നെക്‌സോണിനേക്കാള്‍ ഇരട്ടി റേഞ്ചുള്ള ഇവി ഇന്ത്യയില്‍; ടെസ്‌ലയെത്തും മുമ്പേ കളംപിടിക്കാന്‍ BYD
ടെസ്‌ലയെ പിന്തള്ളി പോയ വര്‍ഷം ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളായി ചൈനീസ് കമ്പനിയായി ബില്‍ഡ് യുവര്‍ ഡ്രീംസ് (BYD) മാറിയിരുന്നു. e6 എംപിവി, അറ്റോ 3 എസ്‌യുവി എന്നീ രണ്ട് മോഡലുകളാണ് നിലവില്‍ BYD ഇന്ത്യയില്‍ വില്‍പ്പനക്കെത്തിക്കുന്നത്. സീല്‍ എന്ന പേരിലുള്ള ഇലക്ട്രിക് സെഡാനാണ് BYD ഇന്ത്യയിലെത്തിക്കാന്‍ പോകുന്ന അടുത്ത മോഡല്‍ എന്ന് ഏറെക്കുറെ ഉറപ്പായതാണ്.
2023 ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച മോഡലിന്റെ ലോഞ്ച് നീണ്ട് നീണ്ട് പോകുകയായിരുന്നു. ഏതായാലും മോഡല്‍ ഉടന്‍ വിപണിയിലെത്തുമെന്ന സൂചനകള്‍ നല്‍കി സീല്‍ സെഡാന്‍ ചെന്നൈയുടെ പ്രാന്തപ്രദേശത്ത് പരീക്ഷണയോട്ടം നടത്തുന്നതിന്റെ സ്‌പൈ ചിത്രങ്ങള്‍ പുറത്തുവന്നു. ഇതാദ്യമായാണ് BYD സീല്‍ ഇന്ത്യന്‍ നിരത്തുകളില്‍ കാണപ്പെടുന്നത്. BYD സീല്‍ 2024 മാര്‍ച്ച് ആദ്യം വില്‍പ്പനയ്ക്കെത്തുമെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മാത്രമല്ല ചില ഡീലര്‍മാര്‍ BYD സീല്‍ സെഡാന്‍ മോഡലിനുള്ള ബുക്കിംഗുകള്‍ അനൗദ്യോഗികമായി ആരംഭിച്ചതായാണ് വിവരം. ആദ്യം നമുക്ക് സീല്‍ ഇവിയുടെ വലിപ്പം നോക്കം. ഈ ഇലക്ട്രിക് സെഡാനിന് 4,800 mm നീളവും 1,875 mm വീതിയും 1,460 mm ഉയരവുമുണ്ട്. ഓഷ്യന്‍ എക്സ് കണ്‍സെപ്റ്റില്‍ നിന്നാണ് ഇലക്ട്രിക് സെഡാന്റെ ഡിസൈന്‍. അതേസമയം BYD യുടെ 'ഓഷ്യന്‍ ഏസ്‌തെറ്റിക്‌സ്' ഡിസൈന്‍ ഭാഷയും പിന്തുടരുന്നുണ്ട്.
മാത്രമല്ല ഓഷ്യന്‍ തീമിലുള്ള നാമകരണവും ബ്രാന്‍ഡ് പിന്തുടര്‍ന്ന് വരുന്നു. ബ്ലാക്ക് സ്‌മോഗ്ഡ് ആയിട്ടുള്ള സ്പ്ലിറ്റ് എല്‍ഇഡി ഹെഡ്‌ലാമ്പ്, ബൂമറാങ് ഷേപ്പിലെ ഡിആര്‍എല്‍, ബ്ലാക്ക് ബോര്‍ഡര്‍ നല്‍കിയിട്ടുള്ള എയര്‍ഡാം എന്നിവയാണ് മുന്‍വശത്തെ പ്രധാന ഡിസൈന്‍ ഹൈലൈറ്റുകള്‍. കൂപ്പെ മാതൃകയിലുള്ള ഗ്ലാസ് റൂഫാണ് സീലില്‍ നല്‍കിയിരിക്കുന്നത്. സ്‌റ്റൈലിഷ് ഡിസൈനിലുള്ള അലോയ് വീലുകളും, അണ്‍ലോക്ക് ചെയ്യുമ്പോള്‍ പോപ്പ്അപ്പ് ചെയ്ത് വരുന്ന ഡോര്‍ ഹാന്‍ഡിലുകളുമാണ് വശങ്ങളിലെ പ്രധാന ആകര്‍ഷണങ്ങള്‍.

