ബസാൾട്ട് പതുങ്ങിയത് പേടിച്ചിട്ടല്ല എതിരാളിയുടെ നീക്കമറിയാൻ; കർവ്വിനെതിരെ മണിയംപ്ര പുരുഷോത്തമന്റെ തന്ത്രമോ ഇത്?
ടാറ്റ മോട്ടോർസ് കർവ്വ് ഇവി അവതരിപ്പിച്ച അതേ ദിവസം തന്നെ ബസാൾട്ട് എസ്‌യുവി കൂപ്പെയെ സിട്രൺ അവതരിപ്പിക്കേണ്ടതായിരുന്നു. എന്നാൽ ടാറ്റ കർവ്വിനെ ചുറ്റിപ്പറ്റിയുള്ള മാധ്യമ റിപ്പോർട്ടുകളിൽ കാര്യം മുങ്ങിപ്പോകാതിരിക്കാൻ സിട്രൺ തങ്ങളുടെ ലോഞ്ച് ഓഗസ്റ്റ് 9 -ലേക്ക് മാറ്റുകയായിരുന്നു. അവതരണത്തിന് പകരം ആവേശം കെട്ടടങ്ങാതിരിക്കാൻ, ബ്രാൻഡ് അംബാസഡർ MS ധോണിയുമൊത്തുള്ള ഒരു ടീസർ വീഡിയോ പുറത്തുവിടുകയാണ് സിട്രൺ ചെയ്തത്. ബസാൾട്ടിന് വളരെ മത്സരാധിഷ്ഠിതമായ വില ലഭിക്കും എന്ന് ജനങ്ങൾ വിശ്വസിക്കുന്ന തരത്തിലേക്ക് ടീസർ വീഡിയോ നമ്മെ നയിക്കുന്നു എന്നത് ശ്രദ്ധേയമാണ്. ബസാൾട്ടിൻ്റെ വിലയിൽ MS ധോണി പോലും അമ്പരന്നിരിക്കുകയാണ് എന്നാണിത് കാണിക്കുന്നത്.
വീഡിയോ വ്യക്തമായി സൂചിപ്പിക്കുന്നത് പോലെ, ഇന്ത്യൻ വിപണി കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും താങ്ങാനാവുന്ന എസ്‌യുവി കൂപ്പെയായി മാറുന്നതിന് ബസാൾട്ടിന് സിട്രൺ വളരെ ഷാർപ്പായ ആരംഭ വില ആസൂത്രണം ചെയ്യുന്നതായി ഈ ടീസർ തോന്നിപ്പിക്കുന്നു. സബ് ഫോർ മീറ്റർ C3 ഹാച്ച്ബാക്കിനും വലിയ C3 എയർക്രോസ് കോംപാക്ട് എസ്‌യുവിക്കും ഇടയിൽ ബസാൾട്ട് ബ്രാൻഡിന്റെ മോഡൽ നിരയിൽ ഇടംപിടിക്കാൻ സാധ്യതയുണ്ട്.

ബസാൾട്ട് കൂപ്പെ എസ്‌യുവിക്ക് 8.5 ലക്ഷം രൂപയാണ് പ്രാരംഭ എക്സ്-ഷോറൂം വിലയായി പ്രതീക്ഷിക്കുന്നത്. വലിയ C3 എയർക്രോസിൻ്റെ വില ആരംഭിക്കുന്നത് 9.99 ലക്ഷം രൂപയിലാണ് എന്നതും ശ്രദ്ധേയമാണ്. ശുഭാപ്തിവിശ്വാസികൾ, ടീസർ കണ്ടതിന് ശേഷം, ഒരു ലക്ഷം രൂപ കൂടെ കുറവിൽ, പുതിയ കൂപ്പെ എസ്‌യുവിയുടെ പ്രാരംഭ വില 7.99 ലക്ഷം രൂപയാവും എന്ന് പോലും പ്രതീക്ഷിക്കുന്നു. വാഹനത്തിൻ്റെ ടോപ്പ് -സ്പെക്ക് വേരിയന്റിൽ പോലും ധാരാളം സവിശേഷതകൾ ഇല്ല എന്നതും വാസ്തവമാണ്.
ഉദാഹരണത്തിന്, ക്രൂയിസ് കൺട്രോൾ ബസാൾട്ടിൽ ഇല്ല, പുഷ് ബട്ടൺ സ്റ്റാർട്ട് വരുന്നില്ല, കീലെസ്സ് എൻട്രി ഇല്ല, സൺറൂഫ് ഇല്ല, പുൾ -ടൈപ്പ് ഡോർ ഹാൻഡിലുകളും ഇതിൽ ഇല്ല. ഇന്ത്യയിലെ കോംപാക്ട് എസ്‌യുവി വാങ്ങുന്നവർക്ക് ഇടയിൽ വളരെ പ്രചാരമുള്ള ചില ഫീച്ചറുകളാണ് ഇവ.

