ഇനി ഫീച്ചര്‍ കുറവാണെന്നും പറഞ്ഞ് വന്നേക്കരുത്! മാരക അപ്‌ഡേറ്റിന് തയാറെടുത്ത് സിട്രണ്‍ കാറുകള്‍
റെനോക്ക് ശേഷം ഇന്ത്യന്‍ വിപണി വെട്ടിപ്പിടിക്കാനെത്തിയ ഫ്രഞ്ച് വാഹന നിര്‍മാതാക്കളാണ് സിട്രണ്‍. ബ്രാന്‍ഡിന്റെ സി-ക്യൂബ്ഡ് പ്രോഗ്രാമിന് കീഴില്‍ C3 ഹാച്ച്ബാക്ക്, C3 എയര്‍ക്രോസ് എന്നിങ്ങനെ രണ്ട് മാസ് സെഗ്‌മെന്റ് കാറുകള്‍ വിപണിയില്‍ എത്തിക്കുന്നുണ്ട്. എന്നാല്‍ ഈ മോഡലുകള്‍ക്കൊന്നും ഷോറൂമിലേക്ക് ആളെ കൂട്ടാന്‍ സാധിച്ചിരുന്നില്ല. അതില്‍ ഒരു കാരണം സിട്രണിന്റെ ഡീലര്‍ഷിപ്പ് ശൃംഖലയായിരുന്നു.
രണ്ടാമത്തെ കാരണം ഈ കാറുകളുടെ ക്യാബിനുകള്‍ സെഗ്‌മെന്റ് സ്റ്റാന്‍ഡേര്‍ഡിന് അനുസരിച്ചുള്ള ചില അത്യാവശ്യ ഫീച്ചറുകള്‍ നഷ്ടപ്പെടുത്തി എന്നതായിരുന്നു. മിഡ്‌സൈസ് എസ്‌യുവി സെഗ്‌മെന്റില്‍ തരംഗം സൃഷ്ടിക്കാനായി മത്സരാധിഷ്ഠിത വിലയില്‍ പുറത്തിറങ്ങിയ C3 എയര്‍ക്രോസ് പോലും ഓട്ടോ എസി, ഫോള്‍ഡബിള്‍ കീ എന്നീ ഫീച്ചറുകള്‍ നഷ്ടപ്പെടുത്തി വിമര്‍ശനങ്ങള്‍ നേരിട്ടു. ഇന്ത്യന്‍ കാര്‍ വിപണിയില്‍ കടുത്ത മത്സരം നടക്കുന്ന സാഹചര്യത്തില്‍ എല്ലാ കാര്യങ്ങളും സൂക്ഷ്മമായി വിലയിരുത്തിയ ശേഷമാണ് ഉപഭോക്താക്കള്‍ ഒരു തീരുമാനത്തിലെത്തുന്നത്.

സിട്രണ്‍ കാറുകളുടെ ഡ്രൈവിംഗ് പാക്കേജുകള്‍ കൈയ്യടി നേടിയെങ്കിലും ഫീച്ചറുകളുടെ കുറവ് എടുത്ത് കാണിക്കുന്നതായിരുന്നു. ഈ ഒരു സാഹചര്യത്തില്‍ മികച്ച ഫീച്ചറുകള്‍ ചേര്‍ത്ത് സിട്രണ്‍ C3, eC3, C3 എയര്‍ക്രോസ് മോഡലുകള്‍ അപ്ഗ്രേഡ് ചെയ്യാന്‍ പോകുന്നതായി റിപ്പോര്‍ട്ട്. വാഹനങ്ങള്‍ അപ്ഡേറ്റ് ചെയ്യുമെങ്കിലും കമ്പനി വില കൂട്ടില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്. റിപ്പോര്‍ട്ടുകള്‍ ശരിയായി വന്നാല്‍ പൈസ വസൂലാകുന്ന നിലയിലേക്ക് വരികയും അത് വിപണിയില്‍ വലിയ ചലനങ്ങളും സൃഷ്ടിച്ചേക്കാം.
മാത്രമല്ല ഈ കലണ്ടര്‍ വര്‍ഷത്തിന്റെ രണ്ടാമത്തെ പകുതി മുതല്‍ സിട്രണ്‍ കാറുകളില്‍ 6 എയര്‍ബാഗുകളും മറ്റ് ഫീച്ചറുകളും സ്റ്റാന്‍ഡേര്‍ഡായി വാഗ്ദാനം ചെയ്യുമെന്ന് നേരെ പ്രഖ്യാപിച്ചിട്ടുമുണ്ട്. ബ്രാന്‍ഡിന്റെ സി-ക്യൂബ്ഡ് സ്ട്രാറ്റജിയില്‍ നിന്ന് വരുന്ന ആദ്യ രണ്ട് വാഹനങ്ങള്‍ C3 ഹാച്ച്ബാക്കും അതിന്റെ ഇലക്ട്രിക് പതിപ്പായ eC3-യുമാണ്. വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോയും ആപ്പിള്‍ കാര്‍പ്ലേയും ഉള്ള 10.2 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍ മാത്രമാണ് ഈ മോഡലുകളുടെ എടുത്തു പറയത്തക്ക വിധമുള്ള സവിശേഷതകള്‍.

