580 കി.മീ റേഞ്ചുള്ള ഇവിക്ക് 2 ലക്ഷം ഡിസ്‌കൗണ്ട്! ഓഫര്‍ 'സീല്‍' പൊട്ടിച്ച് BYD
2023 ഓട്ടോ എക്‌സ്‌പോയിലൂടെ അരങ്ങേറിയ സീല്‍ ഇലക്ട്രിക് സെഡാന്‍ ഈ വര്‍ഷം മാര്‍ച്ചിലാണ് ചൈനീസ് ഇവി നിര്‍മാതാക്കളായ ബില്‍ഡ് യുവര്‍ ഡ്രീംസ് (BYD) ഇന്ത്യയിലെത്തിച്ചത്. ബ്രാന്‍ഡ് ഇന്ത്യയിലെത്തിക്കുന്ന മൂന്നാമത്തെ ഇവി ആയിരുന്നു സീല്‍. ഡൈനാമിക് റേഞ്ച്, പ്രീമിയം റേഞ്ച്, പെര്‍ഫോമന്‍സ് റേഞ്ച് എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലായാണ് സീല്‍ പുറത്തിറക്കിയിരിക്കുന്നത്. 41 ലക്ഷം മുതല്‍ 53 ലക്ഷം രൂപ വരെയാണ് ഇവിയുടെ എക്‌സ്‌ഷോറൂം വില പോകുന്നത്. പ്രീമിയം ഇവി ഉപഭോക്താക്കളെ ഇതിനോടകം ആകര്‍ഷിച്ച സീലിന്റെ വില്‍പ്പന ഉയര്‍ത്താനായി ഈ ഉത്സവകാലത്ത് ആകര്‍ഷകമായ ഓഫറുകള്‍ BYD കൊണ്ടുവന്നിട്ടുണ്ട്. അതിനെ കുറിച്ച് വിശദമായി വായിക്കാം.
2024 ഏപ്രിലില്‍ ലോഞ്ച് ചെയ്തത് മുതല്‍ സീലിനായി ഏകദേശം 1,500 ഓര്‍ഡറുകള്‍ ലഭിച്ചതായി BYD അവകാശപ്പെടുന്നു. ഏകദേശം 1,000 വാഹനങ്ങള്‍ ഇതുവരെ ഡെലിവര്‍ ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. വില്‍പ്പനയുടെ 80 ശതമാനവും സീലിന്റെ മിഡ്‌സ്‌പെക്ക് പ്രീമിയം വേരിയന്റാണ്. ഈ വര്‍ഷം അതിന്റെ മോഡല്‍ ശ്രേണിയിലുടനീളം 2,026 യൂണിറ്റുകള്‍ വിതരണം ചെയ്ത് ഇന്ത്യയിലെ പ്രീമിയം ഇലക്ട്രിക് വാഹന വിഭാഗത്തില്‍ ശക്തമായ സാന്നിധ്യം BYD അടയാളപ്പെടുത്തുന്നു.

വില്‍പ്പനയില്‍ സ്ഥിരത പുലര്‍ത്തുന്നതിനായി BYD ഇന്ത്യ അതിന്റെ ഓള്‍-ഇലക്ട്രിക് സീല്‍ സെഡാനായി ഇപ്പോള്‍ ആകര്‍ഷകമായ ഉത്സവ ഓഫര്‍ അവതരിപ്പിച്ചു. ഈ ദീപാവലി ഉത്സവകാലത്ത് ലൈനപ്പിലെ പ്രീമിയം മോഡലായ പെര്‍ഫോമന്‍സ് വേരിയന്റില്‍ ഗണ്യമായ ക്യാഷ് ഡിസ്‌കൗണ്ടും കോംപ്ലിമെന്ററി സര്‍വീസ് പാക്കേജുമാണ് വാഗ്ദാനം ചെയ്യുന്നത്. ഏറ്റവും കൂടുതല്‍ ഡിമാന്‍ഡുള്ള മിഡ്‌സ്‌പെക്ക് വേരിയന്റിലും കാര്യമായ ആനുകൂല്യങ്ങള്‍ ലഭ്യമാകുന്നു.
53 ലക്ഷം രൂപ വിലയുള്ള ഈ ടോപ്പ്-ഓഫ്-ലൈന്‍ മോഡലിന് ഇപ്പോള്‍ 2 ലക്ഷം രൂപ ക്യാഷ് ഡിസ്‌കൗണ്ട് ലഭ്യമാണ്. ഒപ്പം 50,000 രൂപ മൂല്യമുള്ള മൂന്ന് വര്‍ഷത്തെ സര്‍വീസ് പാക്കേജും ഉള്‍പ്പെടെ 2.50 ലക്ഷം രൂപ വരെയുള്ള മൊത്തം ആനുകൂല്യങ്ങള്‍ നേടിയെടുക്കാനുള്ള അവസരമാണ് ഇപ്പോള്‍ വീണുകിട്ടിയിരിക്കുന്നത്. ഈ ഓഫറിലൂടെ ഫലത്തില്‍ 51 ലക്ഷം എക്‌സ്‌ഷോറൂം വിലയില്‍ സീല്‍ പെര്‍ഫോമന്‍സ് റേഞ്ച് വാങ്ങാം.
ഓള്‍-വീല്‍ ഡ്രൈവ് സംവിധാനമുള്ള ഇലക്ട്രിക് പെര്‍ഫോമന്‍സ് സെഡാന് 82.56 kWh ബാറ്ററി പായ്ക്കില്‍ നിന്നാണ് പവര്‍ എടുക്കുന്നത്. ഒറ്റ ചാര്‍ജില്‍ 580 കിലോമീറ്റര്‍ റേഞ്ചാണ് കമ്പനി അവകാശപ്പെടുന്നത്. സംയോജിതമായി 523 bhp പവറും 670 Nm ടോര്‍ക്കും നല്‍കുന്ന ഇരട്ട-മോട്ടോര്‍ സജ്ജീകരണമുള്ള സീല്‍ പെര്‍ഫോമന്‍സ് വേരിയന്റ് വെറും 3.8 സെക്കന്‍ഡിനുള്ളില്‍ 0-100 kmph വേഗത കൈവരിക്കുന്നു.
മിഡ്-സ്‌പെക്ക് സീല്‍ പ്രീമിയം പരിഗണിക്കുന്നവര്‍ക്കും സന്തോഷിക്കാന്‍ വകയുണ്ട്. 50,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 50,000 രൂപ വിലയുള്ള മൂന്ന് വര്‍ഷത്തെ കോംപ്ലിമെന്ററി സര്‍വീസ്, മെയിന്റനന്‍സ് പാക്കേജും ഉള്‍പ്പെടെ 1 ലക്ഷം രൂപയുടെ ആനുകൂല്യമാണ് സീല്‍ പ്രീമിയം വേരിയന്റില്‍ വാഗ്ദാനം ചെയ്യുന്നത്. 45.55 ലക്ഷം രൂപയാണ് ഈ വേരിയന്റിന്റെ വില.

