സമ്മാനമായി 28 കാറുകളും 29 ബൈക്കും! ജീവനക്കാരുടെ സന്തോഷത്തിനായി മുതലാളി പൊടിച്ചത് 3.5 കോടി
തങ്ങളുടെ കമ്പനിക്കായി എല്ലുമുറിയെ പണിയെടുക്കുന്ന തൊഴിലാളികളെ ഒരു കുടുംബമായി കണക്കാക്കുന്ന മുതലാളിമാര്‍ ഇന്ന് ഏറെയുണ്ട്. വിശേഷ അവസരങ്ങളില്‍ അവര്‍ ജീവനക്കാര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്നതും ഇന്ന് ഒരു അപൂര്‍വ കാഴ്ചയല്ലാതായി മാറിയിട്ടുണ്ട്. ചില കമ്പനികള്‍ ദീര്‍ഘകാലം തങ്ങളുടെ കമ്പനിക്കായി സേവനം ചെയ്ത ജീവനക്കാര്‍ക്ക് ലക്ഷങ്ങള്‍ വിലമതിക്കുന്ന ഓഹരികള്‍ കൈമാറിയ സന്ദര്‍ഭങ്ങള്‍ പോലും ഉണ്ടായിട്ടുണ്ട്. ഇക്കഴിഞ്ഞ ദിവസമാണ് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നവരാത്രി, ദസറ ഉത്സവങ്ങള്‍ ആഘോഷിച്ചത്. അതില്‍ ആയുധപൂജയുടെ സമയത്ത് ചെന്നൈ ആസ്ഥാനമായുള്ള ഒരു സ്വകാര്യ കമ്പനി ഉടമ തന്റെ ജീവനക്കാര്‍ക്ക് സമ്മാനമായി കാറുകളും ബൈക്കുകളും നല്‍കി. അതിനെ കുറിച്ച് വിശദമായി വായിക്കാം.
ടീം ഡീറ്റെയിലിംഗ് സൊല്യൂഷന്‍സ് എന്ന കമ്പനി കഴിഞ്ഞ 19 വര്‍ഷമായി ചെന്നൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച് വരികയാണ്. തന്റെ കമ്പനിയില്‍ ജോലി ചെയ്യുന്ന വിശ്വസ്തരായ ജീവനക്കാര്‍ക്ക് സമ്മാനങ്ങള്‍ നല്‍കാനായിരുന്നു കമ്പനി ഉടമയായ ശ്രീധര്‍ കണ്ണന്റെ ആഗ്രഹം. ഇതനുസരിച്ച് തന്റെ സ്ഥാപനത്തില്‍ 10 വര്‍ഷത്തിലേറെയായി ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് കാറും 7 വര്‍ഷത്തിലേറെയായി ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് ബൈക്കും സമ്മാനമായി നല്‍കാന്‍ തീരുമാനിച്ചു.

നവല്ലൂര്‍ ഭാഗത്ത് കമ്പനിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തായിരുന്നു ഈ വര്‍ഷം ആയുധ പൂജ ചടങ്ങുകള്‍ ഒരുക്കിയത്. കമ്പനി മാനേജ്‌മെന്റ് ആയുധപൂജ ചടങ്ങില്‍ കുടുംബത്തോടൊപ്പം പങ്കെടുക്കാനായിരുന്നു ജീവനക്കാരോട് ആവശ്യപ്പെട്ടത്. കുടുംബാംഗങ്ങളോടൊപ്പം ഈ പരിപാടിയില്‍ പങ്കെടുത്ത ജീവനക്കാര്‍ക്ക് സര്‍പ്രൈസ് ആയിട്ടാണ് സമ്മാനം നല്‍കിയത്. ദീര്‍ഘകാലം സേവനം ചെയ്ത ജീവനക്കാര്‍ക്ക് കാറും ബൈക്കും സമ്മാനമായി നല്‍കി.
മാരുതി സുസുക്കി, ഹ്യുണ്ടായി, മെര്‍സിഡീസ് ബെന്‍സ് കാറുകള്‍ മുതല്‍ സ്‌കൂട്ടറുകള്‍ വരെയുള്ള വിവിധ തരത്തിലുള്ള വാഹനങ്ങളാണ് സമ്മാനമായി നല്‍കിയവയില്‍ ഉള്‍പ്പെടുന്നു. മൊത്തം 28 കാറുകളും 29 ബൈക്കുകളും സമ്മാനമായി നല്‍കി. ജീവനക്കാര്‍ക്ക് വാഹനങ്ങള്‍ നല്‍കി ആദരിച്ച കമ്പനി ഉടമയെ അഭിനന്ദിച്ച് നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിരിക്കുന്നത്. ഇതിനായി കമ്പനി ഉടമ ശ്രീധര്‍ കണ്ണന്‍ 3.5 കോടി രൂപ ചെലവഴിച്ചതായാണ് വിവരം.

