ചൂടത്ത് കാർ വാങ്ങുമ്പോള്‍ ഇക്കാര്യം മറക്കല്ലേ... എസി പെര്‍ഫോമന്‍സില്‍ കേമന്‍മാരായ വണ്ടിക്കമ്പനികള്‍ ഇവയാണ്
കേരളത്തില്‍ ഇപ്പോള്‍ വേനല്‍ കടുത്തിരിക്കുകയാണ്. ചിലയിടങ്ങളില്‍ വേനല്‍മഴ പെയ്‌തെങ്കിലും ചൂടിന് ശമനമൊന്നുമില്ല. എയര്‍കണ്ടീഷനറുകളുടെ വില്‍പ്പന പൊടിപൊടിക്കുന്നതിനൊപ്പം വൈദ്യുതി ഉപയോഗവും കുത്തനെ കൂടിയിട്ടുണ്ട്. ടൂവീലറുകളുമായി പുറത്തിറങ്ങുന്നത് അസഹനീയമായതിനാല്‍ കാറുള്ളവരെല്ലാം അതുമായാണ് കറക്കം. ബൈക്കുമായി ഒന്ന് പുറത്തിറങ്ങി വന്നാല്‍ വെന്തുരുകുന്ന അവസ്ഥയാണ്.
അതുകൊണ്ട് ഇപ്പോള്‍ നിരത്തുകളില്‍ കൂടുതലും കാറുകളാണ്. നിങ്ങള്‍ ഒരു കാര്‍ വാങ്ങാന്‍ ഒരുങ്ങുന്നവരോ പുത്തന്‍ കാറിലേക്ക് അപ്‌ഗ്രേഡ് ചെയ്യാന്‍ ഒരുങ്ങുന്നവരോ ആണോ?. എങ്കില്‍ കാര്‍ വാങ്ങുമ്പോള്‍ മികച്ച എയര്‍കണ്ടീഷനിംഗ് ഉള്ള വണ്ടികള്‍ തന്നെ തെരഞ്ഞെടുക്കാന്‍ ശ്രമിക്കണം. അതുകൊണ്ട് വളരെ വേഗത്തില്‍ ക്യാബിന്‍ തണുപ്പിക്കാന്‍ ശേഷിയുള്ള മികച്ച പെര്‍ഫോമന്‍സ് കാഴ്ചവെക്കുന്ന എസികള്‍ വാഗ്ദാനം ചെയ്യുന്ന കാര്‍ ബ്രാന്‍ഡുകളെ ഞങ്ങള്‍ നിങ്ങള്‍ക്കായി പരിചയപ്പെടുത്താം.

ടാറ്റ മോട്ടോര്‍സ്: ആഭ്യന്തര വാഹന നിര്‍മാതാക്കളായ ടാറ്റയുടെ ഏത് കാര്‍ വാങ്ങിയാലും എസി പെര്‍ഫോമന്‍സ് കാണുമ്പോള്‍ നിങ്ങള്‍ മതിമറക്കുമെന്ന് പറയാം. ഇന്ത്യയില്‍ ഏറ്റവും മികച്ച എസി പെര്‍ഫോമന്‍സ് നല്‍കുന്ന കാര്‍ ബ്രാന്‍ഡുകളില്‍ ഒന്നാണ് ടാറ്റയെന്ന് നിസ്സംശയം പറയാം. ഡ്രൈവര്‍ സൈഡ് വിന്‍ഡോ താഴ്ത്തിയ വേളയില്‍ പോലും മികച്ച കുളിര്‍മ നല്‍കുന്ന എക്‌സ്പ്രസ് കൂളിംഗ് എന്ന സംഗതിയാണ് ടാറ്റ കാറുകളുടെ ഒരു പ്രത്യേകത.
എന്‍ട്രി ലെവല്‍ കാറുകള്‍ മുതല്‍ പ്രീമിയം കാറുകള്‍ വരെ ടാറ്റ ഇന്ത്യയില്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ പ്രത്യേക ഫീച്ചര്‍ ടാറ്റ തങ്ങളുടെ എല്ലാ കാറുകളിലും ഓഫര്‍ ചെയ്യുന്നുവെന്നതാണ് ശ്രദ്ധേയം. ടാറ്റയുടെ ഫ്‌ലാഗ്ഷിപ്പ് മോഡലായ സഫാരി 6 സീറ്റര്‍ പതിപ്പില്‍ മൂന്നാംവരി സീറ്റുകളിലെ യാത്രക്കാരുടെ കംഫര്‍ട്ടിനായി റിയര്‍ സീറ്റ് വെന്റിലേഷനും അവര്‍ നല്‍കി വരുന്നു.

