ഓസ്ട്രേലിയയോട് വിട പറയാൻ സിട്രൺ, അടുത്ത പണി കിട്ടാൻ പോകുന്നത് ഇന്ത്യയ്ക്കാണോ
100 വർഷത്തിൽ കൂടുതലായി സിട്രൺ എന്ന ബ്രാൻഡ് ഓസ്ട്രേലിയയിൽ തങ്ങളുടെ സാന്നിധ്യം അറിയിക്കുന്നു. എന്നാൽ ഓസ്ട്രേലിയൻ വിപണിയോട് ബ്രാൻഡ് വിട പറയാൻ ഒരുങ്ങുകയാണ് എന്ന വാർത്ത കാട്ടുതീ പോലെ പടരുകയാണ്. എന്തായിരിക്കും വിപണിയിൽ നിന്ന് പിൻവാങ്ങാനുളള കാരണമെന്ന് പരിശോധിച്ചാലോ. ഓസ്‌ട്രേലിയയിൽ നിന്ന് പുറത്തുപോകാനുള്ള സിട്രോണിൻ്റെ തീരുമാനം വിൽപ്പന കുറവായത് കൊണ്ടാണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സ്റ്റെലാൻ്റിസ് ഗ്രൂപ്പിൻ്റെ ഉടമസ്ഥതയിലുള്ള വാഹന നിർമ്മാതാവ് ഈ വർഷം ഇതുവരെ ഓസ്‌ട്രേലിയയിൽ 87 കാറുകൾ ആണ് വിറ്റഴിച്ചത്.
എന്നാൽ ആഡംബര മോഡലുകളായ ഫെരാരി 138 യൂണിറ്റുകൾ, ആസ്റ്റൺ മാർട്ടിൻ 96 യൂണിറ്റുകൾ, ബെൻ്റ്‌ലി 123 യൂണിറ്റുകൾ, ലംബോർഗിനി 161 യൂണിറ്റുകൾ വിറ്റപ്പോൾ ഇവയേക്കാൾ എല്ലാം താഴെയാണ് സിട്രണിൻ്റെ വിൽപ്പന. സിട്രൺ പിൻവാങ്ങുന്ന അടുത്ത വിപണി ഇന്ത്യയാണോ എന്നതിനെക്കുറിച്ചുള്ള സോഷ്യൽ മീഡിയ ചർച്ചകൾക്ക് ഇത് കാരണമായിരിക്കുകയാണ്.

C3 ഹാച്ച്ബാക്ക്, C3 എയർക്രോസ് കോംപാക്ട് SUV, C5 എയർക്രോസ് മിഡ്-സൈസ് എസ്‌യുവി, അടുത്തിടെ പുറത്തിറക്കിയ ബസാൾട്ട് എസ്‌യുവി കൂപ്പെ എന്നിവയുൾപ്പെടെ നിരവധി കാറുകൾ തിരുവള്ളൂർ ഫാക്ടറി നിർമ്മിക്കുന്നുണ്ട് സിട്രൺ, ഫ്രഞ്ച് ബ്രാൻഡിന് തഴച്ചുവളരുന്ന എഞ്ചിനും ഗിയർബോക്‌സും ഹൊസൂരിൽ നിർമ്മാണ സൗകര്യവുമുണ്ട്. സികെ ബിർള ഗ്രൂപ്പുമായുള്ള സംയുക്ത സംരംഭത്തിൽ 2017ലാണ് എഞ്ചിൻ, ഗിയർബോക്സ് സൗകര്യം തുടങ്ങിയത്.
പുതിയതായി അവതരിപ്പിച്ച സിട്രൺ ബസാൾട്ടിൻ്റെ വിശേഷങ്ങളിലേക്ക് നോക്കിയാൽ വെറും 7.99 ലക്ഷം രൂപയുടെ പ്രാരംഭ വിലയിലാണ് പാവങ്ങളുടെ ഉറൂസ് എന്ന വിളിപ്പേരുള്ള ബസാൾട്ട് വിപണിയിലേക്ക് എത്തുന്നത്. പ്രീമിയം ഹാച്ച്ബാക്കുകളുടേയും മൈക്രോ, കോംപാക്‌ട് എസ്‌യുവികളുടേയും വിൽപ്പന പിടിക്കാനുള്ള വില നിർണയം പല ബ്രാൻഡുകളുടേയും ഉറക്കം കെടുത്തുമെന്ന് ഉറപ്പാണ്.

