6 എയര്‍ബാഗും ഹൈടെക് ഫീച്ചറുകളും കുറഞ്ഞ വിലയ്ക്ക്! ഈ 'ഫോറിന്‍' കാറിനെ ഇനി എതിരാളികള്‍ പേടിക്കും
കിടമത്സരം നടക്കുന്ന മിഡ്‌സൈസ് എസ്‌യുവി സെഗ്‌മെന്റില്‍ പൂര്‍ണമായും പുതിയ ബോഡി സ്‌റ്റൈല്‍ അവതരിപ്പിച്ച് ചൂതാട്ടത്തിനൊരുങ്ങുകയാണ് സിട്രണ്‍ ഇന്ത്യ. ബസാള്‍ട്ട് എസ്‌യുവി കൂപ്പെ ഇന്ത്യയില്‍ ഔദ്യോഗികമായി അവതരിപ്പിച്ച വേളയില്‍ നിലവിലുള്ള രണ്ട് ഓഫറുകള്‍ കാലികമാക്കുകയും ചെയ്തിരിക്കുകയാണ് കമ്പനി. മിഡ്‌സൈസ് എസ്‌യുവിയായ C3 എയര്‍ക്രോസില്‍ വന്ന മാറ്റങ്ങളെ കുറിച്ചുള്ള വാര്‍ത്ത ഞങ്ങള്‍ നേരത്തെ പ്രസിദ്ധീകരിച്ചതാണ്. സിട്രണിന്റെ ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന വിലയില്‍ വരുന്ന കാറായ C3 ഹാച്ച്ബാക്കിനും ഇപ്പോള്‍ അപ്‌ഡേറ്റ് ലഭിച്ചിട്ടുണ്ട്. അതിനെ കുറിച്ചാണ് നമ്മള്‍ ഇനി പറയാന്‍ പോകുന്നത്.
2022-ന്റെ പകുതിയില്‍ വിപണിയിലെത്തിയ ഈ കാറിന് എതിരാളികളെ അപേക്ഷിച്ച് ഒരുപാട് ഫീച്ചറുകള്‍ കുറവായിരുന്നു. അതുകൊണ്ട് തന്നെ പ്രതീക്ഷിച്ച വിജയം നേടാന്‍ ഈ എസ്‌യുവിയിഷ് സ്‌റ്റൈലിലുള്ള ഹാച്ച്ബാക്കിന് സാധിച്ചില്ല. C3-യുടെ മൂല്യം മെച്ചപ്പെടുത്തുന്നതിനായി സിട്രണ്‍ സ്ഥിരമായി ഫീച്ചര്‍ അപ്ഡേറ്റുകള്‍ നല്‍കാറുണ്ട്. ഇപ്പോള്‍ ബസാള്‍ട്ടിന്റെ അവതരണ വേളയില്‍ ഫീച്ചര്‍ അപ്‌ഗ്രേഡുകളുമായി എത്തുന്ന C3 ഹാച്ച്ബാക്ക് സിട്രണ്‍ പ്രദര്‍ശിപ്പിച്ചു.

അപ്ഡേറ്റിന്റെ ഭാഗമായി സിട്രണ്‍ C3-ക്ക് പ്രൊജക്ടര്‍ എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍ ലഭിക്കും. ഒപ്പം മുമ്പ് ഫ്രണ്ട് ഫെന്‍ഡറുകളില്‍ സ്ഥിതിചെയ്തിരുന്ന ടേണ്‍ ഇന്‍ഡിക്കേറ്ററുകളും വിംഗ് മിററുകളില്‍ സംയോജിപ്പിച്ചിരിക്കുന്നു. മിററുകള്‍ക്ക് ഒരു ഓട്ടോ-ഫോള്‍ഡ് ഫംഗ്ഷന്‍ ഉണ്ടായിരിക്കും. സിട്രണ്‍ C3 യുടെ ബാക്കി ഭാഗം മാറ്റമില്ലാതെ തുടരുമ്പോള്‍ ഏറ്റവും വലിയ പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയത് അകത്തളത്തിലാണ്.
C3 ഹാച്ചിന് ഇപ്പോള്‍ 7.0 ഇഞ്ച് ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ഡിസ്‌പ്ലേയും ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോളും ലഭിക്കും. എന്നാല്‍ മോഡലിന്റെ എതിരാളികള്‍ ദീര്‍ഘകാലമായി വാഗ്ദാനം ചെയ്യുന്ന ഫീച്ചറുകളാണ് ഇവ. കൂടാതെ, റിയര്‍ പവര്‍ വിന്‍ഡോ സ്വിച്ചുകള്‍ ഹാന്‍ഡ് ബ്രേക്കിന് പിന്നില്‍ നിന്ന് ഡോര്‍ കാര്‍ഡുകളിലേക്ക് മാറ്റിയിട്ടുണ്ട്. സിട്രണ്‍ C3 യുടെ സേഫ്റ്റി കൂട്ടിക്കൊണ്ട് ആറ് എയര്‍ബാഗുകള്‍ ഇനി സ്റ്റാന്‍ഡേര്‍ഡായി വരും. ഈ സവിശേഷതകളെല്ലാം ടോപ്പ്-സ്‌പെക്ക് ഷൈന്‍ ട്രിമ്മിന്റെ ഭാഗമായാണ് വരുന്നത്.

