സിട്രണിന്റെ ജാതകം തിരുത്തിക്കുറിക്കാൻ C3X; വരവ് വ്യക്തമാക്കി പുത്തൻ ടീസർ
ഫ്രഞ്ച് വാഹന നിർമ്മാതാക്കളായ സിട്രൺ ഇന്ത്യയിൽ എത്തിയിട്ട് കുറച്ചു വർങ്ങളായി, എന്നിരുന്നാലും ഇപ്പോഴും ഇന്ത്യയിൽ കാര്യമായ ഒരു ഗ്രിപ്പ് നേടാൻ കഴിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം. ആദ്യം എത്തിച്ച C5 എയർക്രോസ് മുൻനിര മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ പിന്നാലെ എത്തിയ C3, eC3 മോഡലുകൾ മെച്ചപ്പെട്ട വിൽപ്പന കൈവരിച്ചു.
ഇവയ്ക്ക് ശേഷം അടുത്തിടെയാണ് കമ്പനി C3 എയർക്രോസിന്റെ രൂപത്തിൽ ഇന്ത്യൻ വിപണിയിൽ തങ്ങളുടെ അടുത്ത മോഡൽ അവതരിപ്പിച്ചത്. ഇതും തരക്കേടില്ലാത്ത വിൽപ്പന കൈവരിച്ചു. സെഗ്മെന്റിൽ അഞ്ച്, ഏഴ് സീറ്റർ കോൺഫിഗറേഷൻ വാഗ്ദാനം ചെയ്യുന്ന ഒരേയൊരു മോഡൽ എന്ന USP ഇതിനുണ്ട്. ഇത്തരത്തിൽ ഇന്ത്യയിൽ പതിയെ ക്ലച്ച് പിടിക്കാനുള്ള നീക്കത്തിലാണ് സിട്രൺ.

ബ്രാൻഡ് ഇന്ത്യൻ വിപണിയ്ക്കായുള്ള വിപുലീകരണം വീണ്ടും തുടരുകയാണ്. താൽക്കാലികമായി C3X എന്ന് പേരിട്ടിരിക്കുന്ന കമ്പനിയുടെ നാലാമത്തെ മെയ്ഡ് ഫോർ ഇന്ത്യ മോഡൽ താമസിയാതെ വിൽപ്പനയ്ക്ക് എത്തിക്കും. ഇന്ത്യൻ റോഡുകളിൽ അടുത്തിടെ ടെസ്റ്റിംഗ് നടത്തുന്നതായി കണ്ടെത്തിയ ഈ ഹൈ-റൈഡിംഗ് സെഡാൻ ഏറെ കുറേ പ്രൊഡക്ഷൻ റെഡിയാണ്.
ഇന്ത്യൻ വിപണിക്ക് പ്രത്യേകമായി രൂപകൽപ്പന ചെയ്ത മോഡലുകൾ വികസിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സിട്രണിൻ്റെ C -ക്യൂബ്ഡ് പ്രോഗ്രാമിനെ ആസ്പദമാക്കിയാണ് ഒരുങ്ങുന്നത്. കോംപാക്ട് സെഡാൻ സെഗ്‌മെൻ്റിൽ വളരെ അസാധാരണമായ ഒരു കൂപ്പെ ടൈപ്പ് എസ്‌യുവി ബോഡിസ്റ്റൈലാണ് വരാനിരിക്കുന്ന C3X എന്ന് സമീപകാല സ്പൈ ഷോട്ടുകളിൽ നിന്ന് വ്യക്തമാണ്.
കനത്ത രീതിയിൽ മറച്ചിട്ടുണ്ടായിരുന്നിട്ടും, ലിഫ്റ്റ് സ്റ്റൈൽ ഡോർ ഹാൻഡിലുകൾ, C3 റേഞ്ചിനെ അനുസ്മരിപ്പിക്കുന്ന ചില സ്റ്റൈലിംഗ് ഘടകങ്ങൾ, കൂടാതെ C -പില്ലർ എന്നിവ വ്യക്തമായി തിരിച്ചറിഞ്ഞിട്ടുണ്ട്. സിട്രണിൻ്റെ C3 ഫാമിലിക്ക് അനുസൃതമായി ഒരു സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് ഡിസൈനിനെക്കുറിച്ച് ചില മുൻ ചിത്രങ്ങൾ സൂചന നൽകിയിട്ടുണ്ട്.
ടെസ്റ്റ് മോഡലിൻ്റെ ഇൻ്റീരിയർ സ്പൈ ഷോട്ടുകൾ നിലവിലുള്ള C3 മോഡലുകളിൽ നിന്ന് വളരെ കുറഞ്ഞ തരത്തിലുള്ള വ്യത്യാസം മാത്രമേ വെളിപ്പെടുത്തുന്നുള്ളൂ എന്നത് ശ്രദ്ധേയമാണ്. ടോപ്പ് സ്പെക്ക് വേരിയൻ്റുകളിൽ ഒരു വലിയ സെൻട്രൽ ടച്ച്‌സ്‌ക്രീൻ ഇൻഫൊടെയിൻമെന്റ് സിസ്റ്റം നിർമ്മാതാക്കൾ അവതരിപ്പിക്കും എന്ന് പ്രതീക്ഷിക്കുന്നു.

