ഇനി ബിഎംഡബ്ല്യൂ വേരിയൻ്റിൽ i ഇല്ല, ഇനി ഇവികളിൽ മാത്രമാക്കി പുത്തൻ പരിഷ്കരണം
ബിഎംഡബ്ല്യൂ വാഹനങ്ങളിൽ നിങ്ങൾ എപ്പോഴും ശ്രദ്ധിക്കുന്ന ഒരു ലോഗോ ആയിരിക്കും ഐ എന്നത്. എന്നാൽ ഇനിമുതൽ പെട്രോൾ വാഹനങ്ങളിൽ ഐ എന്ന ലോഗോ നൽകുന്നില്ല എന്നുളള തീരുമാനവുമായി രംഗത്തെത്തിയിരിക്കുകയാണ് കമ്പനി. "BMW 330i" എന്നതിനുപകരം, മോഡലിന് "BMW 330" എന്ന് പേരിടും. ബിഎംഡബ്ല്യുവിൻ്റെ ഇവി ഓഫറുകളിൽ മാത്രമായിരിക്കും ഇനി "i" ഉപയോഗിക്കുക.
പെട്രോൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന മോഡലുകളുടെ അവസാനത്തിൽ "i" എന്ന പ്രത്യയം 1970-കളിൽ ഇന്ധന കുത്തിവയ്പ്പിനെ സൂചിപ്പിക്കാൻ ആദ്യമായി അവതരിപ്പിച്ചു, അതിനുശേഷം എല്ലാ പെട്രോൾ മോഡലുകളിലും ഇത് ഉപയോഗിച്ചുവരുന്നു. മുന്നോട്ട് പോകുമ്പോൾ, അത് സംഖ്യ മാത്രമായിരിക്കും, ആദ്യ നമ്പർ മോഡലിനെയും അവസാനത്തെ രണ്ട് എഞ്ചിനെയും സൂചിപ്പിക്കുന്നു.

ഇലക്‌ട്രിക് വാഹനങ്ങളിലെ "i" എന്നത് പുതുമയെയാണ് സൂചിപ്പിക്കുന്നത്. ബിഎംഡബ്ല്യുവിന് ഇതിനകം തന്നെ iX1 മുതൽ i7 വരെയുള്ള നിരവധി ഇലക്ട്രിക് വാഹനങ്ങൾ ലൈനപ്പിൽ ഉണ്ട്. ബിഎംഡബ്ല്യൂ വാഹനങ്ങളുടെ മറ്റ് വിശദാംശങ്ങളിലേക്ക് നോക്കിയാൽ i7 ലക്ഷ്വറി സെഡാൻ സെലിബ്രിറ്റികളുടെ പ്രിയപ്പെട്ട ആഡംബര വാഹനമായി മാറിക്കഴിഞ്ഞപ്പോൾ രാശി തെളിഞ്ഞത് ബിഎംഡബ്ല്യുവിനാണ്. ഇപ്പോൾ ഇതിന്റെ വിജയത്തിനു ശേഷം ബിഎംഡബ്ല്യു ഓൾ-ഇലക്‌ട്രിക് i5 ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്.
ഇതിനോടകം ഓൺലൈനിലും ഡീലർഷിപ്പുകളിലും ബുക്കിംഗ് ആരംഭിച്ച കമ്പനി 5 സീരീസ് സെഡാനെ കംപ്ലീറ്റ്ലി ബിൽറ്റ് അപ്പ് യൂണിറ്റായാണ് (CBU) രാജ്യത്ത് എത്തിക്കുക. ഇന്ത്യയിൽ ഓൾ-ഇലക്‌ട്രിക് i5 സെഡാന്റെ M60 xDrive എന്ന പതിപ്പാണ് കമ്പനി വിപണനം ചെയ്യുക. പുതിയ തലമുറ ബിഎംഡബ്ല്യു 5 സീരീസ് അടിസ്ഥാനമാക്കിയുള്ള ഹൈ-പെർഫോമൻസ് ഇവിയാണിത് എന്നതും പണക്കാരെ ആകർഷിക്കുന്ന കാര്യമാണ്. കൂടാതെ സ്റ്റാൻഡേർഡ് i5 മോഡലിനേക്കാൾ ശക്തമായ ഡ്യുവൽ മോട്ടോർ സജ്ജീകരണവും ഇതിലുണ്ടെന്നതാണ് മറ്റൊരു ഹൈലൈറ്റ്.
