365 ദിവസത്തിനിടെ വാങ്ങാനെത്തിയത് 10 പേര്‍! 17.5 കി.മീ മൈലേജുള്ള കാറിനാണ് ഈ ഗതി
ഇന്ത്യന്‍ ഓട്ടോമൊബൈല്‍ വിപണിയെ സംബന്ധിച്ച് വളരെ മികച്ച ഒരു വര്‍ഷമാണ് കടന്ന് പോകുന്നത്. ഉത്സവകാലത്തെല്ലാം ഒട്ടുമിക്ക കമ്പനികളും വില്‍പ്പനയില്‍ നേട്ടമുണ്ടാക്കി. പുത്തന്‍ കാറുകളും നിലവിലുള്ള ജനപ്രിയ മോഡലുകളും വാങ്ങാന്‍ ജനങ്ങള്‍ ഷോറൂമുകളിലേക്ക് ഇരച്ചെത്തി. എന്നാല്‍ ചില കമ്പനികളെ നിരാശരാക്കുന്ന ചില ഉല്‍പ്പന്നങ്ങള്‍ ഉണ്ട്. ഫ്രഞ്ച് കമ്പനിയായ സിട്രണ്‍ ഇന്ത്യന്‍ വിപണിയില്‍ പ്രവേശിച്ചപ്പോള്‍ ആദ്യം കൈപിടിച്ച് കൊണ്ടുവന്ന മോഡലാണ് C5 എയര്‍ക്രോസ്. എഇപ്പോള്‍ സിട്രണ്‍ C5 എയര്‍ക്രോസിന്റെ 2023 ഡിസംബര്‍ മുതല്‍ 2024 നവംബര്‍ വരെയുള്ള 1 വര്‍ഷത്തെ വില്‍പ്പന കണക്കുകള്‍ പുറത്തു വന്നിട്ടുണ്ട്. അത് വിശദമായി നമുക്ക് നോക്കാം.
കഴിഞ്ഞ 12 മാസത്തിനുള്ളില്‍ സിട്രണ്‍ C5 എയര്‍ക്രോസിന്റെ 10 യൂണിറ്റുകള്‍ മാത്രമാണ് വിറ്റുപോയത്. 12 മാസം കൊണ്ട് 12 ഉപഭോക്താക്കളെ പോലും കിട്ടിയില്ലെന്നതാണ് സങ്കടകരം. 2024-ലെ ഇന്ത്യന്‍ കാര്‍ വിപണിയില്‍ ഏറ്റവും കുറവ് വില്‍പ്പനയുള്ള കാറുകളില്‍ ഒന്നായിരിക്കും ഇത്. സിട്രണ്‍ C5 എയര്‍ക്രോസിന്റെ കഴിഞ്ഞ ഒരു വര്‍ഷക്കാലത്തെ വില്‍പ്പന വിശദമായി പരിശോധിച്ചാല്‍ 2023 ഡിസംബറില്‍ 2 യൂണിറ്റായിരുന്നു വില്‍പ്പന.

ശേഷം 2024 ജനുവരിയില്‍ 1 യൂണിറ്റ് വിറ്റപ്പോള്‍ ഫെബ്രുവരിയിലും മാര്‍ച്ചിലും ഒറ്റ കാര്‍ പോലും വിറ്റുപോയില്ല. ഏപ്രില്‍ മാസം ഒരു കസ്റ്റമറെ ലഭിച്ചു. പിന്നീട് മെയ്, ജൂണ്‍, ജൂലൈ എന്നീ മാസങ്ങളില്‍ അക്കൗണ്ട് തുറക്കാനായില്ല. തുടര്‍ന്ന് ഓഗസ്റ്റിലും സെപ്റ്റംബറിലും ഓരോ യൂണിറ്റ് വീതം വിറ്റുപോയി. ഉത്സവകാലത്ത് ഒക്‌ടേബറിലായിരുന്നു ഈ 12 മാസത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന പ്രതിമാസ വില്‍പ്പന. അതായത് 4 യൂണിറ്റ്.
ഇക്കഴിഞ്ഞ മാസവും C5 എയര്‍ക്രോസ് ചോദിച്ച് ഒരാളും സിട്രണ്‍ ഷോറൂമില്‍ വന്നില്ല. അങ്ങനെ 12 മാസത്തെ മൊത്തം വില്‍പ്പന കൂട്ടിയാല്‍ വെറും 10 യൂണിറ്റാണുള്ളത്. 12 മാസത്തില്‍ 1 യൂണിറ്റ് പോലും വിറ്റ്‌പോകാത്ത 6 മാസങ്ങള്‍ ഉണ്ടായിരുന്നു. 2024 ഡിസംബറില്‍ ഈ കാര്‍ അക്കൗണ്ട് തുറക്കുമോ എന്ന കാര്യം കണ്ടറിയണം.