അതിനാൽ തന്നെ ഇന്ത്യൻ കാർ ഉപഭോക്താക്കൾ മിക്ക കാറുകളുടെയും ടോപ്പ് എൻഡ് ട്രിമ്മുകളിൽ ഈ ഫീച്ചറുകൾ പ്രതീക്ഷിക്കുന്നു. എന്നാൽ ഇത്തരത്തിൽ നിരവധി ഫീച്ചറുകൾ ഒഴിവാക്കിയാൽ, സിട്രണിന് ബസാൾട്ടിനെ വളരെ മത്സരാധിഷ്ഠിത വിലനിലവാരത്തിൽ വാഗ്ദാനം ചെയ്യാനുള്ള ഓപ്ഷൻ ലഭിക്കും എന്ന കാര്യത്തിൽ തർക്കമില്ല. എന്തായാലും അത് നമുക്ക് ഉടൻ തന്നെ കണ്ടെത്താം.
ഇനി വാഹനത്തിലേക്ക് വരുമ്പോൾ, ഇതിന് 4,352 mm നീളവും 2,651 mm വീൽബേസും ലഭിക്കുന്നു, ഇത് C3 എയർക്രോസിനേക്കാൾ 20 mm കുറവാണ്. C3 എയർക്രോസിൻ്റെ 200 mm -ൽ നിന്ന് ഗ്രൗണ്ട് ക്ലിയറൻസ് 180 mm ആയി കുറഞ്ഞു, C3 എയർക്രോസിന്റെ 17 ഇഞ്ചിന് അപേക്ഷിച്ച് ചെറിയ 16 ഇഞ്ച് വീലുകളാണ് വരുന്നത്. വ്യക്തമായും, ബസാൾട്ട് ഇരു മോഡലുകൾ താരതമ്യപ്പെടുത്തിയാൽ ചെറുതാണ്.
ഇനി എഞ്ചിനുകൾ നോക്കിയാൽ, C3 ഹാച്ച്ബാക്കിൽ നിന്നുള്ള ഒരു ക്യാരി ഓവർ എന്ന നിലയിൽ 1.2 ലിറ്റർ ത്രീ സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് യൂണിറ്റ് ഇതിൽ വരുന്നു. 82 bhp മാക്സ് പവറും 115 Nm പീക്ക് ടോർക്കും ഇത് പമ്പ് ചെയ്യുന്നു. അഞ്ച് -സ്പീഡ് മാനുവൽ ഗിയർബോക്‌സാണ് ഈ എഞ്ചിനൊപ്പം കണക്ട് ചെയ്തിരിക്കുന്നത്.
സിട്രൺ ബസാൾട്ടിനെ മത്സരാധിഷ്ഠിതമായി വില നിർണ്ണയത്തിൻ്റെ കാരണം ഈ എഞ്ചിൻ ആയിരിക്കും. ഉപഭോക്താക്കളെ ഷോറൂമിൽ എത്തിക്കാൻ കുറഞ്ഞ വില ഒരു വലിയ ഘടകമാണ്, എന്നാൽ അവിടെ എത്തി കഴിഞ്ഞാൽ മോഹനമായ ഫീച്ചറുകളും ഓഫറുകളും കാട്ടി ഉയർന്ന വേരിയന്റുകൾ വിറ്റഴിക്കാൻ കമ്പനിയ്ക്കും ഡീലർമാർക്കും കഴിയും. ഇത് കാലങ്ങളായി വിജയിച്ചു വരുന്ന ഒരു തന്ത്രമാണ്.
110 bhp പവറും 190/ 205 Nm ടോർക്കും തരുന്ന 1.2 ലിറ്റർ ത്രീ സിലിണ്ടർ ടർബോ പെട്രോളാണ് ഇതിൽ വരുന്ന മറ്റൊരു എഞ്ചിൻ. ആറ് സ്പീഡ് മാനുവൽ, സ്മൂത്ത് ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിങ്ങനെ ഇതിന് രണ്ട് ഗിയർബോക്‌സ് ഓപ്ഷനുകൾ ലഭിക്കുന്നു. രണ്ട് ഗിയർബോക്സുകളും ബസാൾട്ടിൻ്റെ ഫ്രണ്ട് വീലുകൾക്ക് പവർ നൽകുന്നു.


Click it and Unblock the Notifications








