രണ്ടാഴ്ചക്കുള്ളില്‍ ഡെലിവറി! കര്‍വിന് മുമ്പേ 7.99 ലക്ഷം വിലയുള്ള എസ്‌യുവി കൂപ്പെ ഇന്ത്യന്‍ നിരത്തുകൾ നിറയും
ഹാച്ച്ബാക്ക് കാറുകളുടെ വിലയില്‍ എസ്‌യുവികള്‍ ലഭ്യമാകാന്‍ തുടങ്ങിയതോടെ ഈ സെഗ്‌മെന്റിന്റെ വന്‍ വളര്‍ച്ചക്കാണ് ഇന്ത്യ സാക്ഷ്യം വഹിക്കുന്നത്. അത്തരമൊരു സാഹചര്യത്തിലാണ് ഇന്ത്യക്കാര്‍ക്ക് അത്ര പരിചിതമല്ലാത്ത എസ്‌യുവി കൂപ്പെ ബോഡി സ്‌റ്റൈലില്‍ വരുന്ന ഒരു കാര്‍ പ്രീമിയം ഹാച്ച്ബാക്കിന്റെ വിലയില്‍ തരാമെന്ന് പറഞ്ഞ് ഫ്രഞ്ച് നിര്‍മാതാക്കളായ സിട്രണ്‍ ഞെട്ടിച്ചത്. സിട്രണ്‍ ബസാള്‍ട്ട് (Citroen Basalt) കാറിനെ കുറിച്ചാണ് പറയുന്നത്. 7.99 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് ഈ കാര്‍ പുറത്തിറക്കിയിരിക്കുന്നത്. മുഴുവന്‍ വേരിയന്റുകളുടെ വില വെളിപ്പെടുത്തിയതിന് പുറമെ കാറിന്റെ ഡെലിവറി വിവരങ്ങളും ഇപ്പോള്‍ അറിവായിട്ടുണ്ട്. അതിനെ കുറിച്ച് നമുക്ക് വിശദമായി നോക്കാം.
സിട്രണ്‍ ബസാള്‍ട്ട് രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലാണ് വരുന്നത്. ഇവ രണ്ടും ജെന്‍ 3 പ്യുവര്‍ ടെക് 1.2 ലിറ്റര്‍ 3 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനുകളാണ്. ഒന്ന് നാചുറലി ആസ്പിരേറ്റഡ് എഞ്ചിനും രണ്ടാമത്തേത് ടര്‍ബോ എഞ്ചിനുമാണ്. ബസാള്‍ട്ടിലെ 1.2 ലിറ്റര്‍ നാചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിന്‍ 80 bhp പവറും 115 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു.

അതേസമയം 109 bhp പവറും 190 Nm ടോര്‍ക്കും നല്‍കുന്ന തരത്തിലാണ് ടര്‍ബോ എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നത്. NA പെട്രോള്‍ എഞ്ചിനിനൊപ്പം 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് ഓപ്ഷന്‍ മാത്രമേ വരുന്നുള്ളൂ. എന്നാല്‍ ടര്‍ബോ എഞ്ചിനോടൊപ്പം 6 സ്പീഡ് മാനുവല്‍, ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ ബോക്സ് ഓപ്ഷനുകള്‍ നല്‍കിയിട്ടുണ്ട്.
ഇന്ത്യന്‍ വാഹന വിപണിയെ ഇളക്കി മറിച്ചുകൊണ്ട് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു സിട്രണ്‍ ബസാള്‍ട്ട് പുറത്തിറക്കിയത്. ലോഞ്ച് ഇവന്റില്‍ പക്ഷേ ബേസ് വേരിയന്റിന്റെ വില മാത്രമായിരുന്നു പ്രഖ്യാപിച്ചത്. ഇപ്പോള്‍ സിട്രണ്‍ ബസാള്‍ട്ടിന്റെ മുഴുവന്‍ വേരിയന്റുകളുടെയും വില പരസ്യമാക്കിയിരിക്കുകയാണ്.യൂ, പ്ലസ്, മാക്‌സ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളില്‍ ബസാള്‍ട്ട് വാങ്ങാം. ബേസ് യൂ വേരിയന്റ് 7.99 ലക്ഷം രൂപ പ്രാരംഭ വിലയില്‍ ലഭ്യമാകും.

