300 കി.മീ റേഞ്ച്, 7 പേര്‍ക്ക് സുഖമായി പോകാവുന്ന ഇവി റെഡി! വിലയറിഞ്ഞാല്‍ എത്ര വേണേലും കാത്തിരിക്കും
ഇന്ത്യന്‍ വിപണിയില്‍ സാന്നിധ്യമറിയിക്കുന്ന ഫ്രഞ്ച് കാര്‍ കമ്പനിയാണ് സിട്രണ്‍. ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ എംഎസ് ധോണിയെ ബ്രാന്‍ഡ് അംബാസഡറാക്കി നിയമിച്ച് സിട്രണ്‍ രാജ്യത്തെ തങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഒരു ഇലക്ട്രിക് കാര്‍ അടക്കം നിലവില്‍ നാല് മോഡലുകളാണ് സിട്രണ്‍ ഇന്ത്യയില്‍ ഓഫര്‍ ചെയ്യുന്നത്. സിട്രണ്‍ ഇന്ത്യ തങ്ങളുടെ പോര്‍ട്‌ഫോളിയോ വലുതാക്കാന്‍ സാധ്യതയുള്ളതിനാല്‍ കമ്പനി യൂറോപ്പില്‍ ലോഞ്ച് ചെയ്യുന്ന കാറുകളിലേക്ക് ഇന്ത്യയിലെ വണ്ടിപ്രാന്തന്‍മാര്‍ കണ്ണുവെക്കാറുണ്ട്. അത്തരത്തില്‍ ഏവരെയും ആവേശം കൊള്ളിച്ച് കൊണ്ട് ഒരു കാര്‍ പുറത്തിറങ്ങി. അത് ഏതാണെന്ന് നമുക്ക് വിശദമായി നോക്കാം.
സിട്രണിന് സമീപകാലത്ത് ഇന്ത്യയില്‍ ഏറ്റവും മികച്ച അഭിപ്രായം നേടിക്കൊടുത്ത കാറാണ് C3 എയര്‍ക്രോസ്. ഈ മിഡ്‌സൈസ് എസ്‌യുവി ഇന്ത്യയില്‍ പെട്രോള്‍ പതിപ്പില്‍ മാത്രമാണ് വില്‍ക്കുന്നത്. എന്നാല്‍ യൂറോപ്പില്‍ C3 എയര്‍ക്രോസ് ഐസിഇ, ഹൈബ്രിഡ്, പ്യുവര്‍ ഇവി അവതാരങ്ങളില്‍ ലഭ്യമാണ്. പരുക്കന്‍ മസ്‌കുലാര്‍ ലുക്കില്‍ എത്തുന്ന ക്രോസ്ഓഫര്‍ എസ്‌യുവി ഇലക്ട്രിക് അവതാരത്തിലടക്കം ഇപ്പോള്‍ ഫ്രാന്‍സില്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്.

24.5 ലക്ഷം രൂപ വിലയിലാണ് ( 27,400 യൂറോ) സിട്രണ്‍ C3 ഇവി വിപണിയില്‍ എത്തിയിരിക്കുന്നത്. 7 സീറ്റര്‍ ഓപ്ഷനിലാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ ഈ കാര്‍ 300 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. യൂറോപ്പില്‍ ശക്തവും മസ്‌കുലാര്‍ ആകര്‍ഷണീയതകളുള്ള ക്രോസ്ഓവര്‍ എസ്‌യുവിയായാണ് കാര്‍ കാണപ്പെടുന്നത്. ഹൈബ്രിഡ്, ഇവി പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ വരുന്ന C3 എയര്‍ക്രോസിന്റെ വിലയും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.
19,400 യൂറോ മുതലാണ് സിട്രണ്‍ C3 എയര്‍ക്രോസ് ഐസിഇ മോഡലുകളുടെ വില ആരംഭിക്കുന്നത്. അതേസമയം, ഹൈബ്രിഡ് പവര്‍ട്രെയിന്‍ വേരിയന്റ് 25,500 യൂറോ മുതല്‍ വാങ്ങാന്‍ സാധിക്കും. ഇത് ഇന്ത്യന്‍ കറന്‍സിയിലേക്ക് മാറ്റുമ്പോള്‍ ഐസിഇക്ക് 17.38 ലക്ഷം രൂപയും ഹൈബ്രിഡിന് 22.85 ലക്ഷം രൂപയുമാണ് വില വരുന്നത്. അതേസമയം ഇന്ത്യ-സ്‌പെക്ക് C3 എയര്‍ക്രോസ് ഐസിഇ വേരിയന്റിന് 9.99 ലക്ഷം രൂപ മുതലാണ് എക്‌സ്-ഷോറൂം വില ആരംഭിക്കുന്നത്.

