320 കി.മീ റേഞ്ചും കുറഞ്ഞ വിലയും... എന്നിട്ടും ഈ ഇലക്ട്രിക് കാറിന്റെ വില്‍പ്പന വട്ടപ്പൂജ്യം!
ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ കാര്‍ വിപണിയായ ഇന്ത്യയില്‍ കാറുകളുടെ ഡിമാന്‍ഡ് അനുദിനം വര്‍ധിച്ച് വരികയാണ്. അതുകൊണ്ട് തന്നെ 2023 കലണ്ടര്‍ വര്‍ഷം പല കമ്പനികളും വില്‍പ്പനയില്‍ വലിയ വളര്‍ച്ച കൈവരിച്ചു. എങ്കിലും വില്‍പനയില്‍ കാര്യമായ വളര്‍ച്ച കാണിക്കാത്ത ചില കാര്‍ ബ്രാന്‍ഡുകളും ഇന്ത്യയില്‍ പ്രവര്‍ത്തിച്ച് വരുന്നുണ്ട്.
ദൗഭാഗ്യകരമെന്ന് പറയട്ടെ മികച്ച കാറുകള്‍ കൊണ്ടുവന്നിട്ടും കഴിഞ്ഞ വര്‍ഷം രാജ്യത്ത് കാര്യമായ നേട്ടമുണ്ടാക്കാന്‍ സാധിക്കാന്‍ ഫ്രഞ്ച് കാര്‍ നിര്‍മ്മാതാക്കളായ സിട്രണിന് സാധിച്ചിരുന്നില്ല. ഫ്രഞ്ച് കാര്‍ നിര്‍മ്മാതാക്കളായ സിട്രണ്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യയില്‍ കാറുകള്‍ വില്‍പ്പനക്കെത്തിക്കുന്നുണ്ട്. C5 എയര്‍ക്രോസ്, C3, eC3, C3 എയര്‍ക്രോസ് എന്നിങ്ങനെ നാല് മോഡലുകളാണ് സിട്രണ്‍ ഇന്ത്യന്‍ വിപണിയിലെത്തിക്കുന്നത്.

എന്നാല്‍ സിട്രണിന് ഒരിക്കലും ആശാവഹമായ വില്‍പ്പന കണക്കുകള്‍ അല്ല പുറത്തുവരുന്നത്. 2023 ഡിസംബറില്‍ സിട്രണിന്റെ ഏക ഇലക്ട്രിക് കാറായ eC3-യുടെ ഒരു യൂണിറ്റ് പോലും വിറ്റുപോയില്ല. 2023 ഫെബ്രുവരിയില്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയ ഇവിക്ക് പോയ മാസം അക്കൗണ്ട് തുറക്കാനായില്ല. ഇന്ത്യന്‍ വിപണിയില്‍ ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ സിട്രണിനുള്ള തിരിച്ചടികള്‍ കൂടുന്നതല്ലാതെ കുറയുന്നില്ല.
വര്‍ഷാവസാന ഓഫറുകളുടെ ബലത്തില്‍ 2023 ഡിസംബറില്‍ സിട്രണ്‍ കമ്പനിയുടെ മൊത്തം വില്‍പ്പനയില്‍ നേരിയ പുരോഗതി കൈവരിക്കാന്‍ സാധിച്ചു. എങ്കിലും പോയ മാസം കമ്പനിയുടെ മൊത്തം വില്‍പ്പന 650 യൂണിറ്റിലെത്തുങ്ങി. എന്നാല്‍ ഡിസംബറില്‍ ഒരു സിട്രണ്‍ eC3 പോലും ഷോറൂമില്‍ നിന്നിറങ്ങിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. 2023 ഓഗസ്റ്റില്‍ ആയിരുന്നു സിട്രണ്‍ eC3 ഏറ്റവും ഉയര്‍ന്ന വില്‍പ്പന കൈവരിച്ചത്. 271 യൂണിറ്റായിരുന്നു അന്നത്തെ വില്‍പ്പന.

