യൂറോ കപ്പ് കാണാം, ഒപ്പം പോയിവരാനുള്ള വിമാന ടിക്കറ്റും! ഈ ഇലക്ട്രിക് കാര്‍ ബുക്ക് ചെയ്താല്‍ മതി
കഴിഞ്ഞ വര്‍ഷം 2023 ഓട്ടോ എക്സ്പോയില്‍ ചൈനീസ് ഇവി നിര്‍മാതാക്കളായ ബില്‍ഡ് യുവര്‍ ഡ്രീംസ് (BYD)സീല്‍ എന്ന പേരിലുള്ള ഫുള്‍ ഇലക്ട്രിക് സെഡാന്‍ മോഡല്‍ പ്രദര്‍ശിപ്പിച്ചിരുന്നു. മാസങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ 2024 മാര്‍ച്ച് അഞ്ചിന് ഇലക്ട്രിക് സെഡാന്‍ ലോഞ്ച് ചെയ്യാന്‍ പോകുകയാണ്.
അറ്റോ 3 എസ്‌യുവിക്കും e6 എംപിവിക്കും ശേഷം ഇന്ത്യയില്‍ അവതരിപ്പിക്കുന്ന കമ്പനിയുടെ മൂന്നാമത്തെ ഉല്‍പ്പന്നമായിരിക്കും ഇത്. വില പ്രഖ്യാപനത്തിന് മുന്നോടിയായി BYD ഇന്ത്യ ഇപ്പോള്‍ ഇലക്ട്രിക് സെഡാന്റെ ബുക്കിംഗ് ഔദ്യോഗികമായി ആരംഭിച്ചിട്ടുണ്ട്. ബുക്കിംഗ് തുക വെളിപ്പെടുത്തിയിട്ടില്ലെങ്കിലും താല്‍പര്യമുള്ള ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ അടുത്തുള്ള BYD ഷോറൂം സന്ദര്‍ശിച്ച് ഇവി റിസര്‍വ് ചെയ്യാവുന്നതാണ്. ബുക്കിംഗ് വിന്‍ഡോ തുറന്നതിനൊപ്പം കാല്‍പ്പന്ത് ആരാധകര്‍ക്ക് ആവേശം നല്‍കുന്ന ഒരു ഓഫറും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

ഒരു മാസം മുമ്പ് BYD യുവേഫയുടെ യൂറോപ്യന്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ (യൂറോ 2024) ഔദ്യോഗിക പങ്കാളിയും ഔദ്യോഗിക ഇ-മൊബിലിറ്റി പങ്കാളിയുമായി മാറിയിരുന്നു. ഇതിന്റെ ഫലമായി 2024 ഏപ്രില്‍ 30-ന് മുമ്പ് BYD സീല്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് യൂറോ കപ്പ് മത്സരം കാണാനുള്ള ടിക്കറ്റും ഇന്ത്യയില്‍ നിന്ന് മത്സരം നടക്കുന്ന നഗരത്തിലേക്കുള്ള ഒരു റൗണ്ട് ട്രിപ്പ് ഫ്‌ലൈറ്റ് ടിക്കറ്റും ലഭിക്കാനുള്ള സുവര്‍ണാവസരമാണ് വന്നുകിട്ടിയിരിക്കുന്നത്. തെരഞ്ഞെടുക്കുന്ന ഭാഗ്യശാലികള്‍ക്കായിരിക്കും ഇതിനുള്ള അവസരം.
വരാന്‍ പോകുന്ന ഇലക്ട്രിക് കാറിനെ കുറിച്ച് പറയുമ്പോള്‍ ഇത് കംപ്ലീറ്റ്‌ലി ബില്‍റ്റ് യൂണിറ്റ് (സിബിയു) റൂട്ട് വഴിയായിരിക്കും ഇന്ത്യയിലേക്ക് കൊണ്ടുവരിക. ചെന്നൈയിലെ കമ്പനിയുടെ പ്ലാന്റില്‍ വെച്ചായിരിക്കും അസംബ്ലിംഗ്. 4,800 mm നീളവും 1875 mm വീതിയും 1460 mm ഉയരവുമാണ് സീലിന്റെ അളവുകള്‍. BYD സീലിന് 50:50 വെയിറ്റ് ഡിസ്ട്രിബൂഷനും ലഭിക്കുന്നു. ഇലക്ട്രിക് സെഡാന് 2920 mm വീല്‍ബേസാണ് ഉള്ളത്.