സിട്രണ്‍ C5 എയര്‍ക്രോസിനെ കുറിച്ച് പറയുമ്പോള്‍ ഈ എസ്‌യുവിക്ക് 4500 mm നീളവും 1969 mm വീതിയും 1710 mm ഉയരവുമുണ്ട്. 2730 mm ആണ് ഇതിന്റെ വീല്‍ബേസ്. എല്‍ഇഡി വിഷന്‍ പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍, എല്‍ഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകള്‍, 3ഡി എല്‍ഇഡി റിയര്‍ ലാമ്പുകള്‍, ഒആര്‍വിഎമ്മുകളില്‍ എല്‍ഇഡി ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ എന്നിവയാണ് ഈ കാറിന്റെ എക്‌സ്റ്റീരിയര്‍ ഹൈലൈറ്റുകള്‍.
ഹാന്‍ഡ്സ് ഫ്രീ ഇലക്ട്രിക് ടെയില്‍ ഗേറ്റുള്ള കാറില്‍ 580 ലിറ്ററിന്റെ ബൂട്ട് സ്‌പേസാണ് ഉള്ളത്. പിന്‍സീറ്റ് മടക്കിയാല്‍ ബൂട്ട് ശേഷി 720 ലിറ്ററാക്കി ഉയര്‍ത്താം. ആംബിയന്റ് ബ്ലാക്ക് 'ക്ലോഡിയ' ലെതറും ലെതര്‍-എഫക്റ്റ് ഫാബ്രികും പനോരമിക് സണ്‍റൂഫും ഉള്ള മെട്രോപൊളിറ്റന്‍ ബ്ലാക്ക് ഇന്റീരിയറാണ് കാറിനുള്ളത്. സിട്രണ്‍ അഡ്വാന്‍സ്ഡ് കംഫര്‍ട്ട് പ്രോഗ്രസീവ് ഹൈഡ്രോളിക് കുഷ്യനൊപ്പം സസ്‌പെന്‍ഷന്‍ ലഭിക്കുന്നു.

അക്കോസ്റ്റിക് ലാമിനേറ്റഡ് ഫ്രണ്ട് വിന്‍ഡോയും വിന്‍ഡ്സ്‌ക്രീനും കാറിനുണ്ട്. ഇലക്ട്രിക് അഡ്ജസ്റ്റ്മെന്റോടുകൂടിയ ഡ്രൈവര്‍ സീറ്റാണ് കാറിന്റെ മറ്റൊരു പ്രത്യേകത. അഡ്ജസ്റ്റ് ചെയ്യാവുന്ന റിക്ലൈന്‍ ആംഗിളോട് കൂടിയ ഫുള്‍ സൈസ് റിയര്‍ സീറ്റാണ് ഇതിനുള്ളത്. റിയര്‍ എസി വെന്റിനൊപ്പം ഡ്യുവല്‍ സോണ്‍ ഇലക്ട്രോണിക് ഓട്ടോമാറ്റിക് ടെമ്പറേച്ചര്‍ കണ്‍ട്രോളും ആക്ടിവേറ്റഡ് കാര്‍ബണ്‍ ഫില്‍ട്ടറും ലഭ്യമാണ്.
31.24 സെന്റീമീറ്റര്‍ കസ്റ്റമൈസ് ചെയ്യാവുന്ന ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററാണ് ഇതിനുള്ളത്. സെന്‍ട്രല്‍ യൂണിറ്റിന് 25.4 സെന്റിമീറ്റര്‍ കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍ ഉണ്ട്. ഇത് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയെ പിന്തുണയ്ക്കുന്നു.6 എയര്‍ബാഗുകള്‍, കോഫി ബ്രേക്ക് അലേര്‍ട്ട്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഹില്‍ ഡിസന്റ് കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഇലക്ട്രിക് പാര്‍ക്കിംഗ് ബ്രേക്ക് എന്നിവ സേഫ്റ്റി കിറ്റിൽ ഉൾപ്പെടുന്നു.
റിവേഴ്സ് ക്യാമറ, ഫ്രണ്ട് പാസഞ്ചര്‍, റിയര്‍ സീറ്റുകളില്‍ 3-പോയിന്റ് ISOFIX മൗണ്ടിംഗ്, ഫ്രണ്ട് ഡ്രൈവര്‍, പാസഞ്ചര്‍ സീറ്റ് ബെല്‍റ്റ് പ്രെറ്റെന്‍ഷനര്‍ എന്നിവയാണ് മറ്റ് പ്രധാന സേഫ്റ്റി ഫീച്ചറുകൾ. ഈ കാറിന് 1997 സിസി, DW10FC 4-സിലിണ്ടര്‍ ഡീസല്‍ എഞ്ചിനാണ് തുടിപ്പേകുന്നത്. ഇത് 177 PS പവറും 400 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കുന്നു.
8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി എഞ്ചിന്‍ ഇണചേര്‍ത്തിരിക്കുന്നു. 52.5 ലിറ്റററാണ് കാറിന്റെ ഫ്യുവല്‍ ടാങ്ക് ശേഷി. ലിറ്ററിന് 17.5 കിലോമീറ്ററാണ് കമ്പനി മൈലേജ് അവകാശപ്പെടുന്നത്. സിട്രണ്‍ C5 എയര്‍ക്രോസിന്റെ വില 36.91 ലക്ഷം മുതല്‍ 39.99 ലക്ഷം രൂപ (എക്‌സ്‌ഷോറൂം) വരെ പോകുന്നു.


Click it and Unblock the Notifications








