ടാറ്റയുടെ എതിരാളി കഴിഞ്ഞ മാസം വിറ്റത് 77 ഇവികൾ, ഇന്നൊരാള്‍ ഒറ്റയടിക്ക് 500 എണ്ണം വാങ്ങിപ്പോയി!
ലോകോത്തര ബ്രാന്‍ഡ് ആണെങ്കിലും ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ സിട്രണിന് ഇന്ത്യന്‍ വിപണിയില്‍ ഇതുവരെ ക്ലച്ച് പിടിക്കാനായിട്ടില്ല. വലിയ എസ്‌യുവികള്‍ക്ക് മാത്രമല്ല കമ്പനിയുടെ കുറഞ്ഞ വിലയുളള കാറുകള്‍ക്കും ജനഹൃദയങ്ങള്‍ കീഴടക്കാനായിട്ടില്ലെന്നാണ് വില്‍പ്പന കണക്കുകള്‍ സൂചിപ്പിക്കുന്നത്. സിട്രണ്‍ നിലവില്‍ ഒരു ഇലക്ട്രിക് കാറാണ് ഇന്ത്യയില്‍ വില്‍ക്കുന്നത്. C3 ഹാച്ച്ബാക്കിന്റെ ഇലക്ട്രിക് പതിപ്പായ eC3 ആണത്. ടാറ്റയുടെ ജനപ്രിയ ഇവികളോട് മത്സരിക്കുന്ന eC3-ക്ക് പ്രതിമാസം പ്രതീക്ഷിക്കുന്ന വില്‍പ്പന നേടാനാവുന്നില്ലെങ്കിലും തരക്കേടില്ലാത്ത കച്ചവടം നടക്കുന്നുണ്ട്. എങ്ങനെയെന്നാകും നിങ്ങളുടെ സംശയം. അതിനുള്ള ഉത്തരം ചുവടെ വായിക്കാം.
ഇന്ത്യയില്‍ മൊത്തത്തില്‍ വാഹന വില്‍പ്പന മന്ദഗതിയിലാണ്. അത് സിട്രണിനെയും ബാധിക്കുന്നു. എന്നാല്‍ രാജ്യത്തെ പ്രമുഖ കമ്പനികള്‍ക്ക് ഇവികള്‍ വിതരണം ചെയ്യുന്നതിനുള്ള കരാറിലേര്‍പ്പെട്ടാണ് ഫ്രഞ്ച് കമ്പനി തരട്ടേടില്ലാത്ത ബിസിനസ് നേടിയെടുക്കുന്നത്. ഇക്കഴിഞ്ഞ മെയ് മാസം സിട്രണ്‍ ഒഎച്ച്എം ഇ ലോജിസ്റ്റിക്‌സുമായി 1000 ഇവികള്‍ കൈമാറുന്നതിനുള്ള കരാറില്‍ ഒപ്പുവെച്ചിരുന്നു. ഒഎച്ച്എം ഇ ലോജിസ്റ്റിക്‌സിന്റെ ഇലക്ട്രിക് ഷെയര്‍ മൊബിലിറ്റി സേവനങ്ങളിലേക്കാണ് ഇലക്ട്രിക് കാര്‍ ഉള്‍പ്പെടുത്തിയത്.

ആദ്യ ഘട്ടത്തില്‍ 120 സിട്രണ്‍ eC3 കാറുകളാണ് സിട്രണ്‍ ഒഎച്ച് എം ഇ ലോജിസ്റ്റിക്സിന് കൈമാറിയത്. 12 മാസത്തിനുള്ളില്‍ 1000 യൂണിറ്റ് ഇലക്ട്രിക് കാറുകള്‍ കൈമാറും. ഇപ്പോള്‍ റിഫക്‌സ് ഗ്രീന്‍ മൊബിലിറ്റി സിട്രണില്‍ നിന്ന് 500 eC3 ഇവികള്‍ വാങ്ങുന്നതിനായി ധാരണാപത്രത്തില്‍ ഒപ്പിട്ടിരിക്കുകയാണ്. ഊര്‍ജ, പരിസ്ഥിതി മേഖലകളില്‍ ബിസിനസ് ചെയ്യുന്ന റിഫക്‌സ് ഗ്രൂപ്പിന്റെ ഒരു ഉപസ്ഥാപനമാണ് റിഫക്‌സ് ഗ്രീന്‍ മൊബിലിറ്റി.
സിട്രണ്‍ eC3 ഇവി അതിന്റെ കാര്യക്ഷമമായ ബാറ്ററി പാക്ക്, നൂതന ഇ-പവര്‍ട്രെയിന്‍, കണക്റ്റിവിറ്റി ഫീച്ചറുകളുടെ സമഗ്രമായ സ്യൂട്ട് എന്നിവ കാരണം ഗ്രീന്‍ മൊബിലിറ്റിയിലേക്ക് മാറുന്ന ബിസിനസുകാരുടെ പ്രഥമ ചോയ്‌സുകളില്‍ ഒന്നായി മാറുന്നതായി സിട്രണ്‍ ഇന്ത്യ ബ്രാന്‍ഡ് ഡയരക്ടര്‍ ശിശിര്‍ മിശ്ര പറഞ്ഞു.