പവര്‍ട്രെയിന്‍ വശം നോക്കുമ്പോള്‍ C3 തുടര്‍ന്നും രണ്ട് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനിലായിരിക്കും വാങ്ങാന്‍ സാധിക്കു. 81 bhp പവര്‍ നല്‍കാന്‍ ശേഷിയുള്ള 1.2-ലിറ്റര്‍ 3 സിലിണ്ടര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്‍ 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായി ജോടിയാക്കുന്നു. 108 bhp പവര്‍ ഉത്പാദിപ്പിക്കുന്ന 1.2-ലിറ്റര്‍ 3 സിലിണ്ടര്‍ ടര്‍ബോഡ് ചാര്‍ജ്ഡ് യൂണിറ്റ് 6-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി ഇണചേരുന്നു.
ഫീച്ചര്‍ അപ്‌ഗ്രേഡുകളോടെ സിട്രണ്‍ C3 വരും ആഴ്ചകളില്‍ വില്‍പ്പനയ്ക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നു. പുതുക്കിയ മോഡലിന്റെ വില ബ്രാന്‍ഡ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നിരുന്നാലും, മുന്‍ പതിപ്പിനെ അപേക്ഷിച്ച് ഇവ ചെലവേറിയതാകുമെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സിട്രണുമായി ബന്ധപ്പെട്ട മറ്റ് വാര്‍ത്തകള്‍ നോക്കുമ്പോള്‍ കഴിഞ്ഞ മാസത്തെ വില്‍പ്പന കമ്പനിക്ക് അത്ര ആശാവഹമല്ല.
2024 ജൂലൈയില്‍ സിട്രണിന് ഇന്ത്യയില്‍ നിന്ന് മൊത്തം 335 യൂണിറ്റ് മാത്രമാണ് വില്‍പ്പന നേടാനായത്. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ വില്‍പ്പന കണക്കുകളില്‍ ഒന്നാണ് ഇത്. 2024 ജൂണില്‍ 339 യൂണിറ്റായിരുന്നു വില്‍പ്പന. കമ്പനിയുടെ ഫ്ലാഗ്ഷിപ്പ് മോഡലായ C5 എയര്‍ക്രോസിന്റെ ഒരു യൂണിറ്റ് പോലും കഴിഞ്ഞ മാസം ഷോറൂമില്‍ നിന്നിറങ്ങിയില്ല.
കഴിഞ്ഞ ആറുമാസത്തിനിടെ ഏപ്രിലില്‍ വിറ്റ 1 യൂണിറ്റ് മാറ്റിനിര്‍ത്തിയാല്‍ C5 എയര്‍ക്രോസിന്റെ വില്‍പ്പന സംപൂജ്യമാണ്. C3 ഹാച്ച്ബാക്ക് 90 യൂണിറ്റും C3 എയര്‍ക്രോസ് 68 യൂണിറ്റും വില്‍പ്പന നേടി. ഇലക്ട്രിക് ഹാച്ചായ eC3 ആണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. 177 യൂണിറ്റ് വില്‍പ്പനയുമായി ഇവി കമ്പനിയുടെ ഇന്ത്യയിലെ ബെസ്റ്റ് സെല്ലറായി.ഏതായാലും ഉത്സവ സീസണ്‍ ലക്ഷ്യമിട്ട് സിട്രണ്‍ ഇന്ത്യയിലെ തങ്ങളുടെ അഞ്ചാമത്തെ ഉല്‍പ്പന്നമായ ബസാള്‍ട്ട് പുറത്തിറക്കും.
ഇതിനോടകം ഇന്ത്യക്കാര്‍ക്കിടയില്‍ വലിയ പ്രതീക്ഷ സൃഷ്ടിച്ച കാര്‍ വില്‍പ്പനയില്‍ കച്ചിത്തുരുമ്പാകുമെന്നാണ് ഫ്രഞ്ചുകാരുടെ പ്രതീക്ഷ. കൂപ്പെ എസ്‌യുവി സ്‌റ്റൈലില്‍ തന്നെ വരുന്ന ബസാള്‍ട്ടിന്റെ എതിരാളിയായ ടാറ്റ കര്‍വ് നാളെ അവതരിക്കാന്‍ പോകുകയാണ്. എന്നാല്‍ ഐസിഇ പതിപ്പിന് മുമ്പ് ഇലക്ട്രിക് പതിപ്പായിരിക്കും ടാറ്റ പുറത്തിറക്കുക. ഏതായാലും അക്രമണാത്മക വിലയില്‍ പുറത്തിറങ്ങിയാല്‍ ബസാള്‍ട്ട് ചരിത്രം തിരുത്തും. ബസാള്‍ട്ടിന്റെ ലോഞ്ചും ഈ മാസം തന്നെയുണ്ടാകും.


Click it and Unblock the Notifications








