4 കാറുകള്‍ ഉണ്ടായിട്ടും വില്‍പ്പന വെറും 335 യൂണിറ്റ്! ഫ്രഞ്ച് കമ്പനിക്ക് കച്ചിതുരുമ്പാകുമോ ബസാള്‍ട്ട്
2021-ലാണ് ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ സിട്രണ്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയത്. ഫുള്‍സൈസ് എസ്‌യുവിയായ C5 എയര്‍ക്രോസായിരുന്നു കന്നി ഉല്‍പ്പന്നം. C3 ഹാച്ച്ബക്ക്, eC3 ഇലക്ട്രിക് ഹാച്ച്, C3 എയര്‍ക്രോസ് മിഡ്‌സൈസ് എസ്‌യുവി എന്നിവയുള്‍പ്പെടെ നാല് കാറുകളാണ് നിലവില്‍ സിട്രണ്‍ ഇന്ത്യയില്‍ വില്‍ക്കുന്നത്. അരങ്ങേറ്റം കുറിച്ചത് മുതല്‍ കടുത്ത മത്സരത്തിനിടെ ഇന്ത്യന്‍ വിപണിയില്‍ ശക്തമായ സാന്നിധ്യമാകാന്‍ സിട്രണ്‍ പാടുപെടുകയാണ്. 2024 ജൂലൈയിലെ സിട്രണ്‍ ഇന്ത്യയുടെ വില്‍പ്പന കണക്കുകള്‍ അതിന് അടിവരയിടുന്നു. നാല് കാറുകള്‍ ഉള്‍പ്പെടുന്ന പോര്‍ട്‌ഫോളിയോ ഉണ്ടായിട്ടും വില്‍പ്പന നാലക്കം കടത്താന്‍ സിട്രണിനായില്ലെന്നതാണ് ഖേദകരം.
2024 ജൂലൈയില്‍ സിട്രണിന് ഇന്ത്യയില്‍ നിന്ന് മൊത്തം 335 യൂണിറ്റ് മാത്രമാണ് വില്‍പ്പന നേടാനായത്. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ വില്‍പ്പന കണക്കുകളില്‍ ഒന്നാണ് ഇത്. 2024 ജൂണില്‍ 339 യൂണിറ്റായിരുന്നു വില്‍പ്പന. കമ്പനിയുടെ ഫ്‌ലാഗ്ഷിപ്പ് മോഡലായ C5 എയര്‍ക്രോസിന്റെ ഒരു യൂണിറ്റ് പോലും കഴിഞ്ഞ മാസം ഷോറൂമില്‍ നിന്നിറങ്ങിയില്ല. കഴിഞ്ഞ ആറുമാസത്തിനിടെ ഏപ്രിലില്‍ വിറ്റ 1 യൂണിറ്റ് മാറ്റിനിര്‍ത്തിയാല്‍ C5 എയര്‍ക്രോസിന്റെ വില്‍പ്പന സംപൂജ്യമാണ്.

C3 ഹാച്ച്ബാക്ക് 90 യൂണിറ്റും C3 എയര്‍ക്രോസ് 68 യൂണിറ്റും വില്‍പ്പന നേടി. ഇലക്ട്രിക് ഹാച്ചായ eC3 ആണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. 177 യൂണിറ്റ് വില്‍പ്പനയുമായി ഇവി കമ്പനിയുടെ ഇന്ത്യയിലെ ബെസ്റ്റ് സെല്ലറായി. ഫ്രഞ്ച് ബ്രാന്‍ഡിന്റെ ഇതുവരെയുള്ള വില്‍പ്പന പ്രകടനം വിശദമായി പരിശോധിക്കുമ്പോള്‍ 2021 ഏപ്രിലിലാണ് 29.90 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയില്‍ സിട്രണ്‍ C5 എയര്‍ക്രോസ് പുറത്തിറക്കിയത്.
അരങ്ങേറ്റ മാസത്തില്‍ 230 യൂണിറ്റുകള്‍ വിറ്റഴിച്ചുവെങ്കിലും തുടര്‍ന്നുള്ള മാസങ്ങളില്‍ വില്‍പ്പന രണ്ടക്കത്തിലേക്ക് ചുരുങ്ങി. 2022 ജൂലൈയില്‍ മാസ് മാര്‍ക്കറ്റ് ഓഫറിംഗായി അവതരിപ്പിച്ച C3 ഹാച്ച്ബാക്കില്‍ സിട്രണ്‍ ഒത്തിരി പ്രതീക്ഷയര്‍പ്പിച്ചിരുന്നു. 5.71 ലക്ഷം രൂപ എക്‌സ്-ഷോറൂം വിലയിലെത്തിയ കാര്‍ 2022 സെപ്റ്റംബറില്‍ 1,386 യൂണിറ്റ് വില്‍പ്പന നേടി. 2022 അവസാനിച്ചപ്പോള്‍ പ്രതിമാസം 506 യൂണിറ്റുകള്‍ വെച്ച് മൊത്തം 6,066 കാറുകള്‍ വില്‍ക്കാനായി.