ചാര്‍ജിങ്ങ് സ്ലോട്ടും വശങ്ങളില്‍ തന്നെയാണ് നല്‍കുന്നത്. ഫുള്‍ വിഡ്ത്ത് എല്‍ഇഡി ലൈറ്റ് ബാറര്‍ പിന്‍ഭാഗത്തിന്റെ മൊഞ്ച് കൂട്ടുന്നു. ഫീച്ചര്‍ വശം നോക്കുമ്പോള്‍ അറ്റോ 3 എസ്‌യുവി, e6 എംപിവി എന്നിവയ്ക്ക് സമാനമായ 15.6 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്പ്ലേയാണ് BYD സീലിന് ലഭിക്കുന്നത്. ഡ്രൈവറിന് പ്രത്യേക 10.25 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഹെഡ്-അപ്പ് ഡിസ്പ്ലേയും ലഭിക്കുന്നു.
ഫ്‌ലോട്ടിംഗ് ടച്ച്സ്‌ക്രീന്‍ സെന്‍ട്രല്‍ എസി വെന്റുകളാല്‍ ചുറ്റപ്പെട്ടിരിക്കുന്നു. അതിന് കീഴില്‍ നേരിട്ട് ഡ്രൈവ് സെലക്ടറും വിവിധ ഡ്രൈവ് മോഡുകള്‍ തിരഞ്ഞെടുക്കുന്നതിനുള്ള സ്‌ക്രോള്‍ വീലും ഉണ്ട്. ഹീറ്റഡ് വിന്‍ഡ്സ്‌ക്രീന്‍, ഓഡിയോ സിസ്റ്റത്തിനായുള്ള വോളിയം കണ്‍ട്രോള്‍, രണ്ട് വയര്‍ലെസ് ചാര്‍ജിംഗ് പാഡുകള്‍ തുടങ്ങിയ ഫംഗ്ഷനുകള്‍ക്കായുള്ള ബേസിക് കണ്‍ട്രോളുകളും സെന്റര്‍ കണ്‍സോളിലുണ്ട്. അറ്റോ 3 എസ്‌യുവിക്ക് സമാനമായി കോണ്‍ട്രാസ്റ്റിംഗ് ഡാഷ്ബോര്‍ഡ് ഷേഡുകളും ഡോര്‍ഹാന്‍ഡിലുകളില്‍ സംയോജിപ്പിച്ച സ്പീക്കറുകള്‍ക്കുമെപ്പം ഇന്റീരിയറില്‍ ധാരാളം ഗ്ലോസ് ബ്ലാക്ക് ഇന്‍സെര്‍ട്ടുകള്‍ ലഭിക്കുന്നു.

പവര്‍ട്രെയിന്‍ വശം നോക്കുമ്പോള്‍ ഗ്ലോബല്‍ സ്‌പെക്ക് BYD സീല്‍ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനാണ് വാഗ്ദാനം ചെയ്യുന്നത്. ആദ്യത്തെ 61.4 kWh ബാറ്ററി പായ്ക്ക് CLTC സൈക്കിളില്‍ 500 കിലോമീറ്റര്‍ വരെ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. 700 കിലോമീറ്റര്‍ വരെ റേഞ്ചുള്ള 82.5 kWh യൂണിറ്റാണ് രണ്ടാമത്തേത്. മറ്റ് BYD കാറുകള്‍ക്ക് സമാനമായി സീല്‍ സെഡാനിനും ബ്രാന്‍ഡിന്റെ ലോക പ്രശസ്തമായ ബ്ലേഡ് സാങ്കേതികവിദ്യ ലഭിക്കുന്നു.
സിംഗിള്‍ മോട്ടോര്‍, ഡ്യുവല്‍ മോട്ടോര്‍ ഓപഷനുകളില്‍ സീല്‍ വാങ്ങാന്‍ സാധിക്കും. സിംഗിള്‍ മോട്ടോര്‍ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകള്‍ക്കൊപ്പവും വരുന്നു. അതേസമയം ഡ്യുവല്‍ മോട്ടോര്‍ വലിയ ബാറ്ററിക്കൊപ്പം മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്. ഇന്ത്യന്‍ മോഡലുകള്‍ക്ക് ഡ്യുവല്‍ മോട്ടോര്‍, ഓള്‍ വീല്‍ ഡ്രൈവ് പവര്‍ട്രെയിന്‍ സജ്ജീകരണം ലഭിക്കുമെന്നാണ് പ്രതീക്ഷ.

രണ്ട് മോട്ടോറുകളും സംയുക്തമായി 530 bhp പവര്‍ പുറത്തെടുക്കും. പെര്‍ഫോമന്‍സ് വശം നോക്കുമ്പോള്‍ വെറും 3.8 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സീലിന് സാധിക്കും. ഇന്ത്യയില്‍ നിലവില്‍ വില്‍പ്പനക്കെത്തുന്ന പ്രീമിയം ഇവികളായ ഹ്യുണ്ടയി അയോണിക് 5, കിയ EV6 എന്നിവയേക്കാള്‍ പവര്‍ഫുളാണ് സീല്‍ എന്ന് പറയാം.
ഈ മോഡലുകളോടാണ് സീല്‍ ഇന്ത്യന്‍ വിപണിയില്‍ പ്രധാനമായും മത്സരിക്കേണ്ടത്. ഏകദേശം 50 ലക്ഷം രൂപയാണ് BYD സീലിന്റെ പ്രാരംഭ വില പ്രതീക്ഷിക്കുന്നത്. ബുക്കിംഗ് അനൗദ്യോഗികമായി ആരംഭിച്ചെങ്കിലും വില പ്രഖ്യാപനത്തിന് ശേഷമായിരിക്കും വിതരണം ആരംഭിക്കുക. ഏതായാലും മുഖ്യ എതിരാളിയായ ടെസ്‌ല ഇന്ത്യയില്‍ അരങ്ങേറുന്നതിന് മുമ്പേ കളംനിറയാനുള്ള പരിപാടിയാണ് BYD-ക്ക്.
Source: Autocar India


Click it and Unblock the Notifications








