വലിയ 'മീനുകൾ' കളത്തിലേക്ക്! ഓട്ടോ എക്സ്പോയില്‍ 'ഷോക്കടിപ്പിക്കാന്‍' വരുന്ന BYD മോഡലുകള്‍
ഇന്ത്യയുടെ ഓട്ടോമൊബൈല്‍ വിപണി അതിവേഗം വളരുകയാണ്. പാരിസ്ഥിതിക ആശങ്കകളും ഹരിത ഇന്ധനങ്ങളോട് ജനങ്ങള്‍ക്ക് താല്‍പര്യം വര്‍ധിച്ചു വരുന്നത് ഇലക്ട്രിക് വാഹനങ്ങളുടെ ജനപ്രീതിക്ക് ആക്കം കൂട്ടിയിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അവതരിപ്പിച്ച വിവിധ പദ്ധതികളും സബ്‌സിഡികളും ഇവി മേഖലയെ ഉത്തേജിപ്പിച്ചു. എന്നിരുന്നാലും വളര്‍ന്ന് വരുന്ന ഇന്ത്യന്‍ ഇവി മാര്‍ക്കറ്റില്‍ മേധാവിത്തം നേടാന്‍ നിരവധി വിദേശ ബ്രാന്‍ഡുകള്‍ മത്സരിക്കുകയാണ്. അക്കൂട്ടത്തില്‍ പ്രധാനിയാണ് ബില്‍ഡ് യുവര്‍ ഡ്രീം (BYD). ഇപ്പോള്‍ ജനുവരിയില്‍ നടക്കാന്‍ പോകുന്ന 2025 ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോയില്‍ (Bharat Mobility Global Expo 2025) തങ്ങളും പങ്കെടുക്കുമെന്ന് അറിയിച്ചിരിക്കുകയാണ് ചൈനീസ് കമ്പനി.
ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോ ആഗോളതലത്തില്‍ വാഹന വ്യവസായത്തിലെ ഏറ്റവും പുതിയ മുന്നേറ്റങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള ഒരു നിര്‍ണായക പ്ലാറ്റ്ഫോം പ്രദാനം ചെയ്യുന്നു. BYD ഇന്ത്യയുടെ പങ്കാളിത്തം ലോകോത്തര ന്യൂ എനര്‍ജി മൊബിലിറ്റി സൊല്യൂഷനുകള്‍ ഇന്ത്യന്‍ വിപണിയില്‍ കൊണ്ടുവരാനുള്ള പ്രതിബദ്ധതയെ അടിവരയിടുന്നു. തങ്ങളുടെ നിലവിലുള്ള വാഹനങ്ങള്‍ക്കൊപ്പം ആഗോള പോര്‍ട്ഫോളിയോയിലെ ചില വന്‍ സ്രാവുകളെ 2025 ഓട്ടോ എക്സ്പോയില്‍ അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു.

BYD സീഗള്‍ (Seagull), ഡോള്‍ഫിന്‍ (Dolphin) എന്നീ മോഡലുകള്‍ക്കൊപ്പം ഭാവി സങ്കേതികവിദ്യകളും കമ്പനി പ്രദര്‍ശിപ്പിക്കും. 2025 ജനുവരി 17 മുതല്‍ 22 വരെയാണ് ഓട്ടോ എക്സ്പോ നടക്കാന്‍ പോകുന്നത്. ന്യൂഡല്‍ഹിയിലെ പ്രഗതി മൈതാനിയിലെ ഭാരത് മണ്ഡപത്തിലെ ഹാള്‍ ആറിനുള്ളിലായിരിക്കും BYD പവലിയന്‍. നിലവില്‍ അറ്റോ 3 എസ്‌യുവി, ഇമാക്സ്7 എംപിവി, സീല്‍ സെഡാന്‍ എന്നീ മോഡലുകളാണ് കമ്പനി പുറത്തിറക്കുന്നത്. പുത്തന്‍ മോഡലുകളുമായി പോര്‍ട്ഫോളിയോ വിപുലീകരിക്കുന്നത് ബ്രാന്‍ഡിന് ഏറെ ഗുണം ചെയ്യും.
'ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോ 2025 പോലുള്ള പരിപാടികള്‍ ഇന്ത്യയില്‍ ഇലക്ട്രിക് വാഹന സ്വീകാര്യത ത്വരിതപ്പെടുത്തുന്നതിന് പ്രധാനമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ഈ ഇവന്റ് ഓട്ടോമോട്ടീവ് വ്യവസായത്തിലെ പ്രധാന കമ്പനികളെ ഒരുമിച്ച് കൊണ്ടുവരുന്നു, ഈ സുപ്രധാന ഇവന്റിന്റെ ഭാഗമാകുന്നതില്‍ BYD അഭിമാനിക്കുന്നു' കമ്പനിയുടെ ഇന്ത്യയിലെ പാസഞ്ചര്‍ വെഹിക്കിള്‍സ് ബിസിനസ് മേധാവി രാജീവ് ചൗഹാന്‍ പറഞ്ഞു.

