ധോണിയുടെ പേരിലുള്ള എസ്‌യുവി പുറത്തിറങ്ങി; വാങ്ങാനാകുക 100 പേര്‍ക്ക് മാത്രം, വില അറിയാന്‍ വരൂ...
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് രണ്ട് ലോകകപ്പ് കിരീടം സമ്മാനിച്ച നായകനാണ് മഹേന്ദ്ര സിംഗ് ധോണി (MS Dhoni). നീളന്‍ മുടിയുമായി എത്തി ഇന്ത്യക്കാരുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ താരത്തിന് ഇന്ന് ലോകമെമ്പാടും കോടിക്കണക്കിന് ആരാധകരുണ്ട്. സെലിബ്രിറ്റികള്‍ക്കിടയിലെ അറിയപ്പെടുന്ന വണ്ടിപ്രാന്തനായ ധോണി ചില ടൂവീലര്‍ ബ്രാന്‍ഡുകളുടെ അംബാസഡര്‍ ആയിരുന്നു. മാത്രമല്ല അടുത്തിടെ ഒരു ഇലക്ട്രിക് വാഹന ബ്രാന്‍ഡില്‍ ധോണി നിക്ഷേപം നടത്തുകയും ചെയ്തു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ലോകോത്തര കാര്‍ ബ്രാന്‍ഡായ സിട്രണ്‍ ഇന്ത്യയിലെ തങ്ങളുടെ ബ്രാന്‍ഡ് അംബാസഡറായി ധോണിയെ നിയമിച്ചത്.
ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ആരാാധകര്‍ സ്‌നേഹത്തോടെ 'തല' എന്ന് വിളിക്കുന്ന താരത്തെ തങ്ങളുടെ പാളയത്തിലെത്തിച്ചതിന് പിന്നാലെ സിട്രണ്‍ C3 എയര്‍ക്രോസിന്റെ ധോണി എഡിഷന്‍ (Citroen C3 Aircross Dhoni Edition) ഫ്രഞ്ച് കമ്പനി വെളിപ്പെടുത്തിയിരുന്നു. ഇപ്പോള്‍ വാഹനത്തിന്റെ വില പ്രഖ്യാപനവും നടത്തിയിരിക്കുകയാണ്. മിഡ്‌സൈസ് എസ്‌യുവിയുടെ ധോണി എഡിഷന്റെ വിലയും സ്റ്റാന്‍ഡേര്‍ഡ് പതിപ്പുമായുള്ള മാറ്റങ്ങളും ചുവടെ വായിക്കാം.

11.82 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് സിട്രണ്‍ C3 എയര്‍ക്രോസ് ധോണി എഡിഷന്‍ വിപണിയിലെത്തിയിരിക്കുന്നത്. ലിമിറ്റഡ് എഡിഷന്റെ വെറും 100 യൂണിറ്റ് മാത്രമായിരിക്കും ലഭ്യമാകുക. ഈ കാര്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് ധോണിയുടെ മെര്‍ച്ചന്‍ൈറസും താരം ഒപ്പിട്ട ഗ്ലൗസ് നേടാനുമുള്ള അവസരം ലഭിക്കും. 'ധോണി എഡിഷന്‍' C3 എയര്‍ക്രോസില്‍ നിരവധി കസ്റ്റം ആക്സസറികളും ഡിസൈന്‍ ഘടകങ്ങളും ഉണ്ട്. ഇത് ക്രിക്കറ്റ് പ്രേമികളും വണ്ടിപ്രാന്തന്‍മാരും ഒരുപോലെ ഇഷ്ടപ്പെടുന്നവയാണ്.
ഓരോ വാഹനത്തിലും ധോണി ഡിക്കല്‍, കളര്‍ കോര്‍ഡിനേറ്റഡ് സീറ്റ് കവറുകള്‍, കുഷ്യന്‍ പില്ലോ, സീറ്റ് ബെല്‍റ്റ് കുഷ്യന്‍, ഇല്യൂമിനേറ്റഡ് സില്‍ പ്ലേറ്റുകള്‍, ഫ്രണ്ട് ഡാഷ്‌ക്യാം എന്നിവ സജ്ജീകരിച്ചിരിക്കുന്നു. കൂടാതെ ഓരോ 'ധോണി എഡിഷന്‍' C3 എയര്‍ക്രോസിലും ഒരു പ്രത്യേക ധോണി ഗുഡി ഗ്ലൗ ബോക്‌സില്‍ ഉള്‍പ്പെടുത്തും. ക്രിക്കറ്റ് പ്രേമികള്‍ക്ക് സര്‍പ്രൈസായി കൊണ്ട് ഈ 100 കാറുകളിലൊന്നില്‍ ധോണി തന്നെ ഒപ്പിട്ടിരിക്കുന്ന ഒരു പ്രത്യേക ഗ്ലൗ ഉണ്ടായിരിക്കും.