മാരുതി സുസുക്കി: കുറഞ്ഞ വില, മൈലേജ്, മെയിന്റനന്‍സ് കുറവ് എന്നീ കാര്യങ്ങള്‍ക്കൊപ്പം തന്നെ മാരുതി കാറുകള്‍ ഏറ്റവും കൂടുതല്‍ വിറ്റുപോകാനുള്ള ഒരു കാരണം എസിയാണ്. മികച്ച എസി പെര്‍ഫോമന്‍സ് തരുന്ന ബ്രാന്‍ഡുകളില്‍ ഒന്നാണ് മാരുതി സുസുക്കി. എസി ക്യാബിന്‍ തണുപ്പിക്കുമ്പോള്‍ മാരുതി കാറുകളില്‍ വരുന്ന യുവി കട്ട് വിന്‍ഡോകള്‍ അകത്തേക്കുള്ള സൂര്യപ്രകാശത്തിന്റെ വരവ് കുറയ്ക്കുന്നു. വേനല്‍ക്കാലത്ത് ഇവ വളരെ ഉപകാരപ്രദമാണ്.
ടൊയോട്ട: ജാപ്പനീസ് ബ്രാന്‍ഡില്‍ നിന്നുള്ള വാഹനങ്ങളുടെ കംഫര്‍ട്ടിനെ കുറിച്ച് എടുത്തുപറയേണ്ട ആവശ്യമില്ല. എന്നാല്‍ ചൂടെടുക്കുന്നുവെന്ന തോന്നലുണ്ടാകുന്നതിന് മുമ്പേ തന്നെ എസി ടായോട്ട കാറുകള്‍ തണുപ്പിക്കുന്നു. ഫോര്‍ച്യൂണര്‍ പോലുള്ള വലിയ കാറുകള്‍ പോലും തണുപ്പിക്കാന്‍ നിമിഷ നേരം മതിയെന്ന് ശ്രദ്ധിക്കണം. മാരുതി കാറുകളിലെ പോലെ ടൊയോട്ടയുടെ കാറുകളിലും ടിന്റഡ് അല്ലെങ്കില്‍ യുവി കട്ട് വിന്‍ഡോകള്‍ വരുന്നുണ്ട്. ഇത് വേനല്‍ക്കാലത്ത് ക്യാബിന്‍ അമിതമായി ചൂടാകുന്ന സാഹചര്യം ഒഴിവാക്കും.

ഹോണ്ട: ജാപ്പനീസ് കമ്പനി സിറ്റി, അമേസ്, എലിവേറ്റ് എന്നീ മോഡലുകളാണ് ഇന്ത്യയില്‍ വില്‍ക്കുന്നത്. ക്യാബിന്‍ വേഗത്തില്‍ തണുപ്പിക്കാന്‍ ശേഷിയുള്ള എസിയാണ് ഈ കാറുകളില്‍ വരുന്നത്. ഈ കാറുകളില്‍ നല്‍കുന്ന ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ ഫീച്ചറുകളും വേനല്‍ക്കാലത്ത് ഏറെ ഉപകാരപ്രദമായിരിക്കും. പുറത്ത് നിന്ന് കാറില്‍ കയറുന്നതിന് മുമ്പേ അകത്തളം തണുപ്പിക്കാന്‍ സിറ്റിയിലും എലിവേറ്റിലുമുള്ള അലക്‌സ കണക്റ്റിവിറ്റിയും ഉപയോഗപ്പെടുത്താം.
ഹ്യുണ്ടായി, കിയ: ക്യാബിന് സുഖശീതളിമ സമ്മാനിക്കുന്ന കാര്യത്തില്‍ ഇന്ത്യക്കാരുടെ പ്രിയപ്പെട്ട കൊറിയന്‍ ബ്രാന്‍ഡുകള്‍ ഒട്ടും പിന്നിലല്ല. എന്‍ട്രി ലെവല്‍ ഹാച്ച്ബാക്കുകള്‍ മുതല്‍ ലക്ഷങ്ങള്‍ വിലവരുന്ന ഇലക്ട്രിക് ക്രോസ്ഓവറുകള്‍ വരെ മികച്ച എസി പെര്‍ഫോമന്‍സാണ് കാഴ്ചവെക്കുന്നത്. ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍ എന്ന് തുടങ്ങിയ അഡീഷനല്‍ ഫീച്ചറുകളും ഈ കമ്പനികളുടെ കാറുകളില്‍ വരുന്നു.

ഒരു കാര്‍ വാങ്ങുമ്പോള്‍ ക്യാബിന്‍ മികച്ച രീതിയില്‍ തണുപ്പിക്കണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് നിങ്ങള്‍ എങ്കില്‍ മുകളില്‍ പറഞ്ഞ ബ്രാന്‍ഡുകളില്‍ ഒന്നില്‍ നിന്നുള്ള മോഡലുകള്‍ പരിഗണിക്കാം. നിങ്ങള്‍ ഒരു കാര്‍ ഉപയോഗിക്കുന്ന ആളോ അല്ലെങ്കില്‍ ഒന്നിലേറെ കാര്‍ ഉപയോഗിച്ച ആളോ ആണോ?. എങ്കില്‍ മികച്ച എസി പെര്‍ഫോമന്‍സുള്ള കാറായി നിങ്ങള്‍ക്ക് തോന്നിയ കാര്‍ ഏതാണ്. നിങ്ങളുടെ വിലയേറിയ അഭിപ്രായം അറിയാന്‍ ഞങ്ങള്‍ക്ക് താല്‍പര്യമുണ്ട്. അവ ഞങ്ങളെ കമന്റ് ബോക്‌സിലൂടെ അറിയിക്കൂ.


Click it and Unblock the Notifications








