ചെന്നൈ ഫോര്‍മുല4 സ്ട്രീറ്റ് റേസ് വൈകി! നാളെ ട്രാക്കിന് തീപിടിക്കും
ദക്ഷിണേന്ത്യയിലെ ആദ്യത്തെ രാത്രികാല സ്ട്രീറ്റ് കാര്‍ റേസിന് (Chennai Formula 4 Night Street Car Race) ഇന്ന് ചെന്നൈയില്‍ കര്‍ട്ടന്‍ ഉയരാനിരുന്നതായിരുന്നു. എന്നാല്‍ ഇന്ന് പരിശീലന റേസ് മാത്രമാണ് നടക്കുകയെന്നാണ് ഏറ്റവും പുതിയ വിവരം. റേസ് ട്രാക്കിന് എഫ്‌ഐഎയില്‍ നിന്നുള്ള ക്ലിയറന്‍സ് ലഭിക്കാന്‍ വൈകിയത് കാരണമാണ് റേസ് വൈകാന്‍ കാരണം. ട്രാക്കില്‍ ചില മാറ്റങ്ങള്‍ വരുത്താനുള്ള എഫ്‌ഐഎയുടെ നിര്‍ദ്ദേശമാണ് കാലതാമസത്തിന് ഇടവരുത്തിയത്. ചെന്നൈ ഫേര്‍മുല4 നൈറ്റ് സ്ട്രീറ്റ് റേസ് മത്സരങ്ങള്‍ എപ്പോള്‍ നടക്കും എന്നതിനെക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ അറിയാന്‍ തുടര്‍ന്ന് വായിക്കുക.
ഇന്ത്യന്‍ റേസിംഗ് ലീഗിന്റെ ഭാഗമായാണ് പൊതുനിരത്തുകളില്‍ ഇന്ത്യയിലെ ആദ്യത്തെ നൈറ്റ് റേസിംഗ് ചെന്നൈയില്‍ ആസൂത്രണം ചെയ്തത്. ചെന്നൈ ഐലന്‍ഡിന് ചുറ്റുമുള്ള ഏകദേശം 3.5 കിലോമീറ്റര്‍ ദൂരത്തിലുള്ള റോഡിലാണ് കാര്‍ റേസ്. തമിഴ്‌നാട് സര്‍ക്കാറുമായി സഹകരിച്ച് നടത്തുന്ന റേസിന്റെ പാകത്തിന് റോഡുകള്‍ നവീകരിക്കാന്‍ കോടികളാണ് മുടക്കിയത്. ശനി, ഞായര്‍ ദിവസങ്ങളിലായി നടത്താന്‍ നിശ്ചയിച്ചിരുന്ന കാറോട്ട മത്സരം കാണാന്‍ 9000-ത്തിലധികം ആളുകളാണ് ചെന്നൈയില്‍ എത്തിയത്.

മത്സരത്തിനുള്ള എഫ്‌ഐഎ സര്‍ട്ടിഫിക്കേഷന്‍ ഇന്ന് നല്‍കാനാണ് നിശ്ചയിച്ചിരുന്നത്. എല്ലാ പരിശീലന റൗണ്ടുകളും ഉച്ചയ്ക്ക് 2:30-നായിരുന്നു ആരംഭിക്കാനിരുന്നത്. ഈ സാഹചര്യത്തില്‍ എഫ്‌ഐഎ ഉദ്യോഗസ്ഥര്‍ എത്തി ട്രാക്ക് പരിശോധിച്ചപ്പോള്‍ ട്രാക്കില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തി അത് മാറ്റാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഈ മാറ്റം നടന്നുകൊണ്ടിരിക്കുന്നതിനെ തുടര്‍ന്ന് മത്സരങ്ങള്‍ താല്‍കാലികമായി മാറ്റിവച്ചു.
മത്സരങ്ങളുടെ ആരംഭത്തെ സംബന്ധിച്ച് അറിയിപ്പൊന്നും വന്നിട്ടില്ലാത്തതിനാല്‍ മത്സരാര്‍ത്ഥികള്‍ അവരുടെ മുറികളിലേക്ക് മടങ്ങി. ട്രാക്കില്‍ മാറ്റങ്ങള്‍ വരുത്തി പ്രാക്ടീസ് റൗണ്ടുകള്‍ മാത്രമായിരിക്കും ഇന്ന് നടത്തുക. യോഗ്യതാ റൗണ്ടുകളും ഫൈനല്‍ റൗണ്ടുകളും നാളെ (ഞായര്‍) നടക്കും. ഇന്ന് എല്ലാ ഡ്രൈവര്‍മാരും അവരുടെ പരിശീലന റൗണ്ടുകള്‍ നടത്തും.