25 വര്‍ഷം മുമ്പ് വെറും നാല് പേരുമായി തുടങ്ങിയ സ്ഥാപനം ഇന്ന് പടര്‍ന്ന് പന്തലിച്ചിരിക്കുകയാണ്. ചെന്നൈ, ചെമ്മഞ്ഞൂര്‍, നവല്ലൂര്‍ എന്നീ മേഖലകളിലായി പ്രവര്‍ത്തിക്കുന്ന തന്റെ സ്ഥാപനത്തില്‍ ഇപ്പോള്‍ 180-ലേറെ ആളുകള്‍ ജോലി ചെയ്യുന്നതായി കണ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു. ആയുധ പൂജയ്ക്ക് കമ്പനി ജീവനക്കാര്‍ക്ക് വാഹനങ്ങള്‍ സമ്മാനിക്കുന്ന ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇവ പരിശോധിക്കുമ്പോള്‍ എല്ലാ വാഹനങ്ങളും പുത്തന്‍ പുതിയതല്ലെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്.
ചിലപ്പോള്‍ ജീവനക്കാരുടെ താല്‍പര്യം ആരാഞ്ഞ ശേഷം സെക്കന്‍ഡ് ഹാന്‍ഡ് വിപണിയില്‍ നിന്ന് നല്ല നിലവാരമുള്ള വാഹനങ്ങള്‍ വാങ്ങി നല്‍കിയതാകാം. സമ്മാനങ്ങള്‍ നല്‍കുന്നത് മാത്രമല്ല വിവാഹിതരാകുന്ന ജീവനക്കാര്‍ക്ക് കമ്പനി മാനേജ്‌മെന്റ് 1 ലക്ഷം രൂപയും ഉപഹാരമായി നല്‍കുന്നുണ്ട്. എല്ലാ വാഹനങ്ങളും രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളാണ്. മൂന്ന് വര്‍ഷം പഴക്കമുള്ളത് മുതല്‍ കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളടക്കം ജീവനക്കാര്‍ക്ക് നല്‍കിയതായാണ് ഇന്റര്‍നെറ്റില്‍ തപ്പിയപ്പോള്‍ മനസ്സിലായത്.

ആറ് മാസത്തെ തയാറെടുപ്പിന് ശേഷമാണ് മുതലാളി ആയുധ പൂജ പോലെ ഒരു വിശേഷ ദിവസം തന്നെ ജീവനക്കാര്‍ക്കായി വാഹനം വാങ്ങി നല്‍കി അവരെ സന്തോഷിപ്പിച്ചത്. തന്റെ സ്ഥാനപത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ ഒരു തരത്തിലും കഷ്ടപ്പെടരുതെന്നും തനിക്കൊപ്പം അവരും ജീവിതത്തില്‍ പുരോഗതി കൈവരിക്കണമെന്നുമുള്ള കമ്പനി ഉടമയുടെ ചിന്താഗതി ഏതായാലും കൈയ്യടി നേടുകയാണ്. സമീപകാലത്തായി നിരവധി സ്ഥാപനങ്ങള്‍ ഇത്തരത്തില്‍ മാതൃകാപരമായ പ്രവര്‍ത്തി ചെയ്യുന്നുണ്ട്.
പ്രത്യേകിച്ച് ജോലിയിലെ സമ്മര്‍ദം കാരണം ജീവനക്കാര്‍ ജീവന്‍ വെടിയുന്ന സാഹചര്യം വരെ നിലനില്‍ക്കുന്ന ഒരു സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തി വലിയ പ്രാധാന്യം അര്‍ഹിക്കുന്നു. തന്റെ മാത്രം വളര്‍ച്ച ലക്ഷ്യമിടാതെ തനിക്കൊപ്പം തന്റെ സഹപ്രവര്‍ത്തകരും രക്ഷപ്പെടണം എന്ന ചിന്ത മുതലാളിമാരുടെ മനസ്സിലുണ്ടെങ്കില്‍ ഈ സമൂഹം ഇനിയും പുരോഗതിയിലേക്ക് കുതിച്ചുയരും. ചെന്നൈ ആസ്ഥാനമായുള്ള കമ്പനി മുതലാളിയുടെ ഈ ഒരു പ്രവര്‍ത്തിയെ നിങ്ങള്‍ എങ്ങനെ നോക്കിക്കാണുന്നു. അഭിപ്രായങ്ങള്‍ കമന്റ് ബോക്‌സിലൂടെ രേഖപ്പെടുത്തുമല്ലോ.


Click it and Unblock the Notifications








