ഇന്ത്യ കാത്തിരിക്കുന്ന 'ഫോറിന്‍' കാര്‍ നിരത്തുകളില്‍ ചുറ്റിക്കറങ്ങുന്നു! പണിവരുന്നത് ടാറ്റയ്ക്ക്
റെനോക്ക് ശേഷം ഇന്ത്യന്‍ കാര്‍ വിപണി പിടിച്ചുകുലുക്കാനെത്തിയ ഫ്രഞ്ച് കമ്പനിയാണ് സിട്രണ്‍. ഇതിനോടകം നാല് കാറുകള്‍ വിപണിയില്‍ എത്തിച്ച ബ്രാന്‍ഡിന് പക്ഷേ കാര്യമായ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ ഫ്രഞ്ച് പടക്കപ്പലില്‍ നിന്ന് വരാന്‍ പോകുന്ന അഞ്ചാമത്തെ ഉല്‍പ്പന്നത്തില്‍ ബ്രാന്‍ഡിന് മാത്രമല്ല വാഹന പ്രേമികള്‍ക്കും പ്രതീക്ഷകള്‍ ഏറെയാണ്.
ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കിടയില്‍ വലിയ പ്രതീക്ഷകള്‍ സൃഷ്ടിച്ച സിട്രണ്‍ ബസാള്‍ട്ട് കൂപ്പെ എസ്‌യുവിയെ കുറിച്ചാണ് പറഞ്ഞ് വരുന്നത്. സിട്രണിന്റെ സി ക്യൂബ്ഡ് പ്രോഗ്രാമിന് കീഴിലെ മൂന്നാമത്തെ കാറാണിത്. വ്യത്യസ്തമായ സ്‌റ്റൈലിംഗ്, പെര്‍ഫോമന്‍സ് അത്യാധുനിക സവിശേഷതകള്‍ എന്നിവ സംയോജിപ്പിച്ച് വരുന്ന കാറിലൂടെ ഇന്ത്യയില്‍ വിജയം രുചിക്കാനാകുമെന്നാണ് സിട്രണിന്റെ പ്രതീക്ഷ. ഈ കലണ്ടര്‍ വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ ബസാള്‍ട്ട് വിപണിയില്‍ എത്തിക്കാനാണ് സിട്രണിന്റെ പദ്ധതികള്‍.

അതിന് മുന്നോടിയായി സിട്രണ്‍ ബസാള്‍ട്ട് കൂപ്പെ എസ്‌യുവിയുടെ പരീക്ഷണയോട്ടം ഇന്ത്യന്‍ നിരത്തുകളില്‍ ഊര്‍ജിതമായി നടക്കുന്നുണ്ട്. പരീക്ഷണയോട്ടത്തിനിടെ പകര്‍ത്തപ്പെട്ട ബസാള്‍ട്ടിന്റെ സ്പൈ ചിത്രങ്ങളും വീഡിയോസും സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു. വീഡിയോകളും തുടര്‍ച്ചയായി പുറത്തുവരുന്നു. ഇത്തരത്തില്‍ ഒരു വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഈ വര്‍ഷമാദ്യം കണ്‍സെപ്റ്റ് പതിപ്പ് അവതരിപ്പിച്ച വാഹനത്തിന്റെ പ്രെഡക്ഷന്‍ റെഡി പതിപ്പിലേക്ക് വെളിച്ചം വീശുന്നതാണ് ഏറ്റവും പുതിയ സ്‌പൈ ഷോട്ടുകള്‍.
സിട്രണ്‍ ബസാള്‍ട്ട് കാര്‍ രാത്രിയില്‍ പരീക്ഷിക്കുന്നതാണ് പുത്തന്‍ വീഡിയോയില്‍ കാണാന്‍ സാധിക്കുക. ബസാള്‍ട്ട് വിഷന്‍ കണ്‍സെപ്റ്റുമായി സാമ്യമുള്ള ബസാള്‍ട്ടിനെ മറയില്ലാതെ കാണാനാകുന്നു എന്നതാണ് ഈ വീഡിയോയുടെ പ്രത്യേകത. നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പനയ്ക്കെത്തുന്ന സിട്രണ്‍ C3 എയര്‍ക്രോസ് എസ്‌യുവിയെ അടിസ്ഥാനമാക്കിയാണ് സിട്രണ്‍ ബസാള്‍ട്ട് കൂപ്പെ എസ്‌യുവി ഒരുക്കിയിരിക്കുന്നത്. C3 എയര്‍ക്രോസിന്റെ ഒരു പരിഷ്‌കൃത ആവര്‍ത്തനം എന്ന് വേണമെങ്കില്‍ പറയാം. വ്യതിരിക്തമായ കൂപ്പെ ശൈലിയിലുള്ള റൂഫാണ് ഇതിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്.

