ഒറ്റചാര്‍ജില്‍ 700 കി.മീ ഓടാം; BYD-യുടെ മൂന്നാമത്തെ മോഡല്‍ ഇന്ത്യയിലേക്കെത്തുന്ന തീയതി അറിയാം

ലോകോത്തര ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ബില്‍ഡ് യുവര്‍ ഡ്രീംസ് (BYD) ഇന്ത്യന്‍ വിപണി കണ്ണുവെക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ കുറേയായി. എന്നാല്‍ രാജ്യത്ത് ഇവി നിര്‍മാണ പ്ലാന്റ് സ്ഥാപിക്കാനുള്ള കമ്പനിയുടെ നീക്കങ്ങള്‍ക്ക് നേരെ ചുവപ്പ് കാര്‍ഡ് ഉയര്‍ത്തുകയാണ് കേന്ദ്ര സര്‍ക്കാര്‍. അതേസമയം തന്നെ അമേരിക്കന്‍ കമ്പനിയും BYD-യുടെ എതിരാളിയുമായ ടെസ്‌ലയെ സ്വാഗതം ചെയ്യുന്നുമുണ്ട് കേന്ദ്രം.

ഇന്ത്യയും ചൈനയും തമ്മിലുള്ള നയതന്ത്ര പ്രശ്‌നങ്ങളാണ് BYD-ക്ക് വിലങ്ങുതടിയാകുന്നത്. എന്നാല്‍ ടെസ്‌ലയുടെ വരവിന് മുമ്പ് ഇന്ത്യയിലെ തങ്ങളുടെ പോര്‍ട്‌ഫോളിയോ വിപുലീകരിക്കുന്ന തിരക്കിലാണ് BYD. നിലവില്‍ e6 എംപിവിയും അറ്റോ 3 ഇലക്ട്രിക് എസ്‌യുവിയുമാണ് ചൈനീസ് ബ്രാന്‍ഡ് ഇന്ത്യയില്‍ എത്തിക്കുന്നത്. BYD-യില്‍ നിന്ന് ഇന്ത്യയില്‍ എത്താന്‍ പോകുന്ന മൂന്നാമത്തെ ഓള്‍ ഇലക്ട്രിക് ഓഫറിംഗാണ് സീല്‍ സെഡാന്‍.

byd seal ev

കഴിഞ്ഞ ദിവസം ഇവി ചെന്നൈയില്‍ പരീക്ഷണയോട്ടം നടത്തുന്നതിനിടെ ക്യാമറക്കണ്ണുകളില്‍ പതിഞ്ഞ സാഹചര്യത്തില്‍ ലോഞ്ച് അടുത്തുവെന്ന് ഉറപ്പായിരുന്നു. ഇപ്പോള്‍ ഏറെ നാളായി ഇവി പ്രേമികള്‍ കാത്തിരിക്കുന്ന സീല്‍ സെഡാന്റെ ലോഞ്ച് തീയതി പുറത്തുവന്നിരിക്കുകയാണ്. 2024 മാര്‍ച്ച് അഞ്ചിന് ചൈനീസ് കമ്പനി തങ്ങളുടെ ഏറ്റവും പുതിയ മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. നിരവധി BYD ഡീലര്‍മാര്‍ ഇതിനോടകം തന്നെ സീല്‍ സെഡാന്റെ ബുക്കിംഗ് അനൗദ്യോഗികമായി സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്.

പവര്‍ട്രെയിന്‍ വശം നോക്കുമ്പോള്‍ ഗ്ലോബല്‍ സ്പെക്ക് BYD സീല്‍ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനാണ് വാഗ്ദാനം ചെയ്യുന്നത്. ആദ്യത്തെ 61.4 kWh ബാറ്ററി പായ്ക്ക് CLTC സൈക്കിളില്‍ 500 കിലോമീറ്റര്‍ വരെ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. 700 കിലോമീറ്റര്‍ വരെ റേഞ്ചുള്ള 82.5 kWh യൂണിറ്റാണ് രണ്ടാമത്തേത്. വലിയ ബാറ്ററി പായ്ക്ക് സജ്ജീകരിച്ച സീല്‍ ആയിരിക്കും ഇന്ത്യയില്‍ എത്തിയേക്കുക.

byd seal ev

മറ്റ് BYD കാറുകള്‍ക്ക് സമാനമായി സെഡാനിനും ബ്രാന്‍ഡിന്റെ ലോക പ്രശസ്തമായ ബ്ലേഡ് സാങ്കേതികവിദ്യ ലഭിക്കും. 150kW വരെ വേഗതയില്‍ ചാര്‍ജ് ചെയ്യാവുന്നതുമായ ബാറ്ററി ഓരോ ആക്‌സിലിലും ഘടിപ്പിച്ച രണ്ട് മോട്ടോറുകളിലേക്ക് പവര്‍ അയയ്ക്കും. ഡ്യുവല്‍ ഇലക്ട്രിക് മോട്ടോറുകള്‍ സംയുക്തമായി 530 hp പവറും 670 Nm ടോര്‍ക്കും നല്‍കും. പെര്‍ഫോമന്‍സ് വശം നോക്കുമ്പോള്‍ വെറും 3.8 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സീലിന് സാധിക്കും.