കോസ്‌മെറ്റിക് പരിഷ്‌കാരങ്ങള്‍ ഒഴികെ ബാക്കി ഡിസൈന്‍ മാറ്റമില്ലാതെ തുടരുന്നു. ധോണി എഡിഷനില്‍ ഫീച്ചറുകള്‍ ഒന്നും കൂട്ടിച്ചേര്‍ത്തിട്ടില്ല. വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയുള്ള 10.2 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 7 ഇഞ്ച് ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേ, മാനുവല്‍ എസി, 6 സ്പീക്കറുകള്‍, റൂഫ് മൗണ്ടഡ് എസി വെന്റുകള്‍, സ്റ്റിയറിംഗ് മൗണ്ടഡ് ഓഡിയോ കണ്‍ട്രോളുകള്‍, റിയര്‍ വൈപ്പറും വാഷറും, റിയര്‍ ഡീഫോഗര്‍ എന്നിവയാണ് എസ്‌യുവിയുടെ ഫീച്ചര്‍ ലിസ്റ്റില്‍ ഉള്‍പ്പെടുന്നത്.
ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ഇബിഡി ഉള്ള എബിഎസ്, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (ടിപിഎംഎസ്), ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, റിവേഴ്‌സ് പാര്‍ക്കിംഗ് ക്യാമറ എന്നിവ കാറിന്റെ സേഫ്റ്റി ഫീച്ചറുകളില്‍ ഉള്‍പ്പെടുന്നു. സിട്രണ്‍ ഇന്ത്യ ഉടന്‍ തന്നെ C3 എയര്‍ക്രോസില്‍ 6 എയര്‍ബാഗുകള്‍ ചേര്‍ത്ത് അപ്‌ഡേറ്റ് ചെയ്യാന്‍ പോകുന്നുണ്ട്.

110 PS പവറും 205 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ള അതേ 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് C3 എയര്‍ക്രോസ് ലിമിറ്റഡ് എഡിഷന് തുടിപ്പേകുക. എഞ്ചിന്‍ 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ യൂണിറ്റുമായി ജോടിയാക്കാം.8.99 ലക്ഷം രൂപ മുതല്‍ 14.33 ലക്ഷം രൂപ വരെയാണ് സ്റ്റാന്‍ഡേര്‍ഡ് C3 എയര്‍ക്രോസിന്റെ വില.
മിഡ്‌സൈസ് എസ്‌യുവി വിഭാഗത്തില്‍ ഹ്യുണ്ടായി ക്രെറ്റ, ഹോണ്ട എലിവേറ്റ്, കിയ സെല്‍റ്റോസ്, മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര എന്നീ മോഡലുകളോടാണ് ഇത് ഏറ്റുമുട്ടുന്നത്. ഇന്ത്യയിലുടനീളമുള്ള സിട്രണ്‍ ഡീലര്‍ഷിപ്പുകളില്‍ C3 എയര്‍ക്രോസ് ധോണി എഡിഷന്‍ ഇന്ന് മുതല്‍ ബുക്ക് ചെയ്യാനാകും. ഈ സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പ് ഇതിനോടകം തന്നെ ഡീലര്‍ഷിപ്പുകളില്‍ എത്തിത്തുടങ്ങിയിട്ടുണ്ട്.


Click it and Unblock the Notifications