2023-ന്റെ തുടക്കത്തില്‍ തങ്ങള്‍ വാങ്ങിയ സിട്രണ്‍ eC3 ഇവിയുടെ പ്രഥമ ബാച്ചിന്റെ പ്രകടനത്തില്‍ തങ്ങള്‍ സംതൃപ്തരാണെന്നും സിട്രണുമായുള്ള പങ്കാളിത്തം ടെയില്‍ പൈപ്പ് എമിഷന്‍ കുറയ്ക്കുകയും അതുവഴി രാജ്യത്തിന്റെ കാര്‍ബണ്‍ ന്യൂടണ്‍ അജണ്ടയിലേക്ക് സംഭാവന ചെയ്യാന്‍ സാധിക്കുന്നുവെന്നും റിഫക്‌സ് ഗ്രീന്‍ മൊബിലിറ്റി ഡയരക്ടര്‍ യാഷ് ജെയിന്‍ പറഞ്ഞു.
സിട്രണ്‍ eC3 ഇവിയെ കുറിച്ച് പറയുമ്പോള്‍ രാജ്യത്ത് ഇന്ന് വാങ്ങാന്‍ സാധിക്കുന്ന ഏറ്റവും കുറഞ്ഞ വിലയുള്ള ഇലക്ട്രിക് കാറുകളില്‍ ഒന്നാണ് ഇത്. 11.97 ലക്ഷം രൂപയില്‍ നിന്നാണ് ഈ കാറിന്റെ വില ആരംഭിക്കുന്നത്. മുന്‍നിര മോഡലിന് 13.56 ലക്ഷം രൂപയാണ് വില. എക്‌സ്‌ഷോറൂം വിലകളാണിത്. പവര്‍ട്രയിന്‍ വശങ്ങള്‍ നോക്കുമ്പോള്‍ 57 bhp പവറും 143 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ഒരു ഇലക്ട്രിക് മോട്ടോറാണ് ഇതിന് തുടിപ്പേകുന്നത്.
29.2 kWh ബാറ്ററി പായ്ക്കില്‍ നിന്ന് പവര്‍ എടുക്കുന്ന സിട്രണ്‍ eC3 ഒറ്റചാര്‍ജില്‍ 320 കിലോമീറ്റര്‍ ഓടുമെന്നാണ് ARAI സാക്ഷ്യപ്പെടുത്തുന്നത്. ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് ഒരു മണിക്കൂറിനുള്ളില്‍ ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്നു. ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവ പിന്തുണക്കുന്ന 10.2 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും മാനുവല്‍ എസിയും ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഇലക്ട്രിക് ഹാച്ചിന്റെ സവിശേഷതകളില്‍ ചിലതാണ്.
കീലെസ് എന്‍ട്രി, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, കണക്റ്റഡ് കാര്‍ ടെക് തുടങ്ങിയ സൗകര്യങ്ങള്‍ ഇവിയില്‍ സിട്രണ്‍ സജ്ജീകരിച്ചിട്ടുണ്ട്. എളുപ്പത്തില്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്നതിനൊപ്പം വിശാലമായ ഇന്റീരിയറും കാര്‍ഗോ കപ്പാസിറ്റിയും സിട്രണ്‍ eC3 ഇലക്ട്രിക് കാറിനെ വിവിധ ലോജിസ്റ്റിക് ആവശ്യങ്ങള്‍ക്ക് അനുയോജ്യമാക്കുന്നു.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും ഈ ഇലക്ട്രിക് കാറിന്റെ വില്‍പ്പന കണക്കുകള്‍ അത്ര ആശാവഹമല്ല. കഴിഞ്ഞ മാസം അതായത് 2024 ജൂണില്‍ സിട്രണ്‍ eC3-യുടെ 77 യൂണിറ്റുകള്‍ മാത്രമാണ് വിറ്റുപോയത്. എതിരാളികളായ ടാറ്റ പഞ്ച് ഇവി, ടിയാഗോ ഇവി എന്നിവയേക്കാള്‍ വളരെ കുറവാണിത്. എങ്കിലും ലോജിസ്റ്റിക്‌സ്, ടാക്‌സി സര്‍വീസ് സ്ഥാപനങ്ങളില്‍ നിന്നുള്ള വലിയ ഓര്‍ഡറുകള്‍ നേടുന്നത് കമ്പനിക്ക് വലിയ ആശ്വാസമാണ്.


Click it and Unblock the Notifications








