ഒന്നും രണ്ടുമല്ല, 70 ലക്ഷം യൂണിറ്റുകള്‍! കളിപ്പാട്ടക്കാറല്ല, BYD നിർമിച്ച ഇവികളുടെ എണ്ണമാണ്
ലോകത്ത് ഇപ്പോള്‍ ഇലക്ട്രിക് വിപ്ലവം അരങ്ങേറിക്കൊണ്ടിരിക്കുകയാണ്. ന്യൂ എനര്‍ജി വെഹിക്കിള്‍ (NEV) വിഭാഗത്തിലെ മുമ്പന്‍മാരാണ് ചൈനീസ് കമ്പനിയായ ബില്‍ഡ് യുവര്‍ ഡ്രീംസ് (BYD). അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ടെസ്‌ലയെ താഴെ ഇറക്കി ഇവി വില്‍പ്പനയില്‍ കഴിഞ്ഞ വര്‍ഷം BYD ഒന്നാം സ്ഥാനക്കാരായിരുന്നു. ഓരോ വര്‍ഷവും വില്‍പ്പന ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന BYD ഇപ്പോള്‍ ഒരു പുതിയ വില്‍പ്പന നാഴികക്കല്ല് താണ്ടിയിരിക്കുകയാണ്.
2024 മാര്‍ച്ച് 25-ന് കമ്പനി പ്രൊഡക്ഷന്‍ ലൈനില്‍ നിന്ന് പുറത്തിറക്കിയ കാറുകളുടെ എണ്ണം 7 ദശലക്ഷം പിന്നിട്ടു. BYD-യുടെ പ്രീമിയം ബ്രാന്‍ഡായ ഡെന്‍സയുടെ N7 എന്ന മോഡല്‍ പുറത്തിറക്കിയായിരുന്നു റെക്കോഡ് നേട്ടം. ആഗോള വിപണിയില്‍ മാത്രം വില്‍പ്പനക്കെത്തുന്ന ഡെന്‍സ N7 ഇലക്ട്രിക് എസ്‌യുവിയുടെ പുതുക്കിയ പതിപ്പായിരുന്നു ഇത്. 2003-ലാണ് BYD ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രിയിലേക്ക് കാല്‍വെയ്പ്പ് നടത്തിയത്. 2008-ലാണ് കമ്പനി തങ്ങളുടെ ആദ്യ ന്യൂ എനര്‍ജി വെഹിക്കിള്‍ വിറ്റത്.

ഇപ്പോള്‍ BYD ഡസന്‍ കണക്കിന് ഇവികളും ഹൈബ്രിഡുകളും അടക്കമുള്ള NEV-കള്‍ വില്‍പ്പനക്കെത്തിക്കുന്നു. എതിരാളികളെ പോലും അസൂയപ്പെടുത്തും വിധത്തില്‍ ചുരുങ്ങിയ നാളുകൊണ്ടായിരുന്നു BYD-യുടെ വമ്പന്‍ വളര്‍ച്ച. 2021 മെയ് മാസത്തിലായിരുന്നു BYD 10 ലക്ഷം ഇവി ഉല്‍പ്പാദന നാഴികക്കല്ല് താണ്ടിയത്. എന്നാല്‍ പിന്നീട് വന്ന ഒന്നര വര്‍ഷത്തിനുള്ളില്‍ ഇത് മൂന്നിരട്ടിയായി വര്‍ധിപ്പിക്കാന്‍ അവര്‍ക്ക് സാധിച്ചു.
വെറും 9 മാസങ്ങള്‍ക്കുള്ളില്‍ കമ്പനി 5 ദശലക്ഷം യൂണിറ്റ് ഉത്പാദനം പിന്നിട്ടു. 5 ദശലക്ഷം യൂണിറ്റ് ഇവി ഉത്പാദനത്തില്‍ നിന്ന് 7 ദശലക്ഷത്തിലേക്ക് കുതിച്ച് ചാടാന്‍ BYD-ക്ക് വെറും 7 മാസം മാത്രമാണ് വേണ്ടിവന്നത്. കഴിഞ്ഞ വര്‍ഷം BYD ഇലക്ട്രിക് വാഹനങ്ങളുടെ വാര്‍ഷിക വില്‍പ്പന 3.02 ദശലക്ഷം യൂണിറ്റായിരുന്നു. ഇതുവഴിയാണ് ഒരുകാലത്ത് തങ്ങളെ കളിയാക്കി ചിരിച്ചിരുന്ന ഇലോണ്‍ മസ്‌കിന്റെ സ്വന്തം ബ്രാന്‍ഡായ ടെസ്‌ലയെ മറികടന്ന് ലോകത്ത് ഒന്നാമന്‍മാരാകാന്‍ BYD-ക്ക് സാധിച്ചത്.