അടുത്തിടെ ആഗോളതലത്തില്‍ 10 ദശലക്ഷം വില്‍പ്പന എന്ന നാഴികക്കല്ല് BYD താണ്ടിയിരുന്നു. ഗുണനിലവാരം, പെര്‍ഫോമന്‍സ്, സുസ്ഥിരത എന്നിവയുടെ കാര്യത്തില്‍ ആഗോള നിലവാരം പുലര്‍ത്തുന്ന അത്യാധുനിക ന്യു എനര്‍ജി വാഹനങ്ങള്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് നല്‍കാനുള്ള ചൈനീസ് കമ്പനിയുടെ സമര്‍പ്പണത്തെ 2025 ഓട്ടോ എക്‌സ്‌പോ എടുത്തുകാണിക്കും. സുസ്ഥിര മൊബിലിറ്റിയിലേക്കുള്ള ഇന്ത്യയുടെ പരിവര്‍ത്തനത്തെ പിന്തുണയ്ക്കുന്നതിനും രാജ്യത്തിന്റെ ഇവി വിപ്ലവത്തിന് സംഭാവന നല്‍കുന്നതിനും BYD പ്രതിജ്ഞാബദ്ധമാണ്.
ഓട്ടോ എക്സ്പോയിലൂടെ വിയറ്റ്നാമീസ് ഇവി ബ്രാന്‍ഡ് ആയ വിന്‍ഫാസ്റ്റും ഇന്ത്യയില്‍ അരങ്ങേറ്റം കുറിക്കാന്‍ പോകുകയാണ്. തമിഴ്നാട്ടില്‍ വമ്പന്‍ നിക്ഷേപം നടത്തുന്ന കമ്പനി തങ്ങളുടെ കന്നി മോഡല്‍ ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിക്കും. കഴിഞ്ഞ ദിവസം സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്‌ചേഴ്‌സ് (SIAM) ഓട്ടോ എക്സ്പോയില്‍ പങ്കെടുക്കുന്ന കമ്പനികളുടെ പട്ടിക പ്രസിദ്ധീകരിച്ചിരുന്നു.

മാരുതി സുസുക്കി, മഹീന്ദ്ര, ടാറ്റ മോട്ടോര്‍സ്, ടൊയോട്ട മോട്ടോര്‍, ഹ്യുണ്ടായി മോട്ടോര്‍, കിയ, ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍, സ്‌കോഡ, ഫോക്‌സ്‌വാഗണ്‍ എന്നിവയുള്‍പ്പെടെയുള്ള രാജ്യത്തെ പ്രമുഖ കാര്‍ നിര്‍മ്മാതാക്കള്‍ 2025 ഓട്ടോ എക്സ്പോയില്‍ പങ്കെടുക്കുന്നുണ്ട്. ജര്‍മ്മന്‍ വാഹന ഭീമന്‍മാരായ മെര്‍സിഡീസ്, ബിഎംഡബ്ല്യു, പോര്‍ഷെ എന്നിവയുള്‍പ്പെടെ ഒന്നിലധികം ആഡംബര കാര്‍ നിര്‍മ്മാതാക്കളും ഷോയില്‍ സാന്നിധ്യമറിയിക്കും.
അടുത്ത വര്‍ഷം ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോയില്‍ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന കാറുകളില്‍ ഭൂരിഭാഗവും ഇവികളാണ്. മാരുതി സുസുക്കി ഇവിറ്റാര, ഹ്യുണ്ടായി ക്രെറ്റ ഇവി എന്നിവ അക്കൂട്ടത്തില്‍ പെടുന്നു. എംജിയുടെയും ടാറ്റയുടെയും ഭാവി ഇവികളും എക്‌സ്‌പോയിലൂടെ അരങ്ങേറും. ഏതായാലും ഓട്ടോ എക്സ്പോയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വേഗത്തില്‍ അറിയാന്‍ ഡ്രൈവ്സ്പാര്‍ക്ക് മലയാളം ചാനല്‍ സന്ദര്‍ശിക്കൂ.


Click it and Unblock the Notifications