2023 ഫെബ്രുവരിയില്‍ C3 ഹാച്ച്ബാക്കിന്റെ ഇലക്ട്രിക് പതിപ്പായ eC3 പുറത്തിറക്കിയപ്പോള്‍ ആ മാസം ഐസിഇ പതിപ്പിന്റെ വില്‍പ്പന 328 യൂണിറ്റില്‍ ഒതുങ്ങി. എന്നിരുന്നാലും 2023 മാര്‍ച്ചില്‍ എക്കാലത്തെയും ഉയര്‍ന്ന വില്‍പന നേടാനായി. 2,015 കാറുകള്‍ ആയിരുന്നു ആ മാസം വിതരണം ചെയ്തത്. ഇന്ത്യയില്‍ എന്‍ട്രി ചെയ്തതിന് ശേഷമുള്ള ഫ്രഞ്ച് കമ്പനിയുടെ ഏറ്റവും മികച്ച പ്രതിമാസ വില്‍പ്പനയായിരുന്നു അത്.
2023 ഏപ്രില്‍, ജൂണ്‍ മാസങ്ങളിലും 1,000 യൂണിറ്റിലധികം വില്‍പ്പന രേഖപ്പെടുത്തി. 2023 ഒക്ടോബറില്‍ സിട്രണ്‍ തങ്ങളുടെ നാലാമത്തെ കാറായ C3 എയര്‍ക്രോസ് എസ്യുവി അവതരിപ്പിച്ചു. മിഡ്‌സൈസ് എസ്‌യുവിയായ ഇത് 9.99 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് പുറത്തിറക്കിയത്. അത്യന്തം മത്സരം നിറഞ്ഞ മിഡ്‌സൈസ് എസ്‌യുവി സെഗ്‌മെന്റില്‍ മാറ്റുരയ്ക്കാന്‍ ഇറങ്ങിയ C3 എയര്‍ക്രോസിനും സിട്രണിന്റെ തലവര മാറ്റി എഴുതാനായില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

എന്നാല്‍ 2022 കലണ്ടര്‍ വര്‍ഷത്തെ അപേക്ഷിച്ച് 2023-ല്‍ മൊത്തം വില്‍പ്പന ഉയര്‍ന്നു. 791 യൂണിറ്റ് ശരാശരി പ്രതിമാസ വില്‍പ്പനയുമായി 2023-ല്‍ 9488 കാറുകള്‍ വില്‍ക്കാന്‍ സാധിച്ചു. 2024-ലേക്ക് എത്തിയപ്പോള്‍ മാര്‍ച്ചിലായിരുന്നു ഏറ്റവും മികച്ച വില്‍പ്പന. സാമ്പത്തിക വര്‍ഷം അവസാനിച്ച മാസം ആയിരത്തിധികം യൂണിറ്റുകള്‍ വിറ്റഴിച്ച് സിട്രണ്‍ വര്‍ഷത്തെ ഏറ്റവും മികച്ച പ്രതിമാസ വില്‍പ്പന കൈവരിച്ചു. എന്നിരുന്നാലും തുടര്‍ന്നുള്ള മാസങ്ങളില്‍ മെയില്‍ (515 യൂണിറ്റ്) മാത്രമാണ് വില്‍പ്പന 500 യൂണിറ്റ് കടന്നത്.
എന്നാല്‍ ഈ മാസം സിട്രണ്‍ തങ്ങളുടെ അഞ്ചാമത്തെ കാറായ ബസാള്‍ട്ട് കൂപ്പെ എസ്‌യുവി അവതരിപ്പിക്കുകയാണ്. ഇന്ത്യക്കാര്‍ക്ക് അത്ര സുപരിചിതമല്ലാത്ത എസ്‌യുവി കൂപ്പെ ശൈലിയിലുള്ള കാര്‍ മിതമായ വിലയില്‍ പുറത്തിറക്കി വില്‍പ്പന മെച്ചപ്പെടുത്താനാണ് ഫ്രഞ്ചുകാരുടെ ശ്രമം. എന്നാല്‍ അവിടെയും ടാറ്റ കര്‍വ് എസ്‌യുവിയുടെ രൂപത്തില്‍ വെല്ലുവിളിയുണ്ട്.
ഏതായാലും അക്രമാണാത്മകമായ വില നിര്‍ണയത്തിലൂടെ ടാറ്റ മോഡലിന്റെ വെല്ലുവിളി മറികടക്കാന്‍ കമ്പനിക്ക് സാധിച്ചേക്കും. ഒപ്പം തന്നെ വില്‍പ്പന ഉയര്‍ത്താന്‍ വേണ്ടി കൂടുതല്‍ ഫീച്ചറുകള്‍ ചേര്‍ത്ത് C3 ഹാച്ച്ബാക്കും C3 എയര്‍ക്രോസും കമ്പനി അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. വില്‍പ്പന തന്ത്രത്തില്‍ സ്വീകരിച്ച ഈ നവീനമായ മാറ്റങ്ങള്‍ കമ്പനിക്ക് നേട്ടം സമ്മാനിക്കുമോ എന്ന് നമുക്ക് കാത്തിരുന്ന് കാണാം.


Click it and Unblock the Notifications