പ്രീ-ബുക്കിംഗ് ആരംഭിച്ചിട്ടുണ്ടെങ്കിലും വില പ്രഖ്യാപനവും മറ്റ് കാര്യങ്ങളും എപ്പോൾ ഉണ്ടാവുമെന്ന സ്ഥിരീകരണം ബിഎംഡബ്ല്യു നൽകിയിട്ടില്ല. ഒരു സമ്പൂർണ ഇറക്കുമതിയായി ഇന്ത്യയിലേക്ക് എത്തുന്നതിനാൽ എന്തായാലും വില കുറവൊന്നും പ്രതീക്ഷിക്കേണ്ടതില്ല. ഡിസൈനിലേക്ക് നോക്കിയാൽ M60 വേരിയന്റിന് കറുപ്പിലൊരുങ്ങിയിരിക്കുന്ന കിഡ്‌നി ഗ്രിൽ എലമെൻ്റ്, കൂടുതൽ അഗ്രസീവ് റിയർ ഡിഫ്യൂസർ എന്നിങ്ങനെയുള്ള കുറച്ച് അധിക സ്‌റ്റൈലിംഗ് ഘടകങ്ങൾ ലഭിക്കുന്നുണ്ട്. ഇന്റീരിയർ ലേഔട്ട് 5 സീരീസിന് സമാനമാണ്.
ബിഎംഡബ്ല്യു 620d M സിഗ്നേച്ചർ മോഡൽ ഇന്ത്യക്കായി പുറത്തിറക്കിയിരുന്നു. 78.90 ലക്ഷം രൂപയുടെ എക്‌സ്ഷോറൂം വിലയിലാണ് ലക്ഷ്വറി സെഡാൻ അരങ്ങത്ത് എത്തിയത്. മുമ്പ് ഇന്ത്യയിൽ 620d M സ്പോർട്ട് പെട്രോൾ വേരിയൻ്റിൽ മാത്രമേ ലഭ്യമായിരുന്നുള്ളൂവെങ്കിൽ ഇനി മുതൽ ബിഎംഡബ്ല്യു 6 സീരീസിന് ഒരു പുതിയ ഡീസൽ എഞ്ചിൻ കൂടെയുണ്ടാവും എന്നതാണ് പ്രത്യേകത. കൂടുതൽ വൈവിധ്യമാർന്ന ഉപഭോക്താക്കളെ ബ്രാൻഡിലേക്ക് ആകർഷിക്കാൻ ഈ നീക്കം ബിഎംഡബ്ല്യുവിനെ സഹായിക്കും എന്നതിൽ സംശയമൊന്നും വേണ്ട.
ആഡംബര സെഡാനായുള്ള ബുക്കിംഗ് ജർമൻ ആഡംബര വാഹന നിർമാതാക്കൾ ഇതിനകം ആരംഭിച്ചിട്ടുണ്ടെന്നും 620d M സ്പോർട്ട് വാങ്ങാൻ താൽപ്പര്യമുള്ള ആളുകൾക്ക് രാജ്യത്തെ എല്ലാ ബിഎംഡബ്ല്യു ഇന്ത്യ ഡീലർഷിപ്പുകളിലും കാർ ബുക്ക് ചെയ്യാമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. മിനറൽ വൈറ്റ്, ടാൻസാനൈറ്റ് ബ്ലൂ, സ്കൈസ്‌ക്രാപ്പർ ഗ്രേ, കാർബൺ ബ്ലാക്ക് എന്നിങ്ങനെ നാല് എക്സ്റ്റീരിയർ കളർ ഓപ്ഷനുകളിലാണ് വാഹനം വാങ്ങാനാവുന്നത്.
ക്യാബിനിനുള്ളിൽ പ്രത്യേക സ്റ്റിച്ചിംഗോടുകൂടിയ നാച്ചുറൽ ലെതർ ഡക്കോട്ട കോഗ്നാക് അപ്ഹോൾസ്റ്ററിയാണ് സെഡാനിൽ ബ്രാൻഡ് ഒരുക്കിയിട്ടുള്ളത്. സോഫ്റ്റ്-ക്ലോസ് ഡോറുകൾ, ഫുൾ-ഇലക്‌ട്രിക് അഡ്ജസ്റ്റ്‌മെൻ്റോടുകൂടിയ മുൻവശത്തെ 'കംഫർട്ട് സീറ്റുകൾ', മെമ്മറി ഫംഗ്‌ഷൻ, ലംബർ സപ്പോർട്ട്, പിൻ സീറ്റുകൾക്കുള്ള പ്രത്യേക ബാക്ക്‌റെസ്റ്റ് കുഷ്യനുകൾ എന്നിവയെല്ലാമാണ് അധികമായി കിട്ടുന്ന ഫീച്ചറുകൾ.


Click it and Unblock the Notifications