മാസ്-മാർക്കറ്റ് സെഗ്‌മെൻ്റിലെ ആദ്യത്തെ ഇൻ്റേണൽ കംബഷൻ എഞ്ചിൻ (ICE) കൂപ്പെ എസ്‌യുവിയാണ് ബസാൾട്ട്. ഇലക്ട്രിക് കുപ്പായമണിഞ്ഞ് ഇതിനകം പുറത്തിറക്കിയ ടാറ്റ കർവ് ഇവി വന്നതിന് തൊട്ടടുത്ത ദിവസമാണ് സിട്രൺ ബസാൾട്ടിന്റെ വില പ്രഖ്യാപിക്കുന്നത്. എന്നാൽ സെപ്റ്റംബർ രണ്ടിന് കർവ് ICE പതിപ്പുകളുടെ വില ടാറ്റ പ്രഖ്യാപിക്കാനിരിക്കുകയാണ്. എന്തായാലും 10 ലക്ഷത്തിന് മുകളിലായിരിക്കും ഇതിന്റെ വിലയെന്ന് ഉറപ്പാണ്. അത് ബസാൾട്ടിന് നേട്ടമാവുമെന്നതിൽ സംശയമൊന്നും വേണ്ട.
2021-ൽ ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ച സിട്രണിൻ്റെ അഞ്ചാമത്തെ ഉൽപ്പന്നമാണ് ബസാൾട്ട്. C5 എയർക്രോസ്, C3, e-C3, C3 എയർക്രോസ് എന്നിവയ്ക്ക് ആഭ്യന്തര വിപണിയിൽ കാര്യമായ ഓളം സൃഷ്‌ടിക്കാനായില്ലെങ്കിലും കൂപ്പെ എസ്‌യുവി കമ്പനിയുടെ തലവര തന്നെ മാറ്റുമെന്നാണ് അനുമാനം. ഗംഭീര ഫീച്ചറുകളും പുതിയ സ്റ്റൈലിംഗും ആളുകളെ ഇതിനോടകം ആകർഷിച്ചിട്ടുണ്ട്. ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന വില കൂടിയാവുമ്പോൾ സംഗതി കളറാവും.
1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.2 ലിറ്റർ ടർബോ പെട്രോൾ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുമായാണ് സിട്രൺ ബസാൾട്ട് വിപണിയിലേക്ക് എത്തിയിരിക്കുന്നത്. ബേസ് മോഡലുകളിലെ 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിന് 80 bhp കരുത്തിൽ പരമാവധി 115 Nm torque വരെ ഉത്പാദിപ്പിക്കാനാവും. 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ മാത്രമായിരിക്കും ഇതിലുണ്ടാവുക.
മറുവശത്ത് 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ടോർക്ക് കൺവേർട്ടർ ഓട്ടോമാറ്റിക്കുമായി ജോടിയാക്കിയിരിക്കുന്ന 1.2 ലിറ്റർ ത്രീ സിലിണ്ടർ, ടർബോ പെട്രോൾ എഞ്ചിന് 109 bhp പവർ വരെ വികസിപ്പിക്കാനാവും. മാനുവൽ പതിപ്പിൽ ടോർക്ക് 190 Nm കിട്ടുമ്പോൾ ബസാൾട്ട് ഓട്ടോമാറ്റിക്കിന് 205 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനാവുമെന്നാണ് സിട്രൺ പറയുന്നത്. മൈലേജിന്റെ കാര്യത്തിലും ബസാൾട്ട് ആരേയും മോഹിപ്പിക്കും വിധമാണ് ഒരുക്കിയിരിക്കുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