ഇലക്ട്രിക് ഹാച്ചിന്റെ കഴിഞ്ഞ ആറുമാസത്തെ വില്‍പ്പന നോക്കുമ്പോള്‍ ജൂലൈയില്‍ 49 യൂണിറ്റായിരുന്നു വില്‍പ്പന. ഓഗസ്റ്റിലെ മികച്ച നേട്ടത്തിന് ശേഷം സെപ്റ്റംബറില്‍ വില്‍പ്പന 166 യൂണിറ്റായി കുറഞ്ഞു. ഒക്‌ടോബറില്‍ നേരിയ വര്‍ധനവോടെ 179 യൂണിറ്റ് വില്‍ക്കാനായി. എന്നാല്‍ ദീപാവലിയടക്കമുള്ള ആഘോഷങ്ങള്‍ അരങ്ങേറിയ നവംബറില്‍ വില്‍പ്പന വെറും 18 യൂണിറ്റ് മാത്രമായിരുന്നു. കണക്കുകള്‍ പരിശോധിച്ചാല്‍ കമ്പനിയുടെ മറ്റ് മോഡലുകളുടെ വില്‍പ്പനയും തൃപ്തികരമല്ല.
കഴിഞ്ഞ മാസം കമ്പനിയുടെ ഫ്‌ലാഗ്ഷിപ്പ് മോഡലായ C5 എയര്‍ക്രോസിന്റെ രണ്ട് യൂണിറ്റുകള്‍ മാത്രമാണ് വിറ്റഴിച്ചത്. അതേസമയം C3 ഹാച്ച്ബാക്കിന്റെ 309 യൂണിറ്റുകളും C3 എയര്‍ക്രോസിന്റെ 339 യൂണിറ്റുകളും വില്‍ക്കാനായി. 2023 ഡിസംബറില്‍ സിട്രണിന്റെ മൊത്തം പ്രതിമാസ വില്‍പ്പന 650 യൂണിറ്റുകള്‍ മാത്രമായിരുന്നു. ഫ്രഞ്ച് ബ്രാന്‍ഡിന്റെ ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് കാറാണ് സിട്രണ്‍ eC3. രാജ്യത്ത് ഏറ്റവും താങ്ങാനാകുന്ന വിലയില്‍ ലഭ്യമാകുന്ന ഇലക്ട്രിക് കാറുകളില്‍ ഒന്നും കൂടിയാണിത്.

11.61 ലക്ഷം മുതല്‍ 13 ലക്ഷം രൂപ വരെയാണ് ഇലക്ട്രിക് ഹാച്ചിന്റെ എക്‌സ്‌ഷോറൂം വില. ടിയാഗോ ഇവി, എംജി കോമറ്റ് ഇവി എന്നിവയുമായാണ് മത്സരം. ഇവിയുടെ പവര്‍ട്രയിന്‍ വശങ്ങള്‍ പരിശോധിക്കുമ്പോള്‍ 57 bhp പവറും 143 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ഒരു ഇലക്ട്രിക് മോട്ടോറാണ് ഇതിന് തുടിപ്പേകുന്നത്. 29.2 kWh ബാറ്ററി പായ്ക്കില്‍ നിന്ന സിട്രണ്‍ eC3 പവറെടുക്കുന്നത്.
ഇവി ഒറ്റചാര്‍ജില്‍ 320 കിലോമീറ്റര്‍ റേഞ്ച് നല്‍കുമെന്നാണ് ARAI സാക്ഷ്യപ്പെടുത്തുന്നത്. 15A പ്ലഗ് പോയിന്റ് ചാര്‍ജര്‍ ഉപയോഗിച്ച് 10 മണിക്കൂര്‍ 30 മിനിറ്റിനുള്ളില്‍ ഈ കാര്‍ പൂര്‍ണമായി ചാര്‍ജ് ചെയ്യാം. ഡിസി ഫാസ്റ്റ് ചാര്‍ജറിന്റെ സഹായത്തോടെ 57 മിനിറ്റിനുള്ളില്‍ 10 മുതല്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാനാകും.

ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവ പിന്തുണക്കുന്ന 10.2 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും മാനുവല്‍ എസിയും ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഇലക്ട്രിക് ഹാച്ചിന്റെ സവിശേഷതകളില്‍ ചിലതാണ്. കീലെസ് എന്‍ട്രി, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, കണക്റ്റഡ് കാര്‍ ടെക് തുടങ്ങിയ ഫീച്ചറുകളും ഇതില്‍ ലഭ്യമാണ്.
ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, ഇബിഡി ഉള്ള എബിഎസ്, റിയര്‍ പാര്‍ക്കിംഗ് സെന്‍സര്‍ തുടങ്ങിയ സേഫ്റ്റി ഫീച്ചറുകളും ഇവിയില്‍ സജ്ജീകരിച്ചിട്ടുണ്ട്.315 ലിറ്ററാണ് ഈ കാറിന്റെ ബൂട്ട് ശേഷി. ടാറ്റ പോലുള്ള അതികായന്‍മാരുമായി ഏറ്റുമുട്ടുമ്പോള്‍ സര്‍വീസ് സെന്ററുകളുടെ എണ്ണക്കുറവായിരിക്കാം ഇവിയുടെ വില്‍പ്പന കുറയാന്‍ കാരണം.


Click it and Unblock the Notifications