F4 കാറുകള്‍ റേസ് ചെയ്യണമെങ്കില്‍ നിരവധി നിയമങ്ങള്‍ പാലിക്കേണ്ടതായുണ്ട്. എഫ്‌ഐഎ നിശ്ചയിച്ചിട്ടുള്ള ചില നിയന്ത്രണങ്ങള്‍ പാലിച്ചാണ് ട്രാക്കുകള്‍ സജ്ജീകരിക്കേണ്ടത്. നേരത്തെ സ്ഥാപിച്ച ട്രാക്കുകളുടെ രണ്ട് ഭാഗങ്ങളില്‍ ചില പ്രശ്നങ്ങളുണ്ടെന്നാണ് എഫ്‌ഐഎ സംഘം കണ്ടെത്തിയത്. അവ മാറ്റാന്‍ നിര്‍ദേശിച്ചതാണ് റേസ് വൈകാന്‍ കാരണമായത്. മാറ്റങ്ങള്‍ വരുത്തിയതിന് ശേഷം ഇപ്പോള്‍ എഫ്‌ഐഎ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചിട്ടുണ്ട്. മത്സരങ്ങള്‍ ആസൂത്രണം ചെയ്ത ക്രമത്തില്‍ തന്നെ നടക്കും.
ആദ്യം യോഗ്യതാ റൗണ്ടില്‍ വിജയിക്കുന്ന മത്സരാര്‍ത്ഥികള്‍ക്ക് മുന്‍ഗണനാടിസ്ഥാനത്തില്‍ സ്ഥാനങ്ങള്‍ നല്‍കും. അവര്‍ ഫൈനലിലേക്ക് പോകുമെന്ന് പ്രതീക്ഷിക്കുന്നു. വിവിധ നഗരങ്ങളെ പ്രതിനിധീകരിച്ച് 8 ടീമുകളാണ് പങ്കെടുക്കുന്നത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിന്റെ മാതൃകയിലാണ് ടീമുകള്‍ക്ക് നഗരങ്ങളുടെ പേരുകള്‍ നല്‍കിയത്. ഗോഡ്സ്പീഡ് കൊച്ചിയാണ് കേരളത്തില്‍ നിന്നുള്ള ടീം. ആകെ 16 ഡ്രൈവര്‍മാരാണ് ഇതില്‍ പങ്കെടുക്കുന്നത്. ഒരു ടീമിന് രണ്ട് കാറുകളാണ് മത്സരത്തില്‍ പങ്കെടുപ്പിക്കാനാവുക.

ഇന്ന് മത്സരം കാണാന്‍ എത്തിയവര്‍ക്ക് പ്രാക്ടീസ് റൗണ്ട് മാത്രം കണ്ട് നാളെ തിരിച്ചു വന്ന് മത്സരം മുഴുവന്‍ റേസും കാണാമെന്ന് സംഘാടകര്‍ അറിയിച്ചിട്ടുണ്ട്. അതിനായി നാളെ ഈ മത്സരം കാണാന്‍ ടിക്കറ്റ് എടുക്കണം. നേരിട്ട് മത്സരം കാണാന്‍ സാധിക്കാത്തവര്‍ക്ക് റേസ് സ്റ്റാര്‍ സ്‌പോര്‍ട്‌സ് സെലക്ട് 2 ചാനലില്‍ കാണാം. Fan Gotu എന്ന ആപ്പിലൂടെ റേസ് ലൈവ് സ്ട്രീമിംഗും ചെയ്യുന്നുണ്ട്.
ഇന്ത്യയില്‍ പൊതുനിരത്തുകളില്‍ ഇത്തരമൊരു റേസ് നടക്കുന്നത് ഇതാദ്യമാണ്. അതുകൊണ്ടാണ് ഇത്തരത്തില്‍ ചില ആശയക്കുഴപ്പങ്ങള്‍ ഉണ്ടായത്. എന്നാല്‍ സര്‍ട്ടിഫിക്കേഷന്‍ പ്രശ്‌നങ്ങളില്‍ അടിയന്തര ഇടപെടല്‍ നടത്തിയ സംഘാടകരെ അഭിനന്ദിക്കണം. ഏതായാലും രാത്രികാല സ്ട്രീറ്റ് കാര്‍ റേസിന്റെ ഫലങ്ങള്‍ അറിയാന്‍ ഡ്രൈവ്‌സ്പാര്‍ക്ക് മലയാളം സൈറ്റ് സന്ദര്‍ശിക്കാന്‍ മറക്കല്ലേ.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