എല്‍ഇഡി ടെയില്‍ലൈറ്റുകള്‍, വീല്‍ ആര്‍ച്ചുകള്‍, വീതിയേറിയ റേഡിയേറ്റര്‍ ഗ്രില്‍ ക്രമീകരണം തുടങ്ങിയവയാണ് എക്‌സ്്റ്റീരിയറിലെ പ്രധാന ഹൈലൈറ്റുകള്‍. കണ്‍സെപ്റ്റ് മോഡലില്‍ കാണുന്ന അലോയ് വീലുകളും പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകളും ചാരക്കണ്ണുകളില്‍ പതിഞ്ഞ ബസാള്‍ട്ടില്‍ കാണപ്പെടാത്തതിനാല്‍ ഇത് കാറിന്റെ മിഡ് സ്‌പെക് വേരിയന്റാണെന്ന് അനുമാനിക്കാം. അതേസമയം ഉയര്‍ന്ന വേരിയന്റുകളില്‍ പ്രീമിയം സവിശേഷതകള്‍ വാഗ്ദാനം ചെയ്യും.
10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റി, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഓട്ടോ-ഡിമ്മിംഗ് ഐആര്‍വിഎം, റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍, ഫ്രണ്ട് വെന്റിലേറ്റഡ് സീറ്റുകള്‍, കീലെസ് എന്‍ട്രി, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട് എന്നിങ്ങനെയുള്ള സൗകര്യങ്ങള്‍ ബസാള്‍ട്ട് എസ്‌യുവിയില്‍ ഫ്രഞ്ച് കമ്പനി ഒരുക്കും.
ആഗോള മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി ഉയര്‍ന്ന നിലവാരത്തിലുള്ള സേഫ്റ്റി ഫീച്ചറുകള്‍ കാറില്‍ സജ്ജീകരിച്ചേക്കും. ബസാള്‍ട്ടിന്റെ എല്ലാ വേരിയന്റുകളിലും 6 എയര്‍ബാഗുകള്‍, ISOFIX പോയിന്റുകള്‍, സീറ്റ്‌ബെല്‍റ്റ് റിമൈന്‍ഡറുകള്‍ എന്നിവ സ്റ്റാന്‍ഡേര്‍ഡായി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പവര്‍ട്രെയിന്‍ വശം നോക്കുമ്പോള്‍ സിട്രണ്‍ C3 എയര്‍ക്രോസ് എസ്‌യുവിയില്‍ വാഗ്ദാനം ചെയ്യുന്ന അതേ എഞ്ചിന്‍ ബസാള്‍ട്ടിലും ലഭിക്കും.
1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ പരമാവധി 109 bhp പവറും 205 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന തരത്തിലാണ് ട്യൂണ്‍ ചെയ്തിരിക്കുന്നത്. 6-സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ ഈ എഞ്ചിനിനൊപ്പം വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഞങ്ങള്‍ ഇതിനകം സൂചിപ്പിച്ചതുപോലെ C3 ഹാച്ച്ബാക്ക്, eC3 ഇലക്ട്രിക് കാര്‍, C3 എയര്‍ക്രോസ്, C5 എയര്‍ക്രോസ് എന്നിങ്ങനെ മൊത്തം 4 കാറുകളാണ് സിട്രണ്‍ ഇന്ത്യയില്‍ വില്‍ക്കുന്നത്.

സിട്രണിന്റെ ഇന്ത്യന്‍ മോഡല്‍ നിരയിലെ അഞ്ചാമത്തെ കാറായി ബസാള്‍ട്ട് വില്‍പ്പനയ്ക്കെത്തും. ഇന്ത്യന്‍ വിപണിയില്‍ ടാറ്റ കര്‍വായിരിക്കും ബസാള്‍ട്ടിന്റെ നേരിട്ടുള്ള എതിരാളി. ബസാള്‍ട്ടിനെ പോലെ തന്നെ ടാറ്റ കര്‍വും ഇതുവരെ വില്‍പ്പനക്കെത്തിയിട്ടില്ല. ടാറ്റയുടെ ഈ പുതിയ C-സെഗ്‌മെന്റ് എസ്‌യുവിയും ലോഞ്ചിന് മുന്നോടിയായി പരീക്ഷണയോട്ടത്തിലാണ്. കഴിഞ്ഞ ദിവസം കര്‍വിന്റെ ഐസി എഞ്ചിന്‍ പതിപ്പ് പൂനെയില്‍ പരീക്ഷണത്തിനിടെ ക്യാമറക്കണ്ണുകളില്‍ പതിഞ്ഞിരുന്നു.
ഈ ഉത്സവ സീസണില്‍ ടാറ്റ കര്‍വ് വിപണിയില്‍ എത്താന്‍ പോകുകയാണ്. കൂപ്പെ ശൈലിയില്‍ വരുന്ന ഈ കാറുകളില്‍ കമ്പനികള്‍ക്ക് മാത്രമല്ല ഉപഭോക്താക്കള്‍ക്കും വലിയ പ്രതീക്ഷയാണ്. സിട്രണ്‍ ബസാള്‍ട്ടിന്റെ നേരിട്ടുള്ള എതിരാളിയായ ടാറ്റ കര്‍വ് പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകള്‍ക്ക് പുറമെ ഇലക്ട്രിക് രൂപത്തിലും വില്‍പ്പനയ്ക്കെത്തും. ഏതായാലും സിട്രണിന്റെ അടുത്ത കാറിനെ കുറിച്ചുള്ള പുത്തന്‍ അപ്‌ഡേറ്റുകള്‍ വരും ദിവസങ്ങളില്‍ പുറത്തുവരും. അത് അറിയാനായി ഡ്രൈവ്‌സ്പാര്‍ക്ക് വെബ്‌സൈറ്റ് മുടങ്ങാതെ സന്ദര്‍ശിക്കൂ.


Click it and Unblock the Notifications