1.2 NA പ്ലസ് വേരിയന്റിന് 9.99 ലക്ഷം രൂപയും 1.2 ടര്‍ബോ പ്ലസ് വേരിയന്റിന് 11.49 ലക്ഷം രൂപയുമാണ് വില. 1.2 ടര്‍ബോ പ്ലസ് AT വേരിയന്റിന് 12.79 ലക്ഷം രൂപയും 1.2 ടര്‍ബോ മാക്സ് വേരിയന്റിന് 12.28 ലക്ഷം രൂപയുമാണ് വില. ടോപ് സ്‌പെക് 1.2 ടര്‍ബോ മാക്സ് AT വേരിയന്റിന് 13.62 ലക്ഷം രൂപയാണ് വില. ഇവയെല്ലാം എക്സ്ഷോറൂം വിലകളാണെന്ന് ശ്രദ്ധിക്കുക.
ബസാള്‍ട്ടിന് ഒപ്പം തന്നെ വിപണി പിടിക്കാന്‍ കച്ചമുറുക്കിയിരിക്കുന്ന മോഡലാണ് ടാറ്റ കര്‍വ്. എസ്‌യുവി കൂപ്പെയുടെ ഇലക്ട്രിക് പതിപ്പ് ടാറ്റ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തിറക്കിയിരുന്നു. കര്‍വിന്റെ ഐസിഇ പതിപ്പിന്റെ വില പ്രഖ്യാപനം സെപ്റ്റംബര്‍ രണ്ടിന് നടക്കാന്‍ പോകുകയാണ്. സിട്രണിന്റെ ഞെട്ടിക്കുന്ന വില പ്രഖ്യാപനം ശരിക്കും ടാറ്റയെയാണ് സമ്മര്‍ദത്തിലാക്കിയിരിക്കുന്നത്. സിട്രണ്‍ ബസാള്‍ട്ടിന് വളരെ ആക്രമണാത്മകമായ വില നിശ്ചയിച്ചിരിക്കുന്നതിനാല്‍ ടാറ്റയും കര്‍വിന്റെ ഐസിഇ പതിപ്പിന്റെ വിലയിടുമ്പോള്‍ ഏറെ ശ്രദ്ധിക്കേണ്ടി വരും.

C3, eC3, C3 എയര്‍ക്രോസ്, C5 എയര്‍ക്രോസ് എന്നീ മോഡലുകള്‍ക്ക് ശേഷം ഫ്രഞ്ച് കമ്പനി ഇന്ത്യയില്‍ വില്‍പ്പനക്കെത്തിക്കുന്ന അഞ്ചാമത്തെ കാറാണ് ബസാള്‍ട്ട്. നാല് കാറുകള്‍ അടങ്ങുന്ന പോര്‍ട്‌ഫോളിയോ ഉണ്ടായിട്ടും ഇന്ത്യന്‍ മാര്‍ക്കറ്റില്‍ യാതൊരു വിധ ചലനങ്ങളും സൃഷ്ടിക്കാന്‍ സിട്രണിന് സാധിച്ചിരുന്നില്ല. ഈ വര്‍ഷം ജനുവരി മുതല്‍ ജൂലൈ വരെയുള്ള കാലയളവില്‍ വെറും 3,670 കാറുകള്‍ മാത്രമാണ് സിട്രണിന് ഇന്ത്യയില്‍ വില്‍ക്കാനായത്.
മികച്ച വാഹനങ്ങള്‍ പുറത്തിറക്കിയട്ടും കാര്യമായ കച്ചവടം നേടാനാകാത്ത സാഹചര്യത്തിന് ബസാള്‍ട്ടിന്റെ വരവോടെ മാറ്റമുണ്ടാകുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു. എതിരാളികളായ ടാറ്റയെ മാത്രമല്ല വിപണി വിദഗ്ധരെ വരെ ഞെട്ടിക്കുന്ന വിലയാണ് ഇതിനുള്ള പ്രധാന കാരണം. എന്നാല്‍ ഇത് ആമുഖ വിലയാണെന്ന കാര്യം കൂടി പ്രത്യേകം ശ്രദ്ധിക്കുക. സമീപ ഭാവിയില്‍ തന്നെ മോഡലിന് വില കൂടാന്‍ സാധ്യതയുണ്ട്് ഏതായാലും ടാറ്റ കര്‍വിന്റെ വരവിന് ശേഷമായിരിക്കും ഇത് അറിയാന്‍ കഴിയുക.
ഏതായാലും സിട്രണിന്റെ ഈ പുത്തന്‍ കാര്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്ന ഉപഭോക്താക്കള്‍ വണ്ടി ഉടന്‍ ബുക്ക് ചെയ്യുന്നതാണ് നല്ലത്. ഷോറൂം സന്ദര്‍ശിച്ച് വാഹനം ടെസ്റ്റ് ഡ്രൈവ് ചെയ്യാനുള്ള സൗകര്യവും ഇപ്പോള്‍ ലഭ്യമാണ്. സെപ്റ്റംബര്‍ ആദ്യവാരം മുതല്‍ ബസാള്‍ട്ട് എസ്‌യുവി കൂപ്പെയുടെ ഡെലിവറി ആരംഭിക്കുമെന്ന് കമ്പനി ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ടാറ്റ കര്‍വിന്റെ ഐസിഇ പതിപ്പ് വരുമ്പോഴേക്കും ഇന്ത്യന്‍ നിരത്തുകള്‍ ബസാള്‍ട്ടിനെ കൊണ്ട് നിറഞ്ഞേക്കും.


Click it and Unblock the Notifications