സീല്‍ ഇവിയുടെ രൂപകല്‍പ്പനയെക്കുറിച്ച് പറയുകയാണെങ്കില്‍ ഓഷ്യന്‍ എക്‌സ് കണ്‍സെപ്റ്റ് കാറില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ് ഇതിന്റെ ഡിസൈന്‍. ഓള്‍ ഗ്ലാസ് റൂഫും ഫ്‌ലഷ് ഫിറ്റിംഗ് ഡോറും നാല് ബൂമറാംഗ് ആകൃതിയിലുള്ള എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍, സ്പ്ലിറ്റ് ഹെഡ്ലാമ്പ് ഡിസൈന്‍, പിന്നില്‍ ഫുള്‍ വിഡ്ത്തിലുള്ള എല്‍ഇഡി ലൈറ്റ് ബാര്‍ എന്നിവ ഇവിക്ക് ലഭിക്കുന്നു.
യാത്രാസുഖം പകരുന്നതിനായി ഒരുപിടി കംഫര്‍ട്ട് ഫീച്ചറുകള്‍ ക്യാബനില്‍ സ്ഥാനം പിടിക്കുന്നു. 15.6 ഇഞ്ച് റൊട്ടേറ്റബിള്‍ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വലിയ 10.25 ഇഞ്ച് ഡിജിറ്റല്‍ ഡിസ്പ്ലേ യൂണിറ്റ്, ഡ്രൈവ് സെലക്ടറോട് കൂടിയ സെന്‍ട്രല്‍ എസി വെന്റുകള്‍, ഹീറ്റഡ് വിന്‍ഡ്സ്‌ക്രീന്‍, ഓഡിയോ സിസ്റ്റത്തിനായുള്ള വോളിയം നിയന്ത്രണങ്ങള്‍, രണ്ട് വയര്‍ലെസ് ചാര്‍ജിംഗ് പാഡുകള്‍ തുടങ്ങി നിരവധി ഫീച്ചറുകള്‍ അകത്തളത്തില്‍ സജ്ജീകരിച്ചിരിക്കുന്നു.

സുരക്ഷാ ഉപകരണങ്ങളുടെ ഒരു നീണ്ട പട്ടികയുമായും ഇവി ഓഫര്‍ ചെയ്യും. ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിംഗ് സിസ്റ്റം, ലെയ്ന്‍ സപ്പോര്‍ട്ട്, സ്പീഡ് ഡിറ്റക്ഷന്‍ സിസ്റ്റങ്ങള്‍ എന്നിവയ്ക്കൊപ്പം അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ലെയ്ന്‍ ഡിപ്പാര്‍ച്ചര്‍ വാണിംഗ്, കൊളീഷന്‍ അവോയ്ഡന്‍സ് അസിസ്റ്റ് എന്നിവയടക്കമുള്ള അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റങ്ങള്‍ (ADAS) ഉള്‍ക്കൊള്ളിച്ചായിരിക്കും ഇവി വരിക. യൂറോ NCAP ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് നേടിയ വാഹനമാണിത്.
മുതിര്‍ന്നവരുടെയും കുട്ടികളുടെയും യാത്രക്കാരുടെ സംരക്ഷണത്തിന്റെ കാര്യത്തില്‍ സെഡാന്‍ അഞ്ചില്‍ അഞ്ചും നേടി. മുതിര്‍ന്നവരുടെ സംരക്ഷണത്തില്‍ 89 ശതമാനവും കുട്ടികളുടെ സംരക്ഷണത്തില്‍ 87 ശതമാനവും സ്‌കോര്‍ ചെയ്തു. റിയര്‍ വീല്‍ ഡ്രൈവ് വാഗ്ദാനം ചെയ്യുന്ന 82.5 kWh ബാറ്ററി പായ്ക്കിലാണ് പുതിയ BYD സീല്‍ ഇന്ത്യയിലേക്കെത്തുക.
WLTP സൈക്കിളില്‍ ഇത് 570 കിലോമീറ്റര്‍ റേഞ്ചാണ് അവകാശപ്പെടുന്നത്. ഒരു സാധാരണ 11 kW എസി ചാര്‍ജര്‍ ഉപയോഗിച്ച് 8.6 മണിക്കൂറിനുള്ളില്‍ ബാറ്ററി 100 ശതമാനം വരെ ചാര്‍ജ് ചെയ്യാം. 150 kW ചാര്‍ജര്‍ വഴി 37 മിനിറ്റിനുള്ളില്‍ 10-80 ശതമാനം ചാര്‍ജ് ചെയ്യാനും സാധിക്കും. റിയര്‍ ആക്സില്‍ മൗണ്ടഡ് പെര്‍മനെന്റ് മാഗ്‌നറ്റ് സിന്‍ക്രണസ് മോട്ടോര്‍ 230 bhp പവറും 360 Nm ടോര്‍ക്കും നല്‍കുന്നു.
പെര്‍ഫോമന്‍സ് വശം നോക്കിയാല്‍ വെറും 5.9 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഇതിനാകും. ഏകദേശം 50 ലക്ഷം രൂപയാണ് BYD സീലിന്റെ എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കുന്നത്. ഈ വില നിലവാരത്തില്‍ കിയ EV6, ഹ്യുണ്ടായി അയോണിക് 5, വോള്‍വോ C40 റീചാര്‍ജ് എന്നിവയെ നേരിടും.


Click it and Unblock the Notifications








