18 കി.മീ മൈലേജുള്ള എസ്‌യുവിക്ക് 1.75 ലക്ഷം ഡിസ്‌കൗണ്ട്! ഇപ്പോള്‍ ബജറ്റ് വിലയില്‍ സ്വന്തമാക്കാം
പുതുവര്‍ഷം പിറന്നതോടെ രാജ്യത്തെ ഒട്ടുമിക്ക വാഹന നിര്‍മാതാക്കളെല്ലാം വില വര്‍ധനവ് പ്രഖ്യാപിച്ചിരുന്നു. ഫ്രഞ്ച് കമ്പനിയായ സിട്രണും അതില്‍ നിന്ന് ഒട്ടും വ്യത്യസ്തമല്ല. എന്നാല്‍ പുതുവര്‍ഷം ഒരു സിട്രണ്‍ കാര്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ എന്നാല്‍ ഒട്ടും നിരാശപ്പെടേണ്ടതല്ല. രാജ്യത്തുടനീളമുള്ള തിരഞ്ഞെടുത്ത സിട്രണ്‍ ഡീലര്‍ഷിപ്പുകള്‍ ബ്രാന്‍ഡിന്റെ പുതിയ എസ്‌യുവിയായ C3 എയര്‍ക്രോസിന് 1.75 ലക്ഷം രൂപ വരെ ഡിസ്‌കൗണ്ട് നല്‍കുന്നുണ്ട്.
5 സീറ്റര്‍, 7 സീറ്റര്‍ കോണ്‍ഫിഗറേഷനുകളില്‍ ഈ എസ്‌യുവി വാങ്ങാന്‍ സാധിക്കും. യു, പ്ലസ്, മാക്സ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലായി വാഗ്ദാനം ചെയ്യുന്ന എസ്‌യുവിയുടെ പ്രാരംഭ എക്‌സ്‌ഷോറൂം വില 9.99 ലക്ഷം രൂപയാണ്. ഓഫറുകളെ കുറിച്ച് സംസാരിക്കുമ്പോള്‍ ടോപ്പ്-സ്‌പെക്ക് മാക്‌സ് വേരിയന്റിനാണ് നിലവില്‍ പരമാവധി വിലക്കിഴിവ് ലഭിക്കുന്നത്.

മിഡ്‌സൈസ് എസ്‌യുവിയുടെ മാക്‌സ് വേരിയന്റ് ഇപ്പോള്‍ 1.75 ലക്ഷം രൂപ ആനുകൂല്യത്തില്‍ സ്വന്തമാക്കാനാണ് അവസരം. 1.50 ലക്ഷം രൂപ ക്യാഷ് ഡിസ്‌കൗണ്ടുകളും 25000 രൂപ എക്‌സ്‌ചേഞ്ച് ബോണസും സഹിതമാണ് വമ്പന്‍ ഓഫര്‍. അതേസമയം എസ്‌യുവിയുടെ പ്ലസ് വേരിയന്റ് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് 1.10 ലക്ഷം രൂപ ക്യാഷ് ഡിസ്‌കൗണ്ടും 40000 രൂപ എക്‌സ്‌ചേഞ്ച് ബോണസും സഹിതം മൊത്തം 1.50 ലക്ഷം രൂപയാണ് വിലക്കിഴിവ് വാഗ്ദാനം ചെയ്യുന്നത്.
പ്രായോഗികതയിലും വിലയുടെ കാര്യത്തിലുമെല്ലാം ഇതിനോടകം പലരുടെയും ഇഷ്ടം പിടിച്ചുപറ്റിയ എസ്‌യുവി വമ്പന്‍ ഓഫറില്‍ വാങ്ങാന്‍ ഇതിലും പറ്റിയ അവസരം ഇല്ലെന്ന് തന്നെ പറയാം. വമ്പന്‍മാര്‍ അരങ്ങുവാഴുന്ന സെഗ്‌മെന്റില്‍ വിലയുടെ കാര്യത്തില്‍ ഞെട്ടിച്ചെങ്കിലും ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍ ഇല്ലാതിരുന്നതാണ് സിട്രണ്‍ C3 എയര്‍ക്രോസിനെ കുറിച്ച് ഒരു കുറ്റമായി പറഞ്ഞിരുന്നത്. എന്നാല്‍ ഈ കുറവും നികത്താന്‍ തീരുമാനിച്ചിരിക്കുകയാണ് സിട്രണ്‍.