C3 എയർക്രോസിൽ നിന്ന് ഡിജിറ്റൽ ഇൻസ്ട്രമെൻ്റ് ക്ലസ്റ്റർ സെഡാൻ കൈവശപ്പെടുത്തിയേക്കും എന്ന് ഊഹാപോഹങ്ങൾ ഉയരുന്നുണ്ട്. ശ്രദ്ധേയമായി, ക്യൂബ് ടൈപ്പിലുള്ള എയർ കണ്ടീഷൻ വെൻ്റുകൾ പോലുള്ള ഡിസൈൻ ഘടകങ്ങൾ C3 റേഞ്ചിൽ നിന്ന് കടം കൊണ്ടതാണ്. വരാനിരിക്കുന്ന C3X -ന് കരുത്ത് പകരുന്നത് പ്യുവർടെക്ക് 1.2 -ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ യൂണിറ്റ് ആയിരിക്കും.
ബ്രാൻഡിന്റെ ഹാച്ച്ബാക്ക്, എയർക്രോസ് മോഡലുകൾക്ക് സമാനമാണ് ഇത്. സ്റ്റാൻഡേർഡായി ആറ് സ്പീഡ് മാനുവൽ ഗിയർബോക്സിനൊപ്പം 108 bhp മാക്സ് പവറും 190 Nm പീക്ക് torque ഉം ഈ യൂണിറ്റ് പുറപ്പെടുവിക്കും എന്ന് പ്രതീക്ഷിക്കുന്നു. C3 എയർക്രോസിൽ അവതരിപ്പിച്ചതിന് ശേഷം, സിട്രൺ ഇതിന് ഒരു ഓട്ടോമാറ്റിക് ഓപ്ഷനും വാഗ്ദാനം ചെയ്തേക്കാം.
ഹ്യുണ്ടായി വെർണ, ഹോണ്ട സിറ്റി, ഫോക്‌സ്‌വാഗണ്‍ വിർടസ്, സ്‌കോഡ സ്ലാവിയ, മാരുതി സുസുക്കി സിയാസ് എന്നിവയ്‌ക്കെതിരെ കോംപാക്റ്റ് സെഡാൻ സെഗ്‌മെൻ്റിൽ മത്സരിക്കുന്ന C3X, മാന്യമായ ഒരു വിഹിതവും സെഗ്മെന്റിൽ ഒരു സ്ഥാനവും കൈക്കലാക്കാൻ ലക്ഷ്യമിടുന്നു. വളരെ മത്സരാധിഷ്ഠിതമായ ഇന്ത്യൻ വിപണിയിൽ ഉപഭോക്താക്കളെ വശീകരിക്കാൻ സിട്രൺ ഇന്ത്യ ശ്രമിക്കുന്നു, എതിരാളികളെ വെട്ടിച്ചുരുക്കാൻ സാധ്യതയുള്ള വിലനിർണ്ണയ തന്ത്രമാണ് ഇതിൽ മെയിൻ എന്ന് പറയാം.


Click it and Unblock the Notifications