എന്നാല്‍ കുറവുകള്‍ നികത്താനായി ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഷൈന്‍ ട്രിമ്മില്‍ കൂടുതല്‍ ഫീച്ചറുകള്‍ ചേര്‍ത്തെങ്കിലും അതൊന്നും എതിരാളികളോട് മുട്ടിനില്‍ക്കാന്‍ പോന്ന അപ്‌ഡേറ്റ് അല്ലായിരുന്നു. കാരണം ഇതില്‍ കൂടുതല്‍ സവിശേഷതകള്‍ എതിരാളികള്‍ ഓഫര്‍ ചെയ്യുന്നുണ്ട്. എന്നാല്‍ ഹാച്ച്ബാക്കിനെ കട്ടക്ക് നിര്‍ത്താന്‍ വേണ്ടിയാണ് ഇപ്പോള്‍ സിട്രണ്‍ പുതിയ ഫീച്ചറുകള്‍ ചേര്‍ക്കാന്‍ പോകുന്നത്.
ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, കീലെസ് എന്‍ട്രി, പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട്, ഫ്രണ്ട് സെന്റര്‍ ആംറെസ്റ്റ്, കപ്പ് ഹോള്‍ഡറുകളുള്ള റിയര്‍ ആംറെസ്റ്റ്, കസ്റ്റമൈസ് ചെയ്യാവുന്ന ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, എല്‍ഇഡി ഹെഡ്ലൈറ്റുകള്‍, എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍ എന്നിവയടക്കം പുത്തന്‍ അപ്‌ഡേറ്റിലൂടെ ഈ മോഡലുകളില്‍ കൂട്ടിച്ചേര്‍ക്കാന്‍ സാധ്യതയുണ്ട്. ഇതോടെ മാരുതി സ്വിഫ്റ്റ്, ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസ്, ടാറ്റ പഞ്ച്, ഹ്യുണ്ടായി എക്‌സ്റ്റര്‍ അടക്കമുള്ള എതിരാളികളുമായി കട്ടക്ക് നില്‍ക്കാന്‍ ഹാച്ച്ബാക്കിനെ പ്രാപ്തമാക്കും.

പൊടിപാറുന്ന മത്സരം നടക്കുന്ന മിഡ്‌സൈസ് എസ്‌യുവി സെഗ്‌മെന്റിലാണ് സിട്രണ്‍ C3 എയര്‍ക്രോസ് മാറ്റുരക്കുന്നത്. ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, മാരുതി ഗ്രാന്‍ഡ് വിറ്റാര, ടൊയോട്ട ഹൈറൈഡര്‍, ഹോണ്ട എലിവേറ്റ്, സ്‌കോഡ കുഷാഖ്, ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍ എന്നീ വമ്പന്‍മാരാണ് സിട്രണ്‍ C3 എയര്‍ക്രോസിന്റെ എതിരാളികള്‍.
ഇവയോട് മുട്ടിനില്‍ക്കാനായി ക്ലൈമറ്റ് കണ്‍ട്രോള്‍, എല്‍ഇഡി ലൈറ്റ് പാക്കേജ്, കീ ലെസ് എന്‍ട്രി, ബട്ടണ്‍ സ്റ്റാര്‍ട്ട്, ലെതറൈറ്റ് അപ്‌ഹോള്‍സ്റ്ററി, കൂള്‍ഡ് ഗ്ലോവ് ബോക്‌സ്, 360-ഡിഗ്രി ക്യാമറ, ഡ്രൈവ് ആംറസ്റ്റ്, കപ്പ് ഹോള്‍ഡറോട് കൂടിയ രണ്ടാം നിരയിലെ ആംറസ്റ്റ് എന്നിങ്ങനെയുള്ള അധിക ഫീച്ചറുകള്‍ C3 എയര്‍ക്രോസിന് നല്‍കിയേക്കും. ഇവയൊക്കെ കൂടാതെ ഇലക്ട്രിക്കലി കണ്‍ട്രോള്‍ഡ് വോയ്‌സ് ആക്റ്റിവേറ്റഡ് സണ്‍റൂഫും മിഡ്്‌സൈസ് എസ്‌യുവില്‍ ചേര്‍ത്തേക്കുമെന്ന് പറയപ്പെടുന്നു.

C3 എയര്‍ക്രോസിന്റെ വില നിലവാരത്തില്‍ വരുന്ന നിരവധി കാറുകളില്‍ ഈ ഫീച്ചര്‍ വരുന്നുണ്ട്. സിട്രണിന്റെ ഈ മിഡ്‌സൈസ് എസ്‌യുവിക്ക് ബേസികായ കാര്യങ്ങള്‍ എല്ലാം ലഭിക്കുന്നുണ്ടെങ്കിലും ഫീച്ചര്‍ റിച്ചായ കാറുകള്‍ നോക്കുന്ന ഉപഭോക്താക്കളെ തൃപ്ത്തിപ്പെടുത്താനാകില്ല. ഡ്രൈവിംഗ് കംഫര്‍ട്ടിനേക്കാള്‍ ഫീച്ചര്‍ റിച്ചായ ക്യാബിന്‍ കൊതിക്കുന്ന ആളുകളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍ സിട്രണ്‍ ഉചിതമായ തീരുമാനമാണ് കൈകൊള്ളുന്നതെന്നാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്.
അപ്‌ഡേറ്റഡ് C3 റേഞ്ച് സിട്രണ്‍ 2024 ജൂലൈ മാസത്തോടെ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത വര്‍ഷം ഈ മോഡലുകളുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് പുറത്തിറക്കുന്നതിന് മുമ്പായി തന്നെ അടിസ്ഥാനപരമായ കാര്യങ്ങളില്‍ തീരുമാനമാക്കാനാണ് കമ്പനിയുടെ തീരുമാനം. അകത്തും പുറത്തും കാര്യമായ മാറ്റങ്ങളോടെയാകും മിഡ് സൈക്കിള്‍ ആക്ഷന്‍ എന്ന് സിട്രണ്‍ വിളിക്കുന്ന ഫെയ്‌സ്‌ലിഫ്റ്റ് നടപ്പാക്കുക.


Click it and Unblock the Notifications








