിച്ചിരുന്നു. മാത്രമല്ല ഹോണ്ടയും തങ്ങളുടെ സബ് കോംപാക്ട് എസ്‌യുവിയുടെ മൂന്നാം തലമുറ പതിപ്പ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് പുറത്തിറക്കിയത്.

സൗന്ദര്യവര്‍ധക മാറ്റങ്ങളും ഫീച്ചര്‍ കൂട്ടിച്ചേര്‍ക്കലുകളും ഉണ്ടാകുമെങ്കിലും ഇരുകാറുകള്‍ക്കും മെക്കാനിക്കലായി മാറ്റങ്ങള്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല. 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ ആയിരിക്കും തുടര്‍ന്നും ഈ കാറുകള്‍ക്ക് തുടിപ്പേകുക. മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ വാങ്ങാന്‍ സാധിക്കും. അപ്‌ഡേറ്റഡ് മോഡലുകളിലും സിഎന്‍ജി വേരിയന്റുകള്‍ കാണും. ട്വിന്‍ സിലിണ്ടര്‍ സാങ്കേതികവിദ്യയുമായിട്ടായിരിക്കും ഇവ വരിക. അവതരണ വേളയില്‍ തന്നെ സിഎന്‍ജി മോഡലുകളും പുറത്തിറക്കുമോ എന്ന കാര്യത്തില്‍ ഇപ്പോള്‍ വ്യക്തയില്ല.
നിലവില്‍ 5 ലക്ഷം രൂപ മുതലാണ് ടിയാഗോയുടെ വില തുടങ്ങുന്നത്. ടോപ് എന്‍ഡ് വേരിയന്റിന് 10.33 ലക്ഷം രൂപയാണ് വില. അതേസമയം 6 ലക്ഷം മുതല്‍ 9.40 ലക്ഷം രൂപ വരെയാണ് ടിഗോറിന്റെ വില പോകുന്നത്. വിലകള്‍ എക്‌സ്‌ഷോറൂം ആണെന്ന് ശ്രദ്ധിക്കുക. അപ്‌ഡേറ്റഡ് പതിപ്പുകള്‍ക്ക് ചെറിയ രീതിയില്‍ വില കൂടാന്‍ സാധ്യതയുണ്ട്.
ഓട്ടോ എക്‌സ്‌പോയെ തങ്ങളുടെ ഭാവി ഉല്‍പ്പന്നങ്ങള്‍ പരിചയപ്പെടുത്താന്‍ ഏറ്റവും നന്നായി ഉപയോഗപ്പെടുത്തുന്ന കമ്പനികളില്‍ ഒന്നാണ് ടാറ്റ. സാമ്പത്തിക വര്‍ഷം അവസാനത്തോടെ വിപണിയില്‍ എത്താന്‍ പോകുന്ന ഹാരിയര്‍ ഇവിയെ പ്രൊഡക്ഷന്‍ അവതാരത്തില്‍ എക്‌സ്‌പോയില്‍ വെച്ച് കാണാനാകുമെന്ന് പ്രതീക്ഷിക്കുന്നു. അതുപോലെ തന്നെ മറ്റ് ചില സര്‍പ്രൈസുകളും കാണാം. ഏതായാലും പുതുവര്‍ഷം പിറക്കുന്നതോടെ ടാറ്റ ഔദ്യോഗികമായി തന്നെ ഇതെല്ലാം വെളിപ്പെടുത്തും.


Click it and Unblock the Notifications








