ഇടിവെട്ടേറ്റവനെ പാമ്പുകടിച്ച അവസ്ഥയില്‍ സിട്രണ്‍! ക്രാഷ് ടെസ്റ്റില്‍ 'തവിടുപൊടിയായി' eC3
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ സിട്രണ്‍ തങ്ങളുടെ കന്നി ഇലക്ട്രിക് കാര്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചത്. C3 ഹാച്ച്ബാക്കിന്റെ ഇലക്ട്രിക് പതിപ്പായ ഈ മോഡലിന് സിട്രണ്‍ eC3 എന്നാണ് നാമകരണം നടത്തിയത്. ഇന്ത്യയിലെ ബജറ്റ് ഇവി വിഭാഗത്തിലെ ഏറ്റവും പുതിയ എന്‍ട്രിയായിരുന്ന ഈ മോഡല്‍ അതിന്റെ എക്കോ ഫ്രണ്ട്‌ലി ഡിസൈന്‍ കൊണ്ടും താങ്ങാവുന്ന വില കൊണ്ടും ശ്രദ്ധ നേടി.
എന്നാല്‍ ഐസി എഞ്ചിന്‍ പതിപ്പിനെ പോലെ തന്നെ ചില സുപ്രധാന ഫീച്ചറുകളുടെ അഭാവം ഈ മോഡലിനും വില്‍പ്പനയില്‍ തിരിച്ചടിയായി. ഇപ്പോള്‍ ഇടിത്തീ പോലെ ഇലക്ട്രിക് ഹാച്ച്ബാക്കിന്റെ ക്രാഷ് ടെസ്റ്റ ഫലവും പുറത്തുവന്നിരിക്കുകയാണ്. ഗ്ലോബല്‍ NCAP നടത്തിയ ക്രാഷ് ടെസ്റ്റ് കാറിന്റെ സുരക്ഷ പോരായ്മകള്‍ എടുത്തുകാണിക്കുന്നു. മുതിര്‍ന്ന യാത്രക്കാരുടെ സംരക്ഷണത്തില്‍ ഇലക്ട്രിക് വാഹനത്തിന് 0 സ്റ്റാറും കുട്ടികളുടെ സംരക്ഷണത്തില്‍ 1 സ്റ്റാറും മാത്രമാണ് നേടാനായത്.

ഇന്ത്യയ്ക്ക് ഇപ്പോള്‍ സ്വന്തമായി ഭാരത് NCAP സേഫ്റ്റി അസസ്‌മെന്റ് പ്രോഗ്രാം ഉള്ളതിനാല്‍ ഗ്ലോബല്‍ NCAP-ന്റെ സേഫര്‍ കാര്‍സ് ഫോര്‍ ഇന്ത്യ ക്യാമ്പയിനിന് കീഴില്‍ പരീക്ഷിച്ച അവസാന കുറച്ച് കാറുകളില്‍ ഒന്നാണ് സിട്രണ്‍ eC3. മുതിര്‍ന്ന യാത്രക്കാരുടെ സംരക്ഷണയില്‍ സിട്രണ്‍ eC3 34-ല്‍ 20.86 പോയിന്റ് മാത്രമാണ് നേടിയത്.
യാത്രക്കാരന്റെ നെഞ്ചിന് മോശം സംരക്ഷണവും ഡ്രൈവറുടെ നെഞ്ചിന് ദുര്‍ബലമായ സംരക്ഷണവും കാണിച്ചതിനെ തുടര്‍ന്നാണ് മുതിര്‍ന്ന യാത്രക്കാരുടെ സംരക്ഷണയില്‍ 0 സ്റ്റാര്‍ റേറ്റിംഗ് മാത്രമായി പോയത്. വാഹനത്തില്‍ സൈഡ് ഹെഡ് പ്രൊട്ടക്ഷന്‍ സിസ്റ്റം ഓപ്ഷനലായി പോലും സജ്ജീകരിച്ചിട്ടില്ല എന്നതും പോരായ്മയായി. മാത്രമല്ല ഇലക്ട്രിക് ഹാച്ച്ബാക്കില്‍ ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ ഇല്ലാത്തതും വിനയായി.