ഫ്രഞ്ച് വാഹന നിര്‍മ്മാതാവ് C3 എയര്‍ക്രോസ് എസ്യുവിയുടെ ഓട്ടോമാറ്റിക് പതിപ്പുകള്‍ ഈ മാസം ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. പ്ലസ്, മാക്സ് എന്നിങ്ങനെ രണ്ട് വേരിയന്റുകളില്‍ ഇത് ലഭിക്കും. സിട്രണ്‍ C3 എയര്‍ക്രോസിന്റെ ഓട്ടോമാറ്റിക് വേരിയന്റുകള്‍ വാങ്ങാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഇപ്പോള്‍ 25,000 രൂപ ടോക്കണ്‍ തുക നല്‍കി കാര്‍ ബുക്ക് ചെയ്യാന്‍ സാധിക്കും. ഈ പുതിയ ഗിയര്‍ബോക്സ് ആറ് സ്പീഡ് ഓട്ടോമാറ്റിക് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ യൂണിറ്റായിരിക്കുമെന്നതാണ് ആകര്‍ഷകമായ കാര്യം.
സിട്രണ്‍ C3 എയര്‍ക്രോസിന്റെ പവര്‍ട്രെയിന്‍ വശങ്ങള്‍ പരിശോധിക്കുമ്പോള്‍ 1.2 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിനാണ് ഇതിന് തുടിപ്പ് പകരുന്നത്. 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന ഈ എഞ്ചിന്‍ 109 bhp കരുത്തില്‍ പരമാവധി 190 Nm ടോര്‍ക്ക് വരെ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. മികച്ച ഇന്ധനക്ഷമതയും ഈ മോഡലിന്റെ പ്രത്യേകതകളില്‍ ഒന്നാണ്.

ലിറ്ററിന് 18.5 കിലോമീറ്റര്‍ മൈലേജാണ് കമ്പനി അവകാശപ്പെടുന്നത്. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഉപയോഗിച്ച് കൂടുതല്‍ ഇന്ധനക്ഷമതയും എസ്‌യുവിക്ക് ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്. ഫീച്ചര്‍ വശം നോക്കുമ്പോള്‍ 7 ഇഞ്ച് ഡിജിറ്റല്‍ ക്ലസ്റ്റര്‍, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുയുള്ള 10.2 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 4 സ്പീക്കര്‍ ഓഡിയോ, വണ്‍ ടച്ച് ഡൗണ്‍ വിന്‍ഡോ, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഒആര്‍വിഎമ്മുകള്‍ എന്നിവ ലഭിക്കുന്നു.
മൈ സിട്രണ്‍ കണക്ട് ആപ്പ് വഴി ഇന്റര്‍നെറ്റ് കണക്റ്റഡ് സ്മാര്‍ട്ട് ഫീച്ചറുകളുടെ ഒരു സമഗ്ര ശ്രേണിയും ഉപഭോക്താക്കള്‍ക്ക് ആക്‌സസ് ചെയ്യാനാകും. ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, ഇബിഡി ഉള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിവിറ്റി പ്രോഗ്രാം, ഹില്‍ഹോള്‍ഡ് അസിസ്റ്റ് പോലുള്ള സ്റ്റാന്‍ഡേര്‍ഡ് സേഫ്റ്റി ഫീച്ചറുകളാണ് സിട്രണ്‍ C3 എയര്‍ക്രോസില്‍ വാഗ്ദാനം ചെയ്യുന്നത്. സിട്രണ്‍ C3 എയര്‍ക്രോസിന്റെ 511 ലിറ്റര്‍ ബൂട്ട്‌സ്‌പേസ് സെഗ്മെന്റിലെ തന്നെ ഏറ്റവും വലുതാണ്.

5+2 ലേഔട്ടില്‍ സ്‌പേസ് കുറച്ച് കുറയുമെങ്കിലും യാത്രകളില്‍ ഇത് വളരെ ഉപകാരപ്രദമായിരിക്കും. അഞ്ച് പേരാണ് യാത്രക്കാരായിട്ടുള്ളതെങ്കില്‍ സീറ്റ് മടക്കി വെക്കാമെന്നതും ഗുണകരമാകും. മിഡ്‌സൈസ് എസ്‌യുവി വിഭാഗത്തില്‍ ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, മാരുതി ഗ്രാന്‍ഡ് വിറ്റാര, ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍, ഹോണ്ട എലിവേറ്റ്, ടൊയോട്ട ഹൈറൈഡര്‍, സ്‌കോഡ കുഷാഖ് എന്നീ മോഡലുകള്‍ക്കാണ് സിട്രണ്‍ C3 എയര്‍ക്രോസ് എതിരാളി. 9.99 ലക്ഷം മുതല്‍ 12.97 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില പോകുന്നത്.


Click it and Unblock the Notifications