അതിന്റെ വിപുലമായ പോര്‍ട്ട്ഫോളിയോയില്‍ നിന്നുള്ള വിവിധ മോഡലുകള്‍ അവരുടെ സെഗ്‌മെന്റില്‍ സ്ഥിരമായി മികച്ച സംഭാവന നല്‍കാന്‍ തുടങ്ങിയതോടെ കമ്പനിയുടെ ശുക്രന്‍ തെളിയുകയായിരുന്നു. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ വിദേശ വിപണികളിലേക്ക് തങ്ങളുടെ സാന്നിധ്യം വ്യാപിപ്പിക്കുകയാണ് കമ്പനി. ഇപ്പോള്‍ 64 രാജ്യങ്ങളിലാണ് BYD തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വില്‍പ്പനക്ക് എത്തിക്കുന്നത്. തായ്ലന്‍ഡ്, ബ്രസീല്‍, ഉസ്ബെക്കിസ്ഥാന്‍, ഹംഗറി എന്നിവിടങ്ങളില്‍ അവര്‍ക്ക് നിര്‍മ്മാണ സൗകര്യങ്ങളുണ്ട്.
ഈ വര്‍ഷം, BYD യുവേഫ യൂറോ കപ്പിന്റെ ഔദ്യോഗിക പങ്കാളി കൂടിയാണ്. ലോക വേദിയില്‍ അവര്‍ തങ്ങളുടെ പുത്തന്‍ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഓട്ടോമോട്ടീവ് മേഖലയില്‍ ചൈനീസ് കമ്പനിക്ക് അതിന്റെ പ്രധാന ബ്രാന്‍ഡായ BYD ഓട്ടോയും ഡെന്‍സ, ഫാങ് ചെങ് ബാവോ, യാങ്വാങ് എന്നിവയുള്‍പ്പെടെ പ്രീമിയം സബ് ബ്രാന്‍ഡുകളും ഉണ്ട്. 2011 ഫെബ്രുവരിയില്‍ BYD-യും ഡൈംലറും തമ്മിലുള്ള ഒരു സംയുക്ത സംരംഭമായിട്ടാണ് ഡെന്‍സ സ്ഥാപിതമായത്.

തുടക്കത്തില്‍ കമ്പനിയില്‍ BYD-ക്ക് 50 ശതമാനം ഓഹരികള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നതെങ്കില്‍ 2022-ല്‍ അത് 90 ശതമാനമായി ഉയര്‍ന്നു. റെക്കോഡ് നേട്ടം കുറിച്ച് പ്രൊഡക്ഷന്‍ ലൈനില്‍ നിന്ന് ഇറങ്ങിയ ഡെന്‍സ N7 ടെസ്‌ല മോഡല്‍ Y-യുടെ എതിരാളിയാണ്. ഏപ്രില്‍ ഒന്നിന് അപ്ഡേറ്റ് ചെയ്ത N7 ഔദ്യോഗികമായി അവതരിപ്പിക്കുമെന്ന് ഡെന്‍സ പ്രഖ്യാപിച്ചു. ഇതിനോടകം തന്നെ ഇവി ചൈനയിലെ ഡെന്‍സ സ്റ്റോറുകളില്‍ എത്തിത്തുടങ്ങിയിട്ടുണ്ട്.
ഇന്ത്യയിലേക്ക് വന്നാല്‍ e6 എംപിവി, അറ്റോ 3 എസ്‌യുവി എന്നിവക്ക് ശേഷം ബ്രാന്‍ഡ് വിപണിയിലെത്തിച്ച മൂന്നാമത്തെ ഫുള്‍ ഇലക്ട്രിക് മോഡലായിരുന്നു സീല്‍. 40 ലക്ഷം രൂപക്ക് മുകളില്‍ വില വരുന്ന ഇവി 15 ദിവസത്തിനുള്ളില്‍ 500 ബുക്കിംഗുകള്‍ നേടി ഹിറ്റടിച്ചിരുന്നു. ഡൈനാമിക്, പ്രീമിയം, പെര്‍ഫോമന്‍സ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് വാഗ്ദാനം ചെയ്യുന്നത്. ഇവക്ക് യഥാക്രമം 41 ലക്ഷം, 45.55 ലക്ഷം, 53 ലക്ഷം എന്നിങ്ങനെയാണ് എക്‌സ്‌ഷോറൂം വില.


Click it and Unblock the Notifications