യുഎന്‍ 127 കാല്‍നട സംരക്ഷണ മാനദണ്ഡങ്ങളും ഈ കാര്‍ പാലിക്കുന്നില്ല. ചൈല്‍ഡ് ഒക്യുപന്റ് പ്രൊട്ടക്ഷന്‍ ടെസ്റ്റില്‍ സിട്രണ്‍ eC3 49-ല്‍ 10.55 പോയിന്റുകളാണ് നേടിയത്. ത്രീ പോയിന്റ് ബെല്‍റ്റുകള്‍ നല്‍കാത്തതിനാലും പാസഞ്ചര്‍ എയര്‍ബാഗ് ഡിസ്‌കണക്ഷന്‍ സ്വിച്ച് നല്‍കാത്തതിനാലുമാണ് ചൈല്‍ഡ് ഒക്യുപന്റ് പ്രൊട്ടക്ഷന്റെ കാര്യത്തില്‍ റേറ്റിംഗ് വെറും 1 സ്റ്റാര്‍ മാത്രമായി പോയത്.
രണ്ട് ചൈല്‍ഡ് ഡമ്മികളുടെയും തല വാഹനത്തിന്റെ ഇന്റീരിയറിനൊപ്പം ഇംപാക്ടായതും യൂണിവേഴ്‌സല്‍ ചൈല്‍ഡ് സീറ്റിന് അനുയോജ്യമായി ഒരു സ്ഥാനം മാത്രമാണ് കാറിന് ഉള്ളത് എന്നതും റേറ്റിംഗിനെ സ്വാധീനിച്ചു. GNCAP-ല്‍ പരീക്ഷിച്ച മോഡലില്‍ ഡ്യൂവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, ബെല്‍റ്റ് ലോഡ് ലിമിറ്റര്‍, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ എന്നിവ മുന്‍വശത്തെ രണ്ട് സീറ്റുകള്‍ക്ക് മാത്രമായാണ് സജ്ജീകരിച്ചിരിക്കുന്നത്.

ESC മാത്രമല്ല സീറ്റ് ബെല്‍റ്റ് പ്രെറ്റെന്‍ഷനറുകള്‍, സൈഡ് എയര്‍ബാഗുകള്‍, ISOFIX ആങ്കറേജുകള്‍, പിന്‍ സീറ്റുകള്‍ക്ക് സീറ്റ് ബെല്‍റ്റ് റിമൈന്‍ഡറുകള്‍ എന്നിവയും ലഭിക്കുന്നില്ല. ഇന്ത്യയടക്കമുള്ള വികസ്വര രാഷ്ട്രങ്ങളെ ലക്ഷ്യമിട്ടാണ് സിട്രണ്‍ ഈ കാര്‍ പുറത്തിറക്കുന്നത്. ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ നിരാശാജനകമായ ഫലം കൂടി പുറത്തുവന്നതിനാല്‍ മോഡലിന്റെ സേഫ്റ്റി കൂട്ടുമെന്നാണ് കമ്പനി ഇപ്പോള്‍ വ്യക്തമാക്കുന്നത്.
ഇലക്ട്രിക് കാറില്‍ 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡായി ചേര്‍ക്കുമെന്ന് സിട്രണ്‍ കഴിഞ്ഞ മാസം തന്നെ അറിയിച്ചിരുന്നു. എയര്‍ബാഗിനൊപ്പം മറ്റ് സേഫ്റ്റി ഫീച്ചറുകളും ചേര്‍ത്ത് ഈ കലണ്ടര്‍ വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ C3 റേഞ്ച് അപ്‌ഡേറ്റ് ചെയ്യും. ആങ്കറേജുകളും റിയര്‍ സീറ്റ് ബെല്‍റ്റ് റിമൈന്‍ഡറുകളും സ്റ്റാന്‍ഡേര്‍ഡായി വരുന്നതിനാല്‍ സേഫ്റ്റി സ്‌കോര്‍ ഭാവിയില്‍ മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കാം.

ഇത് മാത്രമല്ല സിട്രണ്‍ C3 റേഞ്ചിന്റെ ക്യാബിനും റിച്ചാക്കാനുള്ള പരിപാടിയിലാണ്. ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, കീലെസ് എന്‍ട്രി, പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട്, ഫ്രണ്ട് സെന്റര്‍ ആംറെസ്റ്റ്, കപ്പ് ഹോള്‍ഡറുകളുള്ള റിയര്‍ ആംറെസ്റ്റ്, കസ്റ്റമൈസ് ചെയ്യാവുന്ന ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍, എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍ എന്നിവയടക്കമുള്ള ഫീച്ചറുകള്‍ കൂട്ടിച്ചേര്‍ത്ത് എതിരാളികളുമായി മത്സരം കടുപ്പിക്കാനാണ് ബ്രാന്‍ഡിന്റെ തീരുമാനം. ഫീച്ചര്‍ കുറവാണെന്നുള്ള വിമര്‍ശനങ്ങളുടെ മുനയൊടിക്കാനും അപ്‌ഡേറ്റ് വഴി സാധിക്കും.


Click it and Unblock the Notifications