പെര്‍ഫോമന്‍സില്‍ നിന്ന് വ്യത്യസ്തമായി പ്രീമിയത്തില്‍ റിയര്‍ വീലുകള്‍ക്ക് കരുത്ത് പകരുന്ന ഒറ്റ ഇലക്ട്രിക് മോട്ടോര്‍ മാത്രമാണുള്ളത്. ഈ മോട്ടോര്‍ 308 bhp പവറും 360 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. പെര്‍ഫോമന്‍സ് വേരിയന്റുമായി താരതമ്യപ്പെടുത്തുമ്പോള്‍ പവര്‍ട്രെയിന്‍ കോണ്‍ഫിഗറേഷനില്‍ വ്യത്യാസമുണ്ടെങ്കിലും പ്രീമിയം മോഡല്‍ മൂന്ന് വേരിയന്റുകളില്‍ ഏറ്റവും ഉയര്‍ന്ന റേഞ്ച് അവകാശപ്പെടുന്നു. 82.56 kWh ബാറ്ററി പായ്ക്കിന്റെ ബലത്തില്‍ ഇത് ഫുള്‍ ചാര്‍ജില്‍ 680 കിലോമീറ്റര്‍ വരെ ഓടുമെന്നാണ് പറയപ്പെടുന്നത്.
ഡ്രൈവറുടെയും യാത്രക്കാരുടെയും സുരക്ഷയും സൗകര്യവും വര്‍ധിപ്പിക്കുന്ന സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറുകളുടെ ഒരു സ്യൂട്ട് സീല്‍ സെഡാനില്‍ സജ്ജീകരിച്ചിരിക്കുന്നു. ഒമ്പത് എയര്‍ബാഗുകള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റങ്ങള്‍ (ADAS), 10.25 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ഡിസ്പ്ലേ, ഹീറ്റിംഗും വെന്റിലേഷനും ഉള്ള പവര്‍ഡ് ഫ്രണ്ട് സീറ്റുകള്‍, വലിപ്പമുള്ള 15.6 ഇഞ്ച് ടച്ച്സ്‌ക്രീന്‍, ഡ്യുവല്‍ സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവ ആഡംബരം തുളുമ്പുന്നതും സുരക്ഷിതവുമായ ഡ്രൈവിംഗ് അനുഭവം സാധ്യമാക്കും.
ചുരുക്കിപ്പറഞ്ഞാല്‍ BYD സീല്‍ സെഡാനിന്റെ ഉത്സവകാല ഓഫറുകള്‍ ഒരു പ്രീമിയം ഇവി സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണാവസരമാണ് നല്‍കുന്നത്. ഗണ്യമായ ഡിസ്‌കൗണ്ടുകളും ഫ്രീ സര്‍വീസ് പാക്കേജുകള്‍ അടക്കമുള്ള അധിക ആനുകൂല്യങ്ങളും ഉപയോഗിച്ച് ഇവികള്‍ കൂടുതല്‍ ആക്സസ് ചെയ്യാനും ആകര്‍ഷകമാക്കാനുമാണ് ചൈനീസ് കമ്പനി ലക്ഷ്യമിടുന്നത്. ഉത്സവകാല ഓഫറുകള്‍ BYD-യുടെ വില്‍പ്പന നമ്പറുകള്‍ മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്നാണ് ഞങ്ങളുടെയും പ്രതീക്ഷ.


Click it and Unblock the Notifications