പരമാവധി 101 bhp പവര്‍ സൃഷ്ടിക്കാന്‍ ശേഷിയുള്ള പ്യുവര്‍ ടെക് ടര്‍ബോ പെട്രോള്‍ എഞ്ചിനായ് ക്രോസ്ഓവര്‍ എസ്‌യുവിയുടെ ഐസിഇ പതിപ്പിന് തുടിപ്പേകുന്നത്. യൂറോ 7 എമിഷന്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്ന എഞ്ചിനാണ് ഇത്. ഹൈബ്രിഡ് വേരിയന്റ് ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയിരിക്കുന്നു. ഇതില്‍ ഒരു ഡിസിടി ട്രാന്‍സ്മിഷന്‍ ഓപ്ഷനാണ് വരുന്നത്. 48V Li-ion ബാറ്ററിയില്‍ നിന്നാണ് മോട്ടോര്‍ പവര്‍ എടുക്കുന്നത്. മൊത്തം സിസ്റ്റം ഔട്ട്പുട്ട് 134 bhp ആണ്.
44 kWh ലിഥിയം ഇരുമ്പ് ഫോസ്‌ഫേറ്റ് ബാറ്ററിയാണ് സിട്രണ്‍ C3 എയര്‍ക്രോസ് ഇവിയില്‍ സജ്ജീകരിച്ചിരിക്കുന്നത്. 111 bhp പവര്‍ നല്‍കാന്‍ ശേഷിയുള്ള ഇലക്ട്രിക് മോട്ടോറാണ് ശക്തി. പെര്‍േഫാമന്‍സ് വശം നോക്കുമ്പോള്‍ പരമാവധി 145 കിലോമീറ്റര്‍ വേഗതയില്‍ ഓടാന്‍ ഈ ഇവിക്ക് കഴിയും. ഇവി ഡിസി ഫാസ്റ്റ് ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്നു. ഡിസി ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് 26 മിനിറ്റ് കൊണ്ട് ബാറ്ററി 20 മുതല്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാം.

അതേസമയം എസി ചാര്‍ജറാണ് ഉപയോഗിക്കുന്നതെങ്കില്‍ ബാറ്ററി ചാര്‍ജ് ആകാന്‍ 2 മണിക്കൂര്‍ 50 മിനിറ്റ് മുതല്‍ 4 മണിക്കൂര്‍ മുതല്‍ 10 മിനിറ്റ് വരെ സമയമെടുക്കും. ഫുള്‍ചാര്‍ജില്‍ 300 കിലോമീറ്ററാണ് റേഞ്ച്. അതേസമയം ഒറ്റ ചാര്‍ജില്‍ 400 കിലോമീറ്റര്‍ റേഞ്ചുള്ള ഈ ഇവി ഹൈറേഞ്ച് വേരിയന്റും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. സിട്രണ്‍ C3 എയര്‍ക്രോസിന്റെ യൂറോ സ്‌പെക്ക് ലുക്കിന്റെയും ഡിസൈനിന്റെയും കാര്യത്തില്‍ ഇന്ത്യ സ്‌പെക്ക് മോഡലുമായി അടുത്ത് നില്‍ക്കുന്നുണ്ട്.
യൂറോപ്യന്‍ മോഡല്‍ കമ്പനിയുടെ സ്മാര്‍ട് കാര്‍ പ്ലാറ്റ്‌ഫോമിലാണ് പണികഴിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഇന്ത്യ സ്‌പെക്ക് ചെലവ് കുറഞ്ഞ CMP സ്‌ക്കേറ്റ്‌ബോര്‍ഡ് ആര്‍ക്കിടെക്ചറിലാണ് വരുന്നതെന്നതാണ് മാറ്റം. ഇതേ പ്ലാറ്റ്‌ഫോമിലാണ് ഇന്ത്യയില്‍ വില്‍ക്കുന്ന eC3 ഇലക്ട്രിക് ഹാച്ച് വരുന്നത്. അതിനാല്‍ C3 എയര്‍ക്രോസിന്റെ ഇലക്ട്രിക് പതിപ്പ് ഇന്ത്യക്ക് ലഭിച്ച് കൂടെന്നില്ല. 29.2 kWh ബാറ്ററി പായ്ക്കുമായി വരുന്ന eC3 ഫുള്‍ചാര്‍ജില്‍ 320 കിലോമീറ്റര്‍ റേഞ്ചാണ് വാഗ്ദാനം ചെയ്യുന്നത്.
eC3 എയര്‍ക്രോസ് വരികയാണെങ്കില്‍ 40 kWh അല്ലെങ്കില്‍ 45 kWh ബാറ്ററി പായ്ക്ക് ആയിരിക്കും നല്‍കിയേക്കുക. സിട്രണ്‍ C3 എയര്‍ക്രോസിന്റെ ഇലക്ട്രിക് പതിപ്പ് ഇന്ത്യയില്‍ പുറത്തിറക്കുന്നത് സംബന്ധിച്ച് യാതൊരു സൂചനകളും കമ്പനി ഇതുവരെ നല്‍കിയിട്ടില്ല. ടാറ്റ കര്‍വിന്റെ എതിരാളിയായി വരുന്ന ബസാള്‍ട്ട് കൂപ്പെ എസ്‌യുവിയുടെ ലോഞ്ചിന് പിറകെയാണ് സിട്രണ്‍ ഇപ്പോള്‍. ഈ വര്‍ഷത്തെ ഉത്സവ സീസണില്‍ ബസാള്‍ട്ട് വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.


Click it and Unblock the Notifications