വലിപ്പം നോക്കുമ്പോള്‍ ഈ ഇലക്ട്രിക് സെഡാനിന് 4,800 mm നീളവും 1,875 mm വീതിയും 1,460 mm ഉയരവുമുണ്ട്. ഇതിന് 400 ലിറ്റര്‍ ബൂട്ടും 53 ലിറ്റര്‍ ഫ്രങ്കും ഉണ്ട്. ഓഷ്യന്‍ എക്‌സ് കണ്‍സെപ്റ്റില്‍ നിന്നാണ് ഇലക്ട്രിക് സെഡാന്റെ രൂപകല്‍പ്പന. മാത്രമല്ല ഓഷ്യന്‍ തീമിലുള്ള നാമകരണവും ബ്രാന്‍ഡ് സ്വീകരിക്കുന്നു.

കൂപ്പെ ശൈലിയിലുള്ള ഓള്‍ ഗ്ലാസ് റൂഫ്, ഫ്‌ലഷ് ഫിറ്റിംഗ് ഡോര്‍ ഹാന്‍ഡിലുകള്‍, ബൂമറാംഗ് ആകൃതിയിലുള്ള എല്‍ഇഡി ഡിആര്‍എല്‍, സ്പ്ലിറ്റ് ഹെഡ്ലാമ്പ് ഡിസൈന്‍, പിന്നില്‍ ഫുള്‍ വിഡ്ത്ത് എല്‍ഇഡി ലൈറ്റ് ബാര്‍ എന്നിവ ഇന്ത്യന്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ പോന്ന സ്‌റ്റൈലിംഗ് ഘടകങ്ങളാണ്. ഇവിയുടെ ചാര്‍ജിംഗ് സ്ലോട്ട് സൈഡിലാണ് കാണാന്‍ സാധിക്കുക. 15.6 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്‌പ്ലേയാണ് BYD സീലിന്റെ ക്യാബിനില്‍ സജ്ജീകരിച്ചിരിക്കുന്നത്.

ഡ്രൈവര്‍ക്ക് പ്രത്യേക 10.25 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഹെഡ്-അപ്പ് ഡിസ്‌പ്ലേയും ലഭിക്കുന്നു. ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീന്‍ സെന്‍ട്രല്‍ എസി വെന്റുകളാല്‍ ചുറ്റപ്പെട്ടിരിക്കുന്നു. അതിന് കീഴില്‍ നേരിട്ട് ഡ്രൈവ് സെലക്ടറും വിവിധ ഡ്രൈവ് മോഡുകള്‍ തിരഞ്ഞെടുക്കുന്നതിനുള്ള സ്‌ക്രോള്‍ വീലും ഉണ്ട്. ഹീറ്റഡ് വിന്‍ഡ്‌സ്‌ക്രീന്‍, ഓഡിയോ സിസ്റ്റത്തിനായുള്ള വോളിയം കണ്‍ട്രോള്‍, രണ്ട് വയര്‍ലെസ് ചാര്‍ജിംഗ് പാഡുകള്‍ തുടങ്ങിയ ഫംഗ്ഷനുകള്‍ക്കായുള്ള ബേസിക് കണ്‍ട്രോളുകളും സെന്റര്‍ കണ്‍സോളിലുണ്ട്.

ഏകദേശം 50 ലക്ഷം രൂപ പ്രൈസ് റേഞ്ചിലാണ് BYD സീല്‍ ഇലക്ട്രിക് സെഡാന്റെ എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കുന്നത്. വില പ്രഖ്യാപിച്ചതിന് ശേഷം സീല്‍ ഇവിയുടെ വിതരണം ഉടന്‍ ആരംഭിക്കുമെന്നാണ് ഡീലര്‍ഷിപ്പ് സ്രോതസ്സുകള്‍ പറയുന്നത്. ഇന്ത്യന്‍ വിപണിയില്‍ സീലിന് നേരിട്ടുള്ള എതിരാളികളില്ല. എന്നാല്‍ ഇതേ വില നിലവാരത്തില്‍ ഹ്യുണ്ടായി അയോണിക് 5 എസ്‌യുവി, കിയ EV6 ക്രോസ്ഓവര്‍ എന്നീ മോഡലുകളെയാണ് സീല്‍ നേരിടേണ്ടി വരിക.

More from DriveSpark

Article Published On: Wednesday, February 14, 2024, 16:45 [IST]
English summary
Byd seal ev set to launch in india on march 5th details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X